ഒരു കുഞ്ഞുജീവൻ തന്റെ വയറ്റിൽ ഉടലെടുത്തപ്പോൾ തന്നേക്കാൾ ഏറെ സന്തോഷിച്ചത് അവനായിരുന്നു.’ഇത് മോള് തന്നെ’ ഇടക്കിടെ തന്റെ വലുതായി വരുന്ന വയറിൽ തലോടി അവൻ മന്ത്രിക്കുമ്പോൾ ‘എനിക്ക് എബിയെ പോലൊരു മോൻ മതി’ എന്ന് മറുപടി പറയുമായിരുന്നു.
എട്ടാം മാസം ആശുപ്പത്രിയിലെ ചെക്കപ്പിന് പോകാൻ എബിയെ കാത്തിരുന്ന തന്റെ മുൻപിലേക്ക്, ആക്സിഡന്റിൽ മരണപ്പെട്ട തന്റെ നല്ലപാതിയുടെ ജീവനറ്റ ശരീരവുമായി ഒരു ആംബുലൻസ് എത്തി. താനെന്ന പെണ്ണിനു വേണ്ടി വീടിനേയും വീട്ടുകാരേയും ഉപേക്ഷിച്ചവൻ പൊതുശ്മശാനത്തിൽ മറവു ചെയ്യപ്പെട്ടത് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഏറ്റുവാങ്ങി.
അയൽപക്കത്തെ രാച്ചിയമ്മയുടെ കൂടെ തൃശ്ശൂരിലെ തന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അച്ഛൻ ഉച്ഛത്തിൽ അലറി.
“ഇളയവൾക്ക്, കുടുംബത്തിന് മാനക്കേടുണ്ടാക്കാൻ വന്നവൾ” എന്ന് അമ്മ പുലമ്പി.
രാച്ചിയമ്മയോടൊപ്പം കോടാമ്പാക്കത്തെ വാടക വീട്ടിലേക്ക് പൂർണ്ണ ഗർഭിണിയായ താൻ എബിയുടെ ഓർമ്മകളും നെഞ്ചിലൊതുക്കി ഒറ്റക്ക് കഴിഞ്ഞു. ജീവിത ചെലവിന് വഴിമുട്ടിയപ്പോൾ രാച്ചിയമ്മയുടെ കൂടെ പപ്പടം- പലഹാരം ഉണ്ടാക്കൽ പണികളിൽ മുഴുകി.താൻ ആഗ്രഹിച്ച പോലെ എബിയെ പോലെ ഒരു കുഞ്ഞു മകനെ ദൈവം സമ്മാനിച്ചു.
മകന് ഒരു വയസ്സായപ്പോൾ ബാങ്കിലെ പ്രൊബേഷനറി ഓഫീസറായി നിയമനം ലഭിച്ചു. ആറു മാസങ്ങൾക്കു ശേഷം കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥയായി സ്ഥിരപ്പെടുത്തൽ.കുഞ്ഞിനെ നോക്കാൻ രാച്ചിയമ്മയെ കൂട്ടി;തനിക്ക് അമ്മയായി, കുഞ്ഞിന് അമ്മൂമ്മയായി.
എവിടന്നാണ് താൻ അവന് അച്ഛനെ കൊടുക്കുക..? കുഞ്ഞിന്റെ എല്ലാ ആഗ്രഹങ്ങളും ഒന്നിനൊന്നായി നിറവേറ്റുമ്പോൾ ഈയൊരു കാര്യത്തിൽ താൻ പരാജയപ്പെടുന്നു.
ഈ സ്ഥലത്തേക്ക് ട്രാൻസ്ഫർ താൻ പ്രാർത്ഥിച്ച് നേടിയതാണ്; കാരണം ഇവിടെയാണ് തന്റെ പ്രിയതമനെ അടക്കം ചെയ്തത്..’
ജ്വാല, അവൾക്ക് ഉറക്കമില്ലാത്ത രാത്രികളോടൊപ്പം ആ ദിവസത്തേയും കൂട്ടി എഴുന്നേറ്റു മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. കുഞ്ഞിന്റെ സുന്ദരമായ മുഖം കാണുമ്പോൾ അവൾക്ക് സങ്കടം ഇരട്ടിച്ചു.മഴ, ഏതോ യാമത്തിൽ ശമിച്ച് തണുത്ത കാറ്റിലേക്ക് രൂപം മാറിയിരുന്നു.
Super!!!
❤️
നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…