✮കൽക്കി࿐ (ഭാഗം – 37) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 224

✮കൽക്കി࿐
(ഭാഗം – 37) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ……. ചില നിമിഷങ്ങൾ കണ്ണെടുക്കാതെ .

” സർപ്പവിഷം ബാധിച്ച് മരണാസനത്തിലായ ഒരു കുഞ്ഞിനെ മോള് രക്ഷിച്ചു എന്നല്ലേ പറഞ്ഞത് …… ”

” അതെ ! എന്താ മുത്തശ്ശാ … ? ”

അയാളുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞതും ……

” മോളുടെ അമ്മാമ്മ . ആ തലമുറ അവർ സാധാരണക്കാരല്ല മോളെ ….. നിങ്ങൾ നാഗ വംശജരാ , നീയും ! ”

അയാളുടെ മറുപടി കേട്ട് പാറു ഉൾപ്പെടെ എല്ലാവരും ഞെട്ടി …….

” മുത്തശ്ശൻ എന്താ പറഞ്ഞേ ? ”

പാറു കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു ……

” സത്യം , അത് മോളുടെ കണ്ണുകളിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിക്കും . ദാ ….. ആദിയും നാഗവംശജനാ ….. പക്ഷെ അവനില്ലാത്ത എന്തോ ഒരു പ്രത്യേകത അത് മോളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട് , പക്ഷെ അതെന്താ എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല .

തമ്പി അതിശയത്തോടെ പറഞ്ഞു .

” പക്ഷെ മുത്തശ്ശാ എൻ്റെ അച്ഛനാണ് അവസാന നാഗവംശജനെന്ന് മുത്തശ്ശൻ തന്നെ എന്നോട് പറഞ്ഞിട്ടുള്ളതല്ലേ ….. പിന്നെ എങ്ങനെ ? ”

ഉടനെ ആദി സംശയത്തോടെ ചോദിച്ചു .

” മ് …. ശരിയാ , ഹരി നാരായണനായിരുന്നു നാഗവംശത്തിലെ അവസാന ആൺതരി , പക്ഷെ ….. ചിലപ്പൊ , പാർവ്വതി മോളുടെ അമ്മാമ്മയുടെ കുടുംബം നാഗ വംശമായിരിക്കാം – അങ്ങനെയാകാം പാറുവിനും നാഗവംശത്തിൻ്റെ അംശബന്ധം ലഭിച്ചത് . പക്ഷെ ഒരാൾ യഥാർത്ഥ നാഗവംശജനാകണമെങ്കിൽ അയാളുടെ അച്ഛൻ നാഗവംശജനാകണം . ഇനി ഏതെങ്കിലും തരത്തിൽ അച്ഛനും അമ്മയും നാഗവംശജരാണെങ്കിൽ അവർക്കുണ്ടാകുന്ന കുഞ്ഞ് ഒരു പൂർണ നാഗവംശജനായിരിക്കും ……

ഇവിടെ ആദി അർദ്ധ നാഗവംശജനാ അച്ഛൻ നാഗവംശവും അമ്മ ചേകവർ വംശവും പക്ഷെ പാർവ്വതി മോളുടെ കണ്ണുകളിൽ മറഞ്ഞിരിക്കുന്ന പ്രത്യേകത അത് എനിക്കത്ര മനസിലാകുന്നില്ല ….. മോളുടെ അച്ഛൻ ! ഇനി അദ്ദേഹം നാഗ വംശജനാണോ ? ഇല്ല അതിന് സാധ്യത ഉണ്ടാകില്ല ! ”

തമ്പി സ്വയം പറഞ്ഞതും ….

” അതിനെപ്പറ്റി എനിക്കറിയില്ല മുത്തശ്ശാ … മുകുന്ദൻ എന്നാ അച്ഛൻറെ പേര് , ഒരു ആക്സിഡൻ്റിൽ കാണാതായതാ , പത്ത് വർഷത്തിലേറെയായി .ഇതുവരെ ഒരറിവുമില്ല …… ”

പാറു സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞതും ……

” മുത്തശ്ശാ …. വംശം മനസ്സിലാക്കലല്ലല്ലോ ഇപ്പൊ പ്രധാനം . ഇന്ദ്രജാലക്കല്ല് അത് അപഹരിച്ചതാരാ ? അത് അർഹതയില്ലാത്തവരുടെ കയ്യിലെത്തിയാൽ പിന്നെ എന്താ ഉണ്ടാവുക എന്ന് മുത്തശ്ശനറിയില്ലേ …….. ഇനി എന്താ ചെയ്യേണ്ടേ ….. ? ”

ആദി സന്ദേഹത്തോടെ തിരക്കി …

” അറിയില്ല മോനെ …… !
എനിക്കിപ്പൊ ഒന്നും പറയാൻ കഴിയുന്നില്ല . ഇന്ദ്രജാലക്കല്ല് അത് സ്വതന്ത്രമായി നിൽക്കുമ്പോൾ മാത്രമേ അതിനെ മറ്റൊരാൾക്ക് ജ്ഞാന ദൃഷ്ടിയിലൂടെ കണ്ടെത്താൻ കഴിയൂ . അത് ഒരാളുടെ കൈവശം എത്തിയാൽ പിന്നെ അത് കണ്ടെത്തുക അത്ര എളുപ്പമല്ല ….. ഇപ്പൊ ആ ഇന്ദ്രജാലക്കല്ല് കാളീയൻ്റെ ദൃഷ്ടിയിൽ നിന്ന് പോലും അകന്ന് പോയിരിക്കുന്നു , അവന് പോലും അതിനടുത്തെത്താൻ ഇനി കഴിയില്ല . എവിടെ എന്ന് പറഞ്ഞ് തിരയും , എങ്ങനെ തിരയും ?

ആദീ നീ പറഞ്ഞത് ശരിയാ ആ ഇന്ദ്രജാലക്കല്ല് അർഹതയില്ലാത്തവരുടെ കയ്യിലാണ് എത്തുന്നതെങ്കിൽ അത് ആപത്തേ വരുത്തി വയ്ക്കൂ ….. നാശമായിരിക്കും പരിണിത ഫലം , സർവ്വനാശം .

നമ്മൾ വിട്ട് പോയ അല്ലെങ്കിൽ നമ്മൾക്കാർക്കും അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ ഇനിയുമുണ്ട് ഇതിനൊക്കെ പിന്നിൽ . അതുപോലെ നമുക്കാർക്കും അറിയാത്ത ഏതോ ഒരു ശത്രു അവൻ കളത്തിലിറങ്ങിയിരിക്കുന്നു , നിസ്സാരനല്ല അവൻ , ശക്തനാണ് – അതിന് ഈ ലഭിച്ച സൂചനകൾ തന്നെ ധാരാളം അവനാ ഇതിനൊക്കെ പിന്നിൽ . ”

തമ്പി അത്രയും പറഞ്ഞ ശേഷം ഒന്ന് ചിന്തിച്ചിരുന്നു …..

