കുറിച്യരുടെ നേതാവ് കോരനും അയാളുടെ ഭാര്യ മാലയും അതുവഴി വന്നു.
“അയ്യോ കൊച്ചമ്പ്ര എന്താ തമ്പ്രാൻ കുട്ടി ഇവിടെ ”
ഞാൻ ഓടി ടീച്ചറുടെ പുറകിൽ നിന്നു എനിക്ക് അന്ന് അവരെയൊക്കെ പേടിയായിരുന്നു.എന്റെ കൂടെ വന്നതാ എന്ന് ടീച്ചർ പറഞ്ഞു. ടീച്ചർ എന്നെ കൂട്ടി തിരിച്ചു വരുമ്പോൾ പറഞ്ഞു.
” അപ്പു നിന്റെ വീട്ടുകാരോട് പറഞ്ഞാൽ നിങ്ങളുടെ കുറച്ച് സ്ഥലം അവർക്ക് കൊടുത്താൽ ഒരു വീട് വെയ്ക്കാം. നീ ഒന്ന് ആലോചിച്ചു നോക്കിയെ. പാവമല്ലേ നിന്റെ കൂട്ടുകാരി. ”
അന്നാണ് ഞാൻ അവരെ കുറിച്ച് ആലോചിച്ചത് അന്ന് വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു. അമ്മാവനെയും എല്ലാരെയും പേടിച്ചിട്ടാവാം ഞാൻ വാശി പിടിച്ചപ്പോൾ അമ്മ കൈയ്യിലെ ഒരു വള ഊരി തന്നു പറഞ്ഞു.
“എന്റെ അപ്പു വീട് വയ്ക്കാനുള്ള സ്ഥലമൊന്നും കൊടുക്കാൻ ഇവർ സമ്മതിക്കില്ല. നീ ഈ വള അവർക്ക് കൊടുക്ക് പത്തായത്തിൽ നിന്നു കുറച്ച് അരിയും എടുത്തോ ചിരുതയെ കൂടെവിടാം..” അമ്മ പറഞ്ഞു.
ദേവുന്റെ വീട്ടിൽ പോയെങ്കിലും നിരാശയായിരുന്നു ഫലം അവൾ ഒന്നും വാങ്ങിച്ചില്ല തിരിച്ചയച്ചു. വരുന്ന വഴി ചിരുതേടത്തി പറഞ്ഞു
” കിടക്കാൻ കൂരയില്ലേലും പെണ്ണിന് അഹങ്കാരത്തിനു ഒരു കുറവും ഇല്ല ”
അന്നു മുതലാണ് മനസിൽ ദേവു കയറി കൂടിയത്. പിറ്റേ ദിവസം ടീച്ചർ തറവാട്ടിൽ വന്നു ഈ കാര്യം സംസാരിച്ചു .പതിവ് പോലെ അമ്മാവൻ സമ്മതിച്ചില്ല.
“എന്റെ ടീച്ചറെ ഇവറ്റകൾക്കൊക്കെ വീട് വെയ്ക്കാൻ ഇടം കൊടുത്താൽ തലയിൽ കേറി നിരങ്ങും. ഇവറ്റകളൊക്കെ ഇങ്ങനെ ജീവിക്കണം. ഇവറ്റകളുടെ കൂടെയാണോ അപ്പു പഠിക്കണതും കൂട്ടുകൂടുന്നതും. നാളെ മുതൽ വൈകിട്ട് കുളിച്ചിട്ട് വീട്ടിൽ കേറിയ മതികേട്ടോ അപ്പുനോടാണ്.. ” ഞാൻ മനസിൽ കംസൻ എന്ന് പറഞ്ഞു ഉം എന്ന് മൂളി അകത്ത് പോയി.
ടീച്ചർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി പക്ഷെ എന്റെ അഗ്രഹത്തിനു കൂട്ടുനിക്കുന്ന ഒരാൾ ഉണ്ട് അച്ഛൻ.ഞാൻ അച്ഛനെ വിളിച്ചു