നെറ്റിൽ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ അമ്മുമ്മയെയാണ് ആശ്രയിച്ചിരുന്നത്.
” അമ്മൂമ്മേ നിമ്മിയ്ക്കൊരു മണികെട്ടിയാൽ അവൾക്കിഷ്ടാകുമോ?”
സ്വർദ്ദുനി ചോദിച്ചു.
“കെട്ടിക്കോളു. പക്ഷെ പൊതുവെ പൂച്ചകൾക്കിതൊന്നും ഇഷ്ടമല്ല. ദേഹം വൃത്തിയായിരിക്കണമെന്നാ അതിനുള്ളത്. കണ്ടിട്ടില്ലേ എപ്പോഴും അത് ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുന്നത്?”
“അമ്മൂമ്മേ നമ്മൾ പോയാൽ നിമ്മി ഞങ്ങളെ ഒരുപാട് മിസ്സ് ചെയ്യുമോ?” സൻവിദ് ചോദിച്ചു.
“അറിയില്ല കുട്ടിയേ.. പൂച്ച വളരെ സെൻസിറ്റീവായ ജീവിയാണെന്നാ തോന്നുന്നേ..”
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ തിരികെ മടങ്ങി. ഇടയ്ക്കിടെ ഫോൺ ചെയ്യുമ്പോഴെല്ലാം കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട നിമ്മിയുടെ വിശേഷങ്ങൾ ചോദിച്ചു. അപ്പോഴെല്ലാം പല്ലവി പൂച്ചയുടെ ഒരു ഫോട്ടോയെടുത്ത് വാട്സാപ്പിലൊ മറ്റോ അയച്ചുകൊടുക്കും. കൂട്ടുകാരിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾ ഫോട്ടോയിലൂടെയും ചെറിയ വീഡിയോകളിലൂടേയും കണ്ടു രസിച്ചു.
നല്ല ആരോഗ്യത്തോടെ വളർന്ന പൂച്ചയാകട്ടെ വീടിനുള്ളിലും പുറത്തും ഓടിച്ചാടി നടക്കുകയും ഇടയ്ക്കിടെ, പക്ഷികളെ പിടിയ്ക്കാനെന്നവണ്ണം മരങ്ങളിൽ വലിഞ്ഞു കയറുകയും ചെയ്തുകൊണ്ടിരുന്നു. ഉറക്കത്തിനായി അത് വിലകൂടിയ സോഫകളോ, നീത്തായുടെ കട്ടിലിന്റെ ഒരു വശമോ കണ്ടെത്തി. സ്നേഹം കാട്ടിക്കൊണ്ടത് അവരുടെ മടിയിലേക്ക് കയറുകയോ, അടുക്കളയിൽ പല്ലവിയുടെ അടുത്തു ചെന്ന് കാലുകളിൽ മുട്ടിയുരുമ്മുകയോ ചെയ്തു.
ഒരു നാൾ പുറത്ത് ആൺപൂച്ച കരയുന്നതു കേട്ടപ്പോൾ പല്ലവി പറഞ്ഞു:
” നല്ല കഥയായി. ഇനിയിപ്പോയെത്രയാണാവോ പെറ്റുകൂട്ടാൻ പോണത്. ഇവിടെമാകെ പൂച്ചകളെക്കൊണ്ട് നിറയും.
“സ്പേയിംഗ് ചെയ്യിക്ക്” മകൾ വിളിച്ചപ്പോൾ പറഞ്ഞു.
” സിന്ധുദുർഗിൽ തന്നെ ക്ലിനിക്കുണ്ടല്ലോ. അമ്മയോട് കൂടി നീയും പൊയ്ക്കോ. അവിടെ വരെ പോകുന്ന കാര്യമല്ലേയുള്ളു. ഡ്രൈവറോട് അല്പം നേരത്തെ വരാൻ പറഞ്ഞാൽ മതി”
കാറിൽ, നീത്തായുടെ മടിയിൽ, പൂച്ച പുറം കാഴ്ചകൾ നോക്കി കൗതുകത്തോടെയിരുന്നു. കാറിനുള്ളിലേക്ക് എങ്ങനെയോ ഒരു ചിത്രശലഭം അകപ്പെട്ടപ്പോൾ ചാടിപ്പിടിക്കാനായി അതൊരു ശ്രമം നടത്തി.
എന്നാൽ ക്ലിനിക്കിൽ നിന്ന് മടങ്ങിവന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൂച്ചയിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. അത് നിശബ്ദയായി. തീറ്റ കുറഞ്ഞു. അല്പം മെലിഞ്ഞു. ചിലപ്പോഴൊക്കെ പൂച്ച അലമാരയിലെ കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്ന ശേഷം മേശയ്ക്കടിയിൽ വന്ന് മ്ലാനതയോടെ ഇരിക്കും. തുറന്നിട്ട ജാലകത്തിലൂടെ ചോളപ്പാടങ്ങളെ നോക്കിയിരിക്കുന്നത് അതൊരു പതിവാക്കി. ഒരു ശോകഭാവത്തോടെ,:ഉള്ളിൽ ധാർഷ്ട്യം നിറഞ്ഞ ചിന്തകൾ സ്വരുക്കൂട്ടുകയാണെന്ന് തോന്നും കണ്ടാൽ. കണ്ടൻ പൂച്ചകളുടെ വിളി അത് പാടെ നിരാകരിച്ചു. പുറത്തേക്കൊന്നും പോയതുമില്ല. വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ പക്ഷികളേയും അണ്ണാറക്കണ്ണൻമാരേയും അവഗണിച്ചുകൊണ്ട് നിശബ്ദമായുള്ള ആ ഇരിപ്പു തുടർന്നു.