“മോളെ മേശപ്പുറത്തിരിക്കുന്ന ചായയെങ്കിലും കുടിച്ചിട്ട് പോ, രാവിലെ തന്നെ ഒന്നും ഇറക്കാതെ എങ്ങനാ!”
“ഓ ഒന്നും വേണ്ടമ്മേ, ഇപ്പോൾ തന്നെ വൈകി” ഹേമ ധൃതിയിൽ അമ്മയോട് പറഞ്ഞു.
‘സമയം ഏഴു കഴിഞ്ഞു. ഏഴരയ്ക്ക് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ഹെഡ്‍ നേഴ്സിന്റെ മുഖം കറുക്കും! ഇരുപതു മിനിറ്റ് കൊണ്ട് ആസ്പത്രിയിൽ എത്തുമോ?? എത്തും, നേഴ്‌സായി ജോലി തുടങ്ങിയ കഴിഞ്ഞ ഒരു കൊല്ലം ഇതല്ലേ പതിവ്.’
‘സമയം ഏഴു കഴിഞ്ഞു. അവൾ എത്തിയില്ലയോ!’ വീടിന്റെ ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു മോഹനൻ അക്ഷമനായി. ‘ഇനി അവധി എടുത്തു കാണുമോ? ഹേയ് അല്ല, ദാ അവൾ എത്തി!.’ മുന്നോട്ടാഞ്ഞിരുന്നു പത്രത്താളുകൾക്കിടയിലൂടെ മോഹൻ ഹേമയെ ഏറുകണ്ണിട്ടു നോക്കി.
‘ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ!’ ഈ സ്ഥിരം വായ്‌നോട്ടക്കാരനെ ഹേമ ശ്രദ്ധിക്കാത്ത മട്ടിൽ ശ്രദ്ധിച്ചിരുന്നു. ബസ്‌സ്റ്റോപ്പിന് നേരെ എതിർവശത്തുള്ള വീട്. ‘ആഢ്യത്വം ഉള്ള വീടൊക്കെ തന്നെ ആണെങ്കിലും അയാൾ അത്ര മാന്യൻ അല്ല.’ ബസ് നീങ്ങവേ ഹേമ അയാളെ രൂക്ഷമായി നോക്കി.
പതിവുപോലൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ഹേമ വീട്ടിലെത്തുമ്പോൾ അകത്തു നിന്നും ശബ്ദം ഉയർത്തി സംസാരം. ‘ഓ, അമ്മാവൻ എത്തിയെന്നു തോന്നുന്നു. ഏന്താണാവോ വരവിന്റെ ഉദ്ദേശം. സ്ഥിരം കല്യാണാലോചന ആവുമോ?’
“ആഹാ നീ എത്തിയോ. ഹേമേ നീ അങ്ങു ക്ഷീണിച്ച പോയല്ലോ!”
“ആശുപത്രിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം അല്ലേ അമ്മാവാ” ഹേമ ചിരിച്ചു.
“നീ ഇരിക്ക്, ഒരു കാര്യം പറയാനുണ്ട്” അമ്മ അടുക്കളയിൽ നിന്നും ചായയുമായി എത്തി.
“എന്താമ്മേ, എന്തേലും അന്താരാഷ്ട്ര വിഷയമാണോ.”
“അല്ല മോളെ തദ്ദേശീയമാ. നിന്റെ കല്യാണം. എത്ര നാളെന്ന് വെച്ചാ നീ ഇങ്ങനെ. വയസ്സിരുപത്തേഴായി” അമ്മാവൻ ഗൗരവത്തിലായി പറഞ്ഞു.
“എനിക്ക് ഉടനെ ഒരു കല്യാണം വേണ്ടമ്മാവാ” ഹേമ പരിഭവിച്ചു: ” ഗൾഫിൽ പോയി ജോലി നോക്കണമെന്നുണ്ട്. ഒരു രണ്ടു വർഷം കഴിഞ്ഞു മതി കല്യാണം ഒക്കെ.”
“നീ നാട്ടിലേം ഗൾഫിലേം പരീക്ഷകൾ ഒക്കെ എഴുതിക്കോ. കല്യാണം അതിനൊരു തടസാവില്ല” അമ്മ അമ്മാവനെ പിന്തുണച്ചു.
“പയ്യനാണേൽ ഗവണ്മെന്റ് ഉദ്യോഗം ഉണ്ട്. ബാങ്കിൽ മാനേജർ ആണത്രേ!.”
“ഓഹോ! ആരായാലും എനിക്കിപ്പോ വേണ്ട!.”
“നീ മിണ്ടാതിരിക്കുന്നുണ്ടോ ഹേമേ. ഒരു ആൺതുണ ഇല്ലാത്ത ഈ വീട്ടിൽ നിന്റെ അമ്മാവൻ വേണം എല്ലാം നോക്കി നടത്താൻ. അമ്മാവനും പ്രായം ആയി വരികാ.”
“അതെ അമ്മേ. അമ്മാവൻ ഞങ്ങളുടെ ഹോസ്പിറ്റലിലെ സ്ഥിരം വിസിറ്ററാ.”