അപരാജിതൻ 13 [Harshan] 9620

 

ആദി ആകെ ചിന്താഭാരത്തിൽ ആയിരുന്നു.

സത്യത്തിൽ എങ്ങോട്ടു ആണ് ഒരു വഴി വെട്ടേണ്ടത് എന്നൊരു സംശയം.

അച്ഛന്റ്റെ തിരോധനം ഒരു വശത്തു,,  ഇപ്പുറത്തു അമ്മയുമായി ബന്ധപ്പെട്ടു തന്റെ  കുടുംബത്തെ കുറിച്ചുള്ള അന്വേഷണം, അതും ലോകത്തു ആർക്കും കൈവശം ലഭിക്കാത്ത ഒരു നാഗമണിയും കയ്യില്‍ വെച്ചുകൊണ്ടു, ഇപ്പോ അറിയുന്നു മുത്തശ്ശനെ കൊന്നതാകാനാണ് സാധ്യത എന്ന്.

എവിടെ നിന്ന് തുടങ്ങണം എങ്ങോട്ടു പോകണം, ഒരു എത്തും പിടിയും കിട്ടുന്നുമില്ല.

നാഗമണി വളരെ നയപരമായി ആണ് തന്നോട് പെരുമാറുന്നത് ഒന്നും തെളിച്ചു പറയുന്നുമില്ല

ആദി നാഗമണി കയ്യിൽ എടുത്തു.

ആശാനേ ,,,ഓയ് ,,,,,,,ആശാനേ.

നാഗമണി പ്രതികരിക്കാതെ ഒരു മൂന്നു മിനിറ്റോളം ഇരുന്നു.

ഒന്നെന്നോട് മിണ്ട് ആശാനെ ….

പ്രതികരിക്കാതെ ഇരിക്കുന്നത് കണ്ടു അവന്‍ ഒരല്പം വിഷമത്തോടെ ചോദിച്ചു.

അതുകേട്ട് നാഗമണി ഏഴുവർണ്ണത്തിൽ പ്രകാശിച്ചു ഒരു അടയാളം കൊടുത്തു.

ഒന്ന് സഹായിക്ക് ആശാനേ, വേറെ ഒരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ് ചോദിക്കുന്നത് ? ഞാൻ ഒന്ന് ചോദിച്ചോട്ടെ.

ഉത്തരമായി ചോദിച്ചോ എന്ന് കാട്ടി നീല പ്രകാശം ചൊരിഞ്ഞു.

അതുകണ്ടപ്പോൾ അവനു സന്തോഷം ആയി

ആശാനേ …

ഞാൻ ഇപ്പോൾ എന്താണ് അന്വേഷിക്കേണ്ടത് അമ്മയുടെ കുടുംബത്തെ കുറിച്ചോ അതോ അച്ഛന്റെ കാണാതാവലിനെ കുറിച്ചോ ?

നാഗമണി പ്രകാശിച്ചില്ല

എന്ന ഞാൻ ആദ്യം തുടങ്ങിയത് അച്ഛനെ കുറിച്ച് ആണ്, എന്ന അതുമായി ഞാൻ മുന്നോട്ടു പൊയ്ക്കോട്ടേ, തത്കാലം കുടുംബത്തെ കുറിച്ചുള്ള അന്വേഷണം ഇവിടെ ഞാൻ നിർത്തിക്കോട്ടെ ?

അതിനു ഉത്തരമായി നാഗമണി ചുവന്ന നിറത്തിൽ പ്രകാശിച്ചുകൊണ്ടിരുന്നു.

അതായതു ഇപ്പോ അച്ഛനെ കുറിച്ച് അന്വേഷിക്കണ്ട എന്നാണോ ?

അതെ എന്ന അർത്ഥത്തിൽ നീല പ്രകാശം ചൊരിഞ്ഞു.

അപ്പോൾ ഇപ്പൊ ശ്രദ്ധ കൊടുക്കേണ്ടത് അമ്മയുടെ കുടു൦ബം തന്നെ ആണ്, അല്ലെ ?

മറുപടി ആയി നീല പ്രകാശം .

