❤️✨ ശാലിനിസിദ്ധാർഥം 18 ❤️✨ [അശ്വിനികുമാരൻ] Like

എം എൽ എയുടെ സ്വകാര്യഭൂമിയിൽ വൻ അഗ്നിബാധ.”
തൃശൂർ എം എൽ എ, ആൽബർട്ട് പാഞ്ചാസ്യന്റെ, ഉടമസ്ഥതയിലുള്ള തൃശൂർ ഇരട്ടക്കുന്നിലെ സ്വകാര്യഭൂമിയിലെ ഗോഡൗണിൽ വൻ അഗ്നിബാധ. പതിറ്റാണ്ടുകൾ പഴക്കമുള്ള ഗോഡൗൺ കെട്ടിടവും, സ്ഥലത്തെ മരങ്ങളും പൂർണമായും കത്തിനശിച്ചു.
ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് ആൽബർട്ട് പാഞ്ചാസ്യന്റെ സ്വകാര്യ ഗോഡൗണിൽ തീപിടിത്തം ഉണ്ടായത്.
പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കാണാതെവന്നു. തുടർന്ന് ഇരിഞ്ഞാലക്കുടയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് കൂടി എത്തിയാണ് രാത്രി പതിനൊന്നുമണിയോടെ തീ പൂർണമായും അണച്ചത്.
സ്ഥലം എം എൽ എയുടെ പരാതിയിൽമേൽ തീപിടിത്തത്തിന് പിന്നിലെ കാരണത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

“എടാ ഇത്…?” അജു നിവർത്തികാണിച്ച പത്രവാർത്ത വായിച്ച് സിദ്ധാർഥ് അന്തംവിട്ട് അർജുനെ ഉറ്റുനോക്കി.

“സംശയിക്കണ്ടാ…ഇത് മറ്റേ ആൽബിയുടെ ചേട്ടൻ, ആൽബർട്ടിന്റെ സ്വകാര്യ ഭൂമിയിലുണ്ടായതാണ്.” അർജുൻ വിശദീകരിച്ചു.

“അതെനിക്കറിയാം…ഞാനതല്ല ആലോചിച്ചത്.”

“പിന്നെ…?” അർജുൻ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി. അതേസമയം അർജുനോട് താനിന്നലെ കണ്ട സ്വപ്നത്തെകുറിച്ച് പറയണോയെന്ന് ആലോചിക്കുകയായിരുന്നു സിദ്ധാർഥ്..

“എടാ എന്താന്ന്.. നീയെന്താ ആലോചിക്കുന്നത്.?”

‘ഇനി ഞാൻ പറയുന്നത് ഇവൻ വിശ്വസിക്കുമോ ആവോ…? ആഹ് എന്താണേലും പറഞ്ഞുനോക്കാം.’

“എടാ അതുപിന്നെ… ഞാനീ പറയുന്നത് നീ വിശ്വസിക്കുമോയെന്ന് എനിക്കറിയില്ല. എന്നാലും ഞാൻ പറയാം. ഞാനിന്ന് പുലർച്ചെ നമ്മുടെ ധനുഷണ്ണനെ സ്വപ്നത്തിൽ കണ്ടടാ…!

അണ്ണനെ ആ ആൽബിയുടെ ആൾക്കാർ തട്ടിക്കൊണ്ടുപോയി ഈ വാർത്തയിൽ കാണിച്ചിരിക്കുന്ന കെട്ടിടത്തിൽ കൊണ്ട് പോയി ക്രൂരമായി മർദിച്ച് ഒരു ഇരുട്ടുമുറിയിൽ അനേകദിവസം തടവിലിട്ട് ബന്ദിയാക്കിയടാ… എന്നിട്ട്..”

സിദ്ധാർഥ് താൻ സ്വപ്നത്തിലെ കാര്യങ്ങൾ അർജുനോട്‌ ചുരുക്കിപറഞ്ഞു.

“പോടാ നുണ പറയാതെ.. ധനുഷണ്ണനെ ആൽബിയുടെ ആൾക്കാർ തട്ടികൊണ്ട് പോയെന്ന് മാത്രം ഞാനെവിടെന്നോ കേട്ടിരുന്നു. എന്ന് വെച്ച് നീ ഈ പറഞ്ഞതൊക്കെ എങ്ങനെ സംഭവിക്കാനാ…?”

“അല്ല അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകുമെന്ന് എന്റെ മനസ്സ്‌ പറയുന്നെടാ…” സിദ്ധാർഥ് അവന്റെ വാദത്തിൽ ഉറച്ചുനിന്നു.

“ങും… ആ ആൽബി, ധനുഷണ്ണനെ തട്ടിക്കൊണ്ടുപോയിട്ട് ഒമ്പതുകോടി മോചനദ്രവ്യം ആവശ്യപ്പെടുക, അതുമായി ചെന്ന അണ്ണന്റെ ആൾക്കാരെ ആൽബിയും കൂട്ടരും കാട്ടിൽവെച്ച് പ്രഫഷണൽ ഗുണ്ടകളെക്കൊണ്ട് ഒളിഞ്ഞിരുന്ന് അറ്റാക്ക് ചെയ്യിക്കുക,

ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ധനുഷണ്ണൻ, ഗുണ്ടകളുടെ വെടിയേറ്റ് കുളത്തിൽ വീഴുക, കുളത്തിൽ വീണ അങ്ങേര് മറ്റൊരു രൂപത്തിൽ തിരിച്ചുവന്ന് അവരെയെല്ലാം നേരിടുക..

