അപരാജിതൻ 13 [Harshan] 9613

ലോഡ്ജിൽ എത്തിയ ആദി വസ്ത്രം ഒക്കെ മാറി ഒന്ന് കുളിച്ചു, അപ്പോളേക്കും സന്ധ്യ ആയിരുന്നു. അവൻ ഒരു മുണ്ടും ഷർട്ടും ഒക്കെ ധരിച്ചു സമീപത്തുള്ള പാര്‍വ്വതി ദേവി  ക്ഷേത്രത്തിൽ പോയി തൊഴുതു, കുറച്ചു നേരം അവിടെ ചിലവഴിച്ചു. അവിടെ ഉള്ള ആൽമരച്ചുവട്ടിൽ കുറെ നേരം ഇരുന്നു. മുകളിലെ കോളാമ്പിയിൽ നിന്നും നല്ല പാട്ടുകൾ ഒക്കെ ഉയരുന്നുണ്ടായിരുന്നു
ദീപാരാധന ഒക്കെ തൊഴുതു, പുറത്തേക്ക് ഇറങ്ങി ശർക്കരയും തേങ്ങയും ചേർത്ത അവൽ പ്രസാദവും വാങ്ങി കഴിച്ചു.

അന്ന് രാത്രി അവൻ മുങ്ങി കിടന്ന ആ ക്ഷേത്രകുളപ്പടിയിൽ വന്നു കുറച്ചു നേരം ഇരുന്നു.
അതുകഴിഞ്ഞു അവിടെ നിന്നും എഴുന്നേറ്റു തിരികെ നടന്നു, നടന്നു വരും വഴി പൂത്തു നിൽക്കുന്ന ഏഴിലം പാലയ്ക്ക് സമീപത്തു കൂടെ ആണ് വന്നത്. മദിപ്പിക്കുന്ന ഗന്ധം ആണ് ഏഴിലം പാലപ്പൂക്കൾക്ക് കുറച്ചു നേരം ആ ഗന്ധവും ആസ്വദിച്ചു നടന്നു.

നടന്നു ഷേണായിടെ കടയിൽ എത്തി, അവിടെ ആ സമയത്തു നല്ല പോലെ മസാല ദോശയുടെ കൊതിപ്പിക്കുന്ന വാസന ഉയരുന്നുണ്ടായിരുന്നു. അവന്റെ വായിൽ വെള്ളമൂറി, അവൻ ഷേണായി ചേട്ടന്റെ കടയിൽ കയറി ഒരു മസാല ദോശ ഓർഡർ ചെയ്തു, നല്ല ചൂടോടെ മസാലദോശയും ഉഴുന്നുവടയും നല്ല കായം മുന്നിട്ടു വാസന പരക്കുന്ന സാമ്പാറും ഒപ്പം സ്‌പെഷ്യൽ കപ്പലണ്ടി വറുത്തു തേങ്ങയോടൊപ്പ൦ ഇട്ടു അരചുണ്ടാക്കിയ ചട്ണിയും പിന്നെ ആവി ഉയരുന്ന ചായയും,,,

ആഹാ ,,,,,,,,,,,,ഇതിൽ കൂടുതൽ എന്ത് വേണം.
അവിടെ ഇരുന്നു നല്ലപോലെ ആ മസാലദോശ അങ്ങ് കഴിച്ചു, രണ്ടു ഉഴുന്ന് വട കൂടെ വാങ്ങി കഴിച്ചു. എന്നിട്ട് ശാന്തിയും സമാധാനവും നിറഞ്ഞ മനസോടെ ആ ചായയും കുടിച്ചു കാശും കൊടുത്തു, അവിടെ നിന്നും ഇറങ്ങി.
റൂം തുറന്നു.

മേശപ്പുറത്തു ഇരിക്കുന്ന ലക്ഷ്മി അമ്മയുടെ ഫോട്ടോ നോക്കി ചിരിച്ചു
എന്നിട്ടു കട്ടിലിൽ കിടന്നു.അൽപസമയത്തിനുള്ളിൽ ആദി ഉറങ്ങി പോയി.പാതിരാത്രി നല്ല ഇടിവെട്ടും മഴയും ആയിരുന്നു അതുപോലെ നല്ല കാറ്റും. ശക്തമായി ഉയർന്ന ഇടിവെട്ടിന്റെ ശബ്ദം കേട്ട് ആദി ഉറക്കമുണർന്നു..അവൻ എഴുന്നേറ്റു ബെഡിൽ ഇരുന്നു.അപ്പോളേക്കും കരണ്ടു പോയിരുന്നു. മേശ പുറത്തു ഇരുന്ന എമെ൪ജെൻസി ലാംപ് അവൻ ഓൺ ചെയ്തു. എമര്ജെന്സി ലാമ്പിന്റെ വെളിച്ചത്തിൽ അവൻ ആ ബെഡിൽ ഇരുന്നു കൊണ്ട് വെറുതെ മേശപ്പുറത്തേക് നോക്കിയപ്പോൾ ആണ് മുത്തശ്ശിയുടെ ചേലയുടെയും മുത്തശ്ശന്റെ ചിതാഭസ്മത്തിനും അടുത്തായി ഇരിക്കുന്ന ആ ദീർഘ ചതുരാകൃതിയിൽ ഉള്ള ചെമ്പ്പാളി അവന്റെ ശ്രദ്ധയിൽ പെട്ടത് ,,,,,,,,അവൻ അതിലേക് സൂക്ഷിച്ചു നോക്കി
ചെമ്പു പാളിക്ക് മുകളിലായി എന്തോ ഒരു നിറ൦ മാറ്റം
അവൻ വേഗം ആ ചെമ്പു പാളി കയ്യിലേക്ക് എടുത്തുആ കാഴ്ച കണ്ടു അവന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു.
അതിശയം കൊണ്ട് മുഖത്ത് സന്തോഷം നിറഞ്ഞു.ആ അതിൽ ഒരു മുദ്ര തെളിഞ്ഞിരിക്കുന്നു
അവനാ മുദ്രയിലേക്ക് എമർജൻസി ലാമ്പ് ചരിച്ചു നോക്കിഒരു ത്രിശൂല മുദ്ര.