ആദി മനസ്സിൽ ചിന്തിച്ചു .

അപ്പോള്‍ ആശാനും പറയുന്നത് ഇത് തന്നെ, തത്കാലം അച്ഛന്റെ പോക്ക് പെൻഡിങ്ങിൽ വെക്കണം, എന്നിട്ടു അമ്മയുടെ വഴിയേ ആദ്യം പോകണം,  എന്റെ അമ്മയുടെ കുടുംബത്തെ കണ്ടു പിടിക്കണ൦, മുത്തശ്ശനു൦ മുത്തശ്ശിക്കും സത്യത്തിൽ എന്ത് പറ്റിയത് ആണ് എന്ന് അറിയണം, ഈ നാഗമണി എങ്ങനെ അവരുമായി ബന്ധം ഉണ്ടായി എന്നറിയണം ,,,,അപ്പൊ ഈ അത്രി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?

ആശാനേ ഈ അത്രി എന്താ ആശാനേ ?

നാഗമണി പ്രകാശിച്ചേ ഇല്ല..

ഓ പറഞ്ഞപോലെ ആശാന് എസ് ഓർ നോ ചോദ്യങ്ങളല്ലേ ഇഷ്ടം.

ആശാനേ ഈ അത്രി എന്നത് എന്റെ കുടുംബം ആണോ ?

ഒരു രക്ഷയും ഇല്ല,  നാഗമണി പ്രകാശിക്കുന്നെ ഇല്ല.

ആശാനെ ഇനി ഇപ്പോ അത്രിയും ഞാൻ തന്നെ കണ്ടെത്തണമെന്നാണോ ?

അതെ എന്ന അർത്ഥത്തിൽ നീലനിറത്തിൽ പ്രകാശിച്ചു.

ഈ ആശാൻ ആള്  ശരി അല്ല.

ശരി ഞാൻ കണ്ടുപിടിച്ചോളാ൦ …

കുറെ കഴിഞ്ഞു ആദി റെഡി ആയി നേരെ ജിമ്മിലേക് പുറപ്പെട്ടു.

<<<<<<<<O>>>>>>>>>>

 

പാലിയത്ത് രാവിലെ തന്നെ രാജിയും പ്രതാപനും ഒകെ എത്തിയിരുന്നു.

കൂടാതെ വളരെ അടുത്ത ബന്ധുക്കളായി രണ്ടു മൂന്നു പേരും.

പാർവതി രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഇരിക്കുക ആണ്.

അവൾ ഒരു നീലയും പച്ചയും ഒക്കെ ചേർന്ന ഒരു പട്ടുസാരി ആണ് ഉടുത്തിരിക്കുന്നത്.

ആ വസ്ത്രത്തിൽ സ്വർഗ്ഗലോകത്തു നിന്നും ഇറങ്ങിവന്ന ദേവകന്യകയെ പോലെ സൌന്ദര്യവതി ആയിരുന്നു  പാർവ്വതി, സാക്ഷാൽ ദേവസൗന്ദര്യം.

അവൾ റൂമിൽ ഇരുന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കുക ആണ് അവർ വന്നോ വരുന്നോ എന്നൊക്കെ.

ഉള്ളിൽ നല്ലപോലെ ആശങ്കയും ഭയവും ഒക്കെ ഉണ്ട്.

സമയം ഒരു പതിനൊന്നേകാൽ ആയപ്പൊളേക്കും പുറമെ സെക്കൂരിറ്റി ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അവൾ കണ്ണെത്തിച്ചു നോക്കി, അതോടെ അവൾക്ക് കൈകാലുകൾ വിറ തുടങ്ങി.

രണ്ടു റോൾസ് റോയിസ് കാറുകളിൽ ആയി ഇളയിടം കൊട്ടാരത്തിൽ നിന്നുമുള്ളവർ അവിടെകു എത്തിയിരിക്കുന്നു.

കാർ മുറ്റത്ത്‌ പാർക്ക് ചെയ്തു,

ശിവ പുറത്തേക്ക് ഇറങ്ങി.

