അപരാജിതൻ 13 [Harshan] 9620

ആദി ആകെ ഭയത്തിൽ ആയിരുന്നു, രണ്ടു ദിവസമായി ലക്ഷ്മി അമ്മ സ്വപ്നത്തിൽ വരുന്നേ ഇല്ലേ. ഇനി ഒരിക്കലും വരില്ല എന്ന് പറഞ്ഞുകൊണ്ട് പോയ ആൾ ആണ്. അതാണ് അവനെ ഏറെ വിഷമിപ്പിക്കുന്നതും. അവനാകെ മനസികമായി തളർന്നു പോകുന്ന അവസ്ഥയിൽ ആയി.

ബുധനാഴ്ച രാവിലെ എഴുന്നേറ്റത്‌ മുതൽ അമ്മയുടെ ഫോട്ടോയുടെ മുന്നിൽ പോയി നൂറുകണക്കിനു ഏത്തമൊക്കെ ഇട്ടു, അമ്മയോട് ഒരുപാട് മാപ്പു പറയുകയും ചെയ്തു.

അവൻ മദ്യപാനം ഒക്കെ നിർത്തിയിരുന്നു,

പാറു ഒക്കെ അവന്റെ മനസിൽ നിന്നും അവൻ മറന്നു തുടങ്ങിയിരുന്നു, പക്ഷെ അമ്മയുടെ പിണക്കവും അസാന്നിധ്യവും ആണ് അവനെ ഒരുപാട് തകർത്തുകൊണ്ടിരുന്നത്.

ബുധനാഴ്ച വൈകുന്നേര൦ വന്നു  ഫോട്ടോ നോക്കി അമ്മയോട് ഒരുപാട് സോറി പറഞ്ഞു, ഒരു തവണ എങ്കിലും ഒന്ന് സ്വപ്നത്തിൽ വന്നു ഒന്ന് വഴക്കുപറയുകയോ അടിക്കുകയോ ഒക്കെ ചെയുവാൻ ആയി അവൻ കേണപേക്ഷിച്ചു,

“ലക്ഷ്മി അമ്മേ ,,,ഞാൻ എന്തേലും പറഞ്ഞു എന്നു പറഞ്ഞു എന്റെ അടുത്ത് വരാതെ ഇരിക്കല്ലേ, സ്വപ്നത്തിലെങ്കിലും ഞാൻ ഒന്ന് കണ്ണുനിറയെ കണ്ടോട്ടെ ..

അവന്റെ കണ്ണുകൾ നല്ലപോലെ നിറയുന്നുണ്ടായിരുന്നു, അപ്പോളത്തെ സങ്കടത്തിലാ അങ്ങനെ ഒക്കെ പറ്റിപോയതു, ഞാൻ എന്തെങ്കിലും പറഞ്ഞ, എന്റെ ലക്ഷ്മി അമ്മ, എന്റെ അമ്മ അല്ലാതെ ആകുമോ ?

ഞാൻ ജനിച്ച അന്നുമുതൽ താഴെയും മോളിലും വെക്കാതെ എന്നെ കൊണ്ടുനടന്ന ആൾ അല്ലെ, കുഞ്ഞപ്പു അല്ലെ ഞാൻ, അമ്മേടെ തക്കിടി മുണ്ടൻ സായിപ്പ്, ഒന്ന് വന്നു കുറെ എന്നെ തല്ലിക്കൊ, എന്നാലും കൊഴപ്പമില്ല, വരാതെ ഇരിക്കല്ലേ, എനിക്കു അതൊരുപാട് സങ്കടമാകും

ജീവിതം മൊത്തം എന്നെ കരുതി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവിച്ച ആളല്ലെ എന്റെ ലക്ഷ്മി അമ്മ, അന്ന് കുഞ്ഞ് പ്രായത്തില്‍ എന്നെ വിഷസര്‍പ്പം കടിച്ചിട്ടു, മരണം കാത്തു വെന്റിലേറ്ററില്‍ കിടന്നപ്പോ മഹാദേവനോടു പ്രാര്‍ഥിച്ച് യാചിച്ചല്ലേ എനിക് ജീവന്‍ തിരികെ നേടി തന്നത്, എനിക് വേണ്ടി എത്ര നാള്‍ ഉറകമിളച്ചു എന്നെ നോക്കിയ ആളാ, ആ ആളാ ഇപ്പോ എന്നോടു പിണങ്ങി, ഇനി ഒരിയ്ക്കലും എന്നെ കാണാന്‍ വരില്ല എന്നും പറഞ്ഞു പോയത്.

