സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. മുറികളിൽ ഇരുട്ടു വീണപ്പോൾ കരച്ചിൽ ഉച്ചത്തിലായി. പിന്നെയവർ ആരോടെന്നില്ലാതെ പലതും സംസാരിച്ചുകൊണ്ടിരുന്നു.
” സ്വാതന്ത്ര്യം കിട്ടിയ നാളുകളിൽ ഗാന്ധിജിയുടെ മുന്നിൽ പൈശാചികമായൊരു മാക്ബത്ത്- ബാങ്കോ ഗെയിം!”
മറിച്ചു നോക്കിയ പുസ്തകങ്ങളിൽ താൻ പണ്ടെഴുതിയ രാഷ്ട്രീയ ചുവയുള്ള ലേഖനങ്ങൾ പ്രജ്ഞയിൽ കുഴഞ്ഞു മറിയുകയാണ്.
” സുഭാഷിനേയും വംശത്തേയും മുച്ചൂടും മുടിച്ചില്ലേ! ഒടുങ്ങിപ്പോ! അതാ വിഷലിപ്തമായൊരു കഠാര! അത് അധികാരചഷകത്തിൽ നിന്ന് മോന്തുന്നു.. മാറിപ്പോ! എന്നെ അലട്ടരുത്..”
കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം വീണ്ടുമവർ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.
പൂച്ച ഇരുളടഞ്ഞ മുറികളിലെല്ലാം കയറിയിറങ്ങി റോന്തുചുറ്റിയതിനുശേഷം തിരികെ വന്ന് സോഫയിൽ കയറി നിവർന്നു കിടന്നു.
” അൻജൂ അൻവിയെ ഇങ്ങനെ ഓടിക്കാതെ! അവൾ വീഴും. ഒന്നിങ്ങു വരാമോ. അൻജുവിതാ മരത്തിൽ കയറുന്നു. പറഞ്ഞിട്ടനുസരിക്കുന്നില്ലാ.. അയ്യോ എന്റെ കുഞ്ഞ് കൺതുറക്കുന്നതിന് മുന്നേ പോയല്ലോ.. ദൈവമേ നോവിക്കാതെയെന്നെ കൊന്നുതരേണമേ! പൂച്ചേ നീ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെട്ടോ.. ഇവിടെ നിൽക്കേണ്ടാ.. ഓടി പൊയ്ക്കോ!”
കുറച്ചു കഴിഞ്ഞ് വലിയൊരു നിലവിളി കേട്ടു. പിന്നെ പതിയെയുള്ള തേങ്ങലും മൂളലും.
ഒരാൾ ഊക്കോടെ തലയടിച്ച് നിലത്തുവീഴുന്നതു പോലുള്ള ശബ്ദം കേട്ടാണ് പൂച്ച തലയുയർത്തി ചുറ്റും നോക്കിയത്. പിന്നെയത് വീണ്ടും ചുരുണ്ട് കിടന്നുറക്കമായി. കുറേ സമയത്തിനുശേഷം അതെണീറ്റ് മൂരി നിവർന്ന് കോട്ടുവായിട്ടു. അടുക്കളയിലേക്ക് ചെന്ന് ഫ്ലിഡ്ജിനു താഴെ പിഞ്ഞാണത്തിൽ വച്ചിരുന്ന ക്യാറ്റ്ഫുഡ് കഴിക്കാൻ തുടങ്ങി. മതിയായപ്പോൾ തിളങ്ങുന്ന കണ്ണുകളുമായി അത് വീണ്ടും മുറികളിൽ റോന്തുചുറ്റി. നീത്തായുടെ മുറിയിലേക്ക് കയറി നിലത്തെ തണുത്തുറഞ്ഞ ശരീരത്തിൽ വെറുതെ മുട്ടിയുരുമ്മി. നിലത്തെ രക്തം കാലുകളിൽ പുരണ്ടപ്പോൾ അതൊന്ന് മടിച്ചു നിന്നു. പിന്നെ മണത്തുനോക്കി കരുതലോടെ തളം കെട്ടിക്കിടന്ന രക്തത്തെ ചാടിക്കടന്ന് ഡൈനിംഗ് റൂമിലേക്ക് വന്നു. പുറത്ത് നിലാവുണ്ടായിരുന്നു. അത് വീണ്ടും ജനാലയിലേക്ക് കയറി ആകാശത്ത് മേഘശകലങ്ങൾ നീങ്ങി പോകുന്നത് കുറേ നേരം നോക്കിയിരുന്നു. പിന്നെ ഉറക്കച്ചടവോടെ സോഫയിലേക്ക് ചാടിയിറങ്ങി.
ഒരിക്കൽ നീത്താ, ഷേക്സ്പിയറുടെ വരികൾ പഠിപ്പിച്ചിരുന്നു.
” അവൾക്ക് ഇതിനുശേഷം മരിക്കാമായിരുന്നു. അതിനനുയോജ്യമായൊരു സമയവുമുണ്ടാകുമായിരുന്നു. നമ്മുടെ ഇന്നലെകളെല്ലാം പൊടിയണിഞ്ഞ മരണത്തിലേക്ക് വിഡ്ഢികൾക്ക് വിളക്കു കാണിച്ചുകൊടുക്കുകയാണുണ്ടായിട്ടുള്ളത്. ഹോ! അണഞ്ഞ് മുടിയ് ഹ്രസ്വമായ ജീവിതദീപമേ! ജീവിതം വെറുമൊരു വിഡ്ഢി പറഞ്ഞ കഥയത്രേ! ശബ്ദകോലാഹലങ്ങൾ നിറഞ്ഞ, മാനങ്ങളില്ലാത്ത ഒരു കഥ. എല്ലാ പെൺമനസ്സുകളിലും മാക്ബത്ത് പ്രഭ്വിയുടെ ഒരു ഛായ നിഴലിക്കുന്നില്ലേ? ഭർത്താവിന്റെ ധീരതയിൽ അഭിമാന പുളകിതയായി നിശബ്ദതയോടെ അദ്ദേഹത്തെ കാത്തിരിക്കുന്നവൾ. ആരും കാണാതെ കരയുന്നവൾ. ശപിക്കപ്പെട്ട ജീവിതത്തിലും പാൽ ചുരത്താൻ വെമ്പുന്നവൾ.. അന്ത്യ ശ്വാസം വരെ രാജാവിന് സാന്ത്വനമേകുന്നൊരു രാജ്ഞി. പിന്നെയവൾ മരണം പൂകി അജയ്യയാകും. അതിനായി അവൾ, തന്റെ ജീവിതനർത്തനങ്ങളിലെപ്പോഴെങ്കിലും ഒരു കൈക്കുമ്പിൾ നിറയെ ഹെംലോക്കോ, ഞരമ്പുകൾ വെട്ടിയൊഴുക്കാൻ ഒരു കഠാരയൊ കരുതി വയ്ക്കും. ആത്മാവുള്ള ഒരു കഠാര അവളുടെ കിടപ്പറയിൽ ഒളിച്ചിരിക്കും. ആജ്ഞയ്ക്കായി കാത്തിരിക്കും. പ്രജ്ഞയിൽ പതിയിരിക്കും”