കഥയാണിത് ജീവിതം – 3 [Nick Jerald] 192

ഉടനെ പാക്കരൻ വിളിച്ചു… ടിക്കറ്റ് എല്ലാം റെഡി ആയി.. പിറ്റേന്ന് വെളുപ്പിന് ഉള്ള വേണാട് എക്സ്പ്രസ് – ന് കിട്ടിയെന്ന് പറഞ്ഞു…രാവിലെ തിരുവല്ല  സ്റ്റേഷനിൽ വെച്ച് കാണാം എന്ന് പറഞ്ഞു ഫോൺ വെച്ചു…

പിറ്റേന്ന് വെളുപ്പിന് വീട്ടിൽ നിന്ന് ഇറങ്ങി. പോകുന്നേനു മുമ്പ് കുടുംബത്ത് കയറി ഉറങ്ങി കിടന്ന അപ്പാപ്പനെയും അമ്മാമ്മയെയും കുത്തിപ്പൊക്കി പ്രാർത്ഥിപ്പിച്ചിട്ടാണ് പോയത്…

അവരൊക്കെ ആണ് നമ്മുടെ ബലം…

ഏകദേശം ഒമ്പതര കഴിഞ്ഞതോടെ എറണാകുളം സ്റ്റേഷൻ എത്തി. പിന്നെ അവിടുന്ന് ഒരു ഓട്ടോ പിടിച്ച് ഇൻ്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പോയി.

ചെന്ന് കേറിയപ്പോൾ തന്നെ വയറ് നിറഞ്ഞു..ഒരു 300-400 ആളുകൾ എങ്കിലും കുറഞ്ഞത് കാണും..പല ഒഴിവുകളിലേക്ക് ആണ് അപേക്ഷ സ്വീകരിക്കുന്നത്.ഇതൊക്കെ ഇന്ന് കൊണ്ട് തീരുമോ എന്ന് വരെ സംശയിച്ചു പോയി.

അവിടെ ഇനി പേര് വിളിക്കുന്ന മുറക്ക് പോയി അറ്റൻഡ് ചെയ്യണം.. ഞങ്ങൾ 2 തസ്തികകളിലേക്ക് ആണ് അപേക്ഷ കൊടുത്തേക്കുന്നത്..രണ്ടിനും 5 ഒഴിവുകൾ വെച്ചും ഉണ്ട്..ഒരു കമ്പനി – യും തന്നെ..

കുറച്ച് നേരം അവിടെ ഇരുന്നു കഴിഞ്ഞപ്പോഴേക്കും ഒരു പേടി കയറി കൂടാൻ തുടങ്ങി.സാധാരണ എന്ത് പ്രയാസമുള്ള കാര്യം വന്നാലും ഞാൻ ഒരു കാരണവും ഇല്ലാതെ പേടിക്കാൻ തുടങ്ങും.ഇവിടെയും അത് തന്നെ അവസ്ഥ.

പാക്കരന് എന്നെ കണ്ടപ്പോഴേ കാര്യം മനസിലായി..

” ടാ..ഇതുവരെ നിൻ്റെ പേടി മാറിയില്ലേ…?
വന്ന് വന്ന് ഇതിപ്പോ കൂടി വരുവാണല്ലോ…”

” നല്ല പേടി ഉണ്ടെടാ…വീണ്ടും ജോലി കിട്ടാതെ വീട്ടിലോട്ടു പോകുന്ന കാര്യം ഓർക്കാൻ വയ്യടാ…”

” എടാ…നമ്മൾ നമ്മുടെ കഴിവിൻ്റെ പരമാവതി ശ്രമിക്കുക…ബാക്കി ഒക്കെ വിധി പോലെ നടക്കും..നമ്മൾ അധ്വാനിക്കാതെ എങ്ങനെ സമ്പാദിക്കാൻ ഒക്കും…?
ഇത് കിട്ടിയില്ലേ അടുത്തതിന് കൊടുക്കുക…അത് പിന്നത്തെ കാര്യം.പക്ഷേ ഇവിടെ ഇരിക്കുമ്പോ ഇതിനെ പറ്റി മാത്രം ചിന്തിക്കുക…”

എവിടുന്നോ ഒരു പോസിറ്റീവ് എനർജി എൻ്റെ ഉള്ളിൽ നിറയുന്ന പോലെ തോന്നി..ഇനി പേടിച്ച് നിന്നിട്ട് കാര്യം ഇല്ല…എന്ത് വന്നാലും നേരിടുക…

കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ പേര് വിളിച്ചു..
നല്ല രീതിയിൽ തന്നെ കാര്യങ്ങൾ അവരോട് സംസാരിച്ചെങ്കിലും ഇത്രയും നാളത്തെ ഗാപ് വന്നത് അവർക്ക് ഒരു തെറ്റായ ധാരണ വന്നോ എന്ന് തോന്നി.
പിന്നീട് ചോദിച്ച പഠനപരമായത് ആയാലും പൊതു വിജ്ഞാനം ആയാലും ഞാൻ എന്നെ കൊണ്ട് ആവുന്നത് പോലെ മറുപടി പറഞ്ഞു.

പുറത്തേക്ക് ഇരിക്കാനും പിന്നിട് അറിയിക്കാം എന്നും പറഞ്ഞ് എന്നെ വിട്ടു. ഞാൻ ഇറങ്ങി അവനോട് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ അവനെയും വിളിച്ചു.