മുത്തശ്ശി, മുത്തശ്ശാ ഒന്ന് പറ ലക്ഷ്മി അമ്മയോട്,, എന്നോട് പിണങ്ങല്ലേ എന്ന്, എന്റെ സ്വപ്നത്തിൽ ഒന്ന് വരാൻ പറ, കാണാഞ്ഞിട്ട് സഹിക്കാൻ പറ്റുന്നില്ല,

ആശാനേ ,,,,,,,,,,,ഒന്ന് പറഞ്ഞു കൊടുക് ആശാനേ, ഒന്ന് എന്റെ അടുത്ത് വരാനായി, മരിച്ചു പോണ പോലെ അവസ്ഥആണ് എനിക്കിപ്പോ, അതാ,, ഒന്ന് വരാൻ  പറ ആശാനേ….

കുറെ നേരം അങ്ങനെ പരിതപിച്ചു, അമ്മ തന്നെ കാണാന്‍ വരും എന്ന പ്രതീക്ഷയോടെ അവന്‍ കിടന്നുറങ്ങി. .

<<<<<<<<<<<O>>>>>>>>>>>

അർധരാത്രി

കലിശപുരം കഴിഞ്ഞു കുറെ ചെന്നാൽ മനുഷ്യർക്ക് കടന്നു ചെല്ലാൻ പറ്റാത്ത അത്രയും ഭീകരമായ വനം ആണ് താടകവനം.

അങ്ങോട്ട് സാധാരണക്കാർ പോകാൻ മടിക്കുന്നത് ജീവനിൽ കൊതി ഉള്ളതുകൊണ്ട് മാത്രം ആണ്, കാരണം ഹിംസ്രജന്തുക്കളും അപകടകാരികളായ കാട്ടുവാസികളും ഒക്കെ ഉണ്ട് അവിടെ, ജീവനോടെ തിരികെ വരാൻ സാധിക്കില്ല, അത്രയും ഘോരമായ വനം ആണ് താടക വനം.

മുൻപ് അതിശക്തരായ രാക്ഷസന്മാർ ജീവിച്ചിരുന്ന സ്ഥലം ആണ് എന്നാണ് വിശ്വാസവും.

താടകവനത്തെ റെസ്ട്രിക്റ്റഡ് ഏരിയ ആയി ആണ് സർക്കാർ ചാപ്പ കുത്തിയിരിക്കുന്നതും

അവിടെ പഠനത്തിനും ഗവേഷണത്തിനും ഒക്കെ ആയി പോയ സർക്കാർ ഉദ്യോഗസ്ഥർ, അതുപോലെ അന്വേഷണത്തിനായി പോയ  പോലീസ് ഉദ്യോഗസ്ഥർ വനപാലകർ ആരും തിരികെ വന്നിട്ടില്ല, ഒരു ഭയാനകമായ പ്രദേശം ആണ്,

അവിടെ നിന്നും കുറെ ഉള്ളിലേക്ക് പോയാൽ കുത്തി ഒലിച്ചു ഒഴുകുന്ന വെള്ളച്ചാട്ടവും നദിയും ഉണ്ട്, അതിന്റെ പേര് ആണ് സുരസാ നദി. സുരസ എന്ന രാക്ഷസി ശാപം നിമിത്തം നദി ആയി മാറിയതാണ് എന്നാണ് കേട്ടുകേൾവി,  വന്യമായ ഭീകരത ആവോളം അടങ്ങിയ നദി ആണ് സുരസാ നദി,

സുരസ നദി, ചതിക്കും, ശാന്തമായി ഒഴുകുന്നു എന്ന് കരുതിയാലും ഉള്ളിൽ നല്ലപോലെ കുത്തൊഴുക്ക് ഉണ്ടാകും, അതിൽ ഇറങ്ങുന്നവനെ നദിക്കടിയിലൂടെ വന്നു  കാലിൽ പിടിച്ചു വലിച്ചു വെള്ളത്തിൽ ഉള്ളിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തും എന്നാണ് അറിയപ്പെടുന്നത്.

