മേപ്പനാട്ട് എന്ന വലിയ തറവാട്ടിലാണ് ഞാൻ ജനിച്ചത്.അമ്മ അച്ഛൻ, ചിറ്റമ്മ ,അമ്മാവൻ, ഇളയച്ഛൻ ,മുത്തശ്ശി, മുത്തശ്ശൻ തുടങ്ങി മക്കൾ മരുമക്കളടക്കം ഒരുപാട് പേര് ഉണ്ടായിരുന്നു തറവാട്ടിൽ.
” അപ്പു ഇന്ന് സ്കൂളിൽപോണില്ലേ ചേച്ചിയമ്മേ ….?”
“ഓ എന്റെ രാധേ നീ ഒന്നു അവനെ വിളിച്ചുണർത്തുമോ.. ”
ഇളയമ്മ വന്നു എന്നെ വിളിച്ചുണർത്തി ഞാൻ കണ്ണു തിരുമ്മി നേരെ അടുക്കളയിലേക്ക് നടന്നു.
” അയ്യേ,, ആൺകുട്ട്യോള് ഉറക്കമെഴുന്നേറ്റ് അടുക്കളയിലേക്കാണോ വരുവാ.ഉമ്മറത്തല്ലേ പോവേണ്ട അപ്പുവേ..?” മുത്തശ്ശി മുറുക്കാൻ ചവച്ചു കൊണ്ട് അടുക്കളയിൽ ഇരുന്നു ഓരോ ഉപദേശങ്ങൾ നല്കയാണ്.
അമ്മ നെറുകയിൽ എണ്ണ തേച്ച് തന്നിട്ട് പറഞ്ഞു
” അപ്പു കുളത്തിൽ വഴുക്കൽ ഉണ്ട് ചെറിയച്ഛനെ കൂട്ടി പോയിട്ട് കുളിച്ചിട്ട് വേഗം വാ…”
“അമ്മേ എനിക്കിന്ന് 50 രൂപ വേണം, ”
അമ്മയോട് ഞാൻ അത് പറഞ്ഞതും ഉമ്മറത്ത് ഒരു മൊരടൻ ശബ്ദം അമ്മാവനാണ് കംസൻ എന്നാ ഞങ്ങൾ കുട്ട്യോള് വിളിക്കാറ്. ”
” എന്തിനാണ് നിനക്ക് ഇത്രയു രൂപ ”
അമ്മാവൻ വലിയ ശബ്ദത്തിൽ അടുക്കള ഭാഗത്ത് വന്നു എന്നോട് ചോദിച്ചു.
ഞാൻ അമ്മയുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു.
” 5 രൂപ സ്കൂളിൽ കൊടുക്കണം. ബാക്കി എനിക്ക് മനയ്ക്കലെ ശങ്കരേട്ടന്റെ വീട്ടിൽ ഒരു വെളളരിപ്രാവ് ഉണ്ട് അതിനെ വാങ്ങണം.”
” ഇനി അതിനെ വാങ്ങിയിട്ട് വേണം ഇവിടെ ഉമ്മറം നാശമാക്കാൻ. പള്ളി കൂടത്തിൽ പറഞ്ഞയക്കണത് പഠിക്കാനാണ് അല്ലാതെ കണ്ട പക്ഷിനെയും ജന്തുക്കളെയും വാങ്ങാനല്ല കേട്ടോ..”