എന്തൊക്കെയാ ഇത്. ഇതൊന്നും വിശ്വസിക്കാൻ തല്ക്കാലം എന്നെ കിട്ടില്ല സിദ്ധൂ…” സിറ്റൗട്ടിലേക്ക് നടക്കവേ അർജുൻ സിദ്ധാർഥിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു.

“എന്താടാ രാവിലെ രണ്ടും കൂടിയൊരു ചർച്ച..?” സിറ്റൗട്ടിലെ സോപാനത്തിലിരുന്ന് ഫോണിൽ തോണ്ടുകയായിരുന്ന നിഖില അവരോട് ചോദിച്ചു.

“ചേച്ചി ഇവൻ രാവിലെയേതോ സ്വപ്നവും കണ്ടിട്ട് അത്‌ ഉള്ളതാണെന്നും പറഞ്ഞ് തള്ളുവാ..!” അർജുൻ സിദ്ധാർഥിനെ ഒളികണ്ണിട്ടുകൊണ്ട് പറഞ്ഞു.

 

“ങേ അതെന്താ…?”

“നമ്മുടെ ധനുഷണ്ണനെ ആൽബി തട്ടിക്കൊണ്ടുപോയിട്ട് അണ്ണന്റെ ആൾക്കാരോട് മോചനദ്രവ്യമായിട്ട് 9 കോടി ആവശ്യപ്പെട്ടന്നോ ആ പണവുമായിട്ട് ചെന്ന അവരെ ആൽബിയുടെ പ്രഫഷണൽ ഗുണ്ടകൾ ഒളിഞ്ഞിരുന്നു ആക്രമിച്ചെന്നോ മറ്റോ ഇവൻ പറയുന്നു ചേച്ചി…” അർജുൻ വിശദീകരിച്ചു…

അർജുൻ പറഞ്ഞത് കേട്ട് നിഖില അൽപ്പനേരം നിശബ്ദയായിരുന്ന ശേഷം മെല്ലെ എഴുന്നേറ്റ് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

“അജൂ, നീ ധനുഷണ്ണനെ പറ്റി പറഞ്ഞത് കേട്ട് ചേച്ചിക്ക് വിഷമമായിട്ടുണ്ടാകും. അതാ ചേച്ചി ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയത്.” നിഖില വീടിനകത്തേക്ക് പോകുന്നത് കണ്ടുനിന്ന സിദ്ധാർഥ് അജുവിനോട് പറഞ്ഞു.

“മ്മ് ശരിയാടാ…” അവനത് കേട്ട് തലകുലുക്കി.

***********************************

അന്നേദിവസം പുലർച്ചെ ആൽബിയുടെയും ആൽബർട്ടിന്റെയും ഔട്ട്ഹൗസിൽ…

അഷിന്റെ പ്രൊഫഷണൽ ടീമിന് ധനുഷിനെ വകവരുത്താനുള്ള ദൗത്യമേൽപ്പിച്ച ശേഷം ആൽബി തന്റെ ലക്ഷ്യങ്ങൾ കൈവരിച്ച സന്തോഷത്തിൽ അവരുടെ കൂട്ടാളികളോടൊപ്പം മണിക്കൂറുകൾ നീണ്ട മദ്യസൽക്കാരത്തിലായിരുന്നു. അന്നേരം ആൽബർട്ടും അവനോടൊപ്പമുണ്ടായിരുന്നു

“എടാ ആൽബി മോനെ, മനോരോഗിയുടെ ആൾക്കാർ ആ ശിവരാജന്റെ മകനെ കൊന്നിട്ടുണ്ടാകുമെന്ന് ഉറപ്പല്ലേ…”

“അതിനെന്ത് സംശയം ഇച്ചായാ.. അതൊക്കെ അവന്മാർ എപ്പോഴേ സെറ്റ് ആക്കിട്ടുണ്ടാകും.. അവന്മാരുടെ കൈയിലുള്ള ഒമ്പത് കോടിയിൽ മൂന്ന് കോടി നമ്മുക്കുള്ളതല്ലേ…! അത്‌ അഷിൻ സാബ് കൃത്യമായി ആ തെലുങ്കൻ, ജെറോം വഴി എത്തിച്ചുതരും.

“ഹ്മ്മ്… അല്ല ദൗത്യം കഴിഞ്ഞിട്ട് അയാൾ നിന്നെ വിളിച്ചില്ലല്ലോ..” ആൽബർട്ട് ചോദിച്ചു.

