❤️അമ്മ❤️ [Jeevan] 171

ഇത് ഒരു കഥയല്ല. നമുക്ക് ചുറ്റും നടക്കുന്ന മനുഷ്യ സഹജമായ ഒരു ചിന്തയുടെയും പ്രവൃത്തിയുടെയും ബാക്കി പത്രമാണ്. നാം ചെയ്യുന്ന തെറ്റിൻ്റെ ആഴം അറിയാം ആയിരുന്നിട്ടും അറിഞ്ഞില്ല എന്ന് ഭാവിക്കുന്ന ചില മനുഷ്യമനസ്സുകൾ.. മനുഷ്യർ നന്നാകാൻ നമ്മുടെ ചിന്തകൾ ആണ് ആദ്യം ശരിയായ ദിശയിലേക്ക് പോകേണ്ടത്. ഇനിയെങ്കിലും മനസ്സിലാക്കുക, ചെയ്യുന്ന പ്രവൃത്തികൾ മനുഷ്യത്വത്തിന് എതിരാകുമ്പോൾ.. ജീവിതത്തിൽ ഒരിക്കൽ എങ്കിലും അത് നമ്മേയും തേടി വരുന്നതാണ്.

❤️അമ്മ❤️
Amma | Author : Jeevan

 

“അമ്മ..” നമ്മുടെ നാവിൽ തുമ്പിൽ ആദ്യം ഉരുവിടുന്ന ശബ്ദം. മാതാ-പിതാ-ഗുരു-ദൈവം എന്നാണ് നാം പഠിച്ചിട്ടുള്ളതും. കാഴ്ചകൾക്ക് അപ്പുറം കൽപ്രതിമകളിൽ നാം പൂജിക്കുന്ന ദൈവത്തെക്കാൾ മുന്നിൽ ആണ് നമ്മുടെ കൺമുന്നിൽ കാണുന്ന അമ്മയുടെ സ്ഥാനം. എന്ത് മഹത്തായൊരു വാക്യം ആണ് അത്. രണ്ട് അക്ഷരങ്ങൾ കൂട്ടിച്ചേർത്തു അക്ഷരലക്ഷം അർത്ഥങ്ങൾ തരുന്ന പദം. ലോകത്തിൻ്റെ ഏതൊരു കോണിൽ നോക്കിയാലും നമുക്കൊരു അമ്മയെ കാണാം… അല്ല.. ഈ ഭൂമി തന്നെയൊരു അമ്മയാണ്. അതാണ് കൂടുതൽ ശരി. ജാതി-മത-വർണ്ണ-വർഗ്ഗ ഭേതമന്യേ മനുഷ്യനും, പക്ഷികൾക്കും, മൃഗങ്ങൾക്കും, വൃക്ഷലതാദികൾക്കും, ചെറു പുൽത്തകിടികൾക്ക് പോലും സുരക്ഷയും.. നിലനിൽപ്പും.. സാധ്യമാക്കി തരുന്ന അർത്ഥവത്തായ മാതാവ്. അതാണ് നമ്മുടെ പ്രകൃതി..

 

കഴുത്തിലെ താലിക്കും നെറുകയിൽ തൊട്ട സിന്ദൂരത്തിനും മുന്നിൽ സർവവും സമർപ്പിച്ചു ഒരു ഭാര്യ എന്നതിലുപരി ഒരു അമ്മയിലേക്ക് നടന്നു അടുക്കുമ്പോൾ അവളുടെ മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ ആണ് തൻ്റെ കുഞ്ഞിന് വേണ്ടിയവൾ നെയ്തെടുക്കുന്നത്. ഉള്ളിൽ തുടിക്കുന്ന ജീവന് ഏതു വിധവും സംരക്ഷണവും സുരക്ഷയും നൽകാൻ ഊണിലും ഉറക്കത്തിലും പരിശ്രമിക്കുന്നവൾ.. 

