കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“ആ…..ആരാ നീ “ഗോപാലേട്ടൻ പതറിയ ശബ്ദത്തോടെ ചോദിച്ചു.

“ഞാനോ ഞാൻ ഒരു ദൂതൻ. നിന്നെ പറഞ്ഞയക്കാൻ ഉള്ള മരണത്തിന്റെ ദൂതും ആയി വന്ന ന്യായാധിപൻ “അയാൾ ഉറക്കെ പൊട്ടിചിരിച്ചുകൊണ്ടിരുന്നു.

   ഗോപാലേട്ടനു തന്റെ ജീവൻ അപകടത്തിലാണ് എന്ന് തോന്നി. അയാൾ മേശക്കു മുകളിൽ ആയി വെച്ചിരുന്ന തന്റെ സർവീസ് റിവോൾവർ പരതാൻ തുടങ്ങി .

“ഇതാണോ തിരയുന്നത് “കയ്യിലിരുന്ന റിവോൾവർ ഗോപാലേട്ടനു നേരെ ചൂണ്ടിക്കൊണ്ട് ആ രൂപം ചോദിച്ചു. അയാളുടെ കയ്യിൽ ഇരിക്കുന്നത് തന്റെ സർവീസ് റിവോൾവർ ആണെന്ന സത്യം ഗോപാലേട്ടൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

“എന്താ നിനക്ക് വേണ്ടത് “ഗോപാലേട്ടൻ ചോദിച്ചു.
   അതിനു ഉത്തരമായി അയാൾ റിവോൾവർ ഗോപാലേട്ടനു നേരെ ചൂണ്ടി. അയാളുടെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തുടങ്ങിയിരുന്നു.

“നിങ്ങൾക്ക് പാട്ട് ഇഷ്ടമാണോ “ആ രൂപം ചോദിച്ചു.
അയാൾ അതെ എന്ന അർഥത്തിൽ പേടിച്ചു തലയാട്ടി.
“നിങ്ങൾക്കായി ഞാൻ ഒരു പാട്ടു പാടിത്തരാം. തന്റെ ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മനോഹരമായ ഗാനം. “

“മരണം വരുമോരു നാൾ
ഓർക്കുക മർത്യാ നീ
കൂടെപ്പോരും നിൻ ജീവിത ചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ
അലസത കൂടാതെ “

       പെട്ടന്ന് അയാൾ തന്റെ വലം കയ്യിലിരുന്ന സിറിഞ്ചു ഗോപാലേട്ടന്റെ കഴുത്തിലേക്ക് കുത്തി ഇറക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ അയാളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.

    ബോധം മറഞ്ഞു കട്ടിലിൽ കിടക്കുന്ന അയാളെ നോക്കി ആ രൂപം ഒന്നു വികൃതം ആയി ചിരിച്ച ശേഷം ഗ്ലൗസ് ഇട്ട  കൈ ഉപയോഗിച്ചു ഗോപാലേട്ടനെ തന്റെ തോളിലേക്ക് എടുത്ത് ഇട്ട ശേഷം തിരികെ നടക്കാൻ തുടങ്ങി. അപ്പോഴും പാട്ടിന്റെ വരികൾ അയാളുടെ ചുണ്ടുകൾ  മൂളുന്നുണ്ടായിരുന്നു.

                                                 തുടരും….