“അതൊക്കെ വിളിക്കും ഇച്ചായാ.. അല്ലേടാ സുജേഷേ..” ആൽബി, തന്റെ കൂട്ടത്തിലിരുന്ന് മദ്യപാനം നടത്തികൊണ്ടിരുന്നവരിൽ ഒരുത്തനോട് ചോദിച്ചു.

“മ്മ്…” അളവിലധികം മദ്യമകത്താക്കി ഫിറ്റായ സുജേഷ്, ഒന്ന് മൂളിക്കൊണ്ട് കുപ്പിയിലെ മദ്യം ഗ്ലാസിലൊഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതേസമയം അവന്റെ കൂടെയിരുന്നവരിൽ മിക്കവരും അടിച്ചു പൂസായി അവിടെ കിടക്കുകയായിരുന്നു.

“ഡേയ് മതിയടേ.. ഇനി എല്ലാവരും പോയികിടന്നുറങ്ങിക്കോ. ഡാ സുജേഷേ, മതി കുടിച്ചത്. പോയിക്കിടന്നുറങ്ങ്…” ആൽബർട്ട് എഴുനേറ്റ് അവരെ തട്ടിവിളിച്ചുണർത്തിയിട്ട് സുജേഷിനോടായി പറഞ്ഞു.

അതോടെ സുജേഷ് മെല്ലെ എഴുനേറ്റ് ആടിയാടി പുറത്തേക്ക് പോയി. കൂടെ ബാക്കിയുള്ളവരും.

 <!–nextpage–>

“ഇവന്മാർക്കൊന്നും ഒരു നിയന്ത്രണവുമില്ല.. കുടിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല.. ” ആൽബി അവരുടെ പോക്ക് നോക്കിയിരുന്നു. അപ്പോഴാണ് അവന്റെ ഷർട്ടിന്റെ പോക്കറ്റിലിരുന്ന ഫോൺ റിങ് ചെയ്തത്.

“ഇച്ചായാ, അഷിൻ സാബാണ്. മിഷൻ പൂർത്തിയായ കാര്യം പറയാനായിരിക്കും വിളിക്കുന്നത്.” ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കികൊണ്ട് ആൽബി പറഞ്ഞു.

“മ്മ് എടുക്ക്.. എന്തായാലും ആ ഗുഡ് ന്യൂസ്‌ പറയാനാകും വിളിക്കുന്നത്.” ആൽബർട്ട് നിർദ്ദേശിച്ചു…

“ഹലോ അഷിൻ സാബ്… എന്തായി കാര്യങ്ങൾ…ആ ധനുഷിനെയും അവന്റെ ആൾക്കാരെയും അവർ കൊന്നില്ലേ..” എന്നാൽ മറുതലയ്ക്കൽ നിന്ന് അവൻ പ്രതീക്ഷിച്ച മറുപടിയല്ല അവന് ലഭിച്ചത്…

“വാട്ട്‌… സാബിന്റെ ടീം മെംബേർസിൽ നിന്ന് കൃത്യമയത്തുള്ള മിഷൻ റിപ്പോർട്ടിങ് റെസ്പോണ്ട്സ് ലഭിച്ചില്ലെന്നോ…

ഇമ്പോസിബിൾ…! ധനുഷ്…. അവനെങ്ങനെ അവരിൽ നിന്ന് രക്ഷപ്പെടാനോ അവന്റെ ആൾക്കാർക്ക് അവനെ രക്ഷപ്പെടുത്താനോ കഴിയും..”

മറുഭാഗത്തുനിന്ന് അഷിൻ തന്നോട് പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ കേട്ട് ആൽബി, മിഴിഞ്ഞ കണ്ണുകളുമായി ആൽബർട്ടിന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കിനിന്നു.

“എല്ലാം നശിച്ചു. ഇച്ചായാ… അവൻ.. ആ ധനുഷ് രക്ഷപ്പെട്ടുവത്രേ.” അഷിന്റെ കാൾ കട്ട് ചെയ്തുകൊണ്ട് ആൽബി തൊട്ടടുത്തുണ്ടായിരുന്ന കസേരയിലേക്ക് ഊർന്നുവീണു.

“എന്താ പറഞ്ഞേ, ആ ചെറുക്കൻ രക്ഷപ്പെട്ടുവെന്നോ…! അതെങ്ങനെ…?” ആൽബർട്ട് ഒരു ഞെട്ടലോടെ ചോദിച്ചു.

“അതറിയില്ല ഇച്ചായാ… ഈ അഷിൻ സാബിന്റെ പ്രഫഷണൽ ടീം അവരുടെ ഓരോ മിഷൻ ഏറ്റെടുത്ത് നടത്തുമ്പോഴും അതിന്റെ അപ്പപ്പോഴുള്ള ഇൻഫർമേഷൻ സാബിനെ അറിയിക്കാറുള്ളതാണെന്ന്. പക്ഷേ ഇത്തവണ അവർക്കതിനു സാധിച്ചില്ലെന്ന്. “

“അപ്പോൾ അവിടെയെന്തോ സംഭവിച്ചിട്ടുണ്ടടാ. ഇനി അവർ ധനുഷിന്റെ ആൾക്കാരുടെ കൈകൊണ്ട് കൊല്ലപ്പെട്ടുകാണുമോ…”

“ഏയ്‌ അങ്ങനെ വരാൻ വഴിയില്ല… അഷിൻ സാബിന്റെ പ്രൊഫഷണൽ ടീമിന്നോട് നേരിട്ട് എതിരിട്ടുനിൽക്കുക എന്നത് പോസ്സിബിൾ ആയ കാര്യമല്ല ഇച്ചായാ..

