“അത് നിന്നെ പെണ്ണ് ചോദിയ്ക്കാൻ മൂന്നാനാണ്. ഒപ്പം ആ ചെക്കനുമുണ്ട്.”
“ങേ .. എന്നെയോ? എനിക്കെങ്ങും വേണ്ട കല്ല്യാണം.”
സൗദാമിനിയമ്മ കൈ ഓങ്ങി , “മിണ്ടരുത്, നല്ല ആലോചനയാണ്, വേണ്ടെങ്കിൽ വേണ്ട. പിന്നെ തീരുമാനിക്കാം. നീ ഇപ്പൊ അങ്ങോട്ടൊന്നു ചെല്ലു. അച്ഛന്റെ മാനം കളയരുത്. ”
അവിചാരിതമായ ഈ പെണ്ണുകാണലിന്റെ ഞെട്ടലിൽ, അഖില ഉമ്മറത്തേക്ക് ഒരു ട്രേയിൽ ചായയുമായി ചെന്നു.
വിനോദ്, നല്ല നീളമുള്ള ഒരു വെളുത്ത ചെക്കൻ. ചെന്നൈയിൽ എൻജിനീയർ.
” ഹലോ അഖില.” കോളേജ് ഒക്കെ എങ്ങനയുണ്ട്?
“കുഴപ്പമില്ല”
‘എന്നെ ഇനി കൂടുതൽ അറിയാനുള്ളതല്ലേ, ഞാനിപ്പോൾ അധികം എന്നെ പറ്റി പറയുന്നില്ല ”
ഒരു നടുക്കത്തിൽ അഖില നിന്നു. ഒക്കെ തീരുമാനിച്ചുറപ്പിച്ചത് പോലെയാണല്ലോ ഇയാൾ സംസാരിക്കുന്നത്.
അച്ഛന്റെയും, അമ്മാവന്റെയും,അമ്മയുടെയും മുഖത്തു നല്ല സന്തോഷം.
“നാളെ എന്റെ വീട്ടിൽ നിന്നും ബന്ധുക്കൾ വരും, ഉറപ്പിക്കാൻ. അടുത്ത മുഹൂർത്തം നോക്കി കല്യാണം.”
അഖില പകച്ചു.
രാത്രിയവൾക്ക് ഉറക്കം വന്നില്ല.
മോഹനൻമാഷിന്റെ അസാന്നിധ്യത്തിൽ ഫ്രീ പീരീഡില് അവൾ കൂട്ടുകാർക്കൊപ്പം മസാലദോശ തിന്നുന്നത് സ്വപ്നം കണ്ടു, കണ്ണ് തുറന്നു കിടന്നു കൊണ്ട്….
*******
ഇരുപതാം തീയതി, അഖില വിനോദിന്റെ ഭാര്യയായി.
അവൾ വിചാരിച്ചിരിക്കാതെ അറിയാത്തയൊരാളുടെ ഭാര്യയായി. പെണ്ണ് കണ്ടതിന്റെ കൃത്യം രണ്ടാഴ്ചയ്ക്കുള്ളിൽ. അവളുടെ മുഖത്തെ സന്തോഷമൊക്കെ പോയി. പഠിത്തം നിന്നു , ദൂരെ ഏതോ ഒരു വീട്ടിൽ, ആരെയുമറിയാതെ. അല്ലെങ്കിലും പത്തിൽ പത്തു പൊരുത്തമുള്ള കല്യാണമെങ്ങനെ വീട്ടുകാര് വേണ്ടാ എന്ന് വെയ്ക്കും ? പെണ്ണിന്റെ മനസിനേക്കാൾ വലുതാണല്ലോ പൊരുത്തം എല്ലാവര്ക്കും …
വിനോദിന്റെ വീട്ടിൽ , അവൾക്കെല്ലാം അപരിചിതമായിരുന്നു. വല്ലാതെ മോഡേൺ ആയ കുടുംബം. രാത്രി അത്താഴത്തിനു ഒപ്പം, വിസ്‌കി ബോട്ടിൽ അവിടെ അന്യമല്ല. ആരും പരസ്പരം സംസാരിക്കാറുമില്ല. അമ്മയില്ല വിനോദിനു, രണ്ടാനമ്മ , അച്ഛൻ, സഹോദരൻമാർ രണ്ടു പേര്. ഒരു വേലക്കാരി. ഇതിന്റെ ഇടയിലേക്കാണ് അഖില ചെല്ലുന്നതും…