” മോളെ ദക്ഷേ ….. ആ ഡയറി ഇങ്ങ് തന്നേ …….. ? ”

തമ്പി ചോദിച്ചതും ദക്ഷ അത് അയാളുടെ കയ്യിലേക്ക് കൊടുത്തു . തമ്പി ഉടനെ അതിന്റെ പേജുകൾ ഓടിച്ച് വായിച്ച് നോക്കി , ശേഷം ….

” നിങ്ങൾ ഇത് ശ്രദ്ധിച്ചോ ഈ ഡയറിയുടെ അവസാന ചില താളുകൾ കാണാനില്ല കീറിയെടുത്തതുപോലെ … ”

തമ്പി പറഞ്ഞതും …

” അതെ മുത്തശ്ശാ …… ഞാനത് കണ്ടിരുന്നു ….. ”

പാറു ഉടനെ പറഞ്ഞു …

” അന്ന് ആത്രേയനെ കാളീയൻ ദംശിച്ച് കൊലപ്പെടുത്തിയ സമയം ആദി ജീവനറ്റും ദക്ഷ മയങ്ങിക്കിടക്കുകയുമായിരുന്നു . ഹരി വന്നാ സ്വന്തം ജീവൻ നൽകി ഇന്ദ്രജാലക്കല്ലിൻ്റെ ശക്തിയിലൂടെ ആദിക്ക് ജീവൻ പകർന്നത് . എല്ലാം കഴിഞ്ഞ് ആ ഇന്ദ്രജാലക്കല്ലുമായി കാളീയൻ ഇഴഞ്ഞ് പോകുന്നത് ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ….. രണ്ട് ദിവസത്തിന് മുൻപ് ആ ഇന്ദ്രജാലക്കല്ല് ആരോ അപഹരിക്കുന്നത് ഞാനൊരു സ്വപ്നം പോലെ മനസ്സിൽ കണ്ടു അപ്പോഴാ കാളീയനും ഇന്ദ്രജാലക്കല്ലും ഇത്രയും നാൾ എവിടെയായിരുന്നു എന്ന് എനിക്ക് പോലും മനസ്സിലായത് . അങ്ങനെയിരിക്കെ ഇപ്പൊ ഇന്ദ്രജാലക്കല്ല് അപഹരിച്ചവർക്ക് അത് അവിടെ ഉണ്ടെന്ന് എങ്ങനെ ക്രിത്യമായി മനസ്സിലായി . നിങ്ങൾ പറ ? ”

തമ്പി എല്ലാവരോടുമായി ചോദിച്ചു .

” അറിയില്ല മുത്തശ്ശാ …. ”

ആദി പറഞ്ഞു , ദക്ഷയുടെയും പാറുവിൻ്റെയും അവസ്ഥ അതുപോലെ തന്നെയായിരുന്നു .

” ദാ ഇത് തന്നെയാ അതിന്റെ ഉത്തരം . ”

തമ്പി ആ ഡയറി ഉയത്തിക്കാണിച്ചു കൊണ്ട് പറഞ്ഞു …..

” ഇതൊക്കെ ഈ ഡയറിയിൽ എഴുതിയ ആ ആൾക്ക് അറിയാമായിരുന്നു ഇന്ദ്രജാലക്കല്ല് എവിടെയാണ് സൂക്ഷിച്ച് വച്ചിരിക്കുന്നതെന്ന് , അതിനെ പറ്റി എഴുതിയ താളുകളാ ആരോ ഇതിൽ നിന്ന് കീറിയെടുത്തത് . അതൊരിക്കലും ഇതൊക്കെ എഴുതിയ ആളാകില്ല കാരണം അയാൾക്ക് അതിൻ്റെ ആവശ്യമില്ല . മറിച്ച് ആരോ … അയാളെ പിന്തുടർന്ന മറ്റാരോ ? ”

തമ്പി എല്ലാവരോടുമായി പറഞ്ഞു …

” മുത്തശ്ശാ … കുരുക്കിൽ നിന്ന് ഊരാക്കുടുക്കിലേക്കാണല്ലോ യാത്ര ….. ഇതിപ്പോ എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം ഒന്നുമറിയില്ല . ഇനി എന്താ ചെയ്യുക ……. ? ”

ആദി ടെൻഷനോടെ തിരക്കി ..

” മോനെ ഈ കുരുക്ക് അഴിക്കാൻ ഒരാൾക്കേ കഴിയൂ , അത് ഈ ഡയറി എഴുതിയ ആളാ …… ആദ്യം അതാരാ എന്ന് കണ്ട് പിടിക്കണം എന്നാലെ ഇതിൻ്റെയൊക്കെ യഥാർത്ഥ പരിഹാരം കണ്ടെത്താൻ നമുക്ക് കഴിയൂ …… ”

തമ്പി പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി ഒരു വഴിയും മുന്നിലില്ലാത്ത ഭാവത്തിൽ സംശയത്തോടെ .

…………

അന്ന് രാത്രിയോടെ ……

തൻ്റെ ബെഡ് റൂമിൽ തല പുകഞ്ഞ ചിന്തയിലായിരുന്നു ആദി , അവൻ്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ദക്ഷയ്ക്ക് പോലും സങ്കടം തോന്നി ……

” എന്താ ഏട്ടാ …… വെറുതെ ഓരോന്ന് ചിന്തിച്ച് ടെൻഷനടിച്ചാൽ എല്ലാത്തിനും പരിഹാരമാകുമോ ? …. ”

അവൻ്റെ അടുത്തായി ബെഡിലിരുന്ന ശേഷം തോളിൽ കൈ പിടിച്ചു കൊണ്ട് ദക്ഷ ചോദിച്ചു ……

” എന്താന്ന് അറിയില്ല . ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല . എന്നാലും ആരായിരിക്കുമെടോ ആ ഡയറി എഴുതിയത് . നമ്മൾക്ക് അറിയാത്ത ആരാ നമ്മുടെ പിന്നാലെ ഉള്ളത് …..? ”

ആദി നിസ്സഹായതയോടെ ചോദിച്ചു ……

” ഏട്ടൻ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ എനിക്ക് ഇപ്പൊ കഴിയില്ല . പക്ഷെ ഒന്നുറപ്പുണ്ട് , ഇത് ഒരു ചതുരംഗ കളിയാ നമ്മൾ ഓരോരുത്തരും അതിലെ കരുക്കളും . നമ്മളെ ഉപയോഗിച്ച് കളി നിയന്ത്രിക്കുന്നത് എല്ലാം അറിയാവുന്ന ഈശ്വരനും . ഈശ്വരൻ്റെ എതിരാളിയാ ഈ കാലം സമയം എന്നൊക്കെ പറയുന്ന കക്ഷി ……