ഈ സുരസാ നദി താണ്ടി ചെന്നാൽ ആണ് നാലായിരം അടി പൊക്കം ഉള്ള കലികാശൈലം എന്ന വലിയ കൊടുമുടി നിരകൾ. അതും രാക്ഷസഭൂമി ആണ് എന്നാണ് വിശ്വാസം, ആഭിചാര കർമ്മങ്ങൾ ചെയ്യുന്നവ൪ക്കു പുണ്യമായ ഭൂമി ആണ് കലികാശൈല ഗിരി നിരകൾ.

ഈ കലികാശൈല പർവതത്തിൽ നൂറ്റാണ്ടുകൾക്ക് മുന്നേ പർവ്വതത്തിന് ആയിരത്തി അഞ്ഞൂറ് അടി മുകളിൽ ആയി ഒരു ഭാഗം തുരന്നു ചെത്തി ഒരു പീഠഭൂമി പോലെ നിരപ്പാക്കി അവിടെ ആണ്. ആ പീഠഭൂമിയിൽ കാലകേയന്റെ ആരാധനമൂർത്തിയുടെ വലിയ കരിങ്കൽ പ്രതിമ ഉള്ളത്, അതിനു മുന്നിലായി ആണ്, കാലകേയൻ തന്റെ ആഭിചാര കർമ്മങ്ങളും നരബലിയും ഒക്കെ നടത്തുന്നത്.

ആ ചെത്തി എടുത്ത പീഠഭൂമിക്കു താഴെ പർവ്വത ഭൂമിക്കടിയിൽ വലിയ വിസ്താരത്തിൽ പാറചെത്തി ഉണ്ടാക്കിയ മണ്ഡപം ഉണ്ട്, ഏതാണ്ട് ആറായിരം ഏഴായിരം ചതുരശ്ര അടി വിസ്താരത്തിൽ, ഉള്ളിലെ പാറ കൊത്തി ആണ് അതുണ്ടാക്കിയത്,  ഉള്ളിലേക്കു വായുകടക്കുവാൻ ആയി വായു അറകൾ കൂടെ ഉണ്ട്.

പ്രധാന കർമ്മങ്ങൾക്ക് ശേഷം കാലകേയനും ഗുരുവായ ശ്രോണപാദനും പിന്നെ കാലകേയ സഹോദരങ്ങളും അയാളുടെ ആഭിചാര കിങ്കരന്മാരിൽ പ്രധാനികളും മാത്രം അങ്ങോട്ടേക്ക് കടക്കും, അവർക്കു മാത്രമേ അങ്ങോട്ട് കടക്കാൻ അനുവാദം ഉള്ളു.

അവിടെ ആ പർവത ഭൂമിക്കടിയിലെ മണ്ഡപത്തിൽ ആണ് നിരവധി രഹസ്യങ്ങൾ കുടികൊള്ളുന്നത്.

മണ്ഡപത്തിലെ ഒരു കോണിൽ ആണ്.

കാലകേയൻറെ ആരാധനമൂർത്തിയുടെ ഒരു ആൾ പൊക്കത്തിലുള്ള കണ്ടാൽ ഭയം ഉളവാക്കുന്ന വിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ളത്.

ആ വിഗ്രഹം രണ്ടാൾ പൊക്കത്തിലുള്ള ഒരു വലിയ കുഴിക്കു മുകളിൽ ആയി ആണ് നാലുവശത്തു നിന്നും ഇരുമ്പു തൂണുകൾ നാട്ടി ഒരു പ്രത്യേക രീതിയിൽ സജ്ജീകരിച്ച പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആ കുഴിക്കുള്ളിൽ നിന്നും നീരാവി ഉയരുന്നുണ്ട്.

