അങ്ങനെ കളിച്ചും ചിരിച്ചു പരിഭവിച്ചും ജീവിതമാകുന്ന പുഴയിലൂടെ അവരുടെ ദാമ്പത്യം എന്ന തോണി ഒഴുകിനീങ്ങി.
~~~~~~~~~~~~
“ഹേമേ നാളെ മാത്രേ ഒള്ളു കേട്ടോ ലീവ്. മറ്റന്നാൾ എന്തേലും കാര്യമായിട്ട് കഴിക്കാൻ ഒള്ളതുമായിട്ട് ഇങ്ങെത്തിയേക്കണം.”
“ശെരി ചേച്ചീ” ഹെഡ്‍ നേഴ്സിന്റെ സ്നേഹവും താക്കീതും കലർന്ന വാക്കുകൾ കൂടുതൽ ശ്രവിക്കാതെ ഹേമ ഡ്യൂട്ടി കഴിഞ്ഞു തിടുക്കത്തിൽ ഇറങ്ങി. നാളെ ഒന്നാം വിവാഹവാർഷികം ആണെന്ന് പറഞ്ഞിട്ടുകൂടി അവധികിട്ടാൻ അല്പം പാടുപെട്ടു. ‘നഴ്സുമാരുടെ ഒരു അവസ്ഥ!’ അവൾ പരിതപിച്ചു.
വീട്ടിൽ ചെന്ന പാടെ ഹേമ അമ്മയോട് മോഹനെ പറ്റി തിരക്കി. ക്ഷീണം കാരണം മുറിയിൽ കിടന്നു ഉറങ്ങുവാണത്രെ! ‘ജോലി അതുകണക്കിനല്ലേ’ അമ്മ പിറുപിറുത്തു.
‘എന്തുപറ്റി? താനും ശ്രദ്ധിക്കാതിരുന്നില്ല, ഒന്നു രണ്ടാഴ്ചയായി ചേട്ടനൊരു ഉന്മേഷക്കുറവ് പോലെ’.
ഹേമ റൂമിലെത്തി മോഹനെ നോക്കി. കട്ടിലിൽ ചെരിഞ്ഞു കിടന്നു സുഖനിദ്ര. തനിക്കു തരാമെന്നേറ്റ സർപ്രൈസ് എന്തായിരിക്കും. ഹേമ അധികം തല പുണ്ണാക്കാതെ മോഹന്റെ അടുക്കലെത്തി അയാളുടെ തലയിൽ തലോടി.
അവളുടെ സ്പർശം മനസിലാക്കിയ പോലെ മോഹൻ കണ്ണുകൾ മെല്ലെ തുറന്നു.
“എന്തു പറ്റി ചേട്ടാ ക്ഷീണായോ?
“ഹേയ് എന്തു ക്ഷീണം! ചെറിയൊരു തലവേദന. കഴിഞ്ഞ ദിവസം ഒക്കെ ഒറക്കം അളച്ചുള്ള എഴുത്തുകുത്തുകൾ അല്ലാരുന്നോ, അതാവും.”
“അതെ, സാരമില്ല. ഒന്നൊറങ്ങി എഴുന്നേക്കുമ്പോ എല്ലാം ശെരിയാകും” ഹേമ ആശ്വസിപ്പിച്ചു.
“മോൾക്കുള്ള സമ്മാനം അലമാരയിൽ ഇരിക്കുന്നു.”
“ഏയ് അതൊന്നും ഇപ്പോ വേണ്ട.”
അടുത്ത ദിവസം നടന്ന വിവാഹ വാർഷിക പാർട്ടിയിൽ ക്ഷണം കിട്ടിയ എല്ലാവരും വന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേക്ക് മുറിക്കലും, മനം മയക്കുന്ന സംഗീതവും, ഫോട്ടോ എടുക്കലും, ഭക്ഷണം വിളമ്പലും, കുട്ടികളുടെ കലപിലയും ഒക്കെകൊണ്ട് ആകെ മൊത്തം സന്തോഷഭരിതമായി ആ സായാഹ്നം.
ആ ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും മോഹൻ ഹേമയുടെ കൈപിടിച്ചു മുറിയിലേക്കു പോയി. ഹേമയോട് കണ്ണടച്ച് നിൽക്കാൻ അയാൾ ആംഗ്യം കാണിച്ചു.
“വിsഷൂന്റെ സമയം ആയില്ലല്ലോ ചേട്ടാ” ഹേമ കണ്ണുകളടച്ചുകൊണ്ട് ആരാഞ്ഞു.
“മതിയെടോ തന്റെ ഇളിച്ച കോമഡി.”
മോഹൻ അലമാരയിലെ ഷെൽഫിൽ നിന്നും ആ സമ്മാനം എടുത്തു അവളുടെ കൈവിരലിൽ അണിയിച്ചു. കണ്ണ് തുറന്ന ഹേമ അതിശയിച്ചു. ‘ഡയമണ്ട് റിങ്!.’
“അയ്യോ! ഇത്, ഇത്രേം ഒന്നും വേണ്ടീരുന്നില്ല ചേട്ടാ.”
“വേണം! ഇത് തന്നെ പോരാന്നെനിക്ക് തോന്നുന്നു.”
“താങ്ക്യൂ ചേട്ടാ, താങ്ക്യൂ ഫോർ ദിസ് വണ്ടർഫുൾ ഈവനിംഗ്” ഹേമ മോഹന്റെ കൈപിടിച്ച് പറഞ്ഞു.