ശിവ ഒരു ഇളം പച്ച കുർത്തയും പൈജാമയും ആണ് ധരിച്ചിരുന്നത്.

ശിവയുടെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, പിന്നെ അടുത്ത ചില ബന്ധുക്കൾ എല്ലാവരും ഇറങ്ങി.

അപ്പോളേക്കും രാജശേഖരനും പ്രതാപനും ശ്യാമും  കൂടെ പുറത്തേക്ക് ഇറങ്ങി വന്നു

അവർ കൈകൾ കൂപ്പി.

എല്ലാവരെയും വീടിനുള്ളിലേക് ക്ഷണിച്ചു.

എല്ലാവരും കൂടെ വീടിനുള്ളിലേക് കയറി.

ഹാളിൽ എല്ലാവരും ഇരുന്നു.

അപ്പോളേക്കും പാലിയത്തെ സ്ത്രീകൾ എല്ലാവരും കൂടെ ഹാളിലേക്കു വന്നു.

അവരും പുഞ്ചിരിയോടെ കൈകൾ കൂപ്പി അഭിവാദ്യം ചെയ്തു.

എന്താ നിങ്ങൾ നിൽക്കുന്നെ, ഇരിക്കുന്നെ …രാജശേഖരനെയും പ്രതാപനെയും നോക്കി ഈശ്വരവർമ്മ തമ്പുരാൻ പറഞ്ഞു .

അതുകേട്ടു ബഹുമാനത്തോടെ അവരും ഇരുന്നു.

നല്ലപോലെ ബ്ളോക് കിട്ടി അതാണ് ഒരല്പം താമസിച്ചത്.

ആ പരിചയപെടുത്തിയില്ലലോ.

ഞാൻ ഈശ്വരവർമ്മ ശിവയുടെ അച്ഛൻ ആണ്, ഇത് അമ്മ അശ്വതി ഭായ്, അങ്ങനെ ഓരോരുതെരെ ആയി പരിചയപ്പെടുത്തി.

എല്ലാം കഴിഞ്ഞപ്പോൾ രാജശേഖരനും കുടുംബത്തിലെ എല്ലാവേരയും പരിചയപെടുത്തി

പൊതുവായ കാര്യങ്ങളിലേക് കടന്നു,

ബിസിനസിനെ കുറിച്ചും പുതിയ പ്രോജെക്ടിനെ കുറിച്ചും ഒകെ സംസാരിച്ചു,

അതിനു ശേഷം പാറുവിനെ വിളിക്കുവാൻ ആയി പറഞ്ഞു.

അതുകേട്ടു മാലിനിയും രാജിയും കൂടെ ഉള്ളിലേക്കു പോയി.

വന്നവർക്കുള്ള ചായ ട്രെയും പിടിപ്പിച്ചു പാർവതിയെ മുന്നിൽ നടത്തി എല്ലാവരുടെയും മുന്നിലേക്കു കൊണ്ട് വന്നു, അവ൪ക്കു പുറകിൽ ആയി പലഹാരങ്ങൾ ഒക്കെ ആയി മാലിനിയും രാജിയും ഒക്കെ വന്നു.

പാറുവിനെ കൊണ്ട് എല്ലാവര്ക്കും ചായ ഒക്കെ കൊടുപ്പിച്ചു.

ആദ്യം തന്നെ ശിവക്ക് കൊണ്ട് വന്നു കൊടുത്തു, അവൾക്ക് ആകെ നാണവും നെഞ്ചിടിപ്പും ഒകെ ആയി, ഇടയ്ക്കു പാളി ഒന്ന് ശിവയെ നോക്കി, ശിവയും.

അല്ല നിങ്ങൾ ഇത്രയും നാണിക്കേണ്ട കാര്യം ഉണ്ടോ, സ്ഥിരം കാണുന്നവർ തന്നെ അല്ലെ ? ശിവയുടെ സഹോദരൻ ചോദിച്ചു.

അതിപ്പോ ഈ ഒരു ചടങ്ങിൽ ഇത്തിരി ഭയം ഒക്കെ ഉണ്ടാകും,,,, ഈശ്വര വർമ്മയും പറഞ്ഞു

വന്നവർ എല്ലാവരും നല്ലപോലെ അവളെ നോക്കി.

