ഹോപ്‌ [ദേവദേവൻ] 90

“എന്നാലും അമ്മേ എത്രനാൾ? എത്രനാൾ നമ്മൾ കഷ്ടപ്പെടും “

“നിന്റെ കഷ്ടപ്പാടുകൾ ഈശ്വരൻ കാണുന്നുണ്ട് മോനേ “

എന്റെ നെറുകയിൽ തലോടി അമ്മ പറഞ്ഞു.

“ഈശ്വരൻ. കുന്തം. അങ്ങനൊരു ആളുണ്ടോ? ഒന്നുമില്ല. “

ഞാൻ കലിയോടെ പറഞ്ഞു.

“ഈശ്വരൻ ആരാണ് മോനേ? നിനക്കറിയാമോ? “

അമ്മയുടെ ചോദ്യം.

“അതെന്താ ഇപ്പൊ അമ്മയ്ക്ക് അങ്ങനൊരു ചോദ്യം. അമ്മ അമ്പലത്തിലൊക്കെ പോകുന്നതല്ലേ “

“അമ്പലത്തിൽ പോയി എന്നുവെച്ചു ഈശ്വരൻ എന്നിൽ പ്രസാദിച്ചു എന്നാണോ അർത്ഥം? “

“അമ്മ എന്താ സാഹിത്യം പറയുവാണോ. പിന്നെ എന്താ അമ്മ പറ.”

എനിക്ക് ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു.

“നീ തന്നെയാണ് ഈശ്വരൻ. നിന്റെ കർമ്മമാണ് ഈശ്വരൻ. അതാണ് ഞാൻ പറഞ്ഞത് നിന്റെ കഷ്ടപ്പാടുകൾ ഈശ്വരൻ കാണുന്നുണ്ട് എന്ന്. മോനേ നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ , നമ്മുടെ കഷ്ടപ്പാടുകൾ നിന്റെ കർത്തവ്യബോധം ഇതൊക്കെ തന്നെയാണ് നീ എന്ന വ്യക്തിയെ നിർവചിക്കുന്നത് അതാണ് നിന്റെ ഭാവിയും തീരുമാനിക്കുന്നത്. നീ ഇന്ന് കഷ്ടപ്പെടുന്നുണ്ട്. നിന്റെ അമ്മയെയും അനിയത്തിയെയും നോക്കണം അവരെ സംരക്ഷിക്കണം എന്നൊരു മനസ്സുണ്ട് നിനക്ക് ആ നല്ല മനസ്സാണ് ഈശ്വരൻ. ഇന്ന് നീ ഒഴുക്കുന്ന ഓരോ തുള്ളി കണ്ണു നീരിനും നാളെ ഫലമുണ്ടാകും. ഇത് അമ്മയുടെ വാക്കാണ് “

അമ്മയുടെ സ്വരം . അതിൽ നിറഞ്ഞു നിന്നിരുന്ന ദൃഡത. എന്നെ അതിശയിപ്പിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് ഉറപ്പാണ് എന്റെ ഭാവിയെ പറ്റി.

“നാളെ ചിലപ്പോൾ അമ്മയുടെ കണ്ണടയുന്ന നേരത്ത് എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ടുണ്ടാവും. അന്നേരം അമ്മ പറഞ്ഞ വാക്കുകൾ നിനക്ക് ഓർമ്മ വേണം കേട്ടോ. “

എന്റെ കവിളിൽ തലോടി അമ്മ പറഞ്ഞു.

“അമ്മേ “

ഇടറുന്ന സ്വരത്തോടെ ഞാൻ അമ്മയെ വിളിച്ചു.

ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു അമ്മ അടുക്കളയിലേക്ക് പോയി.

“എനിക്കറിയാം നാളെ ഒരുനാൾ ഞാനും അസ്‌തമിക്കും. പക്ഷെ ഈ ഉദിച്ചു നിൽക്കുന്ന സമയം ഞാൻ കത്തി ജ്വലിക്കുക തന്നെ ചെയ്യും. എന്നാലാകും വിധം മറ്റുള്ളവരിൽ ഞാൻ പ്രകാശം പരത്തും.”

മനസ്സിൽ ആഴത്തിൽ ഞാനത് കുറിച്ചിട്ടു.

എന്റെ ജീവിതം.

എന്റെ പ്രതീക്ഷ.

അത് ഞാനൊരിക്കലും കൈവിടില്ല.

ഓരോ നാളെയും ഓരോ പ്രതീക്ഷയാണ്. ജീവിക്കാനുള്ള ആഗ്രഹം എന്നിൽ ആവോളം നിറയ്ക്കുന്ന പ്രതീക്ഷകൾ.

അവസാനിച്ചു.