ആദ്യം ഈശ്വരൻ കളത്തിലെ കരുക്കളായ നമ്മളെ മുന്നോട്ട് നീക്കുമ്പോൾ നമുക്ക് ഒന്നും മനസ്സിലാകില്ല , പലയിടത്തും പതറും തോറ്റ് പോയെന്ന് തോന്നും ചിലപ്പൊ എല്ലാം അവസാനിച്ചു എന്ന് വരെ തോന്നും , പക്ഷെ എതിരാളിയായ കാലം തൻ്റെ കരു പലതവണ നീക്കി കഴിയുമ്പോൾ നമുക്കുള്ള വഴി താനേ തുറക്കും . ആ സമയം നമുക്ക് മനസ്സിലാകും എന്താ ചുറ്റിലും നടക്കുന്നതെന്നും നമ്മൾ ഇനി എന്താ ചെയ്യേണ്ടതെന്നും , ആ സമയം വരെ കാത്തിരിക്കാനുള്ള ക്ഷമ അതാ വേണ്ടത് ……

ഏട്ടൻ ഇതുവരെ ജീവിച്ച സ്വന്തം ജീവിതം തന്നെ ഒന്ന് റിവേഴ്സ് ഗിയർ ഇട്ട് ചിന്തിച്ച് നോക്ക് , മനസ്സിലാകാത്ത പല ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാലം മറുപടി തന്നതുപോലെ ഇതിനും കാലം യഥാസമയം മറുപടി തരും , അതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടാകണമെന്ന് മാത്രം ……

ഏട്ടൻ തൽക്കാലം ഒന്നിനെപ്പറ്റിയും ചിന്തിച്ച് തല പുകയ്ക്കാതെ ഉറങ്ങാൻ നോക്ക് , ഒക്കെ …… ”

ദക്ഷ അവനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു

” താൻ പറഞ്ഞതാ ശരി . ഉത്തരം കിട്ടാത്ത ചോദ്യത്തിനെ കുറിച്ച് ചിന്തിച്ച് വെറുതെ ടെൻഷനടിക്കാം എന്നല്ലാതെ … ഇനി എന്താന്ന് വച്ചാ വരുന്നിടത്ത് വച്ച് കാണാം ….. ”

ആദി ഒരൽപ്പം ആശ്വാസത്തോടെ പറഞ്ഞു ….

” ഏട്ടാ ഒരു സംശയം …… ? ”

” എന്താടോ ? ”

” നമ്മുടെ ആദ്യ ജന്മത്തെ കുറിച്ച് പാറു പറഞ്ഞപ്പോഴാ നമ്മളിന്നറിഞ്ഞത് . അന്ന് ഒരുമിക്കാതെ രണ്ട് വഴിക്ക് പോയവർ വീണ്ടും ജന്മമെടുത്തു ഒന്നിക്കാനായി പക്ഷെ അപ്പോഴും ചരിത്രമാവർത്തിച്ചു . അവസാനം മുന്നാമതൊരു ജന്മം വേണ്ടി വന്നും നമുക്ക് ഒന്നാകാൻ ….. ”

ദക്ഷ സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞതും .

” അതിനെന്താടോ നമ്മളിപ്പോ ഒന്നല്ലേ ….. ? ”

അവളെ ചേർത്തുപിടിച്ചുകൊണ്ട് ആദി ചോദിച്ചു .

” അതല്ല ഏട്ടാ …..
ഇതു പോലെ മൂന്ന് ജന്മത്തിലും ഒരുമിക്കാനായി പിറന്ന് ഒരുമിക്കാതെ പോയ വേറെ രണ്ട് പേരില്ലേ , ആ ആത്രേയനും ശേഷവേണിയും അവരോ ? ഒരു തരത്തിൽ ചിന്തിച്ചാൽ നമ്മൾ ഇപ്പോൾ ഒരുമിക്കാൻ പോലും കാരണം അവരല്ലേ . ആ നാഗമാണിക്യത്തിൻ്റെ ശാപഫലമല്ലേ നമ്മൾ എല്ലാവരുടെയും പുനർജന്മങ്ങൾക്ക് പോലും കാരണമായത് ….. ”

ദക്ഷ അവനെ നോക്കി ചോദിച്ചു …..

” എന്താടോ ഇപ്പൊ ഇങ്ങനെ ചിന്തിക്കാൻ , അവൻ ചെയ്ത ക്രൂരതകൾ താനും മറന്നോ ? ”

ആദി അവളോട് പതിയെ ചോദിച്ചു …..

” ഏട്ടൻ ഒന്ന് ചിന്തിച്ച് നോക്ക് , ആ ആത്രേയൻ്റെ സ്ഥാനത്ത് ഏട്ടനും വേണി ഞാനുമായിരുന്നെങ്കിൽ , എനിക്ക് വേണ്ടി എന്നെ വീണ്ടെടുക്കാനായി ഏട്ടൻ എന്തൊക്കെ ചെയ്യുമായിരുന്നു . ഒരുപക്ഷെ ആത്രേയൻ ചെയ്തതിൻ്റെ പത്തിരട്ടി ക്രൂരതകൾ എന്നെ വീണ്ടെടുക്കാനായി ഏട്ടൻ ചെയ്യുമായിരിക്കും അതെനിക്ക് ഉറപ്പാ …… ഏട്ടന് എന്നോടുള്ള അതേ പ്രണയവും സ്നേഹവും തന്നെയാ ആത്രേയന് ശേഷവേണിയോടുള്ളതും ആളുകൾ മാറുന്നു എന്നേ ഉള്ളൂ അവസ്ഥ ഒന്ന് തന്നെയാ …..

