ആരോഹണം അവരോഹണം 10

പിന്നെയും അവർ ഒരു പാട് സാർ എന്ന് വിളിക്കുകയും മറ്റും ചെയ്തു. ലത്തീഫ് ആ സാർ വിളിയിൽ വീണു. അഞ്ചുലക്ഷത്തിന്റെ ഷെയർ ചേർന്നു. അവർ താങ്ക്സ് പറഞ്ഞു പോയി.
ബുക്ക്‌ ചെയ്തവരിൽ നിന്നും കൂടുതൽ പൈസ കൊടുത്ത് ഒരു പുതിയ ബെൻസ്‌ കാർ വാങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാർ കൊണ്ടുവന്നു. ആ കാർ വീടിന്റെ മുന്നിലിട്ടപ്പോൾ വീടിന്നു പോലും ഭംഗിയായി.
ഉച്ചകഴിഞ്ഞ് തട്ട്കടയിലേക്ക് സൈക്കിളിൽ പോകാൻ ഉപ്പ തുടങ്ങിയപ്പോൾ കാറിൽ കൊണ്ട് വിടാമെന്ന് ലത്തീഫ് പറഞ്ഞെങ്കിലും ഉപ്പ സ്നേഹത്തോടെ അത് നിരസിച്ചു കൊണ്ട് പറഞ്ഞു ‘വേണ്ട എനിക്ക് സൈക്കിളിൽ പോകുന്നതാണ് സുഖം’.
ലത്തീഫ് പിന്നെ നിർബന്ധിച്ചില്ല.
ബ്രോക്കർ വിശ്വൻ വന്നു. ‘ലത്തീഫ് ഹാജി സാറേ, ഞാനൊരു കോളും കൊണ്ടാണ് വന്നിട്ടുള്ളത്. കോടമാതൂർ എന്ന സ്ഥലത്ത് ഒരു മൂന്ന് ഏക്കർ വസ്തുവുണ്ട്. അതിന്ന് ഒരു മൂന്നു കോടി രൂപയെ വരൂ. ഇപ്പോൾ വാങ്ങി ഒരു മാസം കഴിഞ്ഞു വിറ്റാൽ ഇരട്ടി വില കിട്ടും.’
എന്നാൽ അവർക്ക് ഇപ്പോൾ വിൽക്കാതെ ഒരു മാസം കഴിഞ്ഞ് വിറ്റാൽ പോരെ എന്ന് ചോദിച്ചില്ല. പകരം സ്ഥലം കാണാതെ തന്നെ രണ്ടു ലക്ഷം രൂപ അഡ്വാൻസ്‌ കൊടുത്തു.
‘വൈകീട്ട് വിശ്വൻ വായനശാലയിൽ കാണുമല്ലോ? നമുക്കവിടെ കാണാം’ ലത്തീഫിന്റെ വാക്ക് കേട്ട് കിട്ടിയ രണ്ട് ലക്ഷം രൂപയുമായി വിശ്വൻ പോയി.
‘നമുക്ക് വായനശാലയിലേക്ക് പോകാം’ മസൂദിനോട് ലത്തീഫ് പറഞ്ഞു. കാറിൽ പോകും എന്ന് കരുതി മസൂദ് കാറിന്നടുത്ത് ചെന്നു. പക്ഷെ നടന്നു പോകാം എന്ന് ലത്തീഫ് പറഞ്ഞതനുസരിച്ച് രണ്ടു പേരും കൂടെ വായനശാലയിലേക്ക് നടന്നു.
വായനശാലയിൽ പതിവിൽകവിഞ്ഞ ആളുകൾ ഉണ്ടായിരുന്നു.
ലത്തീഫിനെ കണ്ടപ്പോൾ എല്ലാവരും ഭക്ത്യാദരവോടെ എഴുനേറ്റു.
ലത്തീഫ് മുതലാളിയോട് അടുത്ത ആളായി മാറിയ വിശ്വനോട് ചിലർക്ക് അസൂയ, മറ്റു ചിലർക്ക് ആരാധന.
‘വിശ്വൻ എനിക്ക് രണ്ടോ മൂന്നോ പെട്രോൾ പമ്പ്‌ വാങ്ങണമെന്നുണ്ട്. അത് കൂടാതെ പെർമിറ്റുള്ള നാലോ അഞ്ചോ ബസ്സും’.
അതും വിശ്വൻ ഏറ്റു.