സ്ത്രീജന്മം [ഭദ്ര] 277

കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ആ സുദിനമെത്തി. അദ്ദേഹത്തിന്റെ ഇടംകൈയ്യിൽ വലംകൈ ചേർത്തുവച്ച് അഗ്നിയെ പ്രദക്ഷിണം ചെയ്യുമ്പോൾ എന്റെ ചെവിയിൽ മെല്ലെ മന്ത്രിച്ചു അങ്ങിനെ നീ എനിക്കായി…. എന്റേതുമാത്രം…. നാം ഒന്നായി… നാണംകൊണ്ടന്റെ കവിൾ തുടുത്തപ്പോൾ കൈ ഒന്നുകൂടി മുറുക്കെ പിടിച്ചു. ആ കരങ്ങൾക്കുള്ളിൽ ഞാനെന്നും സുരക്ഷിതയായിരിക്കുമെന്ന് അപ്പോൾ തോന്നി.

വിവാഹ ശേഷം തുടർ പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചും പറഞ്ഞപ്പോൾ പഴയ ആളേയല്ല. പറ്റില്ല.. അതൊന്നും നടക്കില്ല എന്നു പറഞ്ഞു ദേഷ്യപ്പെടാൻ തുടങ്ങി. എന്റെ മുഖം വാടിയതു കണ്ടു എടീ… നീ എന്റെതു മാത്രാ…

അതിനിപ്പോ പഠിക്കാനോ വല്ല ജോലിക്കോ പോയാൽ ഞാൻ വേറെ ആരുടെയെങ്കിലും ആയി പോകുമോ?? പഠിക്കാനൊക്കെ പോയിക്കഴിഞ്ഞാൽ പിന്നെ നീ എന്നെ മറന്നു പോകും എന്നോടുള്ള സ്നേഹം കുറഞ്ഞു പോകും. ഞാനല്ലാതെ നീ ആരോടും മിണ്ടുന്നതും കൂട്ടുകൂടുന്നതും എനിക്കിഷ്ടമല്ല… ആ വാക്കുകൾ എന്നെ തകർത്തുകളഞ്ഞു. ഇത്രയും സ്നേഹമുള്ള, ഇങ്ങനെ അന്ധമായി സ്നേഹിക്കുന്ന ഒരാളിന് ഇഷ്ടമില്ലാത്തത് എനിക്കും വേണ്ട….

ഓഫീസിൽ പോയാൽ എപ്പോഴും വിളിച്ചു കൊണ്ടിരിക്കും എന്തു ചെയ്യാ?? കഴിച്ചോ?? ആരുണ്ട്?? എന്നിങ്ങനെ സദാ തിരക്കികൊണ്ടേയിരിക്കും. എവിടെ പോകണമെങ്കിലും വിളിച്ചു അനുവാദം വാങ്ങിയിരിക്കണം. അത് എത്ര തന്നെ അത്യാവശ്യമായാലും ആശുപത്രി കാര്യമായാലും തീരെ വയ്യാണ്ടായാലും ഇനിയിപ്പോൾ പുള്ളി വലിയ തിരക്കിലായാൽ പോലും അതൊക്കെ കഴിഞ്ഞു മറുപടി കിട്ടുന്നത് വരെ കാത്തിരിക്കണം. എത് വസ്ത്രം ധരിക്കണം, എന്ത് കളർ ധരിക്കണം, എങ്ങിനെ ധരിക്കണം തുടങ്ങി എല്ലാം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആയിരിക്കണം. പിന്നെ ഇറങ്ങിയത് മുതൽ തിരിച്ചുവരുന്നത് വരെയുള്ള ഓരോന്നും ഫോണിലൂടെ അപ്പപ്പോൾ അറിയിച്ചു കൊണ്ടിരിക്കണം.

മാസത്തിൽ ഒരിക്കൽ പോലും എന്റെ വീട്ടിൽ വിടില്ല. എങ്ങാനും കരഞ്ഞു കാലുപിടിച്ചു പോയാൽ അവിടെ ചെന്നുകയറുമ്പോൾ തുടങ്ങും, എപ്പോൾ വരും?
എപ്പോൾ തിരിച്ചു വരും? പിന്നെ ഉള്ളതിനും ഇല്ലാത്തതിനും ഒക്കെ ദേഷ്യമാണ് സഹികെട്ട് പിറ്റേന്ന് തന്നെ തിരിച്ചുപോരും. അല്ലേൽ തിരിച്ചു വരുത്തും. വിവാഹ നിശ്ചയം കഴിഞ്ഞുള്ള ആ ആറുമാസക്കാലത്തിൽ പറഞ്ഞതൊന്നും ആ സ്വാതന്ത്ര്യമോ, സ്നേഹമോ, കരുതലോ പിന്നീട് ഒരിക്കൽ പോലും അനുഭവിച്ചില്ല. പറഞ്ഞ വാക്കുകൾക്ക് നേർ വിപരീതം! കൂട്ടിലടച്ച കിളിയെ പോലെ. അന്നൊന്നും ഒരിക്കൽപോലും ദേഷ്യം പിടിച്ച് ഓർമ്മയില്ല. എന്നാൽ വിവാഹ ശേഷം എല്ലാത്തിനും ദേഷ്യമാണ്. താലി കഴുത്തിൽ വീണു ഭർത്താവെന്ന സ്ഥാനം കിട്ടിയപ്പോഴേക്കും കഥ മാറി അദ്ദേഹം ഒരു രാജാവും ഞാനൊരു അടിമയും പോലായി മനോഭാവം!

