പെങ്ങളൂട്ടി 39

Pengalootty by അനൂപ് അനു കളൂർ

“അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി..

” തറവാട്ട് വീട്ടിലെ എല്ലാവരുടെയും സ്നേഹവും ലാളനയും കൊഞ്ചിക്കലും ഞാൻ മാത്രം ഇങ്ങനെ ആസ്വദിച്ചു പോന്നിരുന്നതിനടയിലേക്കാണ് അതിൽ പകുതിയും പിടിച്ചു വാങ്ങിക്കൊണ്ട് അവൾ കടന്നു വന്നത്…

“അതിലും സങ്കടം ആയത് അവൾ ഇച്ചിരി കൂടി വലുതായതോടെ നിക്ക് മാത്രം കിട്ടിയിരുന്ന പൂവാലി പശുവിന്റെ പാലിലും കറുമ്പി കോഴിയുടെ മുട്ടയിലും അവൾക്കും പാതി കൊടുക്കേണ്ടി വന്നപ്പോൾ ആണ്…

“ടീ അമ്മൂ ഒന്നു വേഗം നടക്കാൻ നോക്ക് ,നിന്നെ വീട്ടിൽ ആക്കിയിട്ട് വേണം കളിക്കാൻ പോവാൻ…

“നിക്ക് വയ്യ വേഗം നടക്കാൻ ന്റെ കാല് വേദനിക്കുന്നു..

അവളുടെ ബാഗും ബുക്കും വാട്ടർ ബോട്ടിലും അടക്കം എല്ലാം എന്റെ കയ്യിൽ പിടിച്ചു നടന്നാലും പെണ്ണ് ഒന്നു വേഗം നടക്കില്ല,ഇവളെ വീട്ടിൽ ആക്കിയിട്ട് വേണം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോവാൻ..

അത് എങ്ങനാ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വീട്ടിൽ എത്തിയാലും ഞങ്ങൾ എത്തി കാണില്ല,വഴിയിലെ കാറ്റിനോടും മരങ്ങളോടും കിളികളോടും കാണുന്നതിനോട് ഒക്കെ കൂട്ടുകൂടി ഇവളുടെ ഈ നടത്തവും വെച്ചു എത്തുമ്പോൾ ഞാൻ മിക്കവാറും കളിയിൽ കോമൻ ആയി നിക്കേണ്ടി വന്നിരുന്നു .അങ്ങനെ ആയാൽ ബോളിങ് ഇല്ല രണ്ടു ടീമിലും ബാറ്റ് ഉണ്ടാവും അത് കിട്ടിയാൽ കിട്ടി.

ഇതും അവൾ തന്നിരുന്ന സമ്മാനം ആയിരുന്നു.. എന്തു ചെയ്യാം പെങ്ങളൂട്ടി ആയി പോയില്ലേ…

ഇതൊക്കെ പോട്ടെ സ്വന്തം മോനായ എനിക്ക് തരേണ്ട സ്നേഹം കൂടെ ന്റെ അമ്മേം അച്ചനും കൂടെ അവൾക്ക് കൊടുക്കുന്നത് കാണുമ്പോ നിക്ക് ചോദിക്കാൻ തോന്നും ,ദേഷ്യവും സങ്കടവും കൊണ്ട്…

“ഞാൻ ആണോ അവൾ ആണോ ഇങ്ങടെ രണ്ടിന്റെയും സ്വന്തം കുട്ടിയെന്ന്,,,

ഇഷ്ടപ്പെട്ടത് എന്തേലും വാങ്ങിയാലോ അത് അവൾക്ക് വേണ്ടി വരും ….

ഇല്ലേൽ വാശി,കരച്ചിൽ സങ്കടം പറച്ചിൽ ഒടുവിൽ കേസ് അച്ഛന്റെ പരാതി പെട്ടിയിൽ കൊണ്ടേ ഇടും…

പിന്നെ അച്ഛന്റെ വക ചീത്തയും തല്ലും ശിക്ഷ കരയിപ്പിച്ചതിന്..