മാർജ്ജാരം 13

നീത്തായുടെ ഏകാന്തതയിലെ അസ്വസ്ഥമായ മനസ്സിൽ നിസ്സാരമായൊരു പൂച്ചയുടെ നിശബ്ദത നിഴൽ വിരിച്ചു. ആരെയും ഗൗനിക്കാതെ, ഹൃദയത്തിലൊരു ഉൾപ്പക പേറിക്കൊണ്ടെന്നവണ്ണം പൂച്ച ജനാലയ്ക്കരികിൽ ഉറങ്ങാതിരിക്കുന്നത് അവരെ കൂടുതൽ അസ്വസ്ഥയാക്കി. സ്വപ്നങ്ങളിൽ വന്ന് മോണകാട്ടി ചിരിച്ചുകൊണ്ടിരുന്ന കുഞ്ഞ് എങ്ങോ മാഞ്ഞുപോയിരുന്നു. വാർദ്ധക്യവും, ഏകാന്തതയും, വിഷാദവുമെല്ലാം ചേർന്ന് മനസ്സിന്റെ താളം താറുമാറാക്കിയപ്പോൾ, വിഷം കലർന്ന സ്മൃതിയുമായി അവർ, തന്നെ അനശ്വരയാക്കിയ മാക്ബത്തിലെ കഥാപാത്രങ്ങളുടെയിടയിലേക്ക് ഇടയ്ക്കിടെ അറിയാതെ ഊളിയിട്ടു.

മാക്ബത്ത് നാടകത്തിലെ കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് മാക്ബത്ത് പ്രഭ്വിയുടെ കഥാപാത്ര ചിത്രീകരണത്തെ ഇടകീറി പരിശോധിച്ച്, മനശ്ശാസ്ത്രപരമായൊരു സാഹിത്യ പഠനം നടത്തിയതിനാണ് പശ്ചാത്യലോകം അവരെ അനശ്വരയാക്കിയത്. രണശൂരനായ മാക്ബത്ത്, തന്റെ ഉറക്കത്തെ കൊന്നുകളഞ്ഞു എന്നുപറഞ്ഞ് വിലപിക്കുന്നത് അവരുടെ മുറിവേറ്റ ഭാവനയിൽ നിറഞ്ഞുനിന്നു. അതിനുപരി, തന്റെ ഭർത്താവിലെ ആർദ്രതയുടെ മധുരക്ഷീരം വറ്റിച്ച്, അദ്ദേഹത്തെ ഒരു കൊലമാല തീർക്കുവാൻ പ്രാപ്തനാക്കിയ ലേഡി മാക്ബത്തിന്റെ അസ്തിത്വത്തിലേക്ക് അവർ സ്വയം സമരസപ്പെട്ടു. ലേഡി മാക്ബത്തിന് മക്കളില്ല. അവർ പ്രസവിച്ചിട്ടില്ല. എന്നാലവർ ഭർത്താവിനെ പൊന്നുപോലെ സ്നേഹിച്ചിരുന്നില്ലേ? കഥാപാത്രത്തിലെ സ്നേഹത്തിന്റേയും, ഉണങ്ങിവരണ്ട

പിള്ളയില്ലാ സ്വരൂപത്തിന്റേയും, അതോടൊപ്പം സ്ത്രീയുടെ നേരെ പാതകം ചെയ്യുന്ന ജനതയോടുള്ള വെറുപ്പുമൊക്കെ കലർന്ന സ്വഭാവരസക്കൂട്ടാണ് നീത്താ പഠന വിധേയമാക്കിയത്. എന്നാൽ അവസാനം ലേഡി മാക്ബത്ത്, നിഷ്കളങ്കനായ ഡങ്കന്റെ രക്തം പുരണ്ട തന്റെ കൈകളേയും, അവ നിവർത്തിച്ച കൃത്യങ്ങളേയും തള്ളിപ്പറഞ്ഞ് വിലപിക്കുകയും ചെയ്യുന്നു. കവിയുടെ കൈയ്യൊപ്പ് പതിഞ്ഞ കഥാപാത്രത്തിന്റെ കണ്ണുകളിൽ വറ്റാത്ത നീരുറവകൾ ഉണ്ടായിരുന്നുവെന്ന്, ഹൃദയത്തിലെവിടെയോ ആർദ്രതയുടെ മുത്തുകൾ സൂക്ഷിച്ചിരുന്നുവെന്ന് ഒരിക്കൽ നീത്താ തന്റെ യൗവ്വനം തുടിച്ചു നിൽക്കുന്ന പുഞ്ചിരിയോടെ പ്രസംഗിച്ചിരുന്നു. ഇന്ന് സദസ്സും കരഘോഷങ്ങളോന്നുമില്ലാത്ത ഏകാന്തതയിൽ, വിഷാദത്തിന്റെ പാരമ്യതയിൽ, കഥാപാത്രത്തിന്റെ വികാരങ്ങളെ അവർ സ്വയം ഏറ്റെടുത്തു.

തന്നെ നോക്കുന്ന പൂച്ചയെ കാണുമ്പോൾ അവരൊരു തേങ്ങലോടെ പറയും:

” എന്നെയിങ്ങനെ നോക്കുന്നതെന്തിന്? നിന്നെയൊരു പാഴ്ജന്മമാക്കി മാറ്റിയത് ഞാനെന്ന് കരുതിയോ ഈ നോട്ടം? തേവിടിശ്ശീ പറ.. നിന്റെ ഭ്രൂണ പിണ്ഡത്തെ ചുട്ടെരിച്ചത് ഞാനോ? പോ.. എന്നെ നോവിയ്ക്കാതെ പുറത്ത് പൊയ്ക്കോ ..ദൈവമേ! ഈ പൂച്ചയ്ക്കിത്ര തിരിച്ചറിവുണ്ടായിരുന്നു എന്ന് ആരു കണ്ടു!”