ആദ്യ ജന്മത്തിൽ കാലം വേർപെടുത്തിയവർ രണ്ടാമതും പിറന്നു പക്ഷെ അവർക്ക് ഒന്ന് നേരിൽ കാണാൻ കൂടി കഴിയാതെ ആ ജന്മവും അവസാനിച്ച് ഇപ്പൊ മുന്നാം ജന്മത്തിലും അതേ ചരിത്രം ആവർത്തിച്ചു … ആത്രേയൻ മരിച്ചു അല്ല അയാളെ കൊന്നു ഈ കഥകളൊന്നും അറിയാത്ത ശേഷവേണിയുടെ പുനർജന്മം എവിടെയെങ്കിലും ജീവനോടെ കാണില്ലേ ചിലപ്പൊ നമ്മുടെ ചുറ്റുപാടിൽ തന്നെ , ജന്മനിയോഗം പോലും പൂർത്തിയാക്കാൻ കഴിയാതെ … ”

ദക്ഷ സങ്കടത്തോടെ പറഞ്ഞതും ……

” കുറച്ച് മുൻപ് താൻ പറഞ്ഞ ആ എതിരാളിയായ കാലം തന്നെയല്ലേ പലതും നമ്മളിൽ നിന്ന് മറച്ച് പിടിച്ചതും ഇതൊക്കെ നമ്മളെക്കൊണ്ട് ചെയ്യിച്ചതും …… നടക്കേണ്ടുന്നതെല്ലാം സംഭവിച്ച ശേഷമല്ലേ നമ്മൾ സത്യങ്ങൾ പലതും അറിഞ്ഞത് അതും ഏറെ വൈകി . ചിലപ്പൊ വേറെ ഒരു നീക്കത്തിനായി ഈശ്വരൻ കരുക്കളെ മാറ്റിവെച്ചതാണെങ്കിലോ ? സംഭവിച്ചത് തിരുത്താൻ ആർക്കും കഴിയില്ല , സംഭവിച്ച കാര്യങ്ങൾക്കൊന്നും നമ്മളാരും കുറ്റക്കാരുമല്ല ….. താനതിനെപ്പറ്റി ചിന്തിക്കണ്ട . നാളെ ചാർജെടുക്കാനുള്ളതല്ലേ ….. ജോലിയുടെ തിരക്കിൽ തൻ്റെ മനസ്സിൽ നിന്ന് ഇതൊക്കെ താനേ പൊയ്ക്കോളും , ഉറങ്ങാൻ നോക്ക് …… ”

ആദി പറഞ്ഞതും എല്ലാം കേട്ടിരുന്ന ദക്ഷ ബെഡിൽ നിന്നെണീറ്റു .

അല്ല താനെങ്ങോട്ടാ …. ”

” പാറുവിനെ ഒന്ന് കണ്ടിട്ട് വരാം , നമ്മുടെ ഗെസ്റ്റ് അല്ലേ എന്തെങ്കിലും ആവശ്യമുണ്ടോ എന്നറിയില്ലല്ലോ ….. ”

” അത് ശരിയാ താൻ പോയി നോക്കിയിട്ട് വാ ….. ”

ആദി അവളോടായി പറഞ്ഞു ……

……..

പാറുവിൻ്റെ മുറിയിൽ …….

ആ ഡയറി തിരിച്ചും മറിച്ചും വായിച്ചു നോക്കുകയായിരുന്നു അവൾ , പാറു ….

” ആഹ് …… ഉറങ്ങാറായില്ലേ ?

മുറിയിലേക്ക് കയറി വന്ന ദക്ഷ ഒരു പുഞ്ചിരിയോടെ പാറുവിനോടായി ചോദിച്ചു . ദക്ഷയെ കണ്ടതും അവളും ഒന്ന് പുഞ്ചിരിച്ചു …..

” ഞാൻ വെറുതെ , ഇത് എഴുതിയ ആളിനെപ്പറ്റി എന്തെങ്കിലും ഒരു ക്ലൂ കിട്ടുമോ എന്ന് നോക്കുവായിരുന്നു . ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു …..

” മ് നടക്കട്ടെ ….. അല്ല പാറുവിന് ഇവിടെ വേറെ അസൗകര്യമൊന്നുമില്ലല്ലോ ? ”

” ഏയ് , എൻ്റെ വീടിനെ അപേക്ഷിച്ച് സൗകര്യങ്ങളൊക്കെ കൂടുതലാ ചേച്ചി ……

അല്ല ! നമ്മുടെ കഥയിലെ അതായത് ചേച്ചിയുടെയും ആദിയേട്ടൻ്റെയും കഥയിലെ ഒരാൾ ഇപ്പൊ മിസ്സിങ്ങാണല്ലോ ചേച്ചി , കർണ്ണൻ അവൻ എവിടെയാ …….? ”

പാറു ആകാംഷയോടെ ചോദിച്ചു …..

” കർണ്ണനോ …… അവനിപ്പൊ ……. അവൻ വളർത്ത് കുതിരയുടെ വംശമാണെങ്കിലും ജനിച്ചതും കുറച്ച് കാലം വളർന്നതുമൊക്കെ ഈ നാട്ടിലെ ഉൾവനത്തിലാ ….. അവിടുന്നാ അവനെ ആരോ ബലമായി പിടിച്ചോണ്ട് പോയത് ഇണക്കിയെടുക്കാൻ വേണ്ടി അങ്ങനെയാ അവനെ ഈ നാട്ടില് മത്സരത്തിലെത്തിച്ചതും ഏട്ടൻ്റെ കയ്യില് കിട്ടിയതുമൊക്കെ . അന്ന് ആ സംഭവത്തിന് ശേഷം അവനെ ഞങ്ങൾ കണ്ടിട്ടില്ല . ഏട്ടൻ ഒരുപാട് തിരഞ്ഞു പക്ഷെ ഫലമില്ല , അവൻ ഉൾവനത്തിലേക്ക് കയറിയിട്ടുണ്ടാകും സ്വന്തം കുടുംബത്തെ തേടി .

ആ ഏറെ നേരം ഇരുന്ന് മുഷിയണ്ട ട്ടോ .. എനിക്കിവിടെ നാളെയാ ചാർജെടുക്കേണ്ടത് , ഞാനും ഏട്ടനും പുലർച്ചെ പോവും , ഭക്ഷണമൊക്കെ ഞാൻ ഒരുക്കി വച്ചേക്കാം ഉണരുമ്പോൾ പാറു എടുത്ത് കഴിച്ചാൽ മതി , അപ്പൊ ശരി ഗുഡ് നൈറ്റ് ….. ”

” ശരി ചേച്ചി , ഗുഡ് നൈറ്റ് . ”

ദക്ഷ മുറിയുടെ വാതിൽ ചാരി പുറത്തേയ്ക്ക് പോയി , പാറു വീണ്ടും ആ ഡയറിയിലേക്ക് തന്നെ നോക്കിയിരുന്നു …

” എന്നാലും ആരാ ഇതെഴുതിയത് ഒരു ക്ലൂ എങ്കിലും ഇതിൽ ചേർത്തൂടായിരുന്നോ ? ”

അവളാ ഡയറിയിലേക്ക് നോക്കി ചോദിച്ചു .

…………..

