പകർന്നാട്ടം – 5 38

Pakarnnattam Part 5 by Akhilesh Parameswar

Previous Parts

ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു.

അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി.

പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻ ചോദിക്കാൻ വരുന്നത്.

നരിയെ വിട്ടിട്ടൊന്നും ഇല്ലെടോ, നമുക്കൊരു വിരുന്നൊരുക്കിയവനെ ആദ്യം ഒന്ന് കാണാം എന്നിട്ട് നരി വേട്ട.

ജോൺ വർഗ്ഗീസ് പിന്നെയൊന്നും ചോദിക്കാതെ പുറത്തേക്ക് കണ്ണോടിച്ചു.

വാഹനങ്ങളുടെ നീണ്ട നിര,എല്ലാവരും ഓരോ തിരക്കുകളിലാണ്.ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല.

സത്യത്തിൽ ആ കുട്ടിക്ക് നീതി കിട്ടോ സർ?ജോൺ വർഗ്ഗീസിൽ നിന്നുയർന്ന ആ ചോദ്യം ജീവനിൽ അതിശയമുളവാക്കി.

ഒരു നിമിഷം ജീവന്റെ കൈയ്യിൽ നിന്നും വണ്ടിയുടെ നിയന്ത്രണം തന്നെ നഷ്ട്ടമായി.

എതിർ ദിശയിലേക്ക് പാഞ്ഞ കാർ പെട്ടന്ന് തന്നെ വെട്ടിച്ച് മാറ്റിക്കൊണ്ട് ജീവൻ എസ്.ഐയെ നോക്കി.

തനിക്കെന്താ ഇപ്പോൾ അങ്ങനെ ഒരു സംശയം.പിന്നെന്തിനാടോ നമ്മളീ യൂണിഫോം അണിഞ്ഞിരിക്കുന്നത്.

അല്ല സർ,പണത്തിന് മീതെ പരുന്തും പറക്കില്ല എന്നല്ലേ,അറിഞ്ഞത് വച്ച് നമ്മൾ സംശയിക്കുന്ന രണ്ട് പേരും നല്ല സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്നവർ..

So what,കാപ്പണം കണ്ടാൽ കമിഴ്ന്നു വീഴുന്ന മൂന്നാംകിടക്കാരെ മാത്രേ താൻ കണ്ടിട്ടുള്ളൂ?അങ്ങനെയെങ്കിൽ എന്റെ കാര്യത്തിൽ ആ ധാരണ തെറ്റാണ്.

Sorry,sir,ഞാൻ..ജോൺ വർഗ്ഗീസ് വാക്കുകൾക്കായി പരതി.

ഹേയ്,അത് വിടടോ.ഇനി എത്ര ദൂരമുണ്ട്.ഇപ്പോൾ വേലപുരം എത്തി.

ആഹ്,സർ ആ കാണുന്ന ഇട റോഡിലൂടെ കയറിക്കോ.ഏറിയാൽ ഒരു പതിനഞ്ചു മിനുട്ട്.

ജോൺ വർഗ്ഗീസ് കാട്ടിയ വഴിയിലേക്ക് ജീവൻ വണ്ടി തിരിച്ചു.കഷ്ട്ടിച്ചു ഒരു വണ്ടിക്ക് കടന്ന് പോകാൻ പറ്റുന്ന റോഡ്.

ഇരുവശവും കാപ്പിയും കുരുമുളകും കൃഷി ചെയ്തിരിക്കുന്നു. ഇവിടുന്നങ്ങോട്ട് കളപ്പുരയ്ക്കന്റെ സ്ഥലമാണ് സർ.

മ്മ്,ജീവൻ ഒന്ന് മൂളുക മാത്രം ചെയ്തു.അല്പം കൂടി മുൻപോട്ട് ഓടിയ കാർ വലിയൊരു ഗേറ്റ് കടന്ന് കളപ്പുരയ്ക്കൽ എന്നെഴുതിയ പോർച്ചിൽ കയറി നിന്നു.

ഡോർ തുറന്നിറങ്ങിയ ജീവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു കൊണ്ട് സിറ്റ്ഔട്ടിലേക്ക് കയറി.

ആരാ…മ്മ്,ചോദ്യം കേട്ട് ജീവനും ജോൺ വർഗ്ഗീസും ഒരു പോലെ തിരിഞ്ഞു നോക്കി.