ഞാൻ നമ്മുടെ ഗോഡൗൺ ഏരിയയിലെ സിസിടിവി സിസ്റ്റം ചെക്ക് ചെയ്തുനോക്കട്ടെ.. ആ കാടിലേക്കുള്ള ഏക വഴി നമ്മുടെ ഗോഡൗണിനെ ചുറ്റിയല്ലേ പോകുന്നത്.”

ആൽബി അയാളെ സമാധാനിപ്പിച്ചിട്ട് തന്റെ ഫോണിൽ ആൽബർട്ടിന്റെ ഗോഡൗൺ ഏരിയയിലെ സിസിടിവിയുമായി ബന്ധിപ്പിച്ചിരുന്ന ആപ്പ് ഓപ്പൺ ചെയ്തു.

 

എന്നാൽ അതിൽ System Live is Unavailable എന്നെഴുതി കാണിച്ചത് കണ്ട് അവൻ ഈർഷ്യയോടെ

അതിലെ തലേദിവസം 7മണിക്ക് ശേഷമുള്ള നൈറ്റ്‌ റെക്കോർഡ്സ് എടുത്തുനോക്കി..

അതിൽ ഗോഡൗൺ ഭാഗത്തെ വിഷ്വൽസ് ഒന്നുംതന്നെ കാണിക്കുന്നില്ലായിരുന്നു. കനത്ത കൂരിരുട്ട് മാത്രമായിരുന്നു അവിടം.

എന്നാൽ ആൽബി ആ ദൃശ്യങ്ങൾ മുന്നോട്ടോടിച്ചുകൊണ്ടിരിക്കെ ആ റെക്കോഡിൽ ഗോഡൗണിൽനിന്നും ദൂരെ വനഭാഗത്തെന്തെന്തോ വെളിച്ചം പരക്കുന്ന ദൃശ്യങ്ങളും കൂടാതെ വെടിവെയ്പ്പുകളുടെയും നിലവിളികളുടെയും ശബ്ദങ്ങളും കേട്ടു.

കുറച്ചു കഴിഞ്ഞ് ഗോഡൗണിനുമുന്നിൽ അന്തരീക്ഷത്തിൽ ഇരുളിൽ പ്രകാശത്തോടെ എന്തോ രൂപം ദൂരെനിന്ന് അടുത്തടുത്ത് പാഞ്ഞു വന്നതും ആ രൂപത്തിൽ നിന്ന് അതിഭീമമായൊരു തീഗോളം ആ പ്രദേശത്തെയൊന്നാകെ മൂടിയതും ഒരുമിച്ചായിരുന്നു…

അതോടെ ആ സിസിടിവി ദൃശ്യങ്ങൾ അവിടെ അവസാനിച്ചു. “ഇല്ലാ….! എല്ലാം പോയി ഇച്ചായാ.. അവൻ ആ ധനുഷ് എല്ലാം നശിപ്പിച്ചു..” തൊട്ടടുത്ത നിമിഷം ആൽബി, തന്റെ ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അലറി.

“എടാ എന്തുണ്ടായി…നീയെന്താ ഇങ്ങനെ പെരുമാറുന്നത്.”ആൽബിയുടെ മാറ്റം കണ്ട് ആൽബർട്ട് അവനെ പിടിച്ചുനിർത്തി.

“അവനും അവന്റെ ആൾക്കാരുംകൂടെ അഷിൻ സാബിന്റെ ആൾക്കാരെ കൊന്നു, നമ്മുടെ ഗോഡൗണും അതിലെ രഹസ്യയറകളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന; ഞാനും എന്റെ സംഘവും കഴിഞ്ഞ 4 വർഷങ്ങൾകൊണ്ട് ലഹരിക്കടത്തിലൂടെ ഉണ്ടാക്കിയെടുത്ത സർവ്വ സമ്പത്തുമെല്ലാം നശിപ്പിച്ചു ഇച്ചായാ…”

“എന്താ നീ പറഞ്ഞേ നമ്മുടെ ഗോഡൗൺ നശിച്ചെന്നോ..” അവൻ പറഞ്ഞത് കേട്ട് വല്ലാതായ ആൽബർട്ട് ഉടൻ തന്നെ ഹരീന്ദ്രനെ വിളിച്ച് അയാളോടൊപ്പം ഗോഡൗണിലേക്ക് പുറപ്പെട്ടു.

“എടാ നീ സമാധാനമായിരിക്ക്. അവിടെ അങ്ങനെയൊന്നും സംഭവിച്ചുകാണില്ല.” ജിതേഷ് ആൽബിയുടെ നേർക്ക് തിരിഞ്ഞു.