ഇതിനിടയിൽ പുതിയ ഒരു അഥിതി കൂടി ഞങ്ങൾക്കിടയിൽ മൊട്ടിട്ടു. ആദ്യ നാളുകളിലെ അവശത തല കറക്കം ചർദ്ദി….. അമ്മയുടെ സാമീപ്യം, ആ സ്നേഹം… ഒക്കെ ഒരുപാട് കൊതിച്ച നിമിഷങ്ങൾ…. എന്നിട്ട് കൂടി എന്റെ വീട്ടിൽ വിട്ടില്ല… ഒരു ഉടലിൽ രണ്ടു ജീവൻ…. കരുതലിന്റെയും സ്നേഹസന്തോഷത്തിന്റെയും മാത്രം സമയമാണെന്ന് പോലും ഓർക്കാതെ നിരന്തരം കുത്തുവാക്കുകളും തെറിയഭിഷേകവും നടത്തി. ഉള്ളം പൊട്ടുമ്പോൾ ബാത്റൂമിൽ കയറി വെള്ളം തുറന്നു വിട്ടു കൊണ്ട് ഒരുപാട് കരയും. കരഞ്ഞുകൊണ്ട് ഞാനെല്ലാം എന്റെ ഉദരത്തിൽ വളർന്നുവരുന്ന കുഞ്ഞു ജീവനോട് പങ്കുവയ്ക്കും. കാരണം അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ എന്റെ കണ്ണ് നിറയുന്നതോ ചങ്ക് പിടയുന്നതോ പുള്ളി കണ്ടിരുന്നില്ല.. കാണാൻ ശ്രമിച്ചില്ല… കഠാര കൊണ്ടുണ്ടാകുന്ന മുറിവിനെക്കാൾ എത്രയോ മടങ്ങ് വലുതാണ് വാക്കുകൊണ്ടുണ്ടാകുന്നത്. വയറ്റിലുള്ള കുഞ്ഞിനെ പോലും ഓർക്കാതെ എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവം. ദേഷ്യം വന്നാൽ പിന്നെ മുന്നും പിന്നും നോട്ടമില്ല. എങ്കിലും സ്നേഹത്തിനു കുറവില്ല.. ആ സ്നേഹത്തിനു മുന്നിൽ ഞാൻ അലിഞ്ഞു ഇല്ലാതായിത്തീരും….

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സന്തോഷവതിയായി ഇരിക്കേണ്ടത് അവളുടെ ഗർഭ കാലയളവിലാണ്. എന്നാൽ ഓരോ കാരണങ്ങൾ കൊണ്ടും ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞത് അല്ല എന്നെ കരയിച്ചത് അപ്പോഴാണ്. അത്ര മാത്രം ദേഷ്യമാണ്.

മടിപിടിച്ചിരുന്ന ഒരു സായാഹ്നത്തിന്റെ ആലസ്യത്തിൽ വെറുതെ ഞാനാ മൊബൈൽ ഒന്നെടുത്തു നോക്കി. അതിൽ കണ്ടത് എന്റെ ജീവൻ പോലും നിലക്കുന്നതാണ്. ഞാനൊരിക്കലും സ്വപ്നത്തിൽ പോലും ചിന്തിക്കാത്തത്. പൂജാമുറിയിലെ ഈശ്വരന്മാർക്ക് ഒപ്പമായിരുന്നു അദ്ദേത്തിന് ഞാൻ കൊടുത്ത സ്ഥാനം. ക്ഷണനേരം കൊണ്ട് അതൊരു ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു! അദ്ദേഹത്തിന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ല. എന്തിനും ഏതിനും അനുവാദം വാങ്ങി ഉറപ്പു വരുത്തിയിട്ടല്ലാതെ ചലിച്ചിട്ടു പോലുമില്ല. വിവാഹശേഷം സുഹൃത്തുക്കളുമായോ എന്തിന് വീട്ടുകാരുമായി പോലും യാതൊരു ബന്ധവുമില്ല. എന്നിട്ടും…..

18 Comments

  1. ഭദ്ര,
    എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
    മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
    പുതിയ കഥയുമായി വരിക, ആശംസകൾ…

  2. ???
    വായിച്ചു.. ഇഷ്ടപ്പെട്ടു..!???

  3. ഏക - ദന്തി

    ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി

    1. കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.

      നന്ദി

  4. നിധീഷ്

    ❤❤❤❤❤

    1. Thank you

  5. വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
    ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
    സ്നേഹത്തോടെ…

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!

      ഭദ്ര

    1. Thank you

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ??

    1. Thank you

      1. ചെമ്പരത്തി

        ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
        ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????

        1. ചെമ്പരത്തി,
          ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.

          ഭദ്ര

    1. Thank you

    1. Thank you

Comments are closed.