രക്തരക്ഷസ്സ് 25 32

Views : 5882

മംഗലത്ത് എത്തിയ ഉടനെ തന്നെ മേനോൻ തന്റെ മുറിയിൽ കയറി വാതിലടച്ചു.

ലക്ഷ്മി ഒന്ന് രണ്ട് തവണ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ല എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.

മേനോന്റെ മനസ്സ് നിറയെ വസുദേവൻ ഭട്ടതിരിയും സിദ്ധവേധപരമേശും പറഞ്ഞ കാര്യങ്ങളായിരുന്നു.

മരണ ഭയം തന്നെ ഒരു മനോരോഗി ആക്കുമോ എന്നയാൾ ഭയന്നു.വാതിൽ ശരിക്കും അടച്ചു എന്ന് പലവട്ടം അയാൾ ഉറപ്പ് വരുത്തി.

സമയം ഇഴഞ്ഞു നീങ്ങി.മംഗലത്ത് തറവാട്ടിലെ അവസാന പ്രകാശവും അണച്ച് അമ്മാളുവും കിടന്നു.

തറവാടും പരിസരവും ഇരുട്ടിൽ മുങ്ങി.എല്ലാവരും ഉറക്കം പിടിച്ചപ്പോഴും കൃഷ്ണ മേനോൻ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു.

ഉറങ്ങാൻ കണ്ണടയ്ക്കുമ്പോൾ ശ്രീപാർവ്വതിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു തുടങ്ങും.

നിദ്രാ ദേവി ഒന്ന് കനിഞ്ഞിരുന്നെങ്കിൽ എന്ന് അയാൾ കൊതിച്ചു.കണ്ണുകൾ ഇറുക്കിയടച്ചു.എപ്പോഴോ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു.

അതേ സമയം ക്ഷേത്രമണ്ണിൽ താന്ത്രികരുടെ പൂജ അതിന്റെ മൂർത്തിമ ഭാവത്തിൽ എത്തിയിരുന്നു.

നിരത്തി വച്ച തൂശനിലകളുടെ മുകളിൽ വാഴപ്പോളകൾ നിരത്തി നാല് കളങ്ങൾ നിർമ്മിച്ചു.

അതിൽ ആദ്യ മൂന്ന് കളങ്ങളിൽ അരി,പുഷ്പം,അഷ്ടദ്രവ്യവും നാലാമത്തെ കളത്തിനുള്ളിൽ ക്ഷേത്ര ബലിക്കല്ലിൽ നിന്നും ശേഖരിച്ച പൊടിയും നിരത്തി.

കളങ്ങളുടെ നാല് വശങ്ങളിലും നെയ്യ് മുക്കി ചുറ്റിയ കോൽ തിരികൾ കുത്തി നിർത്തി അഗ്നി പകർന്നു.

ശേഷം ശങ്കര നാരായണ തന്ത്രികൾ ദേവദത്തന് കണ്ണ് കൊണ്ട് എന്തോ ആജ്ജ്ഞ നൽകി.

ദേവൻ ഉടനെ ഒരു കൊച്ചുരുളിയിൽ ജലം നിറച്ച് ഹോമകുണ്ഡത്തിനു സമീപം വച്ചു.

ശേഷം അരയിൽ കരുതിയിരുന്ന ചെറിയ പട്ട് കിഴി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന മണ്ണ് ആ ജലത്തിലേക്ക് നിക്ഷേപിച്ച് മാറി നിന്നു.

വാഴൂർ വസുദേവൻ ഭട്ടതിരി തളികയിൽ നിന്നും ഒരുപിടി കുങ്കുമം എടുത്ത് നെഞ്ചോട് ചേർത്ത് മന്ത്രം ജപിച്ചു കൊണ്ട് ദേവൻ കൊണ്ട് വച്ച ജലത്തിലേക്ക് നിക്ഷേപിച്ചു.

അടുത്ത നിമിഷം ജലം ഒന്നിളകി. പിന്നെ പതിയെ തെളിഞ്ഞു വന്നു.ഏവരുടെയും ദൃഷ്ടി അതിലേക്ക് തന്നെയായിരുന്നു.

പതിയെ അതിൽ ഓരോ മുഖങ്ങൾ തെളിയാൻ തുടങ്ങി.അമ്മാളു, ലക്ഷ്മി,അഭിമന്യു.അങ്ങനെ മൂന്ന് പേരുടെയും മുഖം ജലത്തിൽ മാറി മാറി തെളിഞ്ഞു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com