“ഇല്ലടാ ഇത് നോക്ക്. എനിക്കാണ് തെറ്റിയത്.. അവനെ.. ആ ധനുഷിനെ ഇഞ്ച് ഇഞ്ചായി പീഡിപ്പിച്ചുകൊല്ലുന്നതിലും ഭേദം, അവനെ നമ്മൾ തട്ടിക്കൊണ്ടുവന്ന അന്നുതന്നെ വെടിവെച്ച് കൊല്ലുന്നതായിരുന്നു…

ഇപ്പോൾ അവനെന്നെ കൊല്ലുമെന്ന് ഉറപ്പാണ്.” തറയിൽ, സ്ക്രീൻ പൊട്ടികിടന്ന തന്റെ ഫോണെടുത്ത് വീണ്ടും ആ സി സി ടിവി ദൃശ്യങ്ങൾ ജിതേഷിനും കൂട്ടർക്കും കാണിച്ചു കൊടുക്കുമ്പോൾ ആൽബിയുടെ സ്വരം വല്ലാതെ പതറിയിരുന്നു.

“ഡാ അങ്ങനൊന്നും ചിന്തിക്കരുത് നീ.. നമ്മളവനെ വല്ലാതെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. അതാണ് പറ്റിയത്. ആ ഗോഡൗണും മറ്റും നശിച്ചുപോയെങ്കിൽ പോയെന്ന് കൂട്ടാം…

എന്ന് വെച്ച് ആ ഗുണനായകിനെയോ അയാളുടെ ഡാർക്ക്‌ ബ്രിഗേഡിനെയോ അതുമല്ലെങ്കിൽ എന്നെ തൊടാതെയോ ആ പയ്യന് നിന്നെ ഒന്നും ചെയ്യാനാവില്ല.

നിന്റെ രക്ഷയ്ക്ക് വേണ്ടിയിട്ടാണ് ആൽബർട്ട് സാറ് അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് മനോഹർ സിംഗിന്റെ വിലക്ക് നീക്കി സൈനിക് കോളേജിലേക്ക് തിരിച്ചുകൊണ്ട് വന്നതെന്ന് നിനക്കോർമ്മ വേണം.” കൂട്ടത്തിലൊരുത്തൻ പറഞ്ഞുനിർത്തി.

“മ്മ് ഇനി അതേ വഴിയുള്ളൂവെന്ന് തോന്നുന്നു. പക്ഷേ അവിടെന്നിന്ന് രക്ഷപെട്ട അവൻ നമ്മുടെ നേർക്ക് ഒളിഞ്ഞിരുന്നുള്ള ആക്രമണം നടത്തുമെന്ന അവസ്ഥ വന്നാൽ ഗുണൻ സാബിന് നമ്മളെ എങ്ങനെ സഹായിക്കാനാകും…?”

“അത്‌.. നീ പറഞ്ഞതത് ശരിയാണ് അബി…പക്ഷേ,” ജിതേഷിന്റെ മനസ്സിലൊരു ആശയം തെളിഞ്ഞു.

ആൽബി തിരിച്ചവരോട് എന്തോ പറയാനൊരുങ്ങിയതും അവരുടെ ഔട്ട്‌ ഹൗസിനുപുറത്തെ ഗേറ്റിന് മുന്നിലൊരു വാഹനം വന്നുനിൽക്കുന്ന ശബ്ദം അവർ കേട്ടു.

“അതാരാണ് ഈ സമയത്ത്…” ആൽബി സ്വീകരണമുറിയിലെ പുറത്തേക്കുള്ള ജനലിലൂടെ നോക്കി.

“ജെറോം…” ഗേറ്റ് തുറന്ന് അവിടേക്ക് കയറിവന്നയാളെ കണ്ട് ആൽബിയൊരു ദീർഘനിശ്വാസമുതിർത്തു.

“എടാ, ജെറോമാണ് ആ വരുന്നത്… ഇത്രയും നേരം ഇയാളിത് എവിടായിരുന്നു. ആ ധനുഷിനെ തീർക്കാൻ പറ്റാതെ വലിഞ്ഞു കേറിവരുന്നത് കണ്ടില്ലേ. ഇയാളെ ഞാനിന്ന് കൊല്ലും..” ജെറോമിനെ കണ്ടതും നിയന്ത്രണം വിട്ട ആൽബി ഞൊടിയിടയിൽ കതക് തുറന്ന് ജെറോമിന്റെ മുന്നിലേക്ക് ചാടിവീണു.

“എടോ.. ജെറോമേ… പറഞ്ഞ വാക്കിനു വില കൽപ്പിക്കാത്തവനേ.. താനെന്താടോ ധനുഷിനെ കൊല്ലാതെ വിട്ടത്…” ആൽബി ജെറോമിന്റെ ഷർട്ട്‌ കോളറിൽ കുത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

“നിന്റെയും ആ എംഎൽഎയുടെയും പിന്നെ അഷിന്റെയും ഇന്നോളമുള്ള ദുഷ്പ്രവർത്തികളെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ അവൻ തിരിച്ചുവരും ആൽബി.. ” ജെറോം നിസംഗതയോടെ അവനെ നോക്കി നിന്നു.