വൈകുണ്ഡപുരിയുടെ വടക്ക് ഭാഗത്തെ ആ നദീ തീരത്ത് ……

എങ്ങും രാത്രിയുടെ കൂരിരുട്ട് പരന്ന സമയം , പക്ഷെ ആ നദീ തീരത്ത് ചന്ദ്രപ്രകാശത്താൽ പകൽ പോലെ വെളിച്ചം നിറഞ്ഞിരുന്നു ……

അനിരുദ്ധൻ തൻ്റെ കാറിൽ ചാരി നിൽക്കുകയാണ് , അവൻ്റെ ചുണ്ടിലായി എരിയുന്ന സിഗരറ്റും അത് ഒരു അഗ്നിഗോളം പോലെ പ്രതിഫലിച്ച് നിൽക്കുകയാണ് ….

ചില നിമിഷങ്ങൾ കഴിഞ്ഞതും കാറിനുള്ളിലിരിക്കുകയായിരുന്ന രാജസേനൻ ഒരു തരം മുഷിച്ചിലോടെ പുറത്തേയ്ക്കിറങ്ങി വന്നു …..

” അനിരുദ്ധാ …… എന്തിനാ ഈ രാത്രി ഇവിടെ , നീയാണെങ്കിൽ ഒന്നും വിട്ട് പറയുന്നുമില്ല …… എന്താടാ കാര്യം ….. ? ”

രാജസേനൻ തിരക്കി …..

” ഹ് …… ഏട്ടന് ഇപ്പൊ തീരെ ക്ഷമ ഇല്ലാത്ത അവസ്ഥയാണല്ലോ …….. ഏഹ് !

ഏട്ടാ …… ഏട്ടന് ആവശ്യം കൊട്ടാരത്തിൻ്റെ അവകാശവും ഭരണവുമാണെങ്കിൽ എനിക്ക് ആവശ്യം എൻ്റെ ജീവനാ ….. ”

അനിരുദ്ധൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു .

” ഹ .. ഹ . ഇതെന്താടാ പുതിയ തമാശ …… നീ എന്തിനാ നിൻ്റെ ജീവനെ കുറിച്ച് പേടിക്കുന്നേ ……. ? ”

രാജസേനൻ മന്ദഹാസത്തോടെ ചോദിച്ചു .

” പേടിക്കണം ഏട്ടാ , പേടിച്ചേ പറ്റൂ …… ഏട്ടന് അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടിയുണ്ട് . ”

അത്രയും പറഞ്ഞപ്പോഴേയ്ക്കും അവൻ്റെ മുഖത്തെ പുഞ്ചിരി മാറി ചെറിയ ഭയം വന്ന് നിറഞ്ഞിരുന്നു അത് കണ്ട് രാജസേനനും സംശയമായി ….

അപ്പോഴേയ്ക്കും അവർ നിൽക്കുന്നതിന് എതിർ വശത്ത് നിന്ന് ഒരു വണ്ടിയുടെ വെളിച്ചം അവർക്ക് നേരെ വന്ന് പതിക്കാൻ തുടങ്ങി ,വേഗത്തിൽ ആ വെളിച്ചം അടുത്തടുത്ത് വന്നു . അത് കണ്ടതും അനിരുദ്ധൻ തൻ്റെ കയ്യിലിരുന്ന സിഗരറ്റ് നിലത്തേയ്ക്കിട്ട ശേഷം അതിനെ ചവിട്ടി ഞെരിച്ചു .

അവർക്ക് നേരെ വന്നത് , അതൊരു പഴയ മോഡൽ ജീപ്സിയായിരുന്നു .
അതവരുടെ മുന്നിലായി വന്ന് നിന്നു ശേഷം അതിൽ നിന്ന് രണ്ട് പേർ പുറത്തേയ്ക്കിറങ്ങി , കാഴ്ചയിൽ ഒരു പോലെയുള്ള രണ്ടു പേർ .

” അനിരുദ്ധാ ……. ”

അവർ ഇരുവരും വന്ന് സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു .

” നികേദ് , നിഷാന്ത് എന്തായി ? ”

അനിരുദ്ധ് ചോദിച്ചതും അവർ ഇരുവരും മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു .

” ഞങ്ങൾ ഒരു മിഷൻ ഏറ്റെടുത്താൽ അത് ഭംഗിയായി പൂർത്തിയാക്കും , ഡു ഓർ ഡൈ അതാ ഞങ്ങളുടെ പോളിസി . ഇതാ ബോസ് പറഞ്ഞ ആ ഇന്ദ്രജാലക്കല്ല് …… ”

നികേദ് അതും പറഞ്ഞ് ഒരു ചെറിയ ബോക്സ് അവന് നേരെ നീട്ടി ,
അത് കണ്ടതും അവനത് വാങ്ങി മെല്ലെ തുറന്ന് നോക്കി . ഒരു ചുവന്ന പ്രകാശം അതിൽ നിന്ന് പുറത്തേയ്ക്ക് വരുന്നത് കണ്ട അനിരുദ്ധൻ്റെ കണ്ണുകൾ വിടർന്നു , ഒപ്പം പുറകിൽ എല്ലാം കേട്ട് നിന്ന രാജസേനൻ ഒരു തരം ഞെട്ടലിലായിരുന്നു ആ സമയം തൻ്റെ മുന്നിൽ കാണുന്നത് സത്യമാണോ അതോ സ്വപ്നമാണോ എന്ന സംശയത്തിൽ ….. ആ ചുവന്ന പ്രകാശം തൻ്റെ കണ്ണിന് താങ്ങാൻ കഴിയില്ല എന്ന് തോന്നിയതും അവനാ ബോക്സ് വേഗം അടച്ചു …

” അവിടെ നിന്ന് എടുക്കുന്നത് വരെ ഇത്രയും പ്രകാശം ഇതിന് ഇല്ലായിരുന്നു , അതിന് ശേഷമാ ഇത് ഇങ്ങനെ ….. എനിവേ ഞങ്ങളെ ഏൽപ്പിച്ച ജോലി കഴിഞ്ഞു . ബോസ് പറഞ്ഞു ഇത് ഉടനെ നിന്നെ ഏൽപ്പിക്കാൻ അതാ ഈ രാത്രി തന്നെ കാണാമെന്ന് പറഞ്ഞത് .

ബോസ് ഇങ്ങോട്ട് വരുന്നുണ്ടെന്നാ അറിഞ്ഞത് യെനി അപ്ഡേറ്റ് ? ”

നിഷാന്ത് അനിരുദ്ധനോട് ചോദിച്ചു …..

