പക്ഷേ.സൂചന മാത്രമേ ഉള്ളൂ.എവിടെയാണ് എന്നത് തെളിയുന്നില്ല്യ.ആരൂഢം തടയുന്നു.
സാരല്ല്യ.അങ്ങനെ ഒന്നുണ്ട് എന്ന് വ്യക്തമായല്ലോ.ഏത് വിധേനയും നമ്മളത് കണ്ടെത്തും.
ഒരു പക്ഷേ നമ്മുടെ ദൃഷ്ടിയിൽ തെളിയാത്ത ആ വിഗ്രഹം മറ്റൊരു കണ്ണിൽ തെളിയും.പ്രതീക്ഷ കൊണ്ട് ശങ്കര നാരായണ തന്ത്രിയുടെ മുഖം പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങി.
കിഴക്കൻ മലനിരകൾ പൊന്നിൻ പ്രഭയിൽ മുങ്ങിക്കുളിച്ച് ആദിത്യന്റെ വരവറിയിച്ചു.
മംഗലത്ത് കൃഷ്ണ മേനോന്റെ മനസ്സിലും പ്രതീക്ഷയുടെ സൂര്യൻ തെളിഞ്ഞു.
ഈ ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ ശ്രീപാർവ്വതി എന്ന രക്ഷസ്സിൽ നിന്നും താൻ രക്ഷ നേടും.എന്നിട്ട് വേണം മറഞ്ഞിരിക്കുന്ന ശത്രുവിനെ കണ്ടെത്താൻ.
വല്ല്യച്ഛൻ ന്താ ആലോചിക്കുന്നേ. പിന്നിൽ നിന്നുമുയർന്ന അഭിയുടെ ചോദ്യം മേനോനെ ചിന്തയിൽ നിന്നുമുണർത്തി.
ഹേ.ഒന്നുല്ല്യ.രാഘവനും കുമാരനും എന്തെ വൈകുന്നു എന്ന് ആലോചിക്കുവായിരുന്നു.അയാൾ അഭിയെ തന്നെ ശ്രദ്ധിച്ചു കൊണ്ട് മറുപടി പറഞ്ഞു.
അവനിൽ പ്രത്യേകിച്ചുള്ള മാറ്റങ്ങളൊന്നും അയാൾക്ക് തോന്നിയില്ല.
കുമാരൻ നൽകിയ രക്ഷ കൂടി അഭിയുടെ കഴുത്തിൽ കണ്ടപ്പോൾ മേനോന്റെ സംശയം പാടെ മാറി.
എന്നാൽ ശ്രീപാർവ്വതി അവിടെ തന്നെ മറ്റൊരാളിൽ ആവേശിച്ചിരിക്കുന്നത് അയാളറിഞ്ഞില്ല.
തലേ രാത്രിയിലെ തനിക്കുണ്ടായ അനുഭവം അഭിയോട് പറയണോ വേണ്ടയോ എന്ന ചിന്ത ഒരിക്കൽ കൂടി അയാളുടെ തലയ്ക്ക് ചൂട് പിടിപ്പിച്ചു.
മേനോനിൽ കടന്ന് കൂടിയ മരണ ഭയം കണ്ട് അകത്തളത്തിൽ നിന്ന് ശ്രീപാർവ്വതി നിശബ്ദമായി ചിരിച്ചു.
നീ എന്താ ഇങ്ങനെ ചിരിക്കുന്നെ. പോയി ഒരു കാപ്പി കൊണ്ട് വാ. എന്തോ ആലോചനയിൽ മുഴുകി ചിരിച്ചു കൊണ്ടിരുന്ന ലക്ഷ്മിയെ മേശയിൽ തട്ടി അഭി ഉണർത്തി.
രസച്ചരട് പൊട്ടിയതിനെ ദേഷ്യത്തിൽ അവന് നേരെ തുറിച്ചു നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
ഇവൾക്കിത് എന്ത് പറ്റി.മ്.അറിഞ്ഞിട്ട് തന്നെ കാര്യം.അവൻ ചെറിയൊരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ അമ്മാളു രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലി പാകമാക്കുന്ന തിരക്കിലാണ്.