മഴയിൽ കുതിർന്ന മോഹം [Navab Abdul Azeez] 61

അര മണിക്കൂറിലധികം കഴിഞ്ഞു കാണും. മഴ ഏകദേശം തോർന്നു. റാഫി പുറത്തിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്തു. പോകാനുള്ള ആവേശത്തിൽ ഒരു ഹോൺ അടിച്ചു. അകത്തേക്ക് നീട്ടി വിളിച്ചു.

“നസീറാ …”
വിളിക്കേണ്ട താമസം അനുസരണയോടെ അവൾ പുറത്തേക്ക് വന്നു.

പക്ഷേ അവളുടെ വേഷം അവൾ മാറിയിട്ടുണ്ട്. റാഫി ആകെ നിരാശനായി. ദേഷ്യം ഉള്ളിൽ തിളച്ചു മറിയാൻ തുടങ്ങി.

അപ്പോഴാണ് നസീറയുടെ സ്നേഹാഭിനയം തുടിക്കുന്ന വാക്കുകൾ അധരങ്ങളെ കീറിമുറിച്ച് പുറത്തെത്തിയത്.

“ഇക്കാ……..
ഇനിയും മഴക്കുള്ള കോളുണ്ട്. നമ്മൾ പോയാൽ അവിടെയെത്തില്ല. ഇങ്ങോട്ട് കയറി വരി. നല്ല അരി വറുത്ത് പൊടിച്ച് തേങ്ങയും പഞ്ചസാരയും ഇട്ട് കുഴച്ച് കട്ടൻ ചായ ഉണ്ടാക്കിത്തരാം.”

അവളുടെ വാക്കുകൾക്ക് സ്നേഹത്തിന്റെ ഗന്ധമായിരുന്നു. റാഫി അറിയാതെ ആ വാക്കുകളിൽ ലയിച്ചു പോയി.

ശരിക്ക് മഴ പെയ്തത് കണ്ടപ്പോൾ റാഫിയുടെ ഉള്ളിലായിരുന്നു പേടി. കാരണം നസീറ ഏറെ മോഹിച്ചതാണ് ഇന്നത്തെ യാത്ര. അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇന്നത്തെ ദിവസം ഇനിയുള്ള കാര്യങ്ങളെല്ലാം കട്ടപ്പോക്കാണ്.

“പക്ഷേ ഇന്നെന്താ ഇവളിങ്ങനെ….? ”

കല്യാണം കഴിച്ചിട്ട് വർഷം മൂന്നായി. കുട്ടികളെ ഇത് വരെ പടച്ചോൻ കൊടുത്തിട്ടില്ല. കുഴപ്പം റാഫിയുടേതാണ്. അതിന് മരുന്നും കഴിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവളെ കൂടുതൽ വിഷമിപ്പിക്കാത്ത രീതിയിൽ മിക്ക സ്ഥലങ്ങളിലും നസീറയെയും കൂട്ടി റാഫി പോയിട്ടുണ്ട്.

ഇന്നത്തെ യാത്ര അവൾ തന്നെ ഇന്ന് രാവിലെ പ്ലാൻ ചെയ്തതാണ്. ഇന്നലെ അൽപ്പം ക്ഷീണിച്ചാണ് അവൾ കിടന്നത്. ആ ക്ഷീണം ഇനിയും അവളെ വിട്ടു പോയിട്ടുമില്ല. എന്നിട്ടും അവൾ അത്യുത്സാഹത്തോടെയും സ്നേഹത്തോടെയും ഓരോന്ന് ചെയ്യുന്നത് കണ്ടപ്പോൾ റാഫിക്ക് അത്ഭുതവും സങ്കടവും തോന്നി. തന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ സ്വയം മറന്ന് അഭിനയിക്കുകയാണെന്ന് റാഫിക്ക് മനസ്സിലായി.

ചായ കുടിച്ച് ബെഡിൽ ചെന്ന് നീണ്ടു നിവർന്ന് കിടന്നു. പുറത്ത് വീണ്ടും മഴ പെയ്യാൻ തുടങ്ങി. താലോലിക്കാൻ ഒരു കുഞ്ഞില്ലാത്ത വിഷമം അനുഭവപ്പെടുന്നത് വീട്ടിൽ വെറുതെയിരിക്കുമ്പോഴാണ്. റാഫി ഓരോന്നാലോചിച്ച് കിടക്കുമ്പോഴേക്കും നസീറ അരികിലെത്തി. വാതിൽ മെല്ലെ അടച്ച് കട്ടിലിൽ ഇരുന്ന് റാഫിയുടെ മാറിലേക്ക് തല ചായ്ച്ചു കിടന്നു.

“ഇക്കാ…. ഒരു കാര്യം പറയാൻ വേണ്ടിയായിരുന്നു ഇന്നത്തെ യാത്ര പ്ലാൻ ചെയ്തത്. ഞാൻ സസ്പെൻസ് ആക്കി വെച്ചതായിരുന്നു. നമ്മുടെ പ്രാർത്ഥന പടച്ചോൻ കേട്ടു എന്നാണ് തോന്നുന്നത്. ഇന്നേക്ക് ഒരാഴ്ചയായി ഡേറ്റ് തെറ്റിയിട്ടാണ് ഉള്ളത്. രണ്ട് ദിവസം കൂടി നോക്കട്ടെ..”
അതും പറഞ്ഞ് റാഫിയുടെ കഴുത്തിൽ കൈകൾ ചുറ്റി അവൾ മാറിലമർന്നു കിടന്നു. റാഫി അവളെ ചേർത്തു പിടിച്ച് പടച്ചവനെ സ്തുതിച്ചു.

1 Comment

  1. Good one

Comments are closed.