“ഞാൻ അര മണിക്കൂർ ബ്രെയ്ക്കിന് റിക്വസ്റ് ചെയ്തിട്ടുണ്ട് . അര മണിക്കൂറിനുള്ളിൽ എല്ലാം പറഞ്ഞു തീർക്കണം.” അവൾ ഒറ്റച്ചാട്ടത്തിന് ഒരു സ്റ്റൂളിൽ കയറി ഇരിപ്പായി .
“മരിയ , ഞാൻ ശ്രമിക്കാം . ശരിയാകണമെന്നില്ല … ” പോക്കറ്റിൽ കിടക്കുന്ന ജാതകം എടുത്ത് വായിച്ചാലോ എന്ന് ഞാൻ ആലോചിച്ചതാണ് . പക്ഷെ, പെട്ടെന്നു തന്നെ എന്തോ ഒരു ധൈര്യം എന്നെ ആവേശിച്ചു .
“കുട്ടിയുടെ ചെറുപ്പം മുതലുള്ള കാര്യങ്ങൾ പറയാം കേട്ടോ . ശ്രദ്ധിച്ചു കേൾക്കണം.” അബിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ തുടങ്ങി “ഏതാണ്ട്, അഞ്ച് ആറ് വയസ്സ് പ്രായത്തിൽ എന്തെങ്കിലും വലിയ ഡിപ്രസ്സിങ്ങ് സംഭവം ഉണ്ടായിട്ടുണ്ടോ ? ”
“വാട്ട് !! ” അവൾ ഞെട്ടിയത് പോലെ തോന്നി . “എന്റെ ഫാദർ മരിച്ചത് എനിക്ക് ആറര വയസ്സുള്ളപ്പോളാണ് !”
“അതെ.. ചെറിയ വ്യത്യാസങ്ങളൊക്കെ വരാം . ജനന സ്ഥലവും സമയവുമൊക്കെ ഇതിനെ സ്വാധീനിക്കും. ” ഞാൻ പരുങ്ങി.
“സ്കൂളിൽ മിടുക്കിയായിരുന്നു അല്ലെ ?”
“യെസ് ! സ്കൂളിൽ ഫസ്റ്റായിരുന്നു ഞാൻ… തനി ഗീക്ക് ! അലക്സ്, യു ആർ റിയലി ഗുഡ് അറ്റ് ദിസ് !”
അടുത്ത ചോദ്യം
” മരിയക്ക് 22 വയസ്സിനും 26 വയസ്സിനുമിടക്ക് … ജീവിതം തന്നെ മാറി മറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ടല്ലേ ? ”
ആ ചോദ്യം ശരിക്കും ഏറ്റു എന്നെനിക്കു മനസ്സിലായി. അവൾ വായ് തുറന്ന പടി പിടിച്ച് ഇരിക്കയാണ്.
” അലെക്സ്! വാട്ട് ദ ഹെക്ക് മാൻ ?? 24 വയസ്സിലാണ് ഞാൻ ഡൈവോഴ്സ് ആയത് !! അതെങ്ങനെ തനിക്ക് മനസ്സിലായി ? ഇതുവരെ ആരോടും പറഞ്ഞിട്ടില്ല ഞാനിത്! ഇത്രയും സിദ്ധിയുള്ള താനെന്താ ഇതിലൊന്നും വിശ്വാസമില്ലെന്നു പറഞ്ഞത് ? ഞാൻ ഇത്രകാലം പോയിടത്തൊന്നും ഒരു സൈക്കിക്കും ഇന്നുവരെ എന്റെ പാസ്റ്റ് പറഞ്ഞിട്ടില്ല. താൻ എത്ര കൃത്യമായിട്ടാണ്…അല്ഭുതം തന്നെ. തന്നെ ഞാൻ നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു അലെക്സ്.“
എനിക്ക് സംശയമായി . ഇനി ഞാൻ ശരിക്കും ?
പെട്ടെന്ന് മിസ്റ്റർ കോക്സ് അങ്ങോട്ട് കയറി വന്നു .
“എന്താ ഇവിടെ ?”
മുതലാളിയെ കണ്ട് ഞാൻ ഞെട്ടി നിൽക്കുമ്പോൾ, ആ പെങ്കൊച്ച് പറയുകയാണ് .