നിർഭയം 3 [AK] 360

നിർഭയം 3

Nirbhayam 3 | Author : AK

Previous Parts

 

എന്തു കൊണ്ടാണെന്ന് അറിയില്ല… കേട്ട കാര്യം അപ്പാടെ വിഴുങ്ങാൻ ഒരു പ്രയാസം തോന്നി…അറിഞ്ഞു വെച്ച കാര്യവും അനുഭവവും വെച്ചു നോക്കുമ്പോൾ  ശ്രീജിത്ത്‌ എന്നയാൾ അത്ര മഹാനൊന്നുമല്ല… പക്ഷെ പിന്നീട് തന്നോടൊരു പ്രശ്നത്തിനും വരാത്തത് ചെറുതായി ഒന്ന് അതിശയിപ്പിക്കുകയും ചെയ്തു… എന്നാലും ആ പെണ്ണ് അങ്ങനെ ഓടിപോയികാണുമോ…വൈകുന്നേരം രാജിയേടത്തി വീട്ടിൽ നിന്നും പോയപ്പോൾ മുതൽ മനസ്സ് പിടിച്ചിടത്ത് നിൽക്കുന്നില്ല…

******************************************

ഇതേ സമയം തന്റെ ഇരുനില വീടിനു മുകളിലെ നിലയിലെ മുറിയിൽ ആകെ ഒരു പരവേശത്തോട് കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു മഞ്ജു ജേക്കബ്…

“അപ്പനേ പോയിട്ടുള്ളൂ… അമ്മ ഇവിടുണ്ട്.. മോള് മറക്കണ്ട..”

അമ്മ പാർവതിദേവിയുടെ പരിഭവം കേട്ട് പകച്ചു പണ്ടാരമടങ്ങി നിൽക്കുവായിരുന്നു പോലീസുകാരി…

“എന്താ പാറുക്കുട്ടീടെ പ്രശ്നം…”

“നീയേ ഏതു കൊലകൊമ്പത്തെ പോലീസുകാരി ആയാലും ന്റെ അടുത്ത് അത്‌ വേണ്ടാട്ടോ കുട്ട്യേ..”

“ഹൈ… ന്താപ്പോ ദ് … അമ്മതമ്പുരാട്ടി ന്താ പറേണെ..”

“നിയ്യ് നിക്കിട്ട് തന്നെ കളിയാക്ക് ട്ടോ.. ഞാനെ ണ്ടായുള്ളു ല്ലാത്തിനും..മറക്കണ്ട..”

അമ്മയുടെ വിഷമത്തോടെയുള്ള പറച്ചിൽ കേട്ടപ്പോൾ തന്നെ അവൾ പറഞ്ഞു..

“വെറുതെയല്ല ഈ വാരസ്യാരുകുട്ടിയെ പണ്ട് ന്റെ അപ്പൻ ഇങ്ങ് അടിച്ചോണ്ടു പോന്നത്… ന്ത്‌ പാവാ ന്റെ പാറൂട്ടി..” അമ്മയെ നോക്കി അത്‌ പറഞ്ഞപ്പോൾ ആ മുഖത്തും ഒരു പുഞ്ചിരി വന്നു…

“വരുന്ന ചിങ്ങത്തിനു ഇരുപത്തഞ്ച് തികയും നിനക്ക്…. മറക്കണ്ട…. ഇരുപത്താറിനു ഇല്യാച്ചാൽ പിന്നെ മുപ്പത് കഴിയും ന്നാ രാമൻ കണിയാൻ പറഞ്ഞെ..”