” എ വൈഡ് സ്പാൻ ഓഫ് ത്രീ ഹൺഡ്രഡ് ഇയേഴ്സ്” ശ്രോതാക്കളിലൊരു വിദ്വാൻ വിളിച്ചു പറഞ്ഞു. സദസ്സ് പൊട്ടിച്ചിരിച്ചു കരഘോഷം മുഴക്കി. ഇങ്ങനെ തന്റെ ജീവിതത്തിൽ കടന്നുപോയ നല്ല സായാഹ്നങ്ങളെയോർത്ത് ഒരു പുഞ്ചിരിയോടെ അവർ കിടക്കാറുണ്ട്.
ചിലപ്പോൾ മുറിക്കകത്തിരിക്കുമ്പോൾ, ജനാലയിലൂടെ നോക്കിക്കൊണ്ട് അവർ പല്ലവിയോട് ചോദിക്കും:
” പല്ലവി ആരാ അവിടെ വാതിലിൽ വന്നു നിൽക്കുന്നത്? ആരൊക്കയാ പുറത്ത്?”
“ആരുമില്ല നാനി. നാനിക്ക് വെറുതെ തോന്നുന്നതാണ്”
” നീ വരാന്തയിലേക്ക് ചെന്ന് നോക്ക്. കാണുന്നില്ലേ? അതാ നോക്ക്. ആരൊക്കെയാ കണിക്കൊന്നയുടെ ചുവട്ടിൽ വരിവരിയായിരിക്കുന്നത്? പാടത്തെ പണിക്കാരാണോ? അവർക്ക് ചപ്പാത്തിയും ഭാജിയും എടുത്ത് കൊടുക്ക്. ഡോക്ലായുണ്ടെങ്കിൽ അതും. വിശന്നിരുത്താൻ പാടില്ലാന്നറിയില്ലേ?”
“അവിടെയാരുമിരിപ്പില്ല. ഉണ്ടെങ്കിൽ ഞാൻ ആഹാരം കൊടുക്കില്ലേ നാനി? ആ വാതിലടച്ചു കിടന്നോളൂ”
കുറച്ചുനേരം നിശബ്ദം. പിന്നെയും ചോദിക്കും:
” ആരാ വന്നത്? നീലേഷാണോ. കൂജയിലെ വെള്ളമെടുത്ത് കൊടുക്ക്. ഞാൻ കിടക്കുകയാണെന്ന് പറയ്. ഫ്ലാസ്കിൽ കാപ്പിയുണ്ടാക്കിക്കൊണ്ട് മേശപ്പുറത്ത് വയ്ക്ക്. അധികം മധുരം വേണ്ട”
” ഡാക്കിട്ടർ മരിച്ചില്ലേ നാനി? പിന്നെയെങ്ങനാ ഇപ്പോ വരിക?”
“മരിച്ചുവോ? എങ്ങനേ?”
ഈ കിളവിയെക്കൊണ്ട് തോറ്റു എന്നും പറഞ്ഞ് പല്ലവി പിറുപിറുക്കും.
കുറച്ചു സമയത്തിനുള്ളിൽ ചിലപ്പോൾ ഉച്ചത്തിലൊരു തേങ്ങൽ കേൾക്കാം.
” നമ്മുടെ കുഞ്ഞ് പോയില്ലേ! ഞാനൊന്നുണർന്നു ചുംബിക്കുന്നതിന് മുൻപേ ജീവനെടുത്തില്ലേ! അയ്യോ ഇനി ഡോക്ടർമാരാരെങ്കിലും കൊന്നതാകുമോ? കൂടെയുള്ളവരോട് ചോദിക്കാമായിരുന്നില്ലേ? എനിക്കൊന്നുകൂടി അവളെ ഗർഭം ധരിക്കാൻ കഴിഞ്ഞെങ്കിൽ!
എന്താ ഒന്നും മിണ്ടാത്തത്. ഇങ്ങടുത്ത് വന്നിരിക്കണം. പല്ലവിയെവിടെ? പുതിയ ഒരു ബ്ലാങ്കറ്റും തലയിണയും ഇങ്ങെടുക്ക്. അയ്യോ നമ്മുടെ കുഞ്ഞു പോയി!”
“നാനി ഇങ്ങനെ തേങ്ങിക്കരയാൻ മാത്രം ഇവിടെന്തുണ്ടായി? അയൽപക്കത്താൾക്കാരില്ലേ! ദയവ് ചെയ്ത് കരയാതിരിക്കു”
പല്ലവി മുറിയുടെ വാതിൽക്കൽ വന്ന് ദേഷ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് തിരികെ പോകും.
ഒരു പാതിമയക്കത്തിൽ ഞെരിപിരികൊണ്ട് ചിലപ്പോൾ അവർ പറയും:
” ആരാ അത്? പ്രൊഫസ്സർ തിമോത്തി കോൾമാനോ? ഞാൻ വരില്ലായെന്ന് എത്ര പ്രാവശ്യം പറഞ്ഞു! അങ്ങ് പൊയ്ക്കോളു. എന്റെ കൈയ്യിൽ മുത്തമിട്ടുകൊണ്ടിങ്ങനെ മുട്ടുകുത്തിയിരിക്കണ്ടാ…
മിസ്റ്റർ എഡ്മണ്ട് ഹീനിയോ? അയ്യോ വെറുതെയിരിക്കൂ. നീലേഷ് അടുത്ത റൂമിലുണ്ട്. കണ്ടാൽ എന്തു വിചാരിക്കും! ഒരിക്കലെന്നെ ചുംബിച്ചപ്പോൾ എതിർത്തില്ലായെന്നും പറഞ്ഞ് എപ്പോഴുമോ? വേണ്ടാ.. വേണ്ടാ..”