എല്ലാവർക്കും ഇഷ്ടായി എന്ന് ആ ഇരുപ്പിലും മുഖത്തെ പുഞ്ചിരിയിലും വ്യക്തമാണ്

ശിവ നിനക്കു കുട്ടിയോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ലലോ, ഈശ്വര വർമ്മ ചോദിച്ചു.

ഇല്ല അച്ഛാ …

അങ്ങനെ എങ്കിൽ ഒരു കാര്യം ചെയ്യൂ ,,, സ്ത്രീകൾ ഒന്ന് പോയി കുട്ടിയുമായി സംസാരിക്കട്ടെ

അതുകേട്ടു ശിവയുടെ അമ്മയും ചേച്ചിയും ചേട്ടത്തിയും അമ്മാവിമാരും എഴുനേറ്റു.

അവരെ പാറുവിന്റെ റൂമിലേക്കു കൊണ്ടുപോയി ഒപ്പം പാറുവിനെയും

അവിടെ ചെന്ന് അവളോട് അല്പ൦ നേരം ഓരോരോ കാര്യങ്ങൾ അവളുടെ ഇഷ്ടങ്ങൾ കൊട്ടാരത്തെ കുറിച്ച് ഒക്കെ സംസാരിച്ചു അവർ

പുറത്തു പുരുഷൻമാരും അവരുടെതായ സംസാരങ്ങൾ നിശ്ചയത്തെ കുറിച്ചും ഒക്കെ ഉള്ള കാര്യങ്ങൾ ഒക്കെയും

അങ്ങനെ,, വരുന്ന ഞായ൪ പാലിയതു നിന്നും എല്ലാവരും കൂടെ ഇളയിടം കൊട്ടാരത്തിലേക് ചെല്ലുവാനും അതിനു ശേഷമുള്ള ഞായർ നിശ്ചയിക്കുവാനും ഒരു തീരുമാനം കാരണവന്മാരുടെ ഭാഗത്തു നിന്നും ഉണ്ടായി, ശിവ അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു വിദേശത്തേക്ക് പോകുന്നത് കൊണ്ട് ആണ് പെട്ടെന്ന് തന്നെ നിശ്‌ചയിച്ചു പോകാം എന്ന് അവർ കരുതുന്നത്.

പാലിയം കാർക്ക് അതെല്ലാം സ്വീകാര്യം തന്നെ ആയിരുന്നു.

ഒടുവിൽ പാറുവിന്റെ മുറിയിൽ നിന്നും കൊട്ടാരത്തിലെ സ്ത്രീകൾ പുറത്തേക്കു വന്നു

അപ്പോള്‍ ഇനി യാത്ര പറയുന്നില്ല ,,, നമ്മള്‍ പറഞ്ഞുറപ്പിച്ച പോലെ വരുന്ന ഞായറാഴ്ച നിങ്ങളെല്ലാവരും കൂടെ കൊട്ടാരത്തിലെക്കു വരിക അതിനു ശേഷം നമുക് നിശ്ചയവും നടത്താം, അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ നമുക് ഫോണ്‍ വഴിയും സംസാരിക്കാല്ലോ … ഈശ്വരവര്‍മ്മ പറഞ്ഞു.

തീര്‍ച്ചയായും,, ഞാന്‍ വിളിച്ച് അറിയിച്ചു കൊള്ളാം. രാജശേഖര൯ മറുപടി കൊടുത്തു.

അവര്‍ അവിടെ നിന്നും ഇറങ്ങി.

അവരെ യാത്ര അയക്കുവാനായി രാജശേഖരനും കുടുംബവും പുറത്തേക്കു ഇറങ്ങി

പാറു എല്ലാവർക്കും പിന്നിലായി വാതിലിനു സമീപം നിന്നു.

ഇടക്കു പോകും വഴി ശിവ ഒന്നു പാറുവിനെ നോക്കി.