അവനാകെ അങ്കലാപ്പിലായി
ഇതെങ്ങനെ ഇങ്ങനെ ഒരു മുദ്ര , അതും ത്രിശൂല മുദ്ര
അവൻ ആ ചെമ്പു പാളി കിടന്ന ഭാഗത്തു ശ്രദ്ധിച്ചു നോക്കി

അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി

അതെ ,,,,,,,,,,,,,,അതെ ,,,,,,,,,,,,,,അത് തന്നെ ,,,,,,,,,,,,,,,
അവൻ വിളിച്ചുപറഞ്ഞു
ഞാൻ എന്തിനെ ആണോ തേടിയത് , അതിലേക്കുള്ള വഴി തുറക്കേണ്ടിയിരുന്നത് തേടിയത് വെച്ച് തന്നെ ആയിരുന്നുഅവൻ വേഗം എഴുന്നേറ്റു,
ഓടി ചെന്ന് അലമാര തുറന്നു ,
ഒരു ബ്ലേഡ് കയ്യിലേക് എടുത്തു,
അവൻ വന്നു കസേരയിൽ ഇരുന്നു.
തന്റെ വലത്തേ തള്ള വിരലിൽ ആ ബ്ലേഡ് അമർത്തി
നല്ലപോലെ മുറിപ്പെടുത്തി
അതോടെ തള്ളവിരലിൽ നിന്നും രക്തം ഒഴുകി തുടങ്ങി .
ആ രക്തം ആ ചെമ്പുപാളിയിലേക് അവൻ ഒഴിച്ചു.
എന്നിട്ടു പതുക്കെ കൈകൊണ്ടു ആ ചെമ്പുപാളിയുടെ എല്ലാ ഭാഗത്തേക്കും ആ ചൂടുള്ള രക്തം പുരട്ടി, എന്നിട്ടു ആ ചെമ്പുപാളിയെ നോക്കി ഇരുന്നു.പിന്നീട് ആ ചെമ്പു പാളിയിൽ വരുന്ന മാറ്റങ്ങൾ കണ്ടു അവൻ അത്ഭുതം കൊണ്ട് കണ്ണ് മിഴിച്ചിരിന്നു പോയി, ആ ചെമ്പു പാളിയിൽ നിന്നും രക്തത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞ പുക ഉയർന്നു കൊണ്ടിരുന്നു.ഒടുവിൽ പുകയെല്ലാം മാറി കഴിഞ്ഞു ആദി ആ ചെമ്പു പാളിയിലേക്ക് നോക്കി
അപ്പോളേക്കും കറണ്ടും വന്നിരുന്നുആ ദീർഘ ചതുരത്തിലുള്ള ചെമ്പു പാളിയിൽ ഒരു ത്രിശൂല മുദ്രയും അതിൽ ആർക്കും മനസിലാകാത്ത തരത്തിലുള്ള അക്ഷരങ്ങളിൽ  എന്തൊക്കെയോ എഴുതി വെക്കപ്പെട്ടിരിക്കുന്നു,,

അതെന്തു ഭാഷ എന്നോ എന്ത് ലിപി എന്നോ ഒന്നും അവനു അറിയില്ല, പക്ഷെ അത് തന്നെആയിരിക്കണം അവന്റെ അമ്മയെ, അവന്റെ മുത്തശ്ശിയെ, മുത്തശ്ശനെ കുറിച്ചുള്ള രഹസ്യം എന്നു മനസിലായി.

നാല് ദിവസങ്ങൾക് മുൻപേ തല പൊട്ടി ഒഴുകിയ ചോര ആകസ്മികമായി    മേശപ്പുറത്തു കിടന്നിരുന്ന ചെമ്പു പാളിയിൽ പുരണ്ടിരുന്നു, ഡോക്ടർ ലാസിം പറഞ്ഞ പോലെ മെർക്കുറി അടങ്ങിയ ഏതോ രഹസ്യകൂട്ട് പുരട്ടിയത് ഒരുപക്ഷെ രക്തം വീഴുമ്പോൾ മാത്രം തെളിയുവാൻ ഉള്ള എന്തോ രഹസ്യം ഒളിപ്പിക്കുവാൻ വേണ്ടി ആയിരുന്നിരിക്കണം ,,,,,,,,,,,,,,,,

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ തന്നെ അവൻ നോക്കിയിരുന്നു ……………

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

(തുടരും)