“ഇയാളിതെന്തുവാ പറയുന്നത്… എടോ പുല്ലേ.. അവസാനം അവന്റെ വാക്കുകളിൽ വീണ് താൻ ഞങ്ങളെ ചതിച്ചതും പോരാതെ തന്റെ ബോസ്സിനെയും ചതിച്ചുവല്ലേടാ.”

ജെറോം പറഞ്ഞത് കേട്ട് ഞെട്ടിയ ആൽബി ക്രോധം പൂണ്ട് അയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതും അതുവരെയുണ്ടായിരുന്ന ഭാവം മാറിയ ജെറോം പെട്ടന്ന്, “എന്റെ പ്രഭുവിന് എതിരെ പറഞ്ഞാൽ കൊല്ലും ഞാൻ…”

എന്നലറിക്കൊണ്ട് അവനെ പുറകോട്ട് തള്ളി. അതുകണ്ട ആൽബിയുടെ പിള്ളേർ അയാളെ ലക്ഷ്യമാക്കി പുറത്തേക്ക് പാഞ്ഞത്തിയതും ആൽബി കൈയുയർത്തി ആംഗ്യം കാണിച്ചുകൊണ്ട് അവരെ അടക്കിനിർത്തി.

അന്നേരമുള്ള അയാളുടെ നിൽപ്പ് കണ്ട് ആൽബിയ്ക്കെന്തോ പന്തികേട് തോന്നി. ജെറോമിന്റെ മുഖത്ത് യാതൊരു ഭാവങ്ങളുമില്ലാതെ, ഒരു യന്ത്രത്തെ പോലെ തന്നെയിങ്ങനെ തുറിച്ചുനോക്കുന്നത് കണ്ട് അവന് എന്തെന്നില്ലാത്ത ഭയം തോന്നി.

“ഡാ… നീ.. നീയെന്റെ ദേഹത്ത് കൈവെയ്ക്കും അല്ലേടാ നന്ദികെട്ടവനേ.. ” കാണിച്ചുതരാമെടാ…എവിടെ എന്റെ ഇച്ചായൻ.” ആൽബി, ഉടനെ തന്റെ കൈയിലിരുന്ന ഫോണെടുത്ത് ആൽബർട്ടിനെ വിളിച്ചു.

“ഇച്ചായാ… അയാൾ, ആ ജെറോം വന്നിരുന്നു. അയാൾ എന്നോട് അപമര്യാദയായി പെരുമാറി..” മറുതലയ്ക്കൽ ആൽബർട്ട് ഫോണെടുത്തതും ആൽബിയുടെ സ്വരം പരുഷമായി. എന്നാൽ അവൻ പ്രതീക്ഷിച്ച മറുപടിയല്ല ആൽബർട്ടിൽ നിന്ന് ലഭിച്ചത്.

“നീയൊന്ന് നിർത്തുന്നുണ്ടോ ആൽബി.. ഗോഡൗണും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കത്തിനശിച്ചിരിക്കുമ്പോഴാ അവന്റെ… പോലീസും, ഫയർഫോഴ്‌സും സ്ഥലത്തുണ്ട്. സ്ഥലം എം എൽ എ എന്ന നിലയിലും ആ ഗോഡൗണിന്റെ ഉടമയെന്ന നിലയിലും എനിക്കിവിടെ നിൽക്കേണ്ടതുണ്ട്. അപ്പോഴാ അവന്റെ.. വെച്ചിട്ട് പോടാ.” ആ ഫോൺ കാൾ കട്ടായി.

“ഛേ…ഈ ഇച്ചായൻ.” ആൽബി കനത്ത ഈർഷ്യയോടെ ജെറോം നിന്ന ഭാഗത്തേക്ക് നോക്കിയെങ്കിലും അയാളെ അവിടെയെങ്ങും കാണാനില്ലായിരുന്നു.

“എടാ അയാൾ എവിടെ…?” ആൽബി നാലുപാടും നോക്കിക്കൊണ്ട് തന്റെ അടുത്തെത്തിയ ജിതേഷിനോട് ചോദിച്ചു.

“ദാ അവിടെ അവിടെയുണ്ട്…” ജിതേഷ് വീട്ടുവാതിലിനു പുറത്തേക്ക് ചൂണ്ടി. അത് കേട്ട ആൽബി പുറത്തേക്ക് കുതിച്ചു.

അവൻ മുറ്റത്തെത്തി നോക്കുമ്പോൾ ജെറോം, ആ മുറ്റത്ത് കമിഴ്ന്നു കിടക്കുകയായിരുന്നു…!