” മ് …. ഉടനെ എത്തും . പക്ഷെ അത് എന്ന് എപ്പൊ എന്നൊക്കെ പുള്ളിക്ക് മാത്രമേ അറിയൂ .. പിന്നെ ആ ഡയറി അതെവിടെ ? ”

” അതിന് ഡയറിയുടെ കാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ ? അവനെ തീർത്ത ശേഷം ആ ഡയറിയിലെ ഡാറ്റ വച്ച് ഈ കല്ല് കണ്ടെത്തണം , അത്രയല്ലേ ഉള്ളൂ …. അതു കൊണ്ടു ആ ഡയറി ഞങ്ങൾ എടുത്തില്ല പകരം അതിലെ ലാസ്റ്റ് ചില പേജുകൾ മാത്രമെടുത്തു . ദാ അതാ ഇത് … ”

നികേദ് ആ പേജുകൾ മുന്നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു , അനിരുദ്ധ് അത് കയ്യിൽ വാങ്ങി ……

” അപ്പൊ അവൻ …… ?”

” അവൻ എന്നേ യമപുരിയിൽ എത്തിയിട്ടുണ്ടാകും . രാത്രി നിഷാന്ത് ട്രയിനിൽ വച്ച് ഉറങ്ങിക്കിടന്ന അവൻ്റെ ബാഗിൽ നിന്ന് ആ ഡയറി എടുത്തു , പക്ഷെ അവനാ സമയം ഉണർന്നു ഇവനെ പുറകെ ഓടിച്ചു . ഡോറിൻ്റെ ഭാഗത്ത് വച്ച് ഒരു പിടി വലി , സാഹചര്യം ഒത്തപ്പോൾ ഞാൻ അവനെ പുറത്തേയ്ക്ക് ചവിട്ടി തള്ളിയിട്ടു . അവനും അവന്റെ ബാഗും പുറത്തേയ്ക്ക് ആ ഡയറി ഞങ്ങളുടെ കയ്യിലും . ആവശ്യമുള്ള പേജുകൾ എടുത്തിട്ട് ആ ഡയറി ഞങ്ങൾ ട്രയിനിൽ തന്നെ ഉപേക്ഷിച്ചു …. ”

നികേദ് പറഞ്ഞു ……

” പക്ഷെ ആ ഡയറി അത് വേണമായിരുന്നു …. മ് ഇനി അത് പോട്ടെ ….. കിട്ടേണ്ടത് കിട്ടിയല്ലോ . മാത്രമല്ല അവനെ തീർത്തില്ലേ അതാ പ്രധാനം അല്ലെങ്കിൽ പല രഹസ്യങ്ങളും പുറത്ത് വരും . നിങ്ങൾ ഇനി തിരിക്കുന്നോ അതോ …… ”

അനിരുദ്ധ് ചോദിച്ചതും .

” ഏയ് ഇല്ല , കുറച്ച് ദിവസം കൂടി ഉണ്ടാകും . ഒരു മിഷൻ കൂടി പുതുതായി തന്നിട്ടുണ്ട് ….. ഒരാളെ തീർക്കണം . ”

” ആരെ ? ”

അനിരുദ്ധ് സംശയത്തോടെ ചോദിച്ചതും .

” അത് പുറത്ത് പറയരുതെന്ന് ബോസ് പ്രത്യേകം പറഞ്ഞിട്ടുണ്ട് . നിന്നോട് പോലും , വൈകാതെ നീ അതാരെന്നറിയും , അപ്പൊ ശരി …… ഇനി ഈ ഇന്ദ്രജാലക്കല്ല് അത് നിൻ്റെ റെസ്പോൺസിബിലിറ്റിയാണ് , ബോസ് ഈ നാട്ടിൽ എത്തുന്നത് വരെ നീ വേണം ഇത് സൂക്ഷിക്കാൻ . ”

നിഷാന്ത് പറഞ്ഞു , ശേഷം അവർ ജിപ്സി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി .

” എന്താടാ ഇതൊക്കെ ഒന്നും മനസ്സിലാകുന്നില്ലല്ലോ …..? ഇതാണോ ആ ഇന്ദ്രജാലക്കല്ല് എഹ് …… ”

രാജസേനൻ ഒരു തരം പരവേശത്തോടെ തിരക്കി …….

” മ് ….. അതെ ഏട്ടാ ഇതാണ് ഏട്ടൻ അന്വേഷിച്ച ആ ഇന്ദ്രജാലക്കല്ല് …….. ”

” ഹ …… ഹ …… നീയാടാ എൻ്റെ പൊന്നനിയൻ ….. ഇനി എന്തും നേടാം എന്തും ചെയ്യാം . ഇനി വൈകുണ്ഡപുരിയും രാജഭരണവുമൊക്കെ നമ്മുടെ കാൽക്കീഴിൽ വന്ന് നിൽക്കും …… ”

രാജസേനൻ അതിയായ സന്തോഷത്തോടെ പറഞ്ഞു …

” എങ്ങനെ ? ”

അനിരുദ്ധ് ഉടനെ തിരിച്ച് ചോദിച്ചു …..

” നീയെന്താടാ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നേ . ഞാൻ നിന്നോടല്ലൊം പറഞ്ഞതല്ലേ , ഇതിൻ്റെ ശക്തിയെ കുറിച്ച് … ”

” അതിന് ഏട്ടനിത് ഉപയോഗിക്കാൻ അറിയാമോ …… ആയുധവിദ്യ അറിയാത്ത ഒരാൾ ഉറുമി കൈ കൊണ്ട് എടുക്കുന്ന പോലയാ ഇതും , ശത്രുവിൻ്റെ തല വീഴുകയുമില്ല സ്വന്തം തല പോവുകയും ചെയ്യും . ഞാൻ ഏട്ടനോട് പറഞ്ഞത് വൈകുണ്ഡപുരിയുടെ കൊട്ടാരഭരണം ഏട്ടന് നേടിത്തരാമെന്നാ അതും അതിൻ്റേതായ സമയത്ത് , അല്ലാതെ ഇതല്ല . ”

അനിരുദ്ധ് പറഞ്ഞതും ,

” എന്തടാ നീ ഇപ്പൊ ഇങ്ങനെ സംസാരിക്കുന്നേ ….. ഇങ്ങനെ അല്ലല്ലോ ഇന്നലെ പറഞ്ഞത് . പിന്നെ ഇതെന്തിനാ ? ആർക്ക് വേണ്ടിയാ … ? ”

രാജസേനൻ സംശയത്തോടെ ചോദിച്ചു .

” ബോസിന് വേണ്ടി … ”

” ഏത് ബോസ് , ഞാനറിയാത്ത ഏത് ബോസ് . നീയല്ലേ എല്ലാവർക്കും ബോസ് . ”

രാജസേനൻ ചോദിച്ചതും .

