കഥയാണിത് ജീവിതം – 3 [Nick Jerald] 190

Views : 2919

എൻ്റെ മോനെ… പുട്ടും ബീഫും.. ഇന്ന് ഞാൻ ഒരു അലക്ക് അലക്കും.

പുട്ട് എടുത്ത് പ്ലേറ്റിൽ വെച്ച് ഒടച്ച് റെഡി ആക്കി വെച്ചപ്പോഴേക്കും കറി വന്നു. നോക്കിയപ്പോൾ കടലക്കറി…

പോയീ… മൂഡ് പോയി…

” രാവിലെ തന്നെ ഉഡായിപ്പും കൊണ്ട് ഇറങ്ങല്ലേ ആനി..ബീഫ് മസാല ഇട്ടു കടല കറി ഉണ്ടാക്കി ഇങ്ങനെ പറ്റിക്കല്ലേ…”

” ഓരോന്ന് ഉണ്ടാക്കിത്തരുന്ന എന്നെ വേണം പറയാൻ.വേണേൽ എടുത്ത് കഴിച്ചേച്ചും പോടാ…”

പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല..ശ്രദ്ധ പിന്നെ പൂർണമായും പ്ലേറ്റിലേക്ക് തിരിച്ചു. കഴിച്ച് എണീക്കാൻ പോയപ്പോഴേക്കും എൻ്റെ ഫോൺ കിടന്നു അടിക്കാൻ തുടങ്ങി. നോക്കിയപ്പോൾ എൻ്റെ ചങ്ക് പാക്കരൻ.

ശെരിക്കും ഉള്ള പേര് പ്രഭാസ്. കോളേജിൽ നിന്ന് കിട്ടിയ ബന്ധം. തുടക്ക ദിവസം മുതൽ അവസാനം 6 മാസത്തെ കോഴ്സ് – നു വരെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു. ശെരിക്കും പറഞാൽ ഇപ്പൊൾ ഞങ്ങളുടെ ബാച്ചിൽ ആകെ ഞാൻ പഴേപോലെ മിണ്ടുന്നത് ഇവനോട് മാത്രം ആണ്. ജോലി ഇതുവരെ ആയില്ല എന്ന കാര്യത്തിൽ തുല്യദുഃഖിതർ. നേരെ പോയി ഫോൺ എടുത്തു.

” ആഹ്ടാ… പറയ്
രാവിലെ തന്നെ എന്താണ് ..? എന്തേലും ഒപ്പിച്ചുവച്ചോ ? “

” ഒന്നു പോടാപ്പാ…സുഖം ആയിട്ട് കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ ആണ്. നമ്മൾ പഠിച്ച ടെക്നിക്കൽ കോഴ്സ് – ൻ്റേ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. ഒരു ജോബ് ഹണ്ട് അടുത്ത ദിവസം കഴിഞ്ഞ് എറണാകുളത്ത് വെച്ച് നടക്കുന്നുണ്ട്. ഇൻ്റർവ്യൂ പോയി അറ്റൻഡ് ചെയ്യണം എന്ന് പറഞ്ഞു.അവർക്കെങ്കിലും അത്രേം ശുഷ്കാന്തി ഉണ്ടല്ലോ…എന്താ നിൻ്റെ അഭിപ്രായം ?”

” ഒന്നും നോക്കാനില്ല..നേരെ വിടാം. ഒരു അവസരവും ഇനി വെറുതെ കളയണ്ട.. ഒന്നുമില്ലേലും വരപ്പും മറ്റും ഒക്കെ പഠിച്ചത് അല്ലേ. പോയി നോക്കാം..”

” ഓക്കേ ടാ…അപ്പോ എല്ലാം സെറ്റ് ആക്കാം.ഞാൻ നിനക്ക് ആ ലിങ്ക് അയക്കാം.അതിൽ കയറി നമ്മുടെ വിവരങ്ങൾ എല്ലാം കൊടുക്ക്.
ഞാൻ അപ്പോഴേക്കും ട്രെയിൻ ടിക്കറ്റ് ഒക്കെ ഒന്ന് നോക്കട്ട്..എല്ലാം ശെരി ആക്കി ഞാൻ വിളിക്കാം..”

“ശരിയടാ എന്നാ…”

അപ്പോഴേ പോയി അമ്മിയോടു കാര്യം എല്ലാം പറഞ്ഞു. പോകേണ്ട ദിവസത്തേക്ക് വേണ്ട എല്ലാം എടുത്ത് വെക്കാൻ ഒരു ഉപദേശവും തന്നു വിട്ടു.