ആ കുഴിയിൽ നിന്നും അതിഭയങ്കരമായ താപം ആണ്

ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ചൂട് കൂടി ചുവന്ന പ്രകാശം അതില്‍ നിന്നും ബഹിര്‍ഗമിക്കുന്നുണ്ട്,  ആ താപത്തെ നിയന്ത്രിക്കുന്നത്തിനായി നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ ആ വലിയ മല നിരകളിൽ നിന്നും ഒഴുകുന്ന സുരസാ നദിയുടെ ഒരു കൈവരി ഉണ്ടാക്കി എടുത്തു ആ കുഴിയിലേക് മണ്ണിനടിയിലൂടെ വീഴിക്കുക ആണ് ആ വെള്ളം ചെന്ന് കൊടും താപത്തിൽ നീരാവി ആയി കൊണ്ടിരിക്കുന്നു, അതിങ്ങനെ തുടരുന്ന പ്രക്രിയ ആണ്.

നേരെ മുകളിലേക്ക്  ഉയരുന്ന നീരാവിക്കു  പോകുവാനായി മുകളിൽ പാറ തുരന്നു പീഠഭൂമിയിലേക്കു ഒരു മാർഗ്ഗം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

അവിടെ ശ്രോണപാദന്റെ നേതൃത്വത്തിൽ കാലകേയനും സഹോദരന്മാരും ഒരു തീകുണ്ഡത്തിനു മുന്നിലായി  ഇരിക്കുക ആണ്.

തീകുണ്ഠത്തിലേക് ആഭിചാര കർമ്മങ്ങൾക്കായി രക്തവും മാംസവും തീകുണ്ഠത്തിലേക് അർപ്പിച്ചുകൊണ്ടിരിക്കുക ആണ്.

ഗുരുനാഥ ,,,,,,,,,,, നമ്മൾ എല്ലാം കൊണ്ടും ശക്തരാണ്, ഇത്തവണ ഉത്സവത്തിന് മുന്പായി വൈശാലിയിൽ കിരീടധാരണം ആണ് സൂര്യസേനന്റെ, അതുകഴിഞ്ഞൽ ഉത്സവം, ഉത്‌സവം കഴിഞ്ഞു മത്സരം, അഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് പ്രജാപതികളു൦ കലിശന്മാരുമായും ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഇത് പത്താമത്തെ മത്സരം, ഈ മത്സരത്തിൽ വിജയം നമ്മുടെ ഒപ്പം ആണ്, കാരണവന്മാർ ഉണ്ടാക്കിയ ഉടമ്പടി ഈ മത്സരത്തോടെ തീരും, ആ മത്സരത്തിനായി ആണ് യോദ്ധാക്കളുടെ ഒരു സമൂഹത്തെ തന്നെ ഉണ്ടാക്കുന്നത്. ഇത്തവണ നമ്മളോട് എതിരിടാൻ ആർക്കും കഴിയില്ല എനിക്കുറപ്പുണ്ട്. ഇതുവരെ അഞ്ചു മത്സരത്തിൽ പ്രജാപതികളും നാലു മത്സരത്തിൽ നമ്മളും വിജയിച്ചു, ഇത്തവണ മത്സരത്തിൽ നമ്മൾ വിജയിച്ചാൽ തുല്യ നിലയിൽ എത്തും എന്നത് കൊണ്ട്, ഉടമ്പടി പ്രകാരം ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകൾ ആണ് പത്താമത്തെ മത്സരത്തിൽ ഉണ്ടാകുക, അതുകൊണ്ടു തന്നെ തുല്യ നിലയിൽ ആയാല്പോലും ഇത്തവണ നമ്മൾ വിജയിച്ചാൽ നമുക് തന്ന ആകും മേൽക്കോയ്മ, നൂറ്റാണ്ടുകൾ ആയി നമ്മൾ എന്തിനെ ആണോ മോഹിക്കുന്നതു ,,,  അവരുടെ കയ്യിലെ അതീവ ശക്തി ഉള്ള മഹാവിഷ്ണുവിന്റെ സാളഗ്രാമവിഗ്രഹവും പുണ്യഭൂമി ആയ ശ്രീവത്സവും പിന്നെ അവർ അഞ്ഞൂറ് വര്ഷങ്ങളായി ജീവിക്കുന്ന കോടാനുകോടികളുടെ നിധികൾ സൂക്ഷിച്ച ആ കൊട്ടാരവും നമ്മുടെ മുന്നിൽ അടിയറവു വെക്കേണ്ടി വരും,,,,,,,,,, കൂടെ പ്രജാപതികൾ എല്ലാവരും നമ്മുടെ അടിമകളും ആയി മാറും…………………….. എന്ത് പ്രതിബന്ധങ്ങൾ വന്നാലും തകർത്തെറിഞ്ഞിട്ടേ ഉള്ളു ഈ ഞാൻ,, തടസമായി നിന്നവരെ ഒക്കെ ഞാൻ കൊലപ്പെടുത്തിയിട്ടും ഉണ്ട്,,,, എന്റെ വാർദ്ധക്യത്തെ പോലും ഞാൻ കായകല്പം ചെയ്തു അകറ്റി നിർത്തി, ഒരാൾക്കും എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല,,,