“ഇയാൾ.. ഇയാൾക്കിതെന്തുപറ്റി..” ജെറോമിനടുത്ത് ഓടിയെത്തിയ ആൽബിയും കൂട്ടരും അയാളെ മലർത്തികിടത്തിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും രക്തമൊലിപ്പിച്ച് ജെറോം തന്റെ അർധപ്രാണൻ വിട്ടിരുന്നു…

“അയ്യോ…!” തങ്ങളുടെ മുന്നിൽ മരിച്ചുകിടന്ന ജെറോമിന്റെ ഇടതുകൈത്തണ്ടയിൽ നിന്നുയർന്നുവന്ന ഒരു രൂക്ഷഗന്ധം തനിക്ക് പരിചയമുള്ളത് പോലെ തോന്നിയ ആൽബിയൊന്നു ഞെട്ടി പിറകിലേക്ക് നീങ്ങി. ഒരു ഏലസ്സിൽ നിന്നൊഴുകിവന്ന ഒരു തിളക്കമുള്ള ചുവപ്പ് നിറം അയാളുടെ ഇടതുകൈത്തണ്ടയെ പൂർണമായും ബാധിച്ചിരുന്നു…!

“എടാ ഇത് അഷിൻ സാബിന്റെ വിഷമരുന്നിന്റെ ഗന്ധമല്ലേ…!” ഒരുത്തൻ ചോദിച്ചു.

“അതേ.. ഇതെങ്ങനെ ഇയാളുടെ കൈയിൽ വന്നു…?” ആൽബി ആരോടെന്നില്ലാതെ ചോദിച്ചു. അന്നേരം അവന്റെ മനസ്സിൽ അകാരമായൊരു ഭയം ഉടലെടുത്തു.

****************************************

സിദ്ധാർഥ്, ശാലിനിയോട് കോഴ്സ് ഷിഫ്റ്റിന്റെ കാര്യം പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ കോളേജിലെ വിവിധ ഡിപ്പാർട്മെന്റ്സ്, വിദ്യാർഥികൾക്ക് വേണ്ടി കോഴ്സ് ഷിഫ്റ്റിംഗ് പ്രോഗ്രാം തുടങ്ങിയതോടെ ശാലിനി സിദ്ധാർഥിന്റെ ക്ലാസ്സിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു.

ക്ലാസ്സിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അവളുടെ തീരുമാനമറിഞ്ഞ് ശ്യാം എതിർത്തുവെങ്കിലും ശാലിനിയെ അവളുടെയമ്മ സപ്പോർട്ട് ചെയ്തു.

“അമ്മേ, അമ്മ ഇതെന്തറിഞ്ഞിട്ടാ അവളെയിങ്ങനെ സപ്പോർട്ട് ചെയ്യുന്നത്. ഇപ്പൊത്തന്നെ ഇവളെ കാരണമാണ് ആ സിദ്ധാർത്ഥിനെ അവന്റെയമ്മ വീട്ടിൽ നിന്ന് പുറത്താക്കിയതെന്ന കാര്യം അമ്മ മറന്നോ…?” ശ്യാം സീതയോട് ദേഷ്യപ്പെട്ടു.

അതൊക്കെ എനിക്കറിയാം ശ്യാം.. എന്നുവെച്ചു അവളുടെ ഇഷ്ടത്തിന് ഞാനെതിര് നിൽക്കണമെന്നാണോ നീ പറയുന്നത്..” സീത ചോദിച്ചു.

“അതല്ലമ്മേ നമ്മുടെ ദേവൂനെ കാരണം ആ പയ്യന് ഇനിയും എന്തെങ്കിലും പ്രശ്നമുണ്ടായാലോന്ന് വിചാരിച്ചിട്ടാണ് ഞാനങ്ങനെ പറഞ്ഞത്.”

“എന്റെ ദേവുമോളെ എനിക്കറിയറിയാം ശ്യാം.. അവളൊരിക്കലും അവന് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എനിക്കുറപ്പുണ്ട്… അല്ലേ മോളെ…?” സീതാദേവി, തന്റെ അടുത്ത് നിൽക്കുകയായിരുന്ന ശാലിനിയെ നോക്കി.

“അതെ അമ്മേ… സിദ്ധുവിന് ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.” അവൾ തലയാട്ടി.

“മ്മ് കേട്ടല്ലോ ശ്യാം… നീ വെറുതെ സംശയിച്ചുനിൽക്കുകയൊന്നും വേണ്ട. അവൾ സിദ്ധാർത്ഥിന്റെ ക്ലാസ്സിലേക്ക് കോഴ്സ് ഷിഫ്റ്റ്‌ ചെയ്തോട്ടെ..”

“ഓക്കേ.. പക്ഷേ അച്ഛനോട് എന്തുപറയും അമ്മേ…”

“നിങ്ങളുടെ അച്ഛനറിഞ്ഞാൽ എന്താ പ്രശ്നം.. മോള് കോഴ്സ് ഷിഫ്റ്റ്‌ ചെയ്യാൻ പോകുവാണെന്ന് മാത്രമല്ലേ അദ്ദേഹത്തിന് അറിയാവൂ.. സിദ്ധാർഥിന്റെ കാര്യമൊന്നും അറിയില്ലല്ലോ.” സീത പറഞ്ഞത് കേട്ട് അതുശരിയാണെന്ന മട്ടിൽ ശ്യാം തലകുലുക്കി.

