” All the perfumes of Arabia will not sweeten this little hand” Macbeth
ധന്യമായ ഗൃഹാതുരചിന്തകളുള്ളവർക്കും, പൊൻവെയിലിൽ ചിരിച്ചുല്ലസിക്കുന്ന ചോളപ്പാടങ്ങളും കൊടിയുയർത്തിയ ക്ഷേത്രങ്ങളിൽ നിന്നുതിരുന്ന മീരാ ഭജൻസും ഏറെയിഷ്ടപ്പെടുന്നവർക്കും ആനന്ദം പ്രദാനം ചെയ്യുന്നൊരു തെളിമാന ദിവസമായിരുന്നു അത്. നീത്താ അജ്ഗൗക്കർ, ബംഗ്ലാവിലെ തന്റെ കിടപ്പുമുറിയിലിരുന്നു കൊണ്ട് പതിവ് ചോദ്യം ചോദിച്ചു തുടങ്ങി:
” ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു?”
പിന്നെയവർ, തന്റെ വെളുത്തതും ശുഷ്കിച്ചതുമായ കൈവിരലുകൾ മടക്കി( എന്നാൽ ക്യൂട്ടക്സിട്ട്, പോളീഷ് ചെയ്ത് വെടിപ്പാക്കിയവ) എണ്ണി തുടങ്ങി.
ഒന്ന്, രണ്ട്, മൂന്ന്…വീണ്ടും ഒന്നുകൂടി എണ്ണി. ഒന്ന്, രണ്ട്, മൂന്ന്…
ഒന്നാമത്തേതിനും മൂന്നാമത്തേതിനും മാത്രമല്ലേ പേരുള്ളു. രണ്ടാമത്തേതിനില്ലല്ലോ. അവർ ചിന്തിച്ചു. മറ്റു രണ്ടുപേരേയും പോലെ അത് എന്റെ മുലകുടിച്ചിട്ടില്ലല്ലോ. തൊട്ടിലിൽ കിടന്ന് താലോലമാടുകയും മോണകാട്ടി ചിരിക്കുകയും ചെയ്തിട്ടില്ലല്ലോ. പ്രീഫെക്ട് എന്ന ബാഡ്ജ് തൂക്കിയ ഷർട്ടും ഞൊറിയുള്ള പാവാടയും ധരിച്ചുകൊണ്ട് സ്കൂളിൽ പോയിട്ടില്ലല്ലോ. കൗമാരങ്ങളിൽ, നെഞ്ചിലൊരു നിലാപ്പുഴയൊഴുക്കുകയും, ആൺകുട്ടികൾ നൽകിയ റോസാ പുഷ്പങ്ങൾ വാങ്ങി, മിനുത്ത കവിളുകളിൽ ചെഞ്ചായ രേണുക്കൾ പകരുകയും ചെയ്തിട്ടില്ലല്ലോ. സ്വന്തമായി പറന്നു പോകാനൊരു ലോകവും അവൾ സൃഷ്ടിച്ചില്ല . അമ്മേയെന്ന് വിളിക്കാനും പഠിച്ചില്ല. ജനിച്ചുവെന്നേയുള്ളു. ഉടൻ പോവുകയും ചെയ്തു.
പിന്നീട് അവർ പണ്ട് പഠിപ്പിച്ച ഷേക്സ്പിയർ കൃതികളെ ഓർത്ത് ഓരോന്ന് പറയാൻ തുടങ്ങി:
” വിധി സഹോദരികളെ ആർത്തട്ടഹസിക്ക്. ഇരുൾഭൂതമേ വന്നെന്നെ പിടിച്ചോ. ഈ പൂച്ചയ്ക്കിത്ര കാര്യവിവരവും വികാരവുമുണ്ടായിരുന്നെന്ന് ആരു നിരൂപിച്ചു! പല്ലവീ കുറച്ച് സോപ്പും വെള്ളവും കൊണ്ടെത്താ. ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു? ഒന്ന്, രണ്ട്..”
“മൂപ്പത്തിയാർക്ക് വീണ്ടും പിരിയിളകീന്നാ തോന്നണേ. ഇനിയിവിടെ ഒരു വക ജോലി ചെയ്യാൻ സമ്മതിക്കില്ല”
വീട്ടുജോലിക്കായി വന്നിരുന്ന പല്ലവി അടുക്കളയിൽ നിന്നുകൊണ്ട് പിറുപിറുത്തു.
പൂച്ച ഏതാണ്ട് ഉപവസിക്കുന്നു എന്നൊരു മട്ടിലായിരുന്നു. അത് സോഫയിൽ നിന്ന് താഴേക്ക് ചാടി ഒന്നു ഞെളിഞ്ഞ് നിവർന്ന് കോട്ടുവായിട്ടു. പിന്നെ ഏതാനും അടി മുന്നോട്ട് വന്ന് അലമാരയിലെ കണ്ണാടിയിൽ കുറച്ചുനേരം നോക്കി നിന്നു. അതിനങ്ങനെയൊരു പതിവുണ്ട്. ക്യാറ്റ് ഫുഡ് ഉടനെങ്ങും കിട്ടാൻ വഴിയില്ല. പല്ലവിയുടെ അടുക്കളത്തിരക്ക് കഴിഞ്ഞാലെ പൂച്ചയ്ക്കുള്ളത് എടുത്തു വയ്ക്കൂ. അത് വീണ്ടും സോഫയിലേക്ക് കയറി, ജനാലയിലൂടെ അടുത്തുള്ള കണിക്കൊന്നയിൽ അണ്ണാറക്കണ്ണൻമാർ ചിലയ്ക്കുന്നത് നോക്കിയിരുന്നു. പിന്നീട് വീണ്ടും ചുരുണ്ട് കിടന്നുള്ളൊരുറക്കത്തിന് വട്ടം കൂട്ടി.