അതെ ,,,,,,,,,,,,,എല്ലാം നീ പറഞ്ഞത് ശരി ആണ്, എന്റെ കാതിൽ കർണ്ണപിശാചിനി പറഞ്ഞത് പ്രകാരം നിനക്കു പ്രതിബന്ധമാകാൻ പോന്നവൻ പടിഞ്ഞാറു ഭാഗത്തു ദൂരെ ഒരു ദേശത്തു ജനിച്ച ഒരു ബാലകനെ അവന്റെ ബാല്യ അവസ്ഥയിൽ, നമ്മൾ  നാഗകുലത്തെ ആഭിചാര ദുര്ദേവത ആയ ശൂലനാഗിനിയെ  പ്രീതിപ്പെടുത്തി, വിഷം തീണ്ടിപ്പിച്ചു ആ ബാലകനെ നമ്മൾ ഇരുപതു  വർഷങ്ങൾക്കു മുന്നേ കൊലപ്പെടുത്തിയിരുന്നു.അവൻ മരണപ്പെട്ടു എന്ന് കർണ്ണപിശാചിനി എന്റെ ഇടത്തെ കാതിൽ മന്ത്രിച്ചു. തീർച്ചപ്പെടുത്തിയതും ആണ്. അതുകൊണ്ടു തന്നെ നിന്നെ ഇനി ആർക്കും വെല്ലാൻ സാധിക്കില്ല, ഇത്തവണ നീ വിജയിക്കും, വിജയം നമ്മുടെ കൂടെ തന്നെ ആണ്.

 

കാലകേയ ,,,,,,,,,,,

പറയു ഗുരുനാഥ.

വിജയമോ പരാജയമോ അതെല്ലാം നീ മറക്കുക, ഇത്തവണ നമ്മുടെ നാഥന്റെ പ്രതിഷ്ഠ നടന്നിരിക്കണം ,,,,,,,,, അത് നമ്മളെ സംബന്ധിച്ച് ഏറെ പ്രധാനം ആണ്, മൂവായിരം വർഷങ്ങൾ ആയി നമ്മുടെ പൂർവികർ അതിനായി ആണ് കഷ്ടപെട്ടതും, അതിലൂടെ ഇ ലോകത്തെ നമുക് വരുതീയിൽ ആക്കണം,,,

തീർച്ചയായും ഗുരുനാഥ ,,,,,,,,,,

കാലകേയ ,,,,,,,,,,,,,ഭഗവാന്റെ വിഗ്രഹത്തിനു കീഴെ ഉള്ള ഗർത്തത്തിൽ നമ്മൾ സുരസ നദിയിലെ വെള്ളം കൊണ്ട് താപം അടക്കി നിർത്തിയിരിക്കുന്ന സ്വരൂപത്തിന്റെ ശക്തി പ്രതിദിനം വർധിച്ചു വരിക ആണ്, നമുക്കാർക്കും ആ ഗർത്തത്തിൽ നിന്നും ആ ശക്തിയെ എടുക്കാൻ സാധിക്കില്ല, അത് ആണ് നമുക് കണ്ടുപിടിക്കേണ്ടതു൦.

അതറിയുവാൻ വേണ്ടി ആണ് ഞാൻ ഇപ്പോൾ ഈ കർമ്മത്തിലൂടെ ശ്രമിക്കുന്നതും

നിങ്ങൾ എല്ലാവരും ധ്യാന നിരതരായി ഇരിക്കുക.

