അപ്പോൾ പല്ലവി മനസ്സിൽ ചിരിയൊതുക്കും.
” ഇതു നല്ല കൂത്ത്. ഭ്രാന്ത് പിടിച്ചാൽ മനുഷ്യർ ഇങ്ങനെയുമുണ്ടോ! പെറാൻ പോണില്ലെന്ന് ആ പൂച്ചയ്ക്കെങ്ങനെയറിയാം?എന്തായാലും അന്ന് ചെയ്തത് നന്നായി. അല്ലെങ്കിൽ അതിന്റെ പേറുകൂടി ഞാനെടുക്കേണ്ടി വന്നേനെ!”
മണി നാലടിച്ചു.
ചായ ഉണ്ടാക്കാനായി കെറ്റിലിൽ വെള്ളം നിറച്ച്, സ്വിച്ച് ഓൺ ചേയ്തതിനു ശേഷം പല്ലവി പതിവുപോലെ ലാൻഡ് ഫോണിൽ നിന്ന് അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്ന കൂട്ടുകാരിയെ വിളിച്ചു.
” കിളവിക്കിന്നല്പം കൂടുതലാ. ഒരേ നിലവിളിയും പിച്ചും പേയും പറച്ചിലും. ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല. കുറച്ചു ദിവസമായി ഏതോ ഒരുത്തിയ്ക്ക് എത്ര മക്കളുണ്ടായിരുന്നു എന്നും ചോദിച്ചു കൊണ്ടാണിരിപ്പ്. അങ്ങനെയൊരുത്തി ഇവിടെങ്ങും ഉള്ളതായി എനിക്കറിയില്ല. ബോംബെയിലോ മറ്റോ ഉള്ളതായിരിക്കും. കുറച്ചു ദിവസം മുമ്പ് പറയേണ് ഡാക്കിട്ടർ പണ്ടുപയോഗിച്ച കത്തികളൊക്കെയെടുത്ത് കഴുകി വെടിപ്പാക്കി വയ്ക്കാൻ. വയസ്സാം കാലത്ത് കിളവി എന്തൊക്കെ ചെയ്തു കൂട്ടുമോ ആവോ? ഇങ്ങനെ കെടന്ന് നിലവിളിച്ചാ എന്ത് ചെയ്യും? നമ്മളെക്കൊണ്ട് കൈ കാര്യം ചെയ്യാൻ പറ്റണ കാര്യമാണായിത്? അമേരിക്കക്കാരികള് നാളെ വിളിക്കമ്പോ പറയണം. ആരെങ്കിലും വന്ന് നിൽക്കട്ടെ. സിന്ധുദുർഗില് ബന്ധുക്കളുണ്ടെന്ന് പറഞ്ഞിട്ട് ഒരു കച്ചിത്തുരുമ്പിന്റെ ഗുണമില്ല. ഒരു സഹകരണോല്ലാത്ത കൂട്ടങ്ങളും കുടുംബവും. അതെങ്ങനാ.. പണമുണ്ടായിട്ടെന്ത്? മനുഷ്യരായ നിലത്ത് ജീവിക്കണം”
പതിവ് സംഭാഷണം കഴിഞ്ഞ് പല്ലവി ചായയുണ്ടാക്കി ഫ്ലാസ്കിൽ പകർന്നു വച്ചു. മറ്റു ജോലികളെല്ലാം വേഗത്തിൽ തീർത്ത് കണ്ണാടിയുടെ മുന്നിൽ വന്ന് അണിഞ്ഞൊരുങ്ങി. പൂച്ച ജനാലയ്ക്കരികിൽ തന്നെയിരിപ്പുണ്ട്.
“നാനി ചായ കപ്പിലെടുത്ത് മേശപ്പുറത്ത് വച്ചിട്ടുണ്ട്. രാത്രിയിലേക്കുള്ള ബട്ടൂരെയും സോയാബീനുമുണ്ട്. പുറത്തേക്കൊന്നുമിറങ്ങണ്ടാട്ടോ.. കുറച്ചു കഴിഞ്ഞാൽ മഞ്ഞിറങ്ങും. നേരത്തെ ആഹാരം കഴിച്ചു കിടന്നോളു. ഞാനിറങ്ങുകയാണ്. വാതിലടച്ചേക്കു”
പൂച്ചയുടെ അടുത്ത് ചെന്ന് പല്ലവി അതിനെയെടുത്ത് നിലത്തു വിട്ടു.
” താഴെയിറങ്ങെടീ.. ഇനിയിതു കണ്ടിട്ടുവേണം അവരെന്റെ നേരെ ചാടി കടിക്കാൻ .തീറ്റിയെടുത്ത് ഫ്രിഡ്ജിനു താഴെ വച്ചിട്ടുണ്ട്. വിശക്കുമ്പോ പോയി കഴിച്ചോ”
ചുരിദാറിന്റെ ഷാൾ വലിച്ചിട്ട് പല്ലവി പുറത്തേക്കിറങ്ങി.
അസ്തമന സൂര്യന്റെ കിരണങ്ങൾ ബംഗ്ലാവിലേക്ക് എത്തിനോക്കി കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നീത്തായുടെ മുറിയിൽ നിന്ന് വീണ്ടും തേങ്ങലുകൾ ഉയർന്നു കേട്ടു.
” ആരാത് പുറത്ത്? ബാൽറാമോ ? കാളകളെ പൂട്ടി വന്നിട്ട് ഇതുവരെ ഒന്നും കഴിച്ചില്ലേ? അവറ്റയ്ക്ക് കുറച്ചു ചോളം വെട്ടിക്കൊടുക്ക്. തുടർന്നവർ പുറത്തേയ്ക്ക് വന്ന് മേശപ്പുറത്തിരുന്ന ബട്ടൂരെയും കറിയും ഒരു പ്ലേറ്റിലെടുത്ത് പുറത്തേയ്ക്ക് പടിയിറങ്ങിച്ചെന്നു. ജനാലയ്ക്കരികിൽ ഇരുപ്പുറപ്പിച്ചിരുന്ന പൂച്ച അവരെ കണ്ടപ്പോൾ താഴേക്ക് ചാടി സോഫയ്ക്കടിയിലേക്ക് ഒളിച്ചു. കൈയ്യിൽ പ്ലേറ്റ് പിടിച്ചുകൊണ്ട് പാടത്തിന്റെ അതിരോളം ചെന്ന് നീത്താ ദൂരേയ്ക്ക് നോക്കി നിന്നു. മഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. വീശിയടിച്ച ചെറുകാറ്റിൽ നരച്ച തലമുടി പാറിക്കളിച്ചു. ഏറെ നേരം അങ്ങനെ നോക്കി നിന്നശേഷം അവർ തിരികെ നടന്നു. മുറിയിലെത്തി, അലമാരയിൽ നിന്ന് താനെഴുതിയ പുസ്തകങ്ങളിൽ ചിലതെടുത്ത് മറിച്ച് നോക്കാൻ തുടങ്ങി.