അങ്ങനെ ശാലിനി സിദ്ധാർഥിന്റെ ക്ലാസ്സിൽ ചേരുന്ന അന്നേദിവസം…

രാവിലെ ഒരു ഒമ്പതേകാലോടെ തന്നെ സിദ്ധാർഥ്, അർജുനെയും കൂട്ടി നേരെത്തെ കോളേജിൽ എത്തിയിരുന്നു.

“എടാ ഇന്നെന്താ കോളേജിൽ നേരെത്തെ എത്തണമെന്ന് പറഞ്ഞത്…! ഇവിടെ നേരെത്തെ വന്നിട്ട് എന്തെങ്കിലും ചെയ്യാനുണ്ടോ..?” സിദ്ധാർഥിന്റെ ഉത്കണ്ഠ നിറഞ്ഞ മുഖത്തേക്ക് നോക്കികൊണ്ട് അർജുൻ ചോദിച്ചു.

“ഉണ്ട്… എടാ ഇന്നല്ലേ ശാലിനി കോഴ്സ് ഷിഫ്റ്റ്‌ ചെയ്ത് നമ്മുടെ ക്ലാസ്സിലേക്ക് ജോയിൻ ചെയ്യുന്നത്…”

“ഓ.. അതായിരുന്നോ..” അത്‌ കേട്ടതും അർജുന്റെ മുഖമൊന്ന് കറുത്തു.

“എന്താടാ അവളുടെ കാര്യം പറഞ്ഞപ്പോൾ നിന്റെ മുഖത്തെ വോൾട്ടേജ് കുറഞ്ഞപോലെ…” അർജുന്റെ ഭാവമാറ്റം കണ്ട് സിദ്ധാർഥ് ചോദിച്ചു.

“ഒന്നുമില്ല ഒക്കെ നിനക്ക് തോന്നുന്നതാ…” അർജുൻ പെട്ടന്ന് വിഷയം മാറ്റി.

“ഹ്മ്മ്…” സിദ്ധാർഥ് ഒന്നമർത്തിമൂളി.

പക്ഷേ സിദ്ധാർഥിന് ശാലിനിയെയും കാത്ത് അധികനേരം നിൽക്കേണ്ടി വന്നില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ശ്യാമിന്റെ ബുള്ളറ്റിന്റെ പിൻസീറ്റിലിരുന്ന് വരുന്നതവൻ കണ്ടു.

“ഹായ്‌ ദേവൂ..” പാർക്കിംഗ് ഏരിയയിൽ നിന്ന് നടന്നു വന്ന ശാലിനിയെ കണ്ട് സിദ്ധാർഥ് കൈ വീശികാണിച്ചു.

“ഹായ് സിദ്ധ്…” അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

“ഹാ.. ഇന്ന് കോഴ്സ് ഷിഫ്റ്റ്‌ ചെയ്യുന്ന ദിവസം താൻ നേരത്തെ എത്തിയല്ലോ.” സിദ്ധാർഥിന്റെ മുഖം പ്രസന്നമായി.

“ഹ്മ്മ്… സിദ്ധു,  എനിക്ക് ഡിപ്പാർട്മെന്റ് സെക്ഷനിൽ കുറച്ചു പേപ്പേഴ്സ് കൊടുക്കാൻ ഓഫീസ് വരെ പോകണമായിരുന്നു. എന്റെ കൂടെയൊന്നു വരാമോ.” ശാലിനി സിദ്ധാർഥിനോടായി ചോദിച്ചു.

“അതിനെന്താ താൻ വാ..”

“നില്ല് ഞാനീ ബാഗൊന്ന് ക്ലാസ്സിനകത്ത് വെച്ചിട്ട് വരാം.” ശാലിനി അത്രയും പറഞ്ഞ് ക്ലാസ്സിനകത്തേക്ക് പോയി.

“ഇപ്പൊ നിനക്ക് സമാധാനമായില്ലേടാ… തെണ്ടി. എന്തൊക്കെയായിരുന്നു അവന്റെ കോപ്രായങ്ങൾ.” ശാലിനി അകത്തേക്ക് പോകുന്നത് പാളിനോക്കിയ ശേഷം അർജുൻ സിദ്ധാർഥിന്റെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് ചോദിച്ചു.

“അതുപിന്നെ അളിയാ ഞാൻ..” സിദ്ധാർഥ്, അർജുനെ നോക്കി ഇളിക്കാൻ ശ്രമിച്ചു.

“ഞാനപ്പോഴേ വിചാരിച്ചിരുന്നതാ ഇങ്ങനെയാണെങ്കിൽ നീയെന്തെങ്കിലും വേണ്ടാത്ത പണിയൊപ്പിച്ചു വെക്കുമെന്ന്..” അജു അവനെ രൂക്ഷമായി നോക്കി.

“എന്താ രണ്ടുപേരും കൂടെ അവിടെയൊരു തർക്കം.” തങ്ങളുടെ പിന്നിൽ ശാലിനിയുടെ സ്വരം കേട്ട് അവർ രണ്ടുപേരും തിരിഞ്ഞുനോക്കി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *