മാർജ്ജാരം 13

ഇരുൾനിറഞ്ഞൊരു മൂകതയായിരുന്നു ബംഗ്ലാവിലാകമാനമുണ്ടായിരുന്നത്. കഴിഞ്ഞ കുറേക്കാലമായി അങ്ങനെതന്നെയാണ്. പ്രഭാതങ്ങളിൽ ജനാലകൾക്കിടയിലൂടെ കടന്നുവരുന്ന സൂര്യരശ്മികളും രാത്രികാലങ്ങളിൽ വല്ലപ്പോഴും വീഴുന്ന നിലാവുമൊഴിച്ചാൽ ഏറെക്കുറേ ഇരുൾ നിറഞ്ഞതായിരുന്നു അവിടെല്ലാം. വെളിച്ചത്തെ പ്രതിബിംബിപ്പിക്കുന്ന മിനുസമേറിയ പ്രതലങ്ങൾ വിരളമായിരുന്നു. തെളിമയാർന്ന മനുഷ്യമനസ്സുകളും ജാസ്തി.

പകൽ സമയങ്ങളിൽ പല്ലവി ഒരു ലൈറ്റോ മറ്റോ ഇടുകയാണെങ്കിൽ നീത്താ അജ്ഗൗക്കർ വല്ലാതെ ഒച്ചയെടുക്കും:

“എനിക്കിഷ്ടമില്ലാന്നറിയില്ലേ..ലൈറ്റണയ്ക്ക്. ഒന്നും ഇതുവരെ പഠിച്ചില്ലാ ല്ലേ?”

അവരുടെ തന്നെ ശബ്ദമൊഴിച്ചാൽ ബംഗ്ലാവ് ആകെ മൂകമായിരുന്നു. എന്നാൽ പുറത്ത്, പകലെങ്ങും കിളികളുടെ ശബ്ദമുണ്ട്. വല്ലപ്പോഴും അണ്ണാറക്കണ്ണൻമാർ ചിലച്ചുകൊണ്ട് ജനൽ കടന്ന് വരാറുണ്ട്. ചിലപ്പോഴൊക്കെ ഒരു അരിപ്രാവോ തത്തമ്മയോ മുറിക്കകത്തേക്ക് അകപ്പെട്ട് ചിറകടിച്ച് ചുറ്റിക്കറങ്ങി തിരിച്ചുപോകും. അപ്പോഴൊക്കെ പൂച്ച മുകളിലേക്ക് വട്ടംചുറ്റി വീക്ഷിച്ചതിന് ശേഷം തന്റെ പതിവ് സോഫയിൽ കൈ കാലുകൾ നിവർത്തി അലസതയോടെ കിടക്കുമെന്നല്ലാതെ അതിന് അണ്ണാറക്കണ്ണൻമാരിലും പക്ഷികളിലുമൊന്നിലും താല്പര്യമുണ്ടായിരുന്നില്ല.

പലപ്പോഴും നീത്തായുടെ മുറിയിൽ നിന്ന് തേങ്ങിക്കരച്ചിലുകൾ കേട്ടിരുന്നു. വലിയ ഒപ്പാരും ഹൃദയം നുറുങ്ങുന്ന തേങ്ങലും തന്നെ.

” അമ്മയെന്തിനിങ്ങനെ ഒരാവശ്യവുമില്ലാതെ കരയുന്നു? അവിടിങ്ങനെ ഒറ്റയ്ക്ക് കഴിയാതെ ഞങ്ങളുടെ കൂടെ വന്നു താമസിച്ചുകൂടേ? ഞങ്ങൾക്കൊരു കൂട്ടുമാകും. പിള്ളേർക്ക് എന്തിഷ്ടമാണെന്നോ അവരുടെ അമ്മൂമ്മയെ!”

അമേരിക്കയിൽ സെറ്റിൽഡ് ആയ മക്കൾ അൻജിതയും അൻവിതയും ഫോൺ വിളിക്കുമ്പോഴൊക്കെ നിർബന്ധിച്ചുകൊണ്ടിരുന്നു.

എന്നാലവരൊട്ട് പോകില്ല. താൻ ജനിച്ച് വളർന്ന സിന്ധുദുർഗിലെ ചോളപ്പാടങ്ങളേയും കണ്ട്, ഓർമ്മകളിൽ നീന്തിത്തുടിച്ച് ശിഷ്ടകാലം ജീവിക്കാനാണ് നീത്താ ആഗ്രഹിച്ചത്.

ഒരിക്കലൊരു ഇന്റർവ്യൂവിൽ അവർ പറഞ്ഞു:

” ഒരു പെൺകുട്ടി ഓർമ്മിക്കാനാഗ്രഹിക്കുന്നത് അവളുടെ കൗമാരം മുതലുള്ള ജീവിതമാകാം. പ്രണയത്തിന്റെ രശ്മികൾ അവൾ തിരിച്ചറിയുന്ന കാലമാണത്. അന്നുമുതലാണ് അവൾ ജീവിച്ച് തുടങ്ങുന്നത്. ഒരു വേഴാമ്പലിനെപോലെ അവൾ പ്രണയത്തിന്റെ ആദ്യ ശ്വേതരേണുക്കളെ കാത്തിരിക്കുന്നു. അത് എക്കാലവും ഓർമ്മയിൽ പച്ചപ്പോടെ നിലകൊള്ളും. എന്നെ സംബന്ധിച്ചിടത്തോളും അവ സിന്ധുദുർഗിലെ ഞങ്ങളുടെ ചോളപ്പാടങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്റെ ഭർത്താവ് നീലേഷ് അജ്ഗൗക്കറെ കണ്ടതു മുതൽ അവ തുടങ്ങുകയാണെന്നും വേണമെങ്കിൽ പറയാം. അതിന് മുൻപുള്ള ഓർമ്മകളെ വെടിയുവാൻ ഞാനൊരുക്കമാണ്. സന്നദ്ധയുമാണ്. ഒരു പക്ഷേ എന്റെ മാത്രം അഭിപ്രായമാകാമിത്”