 

ഒടുവിൽ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷകൾക്ക് പുതുനാമ്പുകൾ നൽകി നമ്മെ ഭൂമി കാട്ടി തരുന്നവൾ.. സ്വന്തം ശരീരത്തിൽ നിന്നും ജീവപാനീയം നൽകി ആദ്യമായി നാവിൽ സ്വാദ് അറിയാൻ നമ്മെ പഠിപ്പിക്കുന്നവൾ… പകർന്നു നൽകുന്ന ഓരോ തുള്ളി മുലപ്പാലിലും സ്നേഹം നിറച്ച് നെഞ്ചോട് ചേർത്തവൾ.. പിച്ച വെച്ച് തുടങ്ങുന്ന ആദ്യനാളുകളിൽ കാലിടറുമ്പോൾ കൈത്താങ്ങായി കൂടെ നിന്നവൾ.. സമൂഹമധ്യത്തിലേക്കു ഇറങ്ങാൻ പ്രാപ്തരാകുന്നത് വരെയും സ്വന്തം ചിറകിനുള്ളിൽ സംരക്ഷിച്ചവൾ. കാലിടറാതെ ലോകത്തിന് മുന്നിലേക്ക് ധൈര്യമായി നടക്കാൻ പഠിപിച്ചവൾ.. അങ്ങനെ അമ്മ എന്നത് നാം മനസ്സിലാക്കുന്നതിനേക്കാൾ വേദനയും സങ്കടവും സഹിച്ചു മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ചവർ ആണ്. 

 

ഒരുനാൾ അവർക്ക് മുന്നിൽ നാം വളരെ ചെറുത് ആയിരുന്നു. അന്ന് “അമ്മ” എന്ന ആ സ്നേഹം ആണ്, നമ്മെ ഇന്ന് നാം കാണുന്ന നാം ആകി മാറ്റുന്നത്. തിരികെ കിട്ടും എന്നോ വാർദ്ധക്യത്തിൽ കൂടെ ഉണ്ടാകും എന്നോ ഉറപ്പ് ഉണ്ടായിട്ടല്ല അച്ഛൻ അമ്മമാർ നമ്മെ വളർത്തുന്നത്. അവരോട് എത്രയൊക്കെ നന്ദി പറഞ്ഞാൽ പോലും തീരാത്തത്രയും കടപ്പാടുണ്ട് നമുക്ക്. 

 

കൂടുമ്പോൾ ഇമ്പമുള്ളത് ആണ് കുടുംബം. അതിനെ കൂട്ടിച്ചേർക്കുന്നു കണ്ണികൾ എന്നും ഒരേ ദിശയിൽ ചിന്തിച്ചാൽ അവിടെ സ്നേഹബന്ധങ്ങൾ മൂല്യം ഉണ്ടാകും.. പ്രശ്നങ്ങളിൽ കൈത്താങ്ങ് ആകും. തൻ്റെ മക്കൾ.. പേരക്കുട്ടികൾ ഒക്കെ അവരുടെ വാർദ്ധക്യത്തിൽ ഒത്തിരി സന്തോഷം പകരുന്നത് ആകും. അത് കൊണ്ട് തന്നെയാകണം കാലങ്ങൾക്ക് മുന്നെ പരസ്പര സ്നേഹങ്ങൾ നിലനിന്നു പോന്നതും.  അതാകണം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം..

 

പക്ഷേ കാലത്തിനു അനുസരിച്ചുള്ള വളർച്ചകൾ എപ്പോൾ ഒക്കെയോ പരസ്പരമുള്ള ആ സ്നേഹത്തിലും മായം കലർത്തി തുടങ്ങിയിരിക്കുന്നു. സ്വാർഥതക്ക് പിന്നാലെയുള്ള മനുഷ്യൻ്റെ സഞ്ചാരം ഇന്ന് പോയി അവസാനിക്കുന്നത് ക്രൂരതകളുടെ നടുവിലേക്ക് ആണ്. പണ്ടുള്ളവർ അവരുടെ സമ്പാദ്യത്തിൽ പണവും ആഭരണങ്ങളും സ്വത്തും ചേർക്കുമ്പോൾ അതിനൊപ്പം സ്നേഹം എന്നൊരു ഘടകം കൂടെ കൂട്ടിച്ചേർത്തിരുന്നു.