ഒരു 7-8 മിനുട്ട് കഴിഞ്ഞ് അവനെയും വിട്ടു. കുറച്ച് കഴിഞ്ഞ് ആദ്യത്തെ റൗണ്ട് സെലക്ട് ആയവരുടെ പേര് വിളിക്കാൻ തുടങ്ങി…അതിൽ എൻ്റെയും അവനെയും പേര് കേട്ടപ്പോൾ തുള്ളി ചാടാൻ തോന്നി…

പെരുത്ത് സന്തോഷം ആയി മക്കളെ…

അടുത്ത റൗണ്ടിൽ ഞങ്ങൾക്ക് വരയും മറ്റും ഒക്കെ ആയിരുന്നു… പണ്ടുതൊട്ടേ അതിനോട് ഒരു ചായ്‌വ് ഉള്ളത് കൊണ്ട് നമ്മളെ കൊണ്ട് ആവുന്ന പോലെ ഒരു സാധനം അങ്ങോട്ട് പെടച്ച്…

ഇൻ്റർവ്യൂ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം മൂന്നര കഴിയാറായി.
പിന്നീട് സെലക്ട് ആയവരുടെ പേര് കേൾക്കാൻ ആയി കാത്തിരുന്നു.

നാല് മണി ആയതോടെ അവർ വന്ന് പേര് വിളിക്കാൻ തുടങ്ങി…കുറേ പേര് വിളിച്ച് കഴിഞ്ഞപ്പോഴേക്കും എൻ്റെ ഉള്ള് പിടക്കാൻ തുടങ്ങി..
ഇത് പോയാൽ അടുത്തത് എന്ന് വിചാരിച്ച് എണീക്കാൻ പോയപ്പൊഴേക്കും പാക്കരൻ എൻ്റെ കൈയ്യിൽ പിടിച്ച് അവിടെ ഇരുത്തി..

നിനക്ക് ഇത് എന്താ…എന്ന് പറയാൻ പോകുമ്പോഴേക്കും ..

ടോംസ് ജോ കുര്യൻ എന്ന പേര് വിളിക്കുന്നത് കേട്ട്…എൻ്റെ സർവ്വ കിളികളും പറന്നു പോയി..

ചാടി എഴുന്നേറ്റ് ഒന്നും നോക്കാതെ ” present ma’am..” എന്ന് ഉറക്കെ കൂവി..

ഇവൻ ഏതാടാ എന്നൊരു നോട്ടവും ഇട്ട് പേര് വായിച്ച് കൊണ്ടിരുന്ന ചേച്ചി അവിടെ നിന്നു..

കൂടെ ഇരുന്ന ടീംസ് എല്ലാം ചിരിക്കാൻ തുടങ്ങിയപ്പോഴേക്കും പാക്കരൻ എന്നെ പിടിച്ച് അവിടെ ഇരുത്തി…

” പോന്നു മോനേ… നാറ്റിക്കല്ലെ…ഒന്ന് അടങ്ങി ഇരിക്കടെയ്…”

അവൻ പറഞ്ഞു നാവു അകത്തേക്ക് ഇട്ടില്ല…അപ്പോഴേക്കും അടുത്ത ബോംബ് പൊട്ടി..

പ്രഭാസ് പി. ദേവ്

ഇതിപ്പോ എന്താ സംഭവിച്ചത് എന്ന രീതിയിൽ അവനും ഞാനും മുഖത്തോട് നോക്കി ഇരുന്നു…ചുരുക്കി പറഞാൽ ഞങ്ങൾ രണ്ടു പേർക്കും ജോലി കിട്ടി…

പേര് വിളിച്ച എല്ലാർക്കും അവരവരുടെ തസ്തികകൾ അനുസരിച്ച് ഓഫർ ലെറ്റർ മെയിൽ ചെയ്യാം എന്ന് പറഞ്ഞു ആ ഇൻ്റർവ്യൂ അവസാനിച്ചു.

കുറേ നേരം ഞാൻ അവിടെ ഇരുന്നു പഴയ കാര്യങ്ങൾ ചിന്തിച്ചു…ഇവിടം വരെ എത്തിപ്പെടാൻ പെട്ട സാഹചര്യങ്ങൾ…അതിൻ്റെ ഇടയിൽ നടന്ന പ്രശ്നങ്ങൾ..എല്ലാം അതിജീവിച്ച് ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു നിർവൃതി…എല്ലാംകൂടി ഓർത്തപ്പോൾ പിടിച്ച് നിൽക്കാൻ പറ്റിയില്ല…കുറേനേരം അവിടെ ഇരുന്നു പൊട്ടിക്കരഞ്ഞു…

പാക്കരൻ എന്നെ അവിടെ ഇരുത്തി കുറേ ആശ്വസിപ്പിച്ചു…വീട്ടിൽ വിളിച്ച് പറയണ്ടേ എന്ന ചോദ്യം ആണ് എന്നെ തിരിച്ച് ബോധത്തിലേക്ക് കൊണ്ടുവന്നത്…

വീട്ടിൽ വിളിച്ച് കാര്യം പറയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കരച്ചിൽ ആയിരുന്നു…സന്തോഷം പോലും കരഞ്ഞ് പങ്കുവെക്കുന്നു…

സത്യം പറഞാൽ സങ്കടങ്ങളിൽ കരുത്തായി കൂടെ നിൽക്കാൻ ഒരു കുടുംബവും കൂടപ്പിറപ്പുകളെ പോലെ കൂട്ടുകാരും ഉണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കാതെ മുമ്പോട്ടു പോകാം എന്ന് ഞാൻ അവിടെ വെച്ച് മനസ്സിലാക്കി…

2 Comments

  1. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤

    1. വരുന്നുണ്ട്…

Comments are closed.