രക്തരക്ഷസ്സ് 26 45

ചുരുട്ടിൽ നിന്നും പുറംന്തള്ളപ്പെട്ട കനത്ത പുക ഉരുണ്ട് കൂടി അയാളുടെ കാഴ്ച്ച മറച്ചു.

ശാന്തമായ പ്രകൃതിയുടെ മാസ്മരികതയിൽ തനിക്ക് മേൽ മരണം കരിമ്പടം പുതച്ച് കാത്തിരിക്കുന്നത് അയാളറിഞ്ഞില്ല.

ക്ലോക്കിലെ സൂചികൾ ഇഴഞ്ഞു നീങ്ങി.ബ്രഹ്മയാമത്തിന്റെ ഉണർവറിയിച്ചു കൊണ്ട് ഒരു മയൂരം ഉറക്കെ കരഞ്ഞു.

വള്ളക്കടത്ത് ദേവീ ക്ഷേത്ര മണ്ണിൽ നടന്ന നിഗൂഢ പൂജകൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു.

“ഓം സർവ്വ ബാധ ദോഷ നാശയ നാശയ ഹും ഫട് സ്വാഹ.”
മന്ത്ര ധ്വനികളോടെ കറുക, കർപ്പൂരം,കുറും പാലക്കമ്പ് എന്നിവ ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു കൊണ്ട് ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ച് പ്രാർത്ഥിച്ചു.

പന്തിയൂർ ഇല്ലത്തെ വാമദേവൻ തന്ത്രി രാശിപ്പലകയിൽ കവുടി നിരത്തി.

കൂട്ടിയും കിഴിച്ചും രാശികളിൽ നിന്നും രാശികളിലേക്ക് മാറിയ ലക്ഷണം ഒടുവിൽ ചിങ്ങം രാശിയിൽ ഉറച്ചു.

ചിങ്ങം.ഉത്തമം.പക്ഷേ അവിടെയും ചെറിയൊരു തടസ്സം കാണുന്നല്ലോ. ദേവീ പ്രസാദം കുറവ്.പുന:പ്രതിഷ്ഠ വേണമെന്ന് ലക്ഷണം.

ശങ്കര നാരായണ തന്ത്രിയുടെ നെറ്റി ചുളിഞ്ഞു.പുന:പ്രതിഷ്ഠ നടത്തണമെങ്കിൽ…ഇല്ല്യാ സമയം കുറവ്.ഇനിയും മാസങ്ങൾ കാത്തിരിക്കുക എന്നത് അസാധ്യം.

ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് നിരാശ പടർന്ന് കഴിഞ്ഞിരുന്നു.

പുലർ കാലത്ത് ധ്യാനം പൂർത്തിയാക്കി സിദ്ധികൾ വീണ്ടെടുത്ത് രുദ്ര ശങ്കരൻ അറയിൽ നിന്നും പുറത്തിറങ്ങും. ഞാൻ എന്താ ന്റെ ഉണ്ണിയോട് പറയുക.അമ്മേ ദേവീ പരീക്ഷിക്കരുതേ.

ചെയ്ത കർമ്മങ്ങൾ ഫലമില്ലാതെ പോകുമോ എന്ന് ആ വയോവൃദ്ധൻ ആകുലപ്പെട്ടു.

മറ്റൊരു വഴി കാണാതിരിക്കില്ല ഒരിക്കൽ കൂടി നോക്കൂ.വാഴൂർ വസുദേവൻ ഭട്ടതിരി പ്രതീക്ഷ കൈവിട്ടില്ല.

മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കവുടിയുരുട്ടി ഒരു പിടിയെടുത്ത് നെഞ്ചോട് ചേർത്ത് ധ്യാനിച്ചു വാമദേവൻ തന്ത്രി.

ചിങ്ങം രാശിയിൽ തന്നെ വീണ്ടുമെത്തിയതോടെ വസുദേവൻ ഭട്ടതിരിയുടെ മുഖത്തും നിരാശയുടെ കാർമേഘം തിങ്ങി.

എന്നാൽ വാമദേവൻ തന്ത്രിയുടെ മുഖത്ത് അല്പം ആശ്വാസം തെളിഞ്ഞു.ഒരു വഴി തെളിയുന്നു. പുന:പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം ഈ മണ്ണിൽ തന്നെയുണ്ട് എന്ന് സൂചന.

എവിടെ ശങ്കര നാരായണ തന്ത്രികൾ ആകാംക്ഷയോടെ ഇരുന്നിടത്ത് നിന്നും ചാടിയേറ്റു.