” അല്ല ഏട്ടാ , ഞാനയാളുടെ വലംകൈ അത്ര മാത്രം . ഏട്ടൻ എൻ്റെ ഉള്ളിൽ നിന്ന് വരുന്ന ദേഷ്യം കണ്ടിട്ടുള്ളതല്ലേ അതിൻ്റെ പത്തിരട്ടി ദേഷ്യമുള്ളവരാ ഇപ്പൊ വന്ന് പോയ അയാളുടെ ആ ഇരട്ട വേട്ട നായ്ക്കൾക്ക് , അവന്മാരുടെ നൂറിരട്ടി ദേഷ്യം വരും ഞങ്ങളുടെയൊക്കെ ബോസിന് . ”

” നീ ആരെപ്പറ്റിയാ ഈ പറയുന്നേ ?
ഏഹ് …… ”

” ആളിനെ ഏട്ടൻ അറിയും .

അന്ന് കൊട്ടാരത്തിലെ ഇന്ദ്രാജതമ്പുരാൻ എന്നെ കൊട്ടാരത്തിൽ നിന്നും ഈ ദേശത്ത് നിന്നും പുറത്താക്കിയപ്പോൾ ഏട്ടൻ പറഞ്ഞു എന്നോട് ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പോകാൻ .
അന്ന് ഞാൻ പിടിക്കപ്പെടാനും ഒടുവിൽ വിദേശത്തേയ്ക്ക് പോകാനും അവിടെ നിലയുറപ്പിക്കാനുമൊക്കെ കാരണം ബോസാ , ബോസ് പറഞ്ഞിട്ടാ . എല്ലാം അയാളുടെ പ്ലാനിങാ …… പ്രത്യേകം പറഞ്ഞിരുന്നു ഏട്ടനിതൊന്നും അറിയരുതെന്ന് അതാ ഞാൻ ഇതുവരെ ഒന്നും പറയാതിരുന്നത് . ഇന്ന് ഏട്ടൻ പോലും ബോസിൻ്റെ കീഴിലാ , അയാൾ പറയാതെ ഒന്നും ചെയ്യാനും കഴിയില്ല നമുക്കായി ഒരു രക്ഷപ്പെടലുമില്ല . ഇന്നലെ ആ ഹരിയെ കൊന്നത് പോലും അയാൾ പറഞ്ഞിട്ടാ .

ഞാനും മനസ്സു കൊണ്ട് കരുതി ഈ ഇന്ദ്രജാലക്കല്ല് കയ്യിൽ വരുമ്പോൾ നമുക്ക് ഒന്നിച്ച് രക്ഷപ്പെടാമെന്ന് എല്ലാം കാൽക്കീഴിലാക്കാമെന്ന് പക്ഷെ അതിന് കഴിയില്ല എന്ന് എനിക്ക് പിന്നീട് മനസ്സിലായി . ഞാൻ അങ്ങനെ ചെയ്യും എന്ന് തോന്നിയാ അയാൾ ഇത് സൂക്ഷിക്കാൻ എന്റെ കയ്യിൽ തന്നെ ഏൽപ്പിച്ചത് , കള്ളൻ്റെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതു പോലെ . ”

” എന്തടാ നിനക്ക് അയാളെ അത്രയ്ക്ക് പേടിയാണോ ഏഹ് ? അവനും മനുഷ്യനല്ലേ അവൻ്റെ ശരീരത്തിലുള്ളതും രക്തമല്ലേ ജീവനല്ലേ …..? ”

രാജസേനൻ ശബ്ദമുയർത്തി .

” മനുഷ്യനാ പക്ഷെ മൃഗത്തിൻ്റെ സ്വഭാവമാ അയാൾക്ക് , ശരീരത്തിൽ ജീവനും രക്തവുമുണ്ട് പക്ഷെ രാക്ഷസ ജന്മമാ …. ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാഴ്ചകൾ തന്നെ അതിന് ധാരാളം . കൊന്നാൽ ചാവാം പക്ഷെ കൊല്ലതെ കൊന്നാൽ , ജീവൻ നഷ്ടപ്പെടുന്ന വേദന ഓരോ അണുവും അറിയിച്ച് കൊന്നാൽ – വിശ്വാസ വഞ്ചനയ്ക്ക് അതാ ഫലം . അതുകൊണ്ട് അനുസരിക്കുകയേ നിവർത്തിയുള്ളൂ .

ആവശ്യം കഴിഞ്ഞാൽ കൊട്ടാരത്തിൻ്റെ അധികാരം എനിക്ക് തരാമെന്നാ അയാൾ എനിക്ക് വാക്ക് തന്നിട്ടുള്ളത് . അനുസരണയോടെ നിന്നാൽ അത് നമുക്ക് അല്ല ഏട്ടന് കിട്ടും . മറിച്ചാണെങ്കിൽ നമ്മൾ ഇതുവരെ ജീവിച്ചതിന് ഒരു തെളിവ് പോലും ഈ ഭൂമിയിൽ ബാക്കി കാണില്ല …. ”

” ആരാ …. ആരാ നിൻ്റെ ആ ബോസ് ? ”

രാജസേനൻ അൽപ്പം പരിഭ്രമത്തോടെ ചോദിച്ചു .

” എൻ്റെ അല്ല നമ്മുടെ . ഏട്ടനും ഇപ്പൊ , അല്ല ഇതിനൊക്കെ ഇറങ്ങി തിരിച്ച കാലം തൊട്ടേ അയാളുടെ കീഴിലാ , പലർക്കും അയാളെ കുറിച്ച് അറിയില്ല എന്ന് മാത്രം . വൈകാതെ ഏട്ടന് നേരിട്ട് തന്നെ കാണാം . അപ്പൊ അറിഞ്ഞാൽ മതി . ”

അനിരുദ്ധൻ അതും പറഞ്ഞ് കാറിൽ ഡ്രൈവിങ് സീറ്റിലേയ്ക്ക് കയറി , ഉടനെ രാജസേനൻ തൊട്ടടുത്ത സീറ്റിലും .

” അവന്മാർ ആരെയോ കൊല്ലുന്ന കാര്യം പറഞ്ഞു അതാരെയാ ? ”

രാജസേനൻ സംശയത്തോടെ ചോദിച്ചു .

” അറിയില്ല . അത് നമ്മളാകാതിരുന്നാൽ മതി …… ”

അവനതും പറഞ്ഞ് കാറ് മുന്നോട്ടെടുത്തു .

അർദ്ധ രാത്രി സമയം ,

ചേകവർ മന

ആ ഡയറിയും നോക്കിയിരുന്ന പാറു എപ്പോഴോ മയക്കത്തിലേക്ക് വഴുതിവീണിരുന്നു , ബെഡിൽ ചാരിയിരുന്ന് ഉറങ്ങുമ്പോഴും അവളാ ഡയറി തൻ്റെ നെഞ്ചോട് ചേർത്തുവച്ചിരിക്കുകയാണ് ……

പെട്ടെന്ന് , ആ മയക്കം അവളെ ഒരു സ്വപ്നത്തിലേക്ക് തള്ളിയിട്ടു .