 

ഇന്ന് അത് വെറും പണത്തിലേക്കും ആർഭാടങ്ങളിലേക്കും മാത്രമായി ഒതുങ്ങിയിരിക്കുന്നു. അതിനു വേണ്ടിയുള്ള നടത്തം തുടരുമ്പോൾ പലപ്പോഴും മാതാപിതാക്കളെ പകുതി വഴിയിൽ ഉപേക്ഷിച്ചു പോകുന്ന പ്രവണത ഇന്ന് കൂടി വരുന്നു. പഴമയുടെ മുഖംമൂടി വലിച്ചെറിഞ്ഞു പുതുമയുടെ മുഖംമൂടി അണിയുമ്പോൾ മക്കൾക്ക് ഇന്ന് മാതാപിതാക്കൾ  എന്നത് ഒരു ബാധ്യത ആയി മാറുന്നു. സമ്പാദ്യങ്ങൾ തേടിയുള്ള ഓട്ടം നമ്മെ വിദേശങ്ങളിലെക്ക് പറകാൻ അവസരം ഒരുക്കുമ്പോൾ വഴിക്കണ്ണുമായി തിരികെ മക്കൾ വരുന്നതും കാത്തിരിക്കുന്ന അനാഥ ജന്മങ്ങൾ ആയി മാതാപിതാക്കൾ മാറുന്നു. എന്തിന് കൂടുതൽ പറയണം.. മറ്റുള്ളവരുടെ മുന്നിലെ നിലനിൽപ്പിന് വേണ്ടി മാതാ പിതാക്കളെ സമൂഹത്തിനും മുന്നിൽ പരിചയപ്പെടുത്താൻ പോലും മടിക്കുന്നു. 

Updated: June 3, 2021 — 4:13 pm

8 Comments

  1. നിധീഷ്

    ♥♥♥♥

  2. ❤️❤️❤️❤️❤️

  3. Nice ❤️❤️

  4. മനസ്സില്‍ thattiya ഒരു കുറിപ്പ്… മനസ്സു നിറയ്ക്കുന്ന അർത്ഥവത്തായ പദപ്രയോഗങ്ങളും …

    വിദേശത്ത് പോകുന്ന മക്കളിൽ നല്ലൊരു പങ്കും സ്വന്തം മാതാപിതാക്കളെ കൂടി നന്നായി നോക്കണം എന്ന ആഗ്രഹത്താൽ പോകുന്നവർ ആണ്… സാഹചര്യം ഒരു കാരണം…. എന്നാൽ സ്വന്തം മാതാപിതാക്കളെ വിസ്മരിക്കുന്നവർക്ക് ഇവിടെയും എവിടെയും ശാന്തി ഉണ്ടാവില്ല… അവരെ മറന്നു കൊണ്ടുള്ള ഒരു പ്രാർത്ഥനയും ഈശ്വരൻ സ്വീകരിക്കില്ല…

    ഇതുപോലെ തുടർന്നും എഴുതാൻ കഴിയട്ടെ ??

    1. ❤❤❤❤❤
      മാതാ പിതാ ഗുരു ദൈവം
      ഇല്ലാത്ത നാലാമനുവേണ്ടി ഈ ലോകം തിരയുന്നു മുന്നിലെ മൂന്നു മറക്കുന്നു

      എല്ലരീതിയിലും ചിന്തിച്ചുള്ള എഴുത്താണ് ജീവൻ തങ്ങളുടേത് മാറുന്ന ലോകത്തിൽ മാതാവ് എന്നവാകിന്റെ അർത്ഥം പോലുമറിയാത്തവർ ഉണ്ട് എന്നും പറയാൻ മറന്നില്ല ❤❤❤❤

Comments are closed.