മരിയ 37

Maria Part 1 by Alex John

സംഭവം നടന്നത് വര്ഷങ്ങള്ക്കു മുൻപാണ് . ഞാൻ അമേരിക്കയിൽ, ‘അമേരിക്കൻ ജങ്ഷനിൽ’ പച്ചകാർഡുമായി പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കുന്ന സമയത്ത് എന്റെ കൊച്ചപ്പൻ എനിക്ക് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ മെയിൽ മാൻ ആയി ജോലി വാങ്ങി തന്നു .

മെയിൽ മാൻ എന്ന് വെച്ചാൽ, 3 ഫ്ലോറുകളിലായി പരന്നു കിടക്കുന്ന ആ കമ്പനിയിലെ വിവിധ ഉദ്യോഗസ്ഥർക്ക് വരുന്ന മെയിലുകളും പാക്കേജുകളും, എത്തിച്ച് കൊടുക്കുന്ന പണി . നാട്ടിൽ ഇതിന് പ്യൂൺ എന്ന് പറയും . അത് മാത്രമല്ല, വന്നതിന്റെയും പോയതിന്റെയും എല്ലാം ലോഗ് ഉണ്ടാക്കുകയും വേണം . വല്യ പാടൊന്നുമില്ലാത്ത പണി. കുറേ നടക്കണമെന്ന് മാത്രമേയുള്ളു .

ഒരാഴ്ച കൊണ്ട് തന്നെ എനിക്കെല്ലാവരെയും പരിചയമായി . എല്ലാർക്കും എന്നെ വല്യ കാര്യമായിരുന്നു . ഇന്ത്യൻ ആയി ഞാൻ മാത്രമേ അവിടെ കണ്ടുള്ളൂ . മുറി ഇഗ്ളീഷ് ആണെങ്കിലും, സാമാന്യം നന്നായി ഞാൻ എല്ലാവരുമായും ഇടപെട്ടു . അടുത്ത് തന്നെ ബോസിന്റെ സെക്രട്ടറിയോ മറ്റോ ആയി എനിക്ക് പ്രമോഷൻ കിട്ടുമെന്ന് വരെ പറഞ്ഞു കേട്ടു.

വല്യ അല്ലലില്ലാതെ കഴിഞ്ഞു പോകവേ ഒരു ദിവസം, ഒരു ചായ ഉണ്ടാക്കി കുടിക്കാനായി പാൻട്രിയിലേക്കു ചെന്നതാണ് ഞാൻ . അവിടെ വെച്ചാണ് ഞാൻ ആദ്യമായി അവളെ കാണുന്നത് . കണ്ണ് തള്ളിപ്പോകുന്ന സൗന്ദര്യം ! ആ മുടി മാത്രം കണ്ടാൽ മതി . സ്വർണ്ണ മുടി …, ആദ്യമായിട്ടാണ് യഥാർത്ഥ സ്വർണ്ണ മുടി കാണുന്നത് . ശരിക്കും, മുറിച്ച് കൊണ്ട് പോയി വിറ്റാൽ പവന് വില കിട്ടും . ഭംഗിയുള്ള നല്ലൊരു കൊച്ചു ചിരിയുമായി അവളങ്ങനെ ഒരു കോഫിയും മൊത്തിക്കുടിച്ച് നില്ക്കുകയാണ്. അടുത്താരുമില്ല, എന്നാലും ചിരി ഉണ്ട് . ഞാൻ സ്വയമറിയാതെയെന്നോണം ഒരു “ഹായ്” പറഞ്ഞു . അടുത്ത നിമിഷം, അവൾ എന്റടുത്തേക്കു പറന്നു വന്നു .

“യൂ ആർ ഇന്ത്യൻ റൈറ്റ് ?” ഭയങ്കര ഉത്സാഹത്തിലാണ് ചോദ്യം.

പെട്ടെന്നുള്ള ആ വരവ് ഞാൻ പ്രതീക്ഷിച്ചില്ല. അതുകൊണ്ടു തന്നെ സ്വഭാവികമായി എനിക്കല്പ്പം നാണം വന്നു “യാ … യാ… ഇന്ത്യൻ …” ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു .

“അയാം, ഫാസിനേറ്റഡ് ബൈ ഇന്ത്യൻ കൾച്ചർ ” അവൾ കിതക്കുന്നുണ്ടോന്നൊരു സംശയം . “ഡൂ യൂ നോ എനി മീഡിയംസ് ഓർ സൈക്കിക്ക്സ് ?? ഗുഡ് വൺസ് ? റിയൽ സൈക്കിക് പീപ്പിൾ ഫ്രം ഇന്ത്യ ? ”

ഞാൻ ആകെ ഞെട്ടി നിൽക്കുകയാണെന്ന് കണ്ടപ്പോൾ, അവൾ ഒന്നടങ്ങി .