‘ ഒരു ഘോരവനം , മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ആ വനത്തിനുള്ളിൽ ഒരു തരം അരണ്ട വെളിച്ചമാണ് .

അവിടെ ഒരു മരത്തിന് താഴെയായി ഒരു യുവതി ഓടി തളർന്ന് ഭയം നിറഞ്ഞ മുഖഭാവത്തോടെ നിൽക്കുകയാണ് . പതിയെ ആ യുവതിയുടെ മുഖം പാറുവിന് വ്യക്തമായി , അതെ അത് താൻ തന്നെയാണ് .

പെട്ടെന്ന് ഒരു കറുത്ത കുതിര ദൂരെ നിന്ന് തൻ്റെ നേർക്ക് ഓടിടയുക്കുന്നതവൾ കണ്ടു , മിന്നൽ വേഗതയാണതിന് . ആ കാഴ്ച അവളുടെ മുഖത്തുള്ള ഭയത്തിൻ്റെ തീവ്രത ഒന്ന് കൂടി കൂട്ടി . വർദ്ധിച്ച് വരുന്ന അതിൻ്റെ കുളമ്പടി ശബ്ദം കാരണം അവൾ തൻ്റെ കാതുകൾ രണ്ട് കൈ കൊണ്ടും പൊത്തിപ്പിടിച്ചു . അവൾ നിസ്സഹായതയോടെ കണ്ണുകൾ മുറുക്കിയടച്ച് ഭയത്തോടെ നിൽക്കുകയാണ് , തനിക്കിനിയും ഓടാൻ കഴിയില്ല എന്ന അവസ്ഥയിൽ . ആ കുളമ്പടി ശബ്ദം തൊട്ടടുത്ത് എത്തിയതും .. ‘

ഒരു തരം പരവേശത്തോടെ പാറു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു .
സ്വപ്നത്തിലെ പാറുവിൻ്റെ മുഖത്ത് ഉണ്ടായിരുന്ന അതേ ഭയം ഇപ്പോൾ അവളുടെ മുഖത്ത് പ്രതിഫലിച്ച് നിൽക്കുകയാണ് .

താൻ കണ്ടത് വെറുമൊരു സ്വപ്നമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ അവൾ ഒന്ന് ആശ്വസിച്ചു . പക്ഷെ ആ സമയവും , സ്വപ്നം കണ്ടപ്പോൾ തൻ്റെ ശരീരത്തിൽ തോന്നിയ ഭയം കാരണം താൻ മുറുകെ പിടിച്ച ആ സാധനം അങ്ങനെ തന്നെ ഇപ്പോഴും മറുകെ പിടിച്ചിരിക്കുകയാണെന്ന് അവൾ മനസ്സിലാക്കി . അത് ആ ഡയറിയായിരുന്നു , ഉറക്കത്തിൽ അറിയാതെ താൻ നെഞ്ചോട് ചേർത്ത് പിടിച്ച ആ ഡയറി …

ഒരു ഞെട്ടലോടെ അവളാ ഡയറി എടുത്ത് തുറന്ന് നോക്കി , പെട്ടെന്ന് അതിൻ്റെ തുടക്ക പേജുകളിൽ ഒന്ന് അതിൻ്റെ പുറം ചട്ടയുമായി ഒട്ടിപ്പിടിച്ചിരിക്കുന്നതായി അവൾക്ക് തോന്നി . അവളുടെ ആ സംശയം ശരിയായിരുന്നു , ആ പേജ് എന്തോ കൊണ്ട് ഒട്ടിച്ച് വച്ചത് പോലെ .

അവളാ പേജ് വേർപെടുത്താൻ നോക്കി , ചെറിയ കേടുപാടുകൾ സംഭവിച്ചങ്കിലും ഒടുവിലവളത് നിവർത്തിയെടുത്തു .

അതിൽ ആരോ വരച്ച ഒരു ചിത്രമാണ് .
ക്രിത്യമായി ഒരു രൂപമോ ആകൃതിയോ ഇല്ലാത്ത ഒരു ചിത്രം , സത്യത്തിൽ അത് നോക്കിയാൽ ഒരു ചിത്രം എന്നു പോലും പറയാൻ കഴിയാത്ത ഒരു അവസ്ഥ …… കുറച്ച് സമയം അവളതിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി ….. ഒടുവിൽ ആകൃതിയില്ലാത്ത ആ ചിത്രത്തിനുള്ളിൽ ഒരു രൂപം മറഞ്ഞ് നിൽക്കുന്നതവൾ കണ്ടു , ചില വരകളിലൂടെ ചേർത്ത് വച്ച ഒരു കുതിരയുടെ മുഖം …… അതിനുള്ളിൽ മറഞ്ഞിരിക്കുന്ന ആ വരകൾ അവൾ കണ്ടതും …

” ഈ ചിത്രം , ഈ കുതിരയുടെ മുഖം അതും ഇതേ വര ഞാൻ എവിടെയോ ? എവിടെയോ കണ്ടിട്ടുണ്ട് . അധിക ദിവസമായിട്ടില്ല ഞാനത് കണ്ടിട്ട് ….. ശ്ശേ ഞാനത് എവിടെയാ ……. ”

പാറു തല പുകഞ്ഞു ചിന്തിക്കാൻ തുടങ്ങി . ആ ചിത്രം എവിടെയാണ് കണ്ടതെന്ന ചോദ്യത്തിൻ്റെ ഉത്തരത്തിനായി .

തുടരും …

17 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good ?. Waiting for next part.

  3. ചേട്ടോ
    സമയം ഇല്ലായിരുന്നു ഇപ്പോൾ ആണ് വച്ചിച്ചത് എല്ലാം വായിച്ചു. കലക്കി ? വീണ്ടും കാണാം നന്മക് ?

    1. ഹലോ Tom bro ?
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ ❤️❤️❤️

  4. Aparajithan Loading…

    1. എന്തെങ്കിലും വിവരം ഉണ്ടോ അപരജിതൻ്റെ

  5. Enthaano pratheekshiche…ath nannayitt kittunundd…..❤❤❤

  6. വിച്ചു ബ്രോ അടുത്ത പാർട്ട് ഒരു ആഴ്ച്ചക്ക് മുകളിൽ പോവരുതേ ??

    1. നോക്കട്ടെ bro , ഉറപ്പ് പറയുന്നില്ല എന്നാലും ഒരു പാർട്ടിനുള്ളത് എഴുതി പൂർത്തിയാകുന്ന മുറയ്ക്ക് പബ്ലിഷ് ചെയ്യാം

  7. ❤️❤️❤️

Leave a Reply to VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] Cancel reply

Your email address will not be published. Required fields are marked *