മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103

സെക്കന്റ് ലാംഗ്വേജായ മലയാളത്തിലും പിന്നെ കൊമേഴ്‌സിലും മാത്രമാണ്. അതും നാമമാത്രമായ മാർക്കിൽ. പ്രീ ഡിഗ്രി പാസാവണമെന്നോ ഡിഗ്രിക്ക് ചേരണമെന്നോ എന്തെങ്കിലും ജോലി വേണമെന്നോ ഉള്ള യാതൊരു ചിന്തയും അവൾക്കില്ല. പുത്തൻ ഡ്രെസ്സുകൾ മാറി മാറി അണിഞ്ഞുവരിക, നല്ല വിലയുള്ള വിദേശ കോസ്‌മെറ്റിക്സ്  ഉപയോഗിക്കുക, രുചിയുള്ള ഭക്ഷണം കഴിക്കുക അങ്ങനെ മൊത്തത്തിൽ കോളേജ് ലൈഫ് അടിച്ചുപൊളിക്കുക  എന്നതാണ് അവളുടെ  ഒരു ലൈൻ. പിന്നെ നന്നായി കുക്ക് ചെയ്യും എന്നവൾ പറയാറുണ്ടെങ്കിലും ഞങ്ങൾക്കാർക്കും അത് വിശ്വാസമായിട്ടില്ല. പത്താം ക്‌ളാസിൽ ജസ്റ്റ് പാസ് ആയ അവൾക്ക് വലിയ തുക ഡൊണേഷൻ കൊടുത്താണ് അവളുടെ ബാപ്പ ഇവിടെ പ്രീ ഡിഗ്രിക്ക് അഡ്മിഷൻ വാങ്ങിക്കൊടുത്തത്.

“ഡീ അധികം പരിപ്പുവട കഴിച്ചാൽ മുഖക്കുരു വരുംട്ടാ” മനോജ് ഷമീറയെ കളിയാക്കി.
സത്യം പറഞ്ഞാൽ എനിക്കും ഷമീറയെ കളിയാക്കണമെന്നുണ്ടായിരുന്നു. പക്ഷെ അല്പം മുമ്പ് അജിത്ത് പറഞ്ഞ കാര്യങ്ങൾ എന്റെ മൊത്തം കാഴ്ചപ്പാടിനെ മാറ്റിയിരുന്നു.
“ഡീ നിർത്ത്. ഏതുനേരവും പരിപ്പുവട. നിന്റെ ബാപ്പാക്ക് ഗൾഫിൽ അറബിക്ക് പരിപ്പുവട ഉണ്ടാക്കിക്കൊടുക്കലായിരുന്നോ പണി.?”
ആതിര സാധാരണ ഫോമിലായി.
“അല്ലെടീ… എല്ലാവരെയും തവിടു കൊടുത്ത് വാങ്ങിയപ്പോൾ ഇവളെ പരിപ്പ് കൊടുത്തായിരിക്കും വാങ്ങിയത്…” മനോജ് നിർത്താൻ ഭാവമില്ല.
“ഡാ മനോജേ, നിന്റെ ഒരു അളിഞ്ഞ കോമെഡി ഒന്നു നിർത്താമോ. നമ്മൾ ഇങ്ങോട്ടു വന്ന കാര്യം മറന്നോ ?”
“ആതിരേ, അവൾ പറഞ്ഞത് ശരിയാ. നമുക്ക് ഓരോ ചായയും പരിപ്പുവടയും കഴിച്ചു തിരിച്ചു വന്നിട്ട് സംസാരിക്കാം.” അജിത്ത് പറഞ്ഞു.
“എന്നാ ശരി വാ ”  ലേഖ എഴുന്നേറ്റു.
“എന്താടാ കാര്യം?”  അവർ സംസാരിച്ചത് മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“അതൊക്കെ വന്നിട്ട് സംസാരിക്കാം. ഇപ്പൊ പോയി ചായ കുടിക്കാം…”
ഞങ്ങളെല്ലാവരും കാന്റീനിലെത്തി.