രക്തരക്ഷസ്സ് 26 45

ലക്ഷ്മിയെ അവിടെയെങ്ങും കാണാത്തതിൽ അഭിയിൽ നിരാശയും ആകാംഷയും ഒരുപോലെ ഉദിച്ചു.

ലച്ചു എവിടെ.അവൻ അമ്മാളുവിനെ നോക്കി.ഞാനൊരു കാപ്പി ആക്കാൻ പറഞ്ഞിട്ട് അവളിത് എങ്ങോട്ട് പോയി.

അഭിയുടെ കപട ദേഷ്യം കണ്ട് അമ്മാളുവിന് ചിരി വന്നു. കൊച്ചമ്പ്രാന് കാപ്പി ആണോ വേണ്ടത് അതോ ലക്ഷ്മിയെ കാണണോ.അവൾ ചെറു ചിരിയോടെ അഭിയെ ഇടം കണ്ണിട്ട് നോക്കി.

അഭിക്ക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.അല്ല,അത് അവളോട്‌ കാപ്പി ഇടാൻ പറഞ്ഞപ്പോ.ഞാൻ വെറുതെ. അവൻ വാക്കുകൾ കിട്ടാതെ പരുങ്ങി.

മ്മ്മ്.മം.കാപ്പി മതിയെങ്കിൽ ഞാൻ ഇട്ട് തരാട്ടോ.ലക്ഷ്മി ഇട്ടാലെ കുടിക്കൂ എന്നാണെങ്കിൽ ഇനിയിപ്പോ ഒരു ഏഴ് ദിവസം കഴിയണം.അവൾ പുറത്ത് ചാടി.

പുറത്ത് ചാടിയോ?ആരുടെ പുറത്ത്. അഭി ആകാംക്ഷ മറച്ചു വച്ചില്ല.പറ അമ്മാളു ന്താ സംഭവം.

യ്യോ.ന്റെ കൊച്ചമ്പ്രാ ആരുടേയും പുറത്ത് ചാടിയെ ഒന്നുമല്ല.ഇനി ഒരു ഏഴ് ദിവസത്തേക്ക് മാറിയിരിക്കണം.അത്രേ ഒള്ളൂ.അതിന് ഞങ്ങള് പെണ്ണുങ്ങൾ ഇങ്ങനെ ഓരോ വാക്കുകൾ പറയും.അത്രന്നെ.

ഓ.ശരി ശരി.കാര്യം മനസ്സിലായ മട്ടിൽ അഭി തല കുലുക്കിക്കൊണ്ട് അമ്മാളു നൽകിയ കാപ്പിയുമായി അടുക്കള വിട്ടു.
**********************************
കാളകെട്ടിയിലെ അറയിൽ ബ്രഹ്മമുഹൂർത്തത്തിൽ തന്നെ രുദ്ര ശങ്കരൻ ഉറക്കം വിട്ടെഴുന്നേറ്റിരുന്നു.

അറയിൽ കൂടി പണി കഴിപ്പിച്ചിരിക്കുന്ന തുരങ്കത്തിലൂടെ ഇല്ലത്തിന്റെ കിഴക്ക് വശത്തുള്ള കുളത്തിൽ നിന്നും ജലം കടന്ന് വരും.

കഴിഞ്ഞ ആറു ദിനവും അവിടെയാണ് രുദ്രൻ കുളിയും മറ്റും കഴിക്കുന്നത്.

തുരങ്കത്തിന്റെ പകുതിയോളം മാത്രമേ ജലമെത്തുകയുള്ളൂ. കുളത്തിൽ ജലനിരപ്പുയർന്നാലും തുരങ്കത്തിൽ ജലത്തിന്റെ അളവ് കൂടില്ല.

തച്ചന്മാരുടെ കുലഗുരുവായ പെരുംന്തച്ഛൻ തച്ചു ശാസ്ത്രം പിഴയ്ക്കാത്ത കണക്കിൽ തീർത്ത മറ്റൊരു വിസ്മയം.

കുളി കഴിച്ചു കയറുമ്പോൾ തനിക്ക് പുത്തൻ ഉന്മേഷം ലഭ്യമായത് പോലെ രുദ്രന് അനുഭവപ്പെട്ടു.

അറയിലേ ദേവീ വിഗ്രഹത്തിന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് പത്മമിട്ട് വിളക്ക് തെളിക്കുമ്പോൾ അടുത്ത ദിനത്തിൽ ശ്രീപാർവ്വതിയെ ആവാഹിക്കേണ്ട കർമ്മങ്ങൾ കണക്ക് കൂട്ടിത്തുടങ്ങി ആ മഹാ മാന്ത്രികൻ.