മഴയിൽ കുതിർന്ന മോഹം
Author : Navab Abdul Azeez
“ഇക്കാ…. നിങ്ങൾ മാറ്റുന്നില്ലേ?”
അവളുടെ ചോദ്യം അവൾ ആവർത്തിച്ചു ചോദിക്കുകയാണ്. റാഫി കേട്ട ഭാവം നടിക്കാതെ ടിവിയിൽ മുഴുകിയിരിക്കുകയാണ്.
റാഫിയെ കുറ്റം പറയാനൊക്കുമോ….? എത്ര കണ്ടാലും മതിവരാത്ത നല്ല സിനിമകൾ ഇതുപോലെയുള്ള ഒഴിവു ദിനങ്ങളിലേ ഈ ചാനലുകാർ ഇടുകയുള്ളൂ.
മോഹൻലാലിന്റെ ദേവാസുരം തലക്കു പിടിച്ചിരിക്കുമ്പോഴാണ് തൊട്ടരികിൽ അവൾ വന്ന് തട്ടി വിളിച്ചത്.
“ഹേയ്… എന്താ….പോകണ്ടേ…..? ഞാനെപ്പോഴോ മാറ്റി. ഇനി എന്റെ ഒരുക്കം കഴിയാഞ്ഞിട്ടാണ് നേരം വൈകിയത് എന്ന് പറയണ്ട.”
എവിടെയെങ്കിലും പുറത്ത് കറങ്ങാൻ പോവുകയെന്ന് കേട്ടാൽ മതി നസീറ ഒരുങ്ങി റെഡിയായി കാത്ത് നിൽക്കും. അല്ലേലും ഈ പെണ്ണുങ്ങള് സർക്കീട്ട് പോകാൻ ബെസ്റ്റാ….
അവൾ തോർത്ത് എടുത്ത് റാഫിയുടെ കഴുത്തിലിട്ട് കൈ പിടിച്ച് കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കാനുള്ള ഒരു വിഫല ശ്രമം നടത്തി.
മെയ് മാസമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയും തെറ്റയുമായി ഇടയ്ക്കിടെ മഴ ലഭിക്കാറുണ്ട്.
“ഹല്ല….. സമയമെത്രയായി..? ഇതെന്താ ഓർമ്മിപ്പിക്കാഞ്ഞത്. നമ്മക്ക് പോകണ്ടേ?
തമാശ രൂപത്തിൽ റാഫി നസീറയോട് ചോദിച്ചു.
“….. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.” തലയിൽ കൈ വെച്ച് നസീറ റാഫിയുടെ അടുത്തേക്ക് വേഗത്തിൽ ചെന്നു.
വരുന്ന വരവ് കണ്ട് റാഫി കുട്ടികളെ പ്പോലെ പേടിച്ചോടി ബാത്ത് റൂമിൽ കയറി വാതിലടച്ചു.
“ഇനി കിട്ടൂലാലോ…. ” എന്ന് റാഫി ഉറക്കെ വിളിച്ചു പറഞ്ഞ് ചിരിച്ചു. അത് കേട്ട് നസീറയും….
ഭക്ഷണം വിളമ്പി റെഡിയാക്കി വെച്ചിട്ടുണ്ട്. റാഫി കുളി കഴിഞ്ഞ് വന്നു നേരെ ഡൈനിംഗ് ടേബിളിൽ നിരത്തി വെച്ച ഭക്ഷണത്തിന് മുന്നിലിരുന്നു.
പുറത്ത് ചെറുതായി മഴ പൊടിഞ്ഞു. അൽപ്പ സമയത്തിനു ശേഷം വീണ്ടും തെളിഞ്ഞു.
“അല്ലേലും എവിടെയെങ്കിലും പോകാൻ വിചാരിച്ചാൽ അപ്പോൾ തുടങ്ങും മഴ….”
നസീറ പിറുപിറുത്ത. അവൾ മഴ പെയ്യല്ലേ എന്നു പ്രാർത്ഥിച്ചിരിക്കുകയാണ്.
ഭക്ഷണം കഴിഞ്ഞ് റാഫി ഡ്രസ്സ് മാറ്റുന്നതിനിടയ്ക്ക് കാലാവസ്ഥ പെട്ടെന്നു മാറി.
പുറത്തെ മാറ്റങ്ങൾ അറിയാതെ റാഫിയും നസീറയും അണിഞ്ഞൊരുങ്ങി. പുറത്തിറങ്ങി നോക്കുമ്പോൾ നല്ല മഴക്കുള്ള കോളാണ്.
അധികം വൈകാതെ മഴ പെയ്തു തുടങ്ങി. അത്യാവശ്യം മോശമില്ലാതെ തന്നെ മഴ പെയ്യുന്നുണ്ട്.
നസീറയുടെ വെളുത്ത മുഖം ചുവന്നു തുടുക്കാൻ തുടങ്ങി.അവൾ റാഫിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി. ദേഷ്യവും നിരാശയും നിസ്സഹായതയും കലർന്ന ഭാവം.
“അതിന് ഞാനെന്ത് ചെയ്തു” എന്ന നിസ്സഹായതയിൽ പുറം കാഴ്ചകളിലേക്ക് കണ്ണയച്ച് റാഫിയും ഇരിപ്പിടത്തിലേക്ക് കാലുകൾ കയറ്റി വെച്ച് ഇരുന്നു.”
അൽപ്പ നേരം കാത്തു നിന്ന് നസീറ അവർ കിടക്കുന്ന മുറയിലേക്ക് നടന്നു.
Good one