ശരി ഗുരുനാഥാ ,,,,

എല്ലാവരും കണ്ണുകൾ പൂട്ടി കൈകൾ കൂപ്പി ഇരുന്നു.

മുടന്തനും ഇടത്തെ ചെവിക്ക് സ്വല്പം കേൾവി കുറവും ഉള്ള ശ്രോണപാദനെന്ന അയാൾ മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങി.

ഓം ഐം ഹ്രീം ശ്രീ൦ ദും ഹും ഫട്

കനക വജ്ര വൈഡൂര്യ മുക്താലംകൃത ഭൂഷണെ

ഏഹി ഏഹി ആഗച്ഛ  ആഗച്ഛ മമ കർന്നേ പ്രവിശ്യ

ഭൂത ഭവിഷ്യ വർത്തമാന കാല ജ്ഞാന ദൂര ദൃഷ്ടി

ദൂര ശ്രവണം ഭ്രൂഹി ഭ്രൂഹി

അഗ്നി സ്തംഭനം  ശത്രു സ്തംഭനംശത്രു മുഖ സ്തംഭനം

ശത്രു ഗതി സ്തംഭനം ശത്രു മതി സ്തംഭനം

സർവ്വശത്രൂണാം വാഗ് ആരംഭ സ്‌തംഭനം

കുരു കുരു ശത്രു കാര്യ ഹാനി കരി

മമ കാര്യ സിദ്ധികരി

ശത്രൂണാം ഉദ്യോഗവിധ്വംസകരി

വീരചാമുണ്ഡിനീ ഹാടകധാരിണി

നഗരി പുരി പട്ടണ സ്ഥാന സംമോഹിനി

അസാധ്യ സാധിനി

ഓം ശ്രീ൦ ഹ്രീം ഐം

ഓം ദേവി ഹന ഹന ഹും ഫട് സ്വാഹാ………..

 

ആളുന്ന തീയിൽ കർണ്ണ പിശാചിനിക്കുള്ള ദ്രവ്യ വസ്തുക്കൾ സമർപ്പിച്ചു കൊണ്ടിരുന്നു

നൂറ്റിഎട്ടു ഉരി മന്ത്രം ജപിചു കഴിഞ്ഞപ്പോൾ ആ മണ്ണിനടിയിലെ മണ്ഡപത്തിൽ ഒരു കാറ്റു അനുഭവപ്പെട്ടു.

കത്തിച്ച വിളക്കിന്റെ നാളം ഇടം വലം ഇളകുവാൻ തുടങ്ങി,

അവിടെ ആകെ മലമൂത്രാദികളുടെ ദുർഗന്ധം വ്യാപിക്കുവാൻ തുടങ്ങി.

എല്ലാവരും ശ്രദ്ധയോടെ ഭക്തിയോടെ ഗുരുനാഥനായ ശ്രോണപാദനെ ഭക്താദരങ്ങളോടെ  വീക്ഷിച്ചു കൊണ്ടിരുന്നു.

ശ്രോണപാദ൯ കൈകൾ കൂപ്പി ഇടത്തെ ചെവിക്കു പുറകെ കൈപ്പത്തി മടക്കിപിടിച്ചു

ചെവിയിൽ വന്നിരുന്നു കർണ്ണ പിശാചിനി മന്ത്രിക്കുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കുവാൻ ആയി.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാൾ അഗിനിയിൽ ദ്രവ്യ വസ്തുക്കൾ അർപ്പിച്ചു കൊണ്ട് ഭക്തിപൂർവ്വം മന്ത്രജപം നടത്തി കർണ്ണ പിശാചിനിയെ തിരികെ അയച്ചു ..

എന്നിട്ടു അഗ്‌നിയെ നമസ്കരിച്ചു,

സ്വസ്ഥാനത്തു ഇരുന്നു കാലകേയനെ നോക്കി എന്നിട്ടു ചിരിച്ചു.

“എന്താണ് ഗുരുനാഥ ,,,കർണ്ണ പിശാചിനി അങ്ങയുടെ കാതിൽ അരുളിയത് ?

