രക്തരക്ഷസ്സ് 29 35

Views : 12974

കാളകെട്ടിയിൽ എത്തിയ പാടെ ശരീര ശുദ്ധിവരുത്തി രുദ്ര ശങ്കരൻ അറയിൽ പ്രവേശിച്ചു.

ദുർഗ്ഗാ ദേവിക്ക് മുൻപിൽ പത്മമിട്ട് വിളക്ക് തെളിച്ചു.അമ്മേ മഹാമായേ അടിയനെ ഇടം വലം കാക്കണേ.

ചെയ്യും കർമ്മവും ചൊല്ലും മന്ത്രവും നാവ് പിഴയോ കൈപ്പിഴയോ കൂടാതെ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ.

” ഓം ദുർഗ്ഗായെ നമഃ
ഓം ശക്തിസ്വരൂപിണീ നമഃ
ഓം ചാമുണ്ഡേ നമഃ
ഓം പരബ്രഹ്മ സ്വരൂപിണീ നമഃ ”

രുദ്രൻ ദേവിയുടെ കാൽക്കൽ തൊട്ട് തൊഴുതു കൊണ്ട് സ്വർണ്ണത്തിൽ തീർത്ത സ്ത്രീ രൂപം ഒരു ചെറിയ പട്ടിൽ പൊതിഞ്ഞ് കൈയ്യിലെടുത്തു.

സമീപ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെയും സഹായികളെയും കൂട്ടി രുദ്ര ശങ്കരൻ മംഗലത്തേക്ക് തിരിച്ചു.

വള്ളക്കടത്തേക്കുള്ള പാതയിലൂടെ കടിഞ്ഞാണിളകിയ കുതിരയെപ്പോലെ രണ്ട് കാറുകൾ അതി വേഗം കുതിച്ചു.

മുൻപിലെ വണ്ടിയിൽ രുദ്ര ശങ്കരനും പരികർമ്മികളായ മേൽശാന്തിമാരുമായിരുന്നു.

തന്റെ ഉപാസന മൂർത്തിയായ ആദിപരാശക്തിയെ ധ്യാനിച്ചു കൊണ്ട് രുദ്ര ശങ്കരൻ കണ്ണടച്ചിരുന്നു.

വണ്ടികൾ വള്ളക്കടത്ത് എന്ന കൂറ്റൻ കമാനം കടന്നതും ശാന്തമായിരുന്ന പ്രകൃതിയുടെ ഭാവം മാറി.

മന്ദഗതിയിൽ വീശിത്തുടങ്ങിയ കാറ്റ് അതിവേഗമൊരു കൊടുങ്കാറ്റായി.കാറും കോളും നിറഞ്ഞ ആകാശം കരിങ്കാളിയെപ്പോലെ തോന്നിപ്പിച്ചു.

ഇടിയും മിന്നലും മത്സര ബുദ്ധിയോടെ താഴേക്ക് ആർത്തിറങ്ങി.പരികർമ്മികൾ ഭയപ്പാടോടെ രുദ്രനെ നോക്കി.

ഇരുട്ട് പരന്ന് തുടങ്ങിയ ചെമ്മൺ പാതയിലൂടെ വണ്ടി പായിക്കാൻ ഡ്രൈവർമാർ നന്നേ ക്ലേശിച്ചു.

എല്ലാവരിലും ഭയം താണ്ഡവമാടിയപ്പോൾ രുദ്രൻ മാത്രം ശാന്തനായിരുന്നു.അയാൾ കണ്ണ് തുറക്കുകയോ ധ്യാനം നിർത്തുകയോ ചെയ്തില്ല.

വണ്ടികൾ വള്ളക്കടത്ത് ക്ഷേത്രം പിന്നിട്ടതും വഴിയരികിൽ നിന്ന അരയാൽ ആരോ എടുത്തെറിഞ്ഞ പോലെ ചുവടേ പിഴുത് താഴേക്ക് വന്നു.

എല്ലാവരിൽ നിന്നും ഒരാർത്ത നാദമുയർന്നതും രുദ്ര ശങ്കരൻ കണ്ണ് തുറന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com