ചേട്ടായി, ഇത് മുഴുവൻ വായിച്ച് , ഇതിനെ ബേസ് ചെയ്ത് ഒരു കഥ ഉണ്ടാക്കി അവളെ പറഞ്ഞു കേൾപ്പിച്ചാൽ മതി. എല്ലാം അടിപൊളിയായിക്കോളും . ഉദാ: – അഞ്ചു വയസ്സിനും ആറു വയസ്സിനും ഇടക്ക് ഈ ജാതക പ്രകാരം അവൾക്ക് ഒരു വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പറയൂ . അവൾ അത് സമ്മതിക്കും . ”
“അതെങ്ങനെ ? ”
“അഞ്ചു വയസ്സിനും ആറു വയസ്സിനും ഇടക്ക് പിള്ളേർക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിരിക്കുമെന്നുറപ്പല്ലേ ? വല്ല പാവ നഷ്ടപ്പെട്ടതോ, പട്ടിയോ പൂച്ചയോ ചത്തു പോയതോ, അങ്ങനെയെന്തെങ്കിലും. ട്രസ്റ് മി ബ്രോ .പിന്നെ, 22 നും 26 നും ഇടക്ക് അവളുടെ ജീവിതത്തിൽ ഒരു വലിയ ചെയ്ഞ്ച് സംഭവിച്ചിട്ടുണ്ടെന്ന് പറയുക . അതും അവൾ സമ്മതിക്കും. കാരണം, ആ പ്രായത്തിലാണ് ജീവിതത്തിൽ സാധാരണ വലിയ തീരുമാനങ്ങളൊക്കെ എടുക്കുന്നതും മറ്റും . ഇങ്ങനെ രണ്ടു മൂന്നു ഹിറ്റ് കിട്ടിക്കഴിയുമ്പോ, പിന്നെ നമ്മൾ പറയുന്നതെല്ലാം, ശരിയാണെന്നു വരുത്തി തീർക്കാൻ അവളുടെ ഉപബോധ മനസ്സ് ശ്രമിക്കും . ഇല്ലാത്ത കാര്യങ്ങളാണെങ്കിൽ കൂടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയെടുത്ത് അവൾ നിന്നെ വിഷമിപ്പിക്കാതിരിക്കാൻ ശ്രമിക്കും . അനുഭവമാണ് ബ്രോ. അനുഭവം …” അബി പറഞ്ഞു നിർത്തി.
എനിക്ക് സത്യത്തിൽ ഇതൊന്നും ദഹിച്ചില്ല . അല്ലെങ്കിലേ അവളെ എല്ലാരും പറ്റിക്കുകയാണെന്നു പറഞ്ഞു നടക്കുകയാണവൾ, ഞാനും കൂടി അത് തന്നെ ചെയ്താൽ …
പിറ്റേന്ന് ഞാൻ ഓഫീസിലെത്തിയപ്പോൾ, എന്റെ മേശപ്പുറത്ത് ഒരു എഴുത്ത് .
“11 :30 നു പാൻട്രിയിൽ വരിക .ഞാൻ കാത്തിരിക്കും. എം. ”
ഈ കുട്ടി ഒരു വിചിത്ര ജീവി തന്നെ . എന്നെ വര്ഷങ്ങളായിട്ടു പരിചയമുള്ളതു പോലെയാണ് പെരുമാറ്റം . എന്നാലും, ആ എഴുത്ത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു . മഞ്ഞു പിന്നെയും വീഴാൻ തുടങ്ങി . ഇതിനെ ഒരു ലവ് ലെറ്റർ എന്ന് പറയാൻ പറ്റുമോ ? എന്തെങ്കിലുമാകട്ടെ . ഞാൻ 11.30 ആകാൻ നോക്കിയിരുന്നു .
ഓടി നടന്ന് ഞാൻ എന്റെ പണിയൊക്കെ വേഗം തീർത്തു . ലോഗ് ഒക്കെ വൈകിട്ട് എഴുതാമെന്ന് തീരുമാനിച്ചു . പറഞ്ഞ സമയത്ത് പാൻട്രിയിലെത്തിയപ്പോൾ, ഞാനും അവളും മാത്രം !