മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115

എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. ടേബിളിലും കൂട്ടുകാരുടെ കളി ചിരി തമാശകളായിരുന്നു കൂടുതൽ. ഞാൻ ടീനയെ ശ്രദ്ധിച്ചു. അവളും അവരുടെ കൂടെ കളി തമാശകളിൽ തന്നെയായിരുന്നു. ഒരു മിനിറ്റ് നേരത്തേക്ക്  അവളിൽ കണ്ട ആ ഭാവമാറ്റം എന്തായിരിക്കും?. അവളുടെ ഉള്ളിലും ഒരു അഗ്നിപർവതം പുകയുന്നുണ്ടാവണം.
ഭക്ഷണം കഴിച്ചു കഴിഞ്ഞു  ശ്രുതിയോടും വരൻ ആദർശിനോടും യാത്ര പറയാൻ ചെന്നു. കൂട്ടുകാരികൾ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്ന സമയത്ത് ഞാൻ ആദർശിനോട് സംസാരിച്ചു. ദിലുവിന്റെ ഉപ്പയാണെന്നു പറഞ്ഞപ്പോൾ ആദർശിനും അത്ഭുതമായി. ആദർശ് മെക്കാനിക്കൽ എൻജിനീയറാണ്, ഇപ്പോൾ വർക്ക് ചെയ്യുന്നത് യുഎ ഇ യിൽ ആണ്.  ദിലു വന്നു പോവാം എന്നു പറഞ്ഞിറങ്ങുബോഴാണ് ആദർശ് എന്നെ വിളിച്ചത്.
“അമ്മെ, ഇത് ശ്രുതിയുടെ ഫ്രണ്ടിന്റെ അച്ഛനാണ്.” എന്നെ കാണിച്ചു ആദർശ് അമ്മയോട് പറഞ്ഞു. നേരത്തെ ഞാൻ സ്റ്റേജിൽ വെച്ചു കണ്ട ആ കസവുസാരി ആയിരുന്നു ആദർശിന്റെ അമ്മ. ഞാൻ ഒന്നും മിണ്ടാതെ അവരെത്തന്നെ നോക്കി നിന്നു.
” ഇത് എന്റെ അമ്മ.”  ആദർശ് പറഞ്ഞു.
എന്നെ മനസ്സിലായതു കൊണ്ടോ അതോ  ഓർമ കിട്ടാതെയോ  അതോ ഇനി പറയാൻ വാക്കുകൾ കിട്ടാതെയാണോ എന്നറിയില്ല, ആ സ്ത്രീ ഒന്നും പറയാതെ, തികഞ്ഞ ആശ്ചര്യത്തോടെ എന്നെ നോക്കി നിന്നു.
അല്പനിമിഷത്തെ ഇടവേളയ്ക്കു ശേഷം ആ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
“ഫൈസൽ റഹ്മാൻ…!”
ആ കണ്ണുകളിലെ തിളക്കത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല,   ആ ശബ്ദം മാത്രം മതിയായിരുന്നു എനിക്ക് ആളെ മനസ്സിലാവാൻ.
“ആതിര”
*****************************************
 (തുടരാം…)