പ്രണയസമ്മാനം [ Arrow ] 1337

‘ ഇവിടെ വെച്ച് അല്ലെ അവൻ നിന്നെ… നീ സമ്മതിക്കാതെ വന്നപ്പോ ബലം പ്രയോഗിച്……

കാര്യം ഒക്കെ കഴിഞ്ഞു അവൻ നിന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചതും, നീ സമ്മതിക്കാതെ വന്നപ്പോ നിങ്ങളുടെ പേഴ്സണൽ വീഡിയോസ് കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇട്ട് അവൻ നിന്നെ വേറെ ഒരു തരത്തിൽ ചിത്രീകരിച്ചതും എല്ലാം ഒരു ഒരു മരവിപ്പോടെ കേട്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അന്ന് നിന്റെ കൂട്ടുകാരികൾ പോലും നിന്നെ ഒറ്റപ്പെടുത്തിയപ്പോൾ മറ്റുള്ളവർ ഒക്കെ നിന്നെ വേറെ ഒരു കണ്ണിൽ കാണാൻ തുടങ്ങിയപ്പോൾ ഞാൻ നിന്റെ അരികിലേക്ക് വരാതെ ഇരുന്നത് നിന്നെ വിശ്വാസം ഇല്ലാതിരുന്ന കൊണ്ട് അല്ല. നിന്നോട് എന്റെ ഫീലിംഗ്സ് പോലും  തുറന്നു പറയാൻ പോലും പേടി ആയിരുന്ന എനിക്ക് നിന്റെ മുന്നിൽ വരാൻ, നിന്നെ ഫേസ് ചെയ്യാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം  ‘

ഞാൻ ആ ക്ലാസ് റൂമിന്റെ ഉള്ളിൽ കയറാതെ തിരികെ നടന്നു. കോളജിളെ മെയിൻ ബ്ലോക്കിലെ ആ വലിയ കെട്ടിടത്തിന്റെ മുന്നിലെ കോൺക്രീറ്റ് പാകിയ തറയിൽ ഞാൻ മുട്ടുകുത്തി നിന്നു.

‘ ദേ ഇവിടെ നീ ചോര വാർന്ന്, അവസാന ശ്വാസം എടുമ്പോഴും ആ കൂട്ടത്തിൽ ഒരാൾ ആയി, വെറും ഒരു കാഴ്ചക്കാരൻ മാത്രമായി ഇവിടെ ഞാനും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും നിന്റെ അരികിലേക്ക് ഓടി വരാൻ നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ എന്റെ മനസ്സ് പറയുണ്ടായിരുന്നു, പക്ഷെ ഒരു തരം മരവിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ, എന്റെ കാലുകൾ അനങ്ങിയില്ല, ഒരു പൊട്ടനെ പോലെ നോക്കി നിൽക്കാനേ എനിക്കായുള്ളു.

എന്തായാലും നിന്റെ മരണം കൊണ്ട് ചില മാറ്റങ്ങൾ ഉണ്ടായി, തലേന്ന് വരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്റെ ക്ലിപ്പ് തപ്പി നടന്നവരുടെ പോലും dp കൾ കറുത്തു. Fb യിൽ നിന്റെ പേരും ഫോട്ടയും വാലായി # ടാഗും ഇട്ട് എഴുത്ത് കുത്തുകൾ നിറഞ്ഞു. സൈബർ പോരാളികൾ ഉണർന്നു, നിനക്ക് നീതി വാങ്ങി തരുവാൻ വേണ്ടി, കോളേജിലെ കുട്ടി നേതാക്കൾ കച്ച കെട്ടി ഇറങ്ങി. അവർ പ്രധിഷേധജ്വാല പടർത്തി, മാധ്യമങ്ങൾ അന്തി ചർച്ചയിൽ നിന്നെ വീണ്ടും വീണ്ടും മാനഭംഗപ്പെടുത്തി, കടിച്ചു കുടഞ്ഞു. അവസാനം പോലീസ്, നിന്നെ വിവാഹ വാഗ്ദാനം നൽകി റേപ്പ് ചെയ്ത അവനെ അറസ്റ്റ് ചെയ്തു. ഒന്ന് രണ്ടാഴ്ചത്തെ ആഘോഷത്തിന് ഒടുക്കം എല്ലാം കെട്ടടങ്ങി. അവനെ അവന്റെ അച്ഛൻ പണം വാരി എറിഞ് ഇറക്കിയ വക്കീൽ നൂറു കുറ്റവാളികൾ രെക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നമ്മുടെ നിയമത്തിൽ ഉള്ള പഴുതിൽ കൂടി അവനെ രക്ഷപെടുത്തി. ‘

 

ഞാൻ അവിടെ പ്രേതിഷേദക്കാർ വെച്ചിട്ടുള്ള അവളുടെ ഫോട്ടോയുടെ മുന്നിൽ വന്നു നിന്നു. അതിൽ ചാർത്തിയിട്ടുള്ള ആ വാടിയ മാല ഞാൻ ഊരി മാറ്റി.

‘ ദേ ഈ വാടിയ മാലയുടെ അവസ്ഥ ആണ് പെണ്ണേ നിനക്ക് ഇപ്പൊ. എല്ലാരും നിന്നെ മറന്നു. മാധ്യമങ്ങളും സൈബർ പോരാളികളും പുതിയ ഇരയുടേം ഹാഷ് ടാഗുകളുടേം പുറകെ പോയി. അവർക്ക് ഒക്കെ നീ പേരില്ലാത്ത ഒരുപാട് ഇരകളിലും # ടാഗ്കളിലും ഒരാൾ മാത്രമാണ്.

ഒരുപാട് വൈകി എന്ന് അറിയാം, എങ്കിലും പറയുകയാണ്. പെണ്ണേ, എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആയിരുന്നു, നിന്നെ എന്റെ പ്രാണന്റെ പാതി ആക്കുവാൻ ഞാൻ ഒത്തിരി കൊതിച്ചു പക്ഷെ…

ഇത് എന്റെ പ്രണയസമ്മാനമായി കരുതുക ‘ ഞാൻ അത്രയും പറഞ്ഞിട്ട് എന്റെ കയ്യിൽ ഇരുന്ന റോസാ പൂവ് അവളുടെ ഫോട്ടോയുടെ മുന്നിൽ വെച്ചു, ചോരയിൽ കുളിച് നിൽക്കുന്ന കൊണ്ട് ആവും എന്റെ കയ്യിലെ ചോര കറ പറ്റി ആ റോസാ പൂവ് ഒന്ന് കൂടി ചുവന്നിട്ടുണ്ടായിരുന്നു.

ഞാൻ അവളുടെ ഫോട്ടോയിൽ ഒന്ന് കൂടി നോക്കിയിട്ട്, ഇരുട്ടിന്റെ മറ പറ്റി ക്യാമ്പസിന്റെ വെളിയിലേക്ക് നടന്നു. ഞാൻ അവൾക്ക് കൊടുത്ത സമ്മാനം അത് അവൾക്ക് മാത്രം ഉള്ളത് ആയിരുന്നില്ല, നാളെമുതൽ ഒന്ന് രണ്ടാഴ്ചത്തേക്ക് മാധ്യമ ചെന്നായകൾക്ക് ഉറിഞ്ചി കുടിക്കാൻ ഉള്ള ഒരു എല്ലും  കഷ്ണം കൂടി ആയിരുന്നു, ഒരു ചെറുപ്പക്കാരന്റെ അരും കൊലയുടെ exclusive!!