ശിവയുടെ ആ നോട്ടം കണ്ടപ്പോ തന്നെ അവൾക് ഒരുപാട് ലജ്ജയായി. അവളുടെ കവിളുകൾ ഒക്കെ ചുവന്നു.

അങ്ങനെ ഇളയിടം കുടുംബാംഗങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.

<<<<<<<<O>>>>>>>>>>>

ആദിയുടെ സുഹൃത്ത് ഓട്ടോ ഓടിക്കുന്ന നജീബിന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു ആണ് ഞായറാഴ്ച.

ആദി തലേന്ന് ശനിയാഴ്ച തന്നെ അവിടെ എത്തിയിരുന്നു.

ആദ്യമേ തന്നെ ഉമ്മയുടെ കൈകളിൽ അൻപതിനായിരം രൂപ ആണ് സമ്മാനമായി അവൻ കൊടുത്തത്. അവര്‍ അതൊന്നും അവനില്‍ നിന്നും പ്രതീക്ഷിചത് പോലുമല്ല.

സ്വന്തക്കാർ പോലും അത്ര ഒന്നും കൊടുത്തിട്ടില്ല.

പക്ഷെ ആദിക്ക് അവർ സ്വന്തം പോലെ ആണല്ലോ.

സ്വർണ്ണമായി കൊടുത്താൽ അത് ചെക്കൻവീട്ടുകാർക്ക് പോകും, ഇത് ആകുമ്പോ നജീബിന് കല്യാണ ചിലവുകൾക് ഉപകരിക്കുമല്ലോ എന്നോർത്തു.

അന്ന് അവിടെ ഒപ്പനയും മറ്റു മാപ്പിളപ്പാട്ടുകളും ഒക്കെ ആയി ഒരു ആഘോഷരാവ് തന്നെ ആയിരുന്നു, മൈലാഞ്ചി ഇടലും ഒകെ ആയി, മേളം ആയിരുന്നു.

ഇടയ്ക്കു ഒരു ഒൻപതു മണി ആയപ്പോ ആദി വണ്ടിയുമായി നേരെ പാറുവിന്റെ വീടിനു സമീപത്തേക്കു പോയി,  റോഡും ഒരല്പ൦ ഉയരത്തിൽ ആയതിനാൽ വണ്ടിയിൽ ഇരുന്നാൽ താഴെ തറവാട് കാണാം.

അവൻ വണ്ടി നിർത്തി വണ്ടിയിൽ തന്നെ ഇരുന്നു നോക്കുമ്പോൾ മുറ്റത്തൊക്കേ നല്ലപോലെ വെളിച്ചം ഉണ്ട്, അവിടെ മാലിനിക്കൊച്ചമ്മയും രാജശേഖരനും ഒക്കെ പുറത്തിരിക്കുന്നുണ്ട്, ഒപ്പം അന്ന് വൈശാലിയിൽ നിന്നും വന്ന മാലിനിക്കൊച്ചമ്മയുടെ രണ്ടു സഹോദരന്മാരും.ഭാര്യമാരും ഉണ്ട്.

പാറു കുറച്ചു മാറി മുൻപ് താൻ താമസിച്ചിരുന്ന ഔട്ട് ഹൌസിന്റെ സമീപത്തിരുന്നു ഫോൺ ചെയ്യുന്നു.

കള്ളി അത് ദേവികയെ ആയിരിക്കും, അവൻ മനസിൽ കരുതി.

കുറെ നേരം ആ ഇരുപ് ഇരുന്നു പാറുവിനെയും നോക്കി.

അപ്പോൾ ആണ് ഫോണിൽ നജീബിന്റെ കോള്‍ വന്നത്.

അത്യാവശ്യമായി സാധനങ്ങൾ എന്തൊക്കെയോ വാങ്ങാനായി പോകാനുണ്ട് വേഗം ചെല്ലാ൯ പറഞ്ഞു.

അത്യാവശ്യ൦ ആയതു കൊണ്ട് അവൻ വേഗം വണ്ടി തിരിച്ചു കത്തിച്ചു വിട്ടു.

<<<<<<<<<O>>>>>>>>>