കാലകേയ ………… നമുക്കാർക്കും സ്പർശിക്കാൻ പോലുമാകാത്ത, സ്പർശിച്ചാൽ ആ നിമിഷം നമ്മളെ ഭസ്മമാക്കുന്ന, ഈ ഗർത്തത്തിനുള്ളിൽ ഉഗ്രതാപം പുറപ്പെടുവിക്കുന്ന ഈ അഭൗമമായ മഹാശക്തിയെ ഒരാൾക്ക് മാത്രമേ സ്പർശിക്കാൻ ആകൂ, അവൾ ഒരു കന്യകയാണ്, അവൾ വൈഷ്ണവ വിശ്വാസികളായ ദേവർമ്മഠത്തെ സന്തതി പരമ്പരയിൽ പെട്ടവൾ ആണ്.

ഗുരുനാഥാ ,,, അങ്ങനെ ഒരു കന്യക എന്നാൽ, അത് ആരാണ് ?

കാലകേയ,, ഉണ്ട്, നീ വര്ഷങ്ങൾക്ക് മുന്നേ ചതിയിൽ കൊന്നുകളഞ്ഞ സമരേന്ദ്ര ദേവപാലർക്ക് ഒരു മകൾ ഉണ്ടായിരുന്നു, അവളുടെ ജാതകത്തിൽ പിതാവിന് ദോഷം ചെയ്യും എന്നുണ്ടായിരുന്നു കൊണ്ട്, അയാളുടെ ഭാര്യ ആയിരുന്ന ഭുവനേശ്വരി ദേവി ആ മകളോട് ഒരിക്കലും സ്നേഹവും കാണിച്ചിരുന്നില്ല, ഒരുനാൾ അവൾ എങ്ങോ നാട് വിട്ടു പോയി. അവൾ പടിഞ്ഞാറ് ദേശത്തെവിടെയോ ജീവിക്കുന്നുണ്ട്, അവൾക് ഒരു മകൾ ഉണ്ട്, അവൾ ആണ് നമ്മുടെ ആവശ്യത്തിന് ഉപകരിക്കുന്ന കന്യക.

അതുകേട്ടു ആശ്ചര്യത്തോടെ കാലകേയൻ ചോദിച്ചു, എങ്കിൽ അവളെ അവിടെ നിന്നും തട്ടിക്കൊണ്ടു വന്നാലോ ?

വേണ്ട അതിന്റെ ആവശ്യമില്ല, അവർ ഈ നാട്ടിലേക്കു വരും, അതിനു അധികം സമയം വേണ്ട, കാരണം വൈശാലിയിൽ നടക്കാൻ പോകുന്ന ചടങ്ങുകൾക്കൊക്കെ അവരുടെ സാന്നിധ്യം ഉണ്ടാകും, ഇപ്പോൾ അതിനെ കുറിച്ച് ചിന്തയോ ആശങ്കയോ ഒന്നു൦ വേണ്ട,,,,,,,,,,,, വിജയം നമ്മോടു കൂടെ ആണ്, ഇനി ഒരാൾക്കും നമ്മളെ പരാജയെപ്പെടുത്തുവാൻ സാധിക്കില്ല, കാലകേയനെയോ കാലകേയൻ സൃഷ്ടിച്ചെടുത്ത പോരാളി സമൂഹത്തെയോ  തോൽപ്പിക്കാൻ ശക്തിയുള്ള ഒരാളും ഈ ഭൂമിയിൽ പിറന്നിട്ടില്ല, തടസമായി വന്നവരെയും വരാൻ സാധ്യത ഉള്ളവരെ എല്ലാവരെയും നമ്മൾ ഇല്ലാതാക്കിയില്ലേ

വരൂ ,,,നമുക് ഇനി നമ്മുടെ നാഥന്റെ പൂജകൾ ചെയ്യാം ,,,,,,,,,ശ്രോണപാദ൯ അവരോടു പറഞ്ഞു.

അതുകേട്ടു ഏവരും ഭക്തിപൂർവ്വം ആരാധനകളിൽ മുഴുകി.

<<<<<<<<<<<O>>>>>>>>>>