“ജീവിതം ഇരുൾമൂടുമ്പോൾ, എന്നെയും നിങ്ങളെയും ഒക്കെ തേടി നിരാശ എത്തിയേക്കാം. അത് തികച്ചും സ്വാഭാവികം. ഇവിടെ നിങ്ങളുടെ പ്രതികരണം ആണ് പ്രധാനം. എല്ലാ വഴികളും അടഞ്ഞുവെന്ന് തോന്നുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്ന് വരുന്ന ആ അതിജീവന ശബ്ദത്തിന് കാത് കൊടുക്കുക. വെളിച്ചമുള്ള ഭാഗത്തേക്കു നോക്കുക. ജീവിതം തന്നെ നമുക്ക് നിധി കാണിച്ചു തരും. ജീവിക്കാനുള്ള കൊതി അപ്പോൾ നമ്മിലുണ്ടാവും. നിങ്ങളുടെ ജീവിതമാകുന്ന സൗധം പകുതിക്കു വെച്ച് പണിമുടക്കി പോകണമോ? നിങ്ങളേക്കാൾ വലിയൊരു ശില്പി ഇല്ല അത് പണിയുവാൻ!. അതോർക്കുക.”
“ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തട്ടെ. നന്ദി, നമസ്കാരം.”
നിർത്താതെ മുഴങ്ങുന്ന കയ്യടികൾക്കിടയിലൂടെ ഹേമ നടന്നു നീങ്ങി. അവരുടെ തല ഉയർന്നിരുന്നു. മുഖത്തു ചെറുപുഞ്ചിരി. ഓഡിറ്റോറിയത്തിന് വെളിയിൽ മാധ്യമപ്രവർത്തരുടെ ഒരു കൂട്ടം അവരെ കാത്തു നിന്നു. പല വിഷയങ്ങളിലും ഉള്ള അവരുടെ നിലപാടുകൾ,അഭിപ്രായങ്ങൾ. അതിനിടയിൽ ഒരു യുവ പത്രപ്രവർത്തകന്റെ ചോദ്യം അവർ ശ്രദ്ധിച്ചു.
“മാഡം, ചെറിയ വാക്കുകളിൽ. മാഡത്തിന് ജീവിക്കാൻ ചോദന നൽകിയ ആ നിധി എന്തായിരുന്നു?”
“അമ്മേ” വെള്ളാരം കണ്ണുകൾ ഉള്ള ഒരു അഞ്ചുവയസുകാരി സുന്ദരി പുറകിൽ നിന്നും ഓടി വന്നു വന്നു ഹേമയെ കെട്ടിപ്പിടിച്ചു. ഹേമയുടെ അമ്മയും അമ്മാവനും പുറകെയെത്തി.
ഹേമ അവളെ ചേർത്തു പിടിച്ചുകൊണ്ട് മറുപടി പറഞ്ഞു: “താങ്കൾ ചോദിച്ചില്ലേ, ഇതാ ഇവളാണ് അതിനുള്ള ഉത്തരം. ഇതാണാ നിധി, എന്റെ മകൾ!”
എല്ലാവരോടും നന്ദി പറഞ്ഞു ഹേമയും കുടുംബവും കാറിൽ യാത്രയായി.
അതേ, ഇവളാണെന്റെ പ്രചോദനം. ജീവിക്കാനുള്ള എന്റെ ചോദന!’ മടിയിലേറിയ മോളെ തലോടി ഹേമ സ്വയം പറഞ്ഞു. ‘ഒരു തുണ്ടു ഷാളിൽ നിന്നും ഇന്നു ലഭിച്ച പൊന്നാടയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ മാലാഖ’. അഞ്ചു വർഷങ്ങൾക്ക് അകലെ, ജീവനൊടുക്കുവാൻ തുടങ്ങുന്നതിന് നിമിഷങ്ങൾ മാത്രം മുമ്പേയാണ് ഒരു അമ്മയാകാൻ പോകുന്നു എന്ന സത്യം താൻ മനസിലാക്കിയത്! അന്ന് മുതൽ ഇന്നേ വരെ ജീവിതത്തെ സ്നേഹിച്ചിട്ടേയുള്ളൂ. ഓരോ ദിനവും പൊരുതി. വിലപ്പെട്ട അനുഭവങ്ങൾ. ശെരിയാണ്!. ഈ അനുഭവങ്ങൾ ഒക്കെത്തന്നെയാണ് ജീവിതവും’!