റൂമിൽ വന്നു അവൻ പറഞ്ഞപോലെ എല്ലാം കയറി ഫിൽ ചെയ്തു.ഫയൽ തുറന്ന് സർട്ടിഫിക്കറ്റ് എല്ലാം ഉണ്ടോ എന്ന് നോക്കി. നേരെ ബാഗിൽ വെച്ച് തിരിഞ്ഞപ്പോൾ എപ്പോഴോ ഭിത്തിയിൽ വെച്ചിരുന്ന കുടുംബചിത്രത്തിൽ അപ്പൻ്റെ മുഖം ഒന്ന് മിന്നിമറഞ്ഞു.

പുള്ളിയുടെ കഷ്ടപ്പാടും അധ്വാനവും കൊണ്ട് കുടുംബം ഇത്രയും നല്ല നിലയിൽ ആക്കി.ഇനി എൻ്റെ ഊഴം ആണ്.
എങ്ങനെ എങ്കിലും ഈ ജോലി വാങ്ങി എടുക്കണം. വീട് നോക്കേണ്ട സമയം ആയി. ഞാൻ ഒന്ന് കര കയറിയാൽ അപ്പോൾ തന്നെ നാട്ടിൽ വന്ന് തമ്പടിക്കാൻ ആണ് അപ്പൻ്റെ പ്ലാൻ. പ്രായം ആയി വരുവല്ലേ..ഇത്രയും നാൾ അവിടെയും ഇവിടെയും ആയിട്ട് കഴിഞ്ഞു. ആവശ്യത്തിന് ഉള്ള മുതൽ ഉണ്ടാക്കി. ഇനി കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം.
പിന്നെ ത്രേസ്യ..അവളുടെ കല്യാണം..അതുകഴിഞ്ഞ് എൻ്റെ…

ചിന്തിച്ച് ചിന്തിച്ച് ഞാൻ എൻ്റെ കെട്ടും കഴിഞ്ഞ് ഇരട്ട കുട്ടികൾക്ക് ചോറ് വാരി കൊടുക്കുന്ന സീൻ വരെ എത്തി.. അപ്പോഴേക്കും..

” ഏത് ലോകത്താടാ നീ..കൊറേ നേരം ആയല്ലോ മാനം നോക്കി ഇരിക്കുന്നു…അപ്പുറത്ത് ആ ജോളി കരിയില കൂട്ടിയിട്ട് കത്തിച്ചത്  നിൻ്റെ തലയ്ക്ക് പിടിച്ചോ ?”

ആനിയാണ്..

” ഇത് അതല്ല ആനീ..കുറച്ച്  കഞ്ചാവ് വലിച്ചതാ..”

” എങ്കീ എൻ്റെ മോൻ്റെ മുട്ടുകാൽ രണ്ടും ഞാൻ തല്ലി ഒടിച്ചിടും..എന്നിട്ട് ബാക്കി കാലം ഞാൻ നോക്കും..”

” രാവിലത്തെ ബീഫിൻ്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. വെറുതെ ഇനി ചൊറിയല്ലേ..ഞാൻ കേറി മാന്തും..”

” ഉവ്വെടാ…അതൊന്നു കാണണോല്ലോ …”

” ഓഹ്..ഒന്ന് പോ ആനീ…ഞാൻ ഇതെല്ലാം ഒന്ന് റെഡി ആകി വെക്കട്ടെ ..”

“എങ്കി നിനക്ക് കൊള്ളാം…😏 “

ഒരു പുച്ഛ ഭാവം വാരി വിതറി അമ്മി പോയി.

പണി എല്ലാം ഒതുക്കി കഴിഞ്ഞ്  ഫോൺ എടുത്ത് അവൾ ഓൺലൈൻ വന്നിട്ടുണ്ടോ എന്ന് നോക്കി..

പക്ഷേ നിരാശ ആയിരുന്നു ഫലം…

അതിൽ നിന്നും ഒരു കാര്യം ഞാൻ മനസ്സിലാക്കി…രാവിലെ അവൾ ഇവിടെ വരാറില്ല..ഒന്നുങ്കിൽ എവിടെയോ പഠിക്കാൻ പോകുന്നു..അല്ലെങ്കിൽ എന്തെങ്കിലും ജോലി..

പക്ഷേ പഠിക്കാൻ പോകണമെങ്കിൽ കാശ് വേണം..അത് ഉണ്ടെങ്കിൽ പിന്നെ അവൾക്ക് ഇതിൽ വരണ്ട ആവശ്യം ഇല്ലല്ലോ..

ശെടാ…അപ്പോ ജോലിക്ക് പോകുന്നുണ്ട് എങ്കിൽ വരുമാനം ഉണ്ടല്ലോ.. അപ്പോഴും പിന്നെ എന്തിനാ ഇതിൽ വരുന്നേ…?

ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ…

ആഹ്…തൽകാലം അവൾ ജോലിക്ക് പോകുന്നു…അവിടെ കിട്ടുന്ന ശമ്പളം കുറവ് ആയിരിക്കും എന്ന നിഗമനത്തിൽ ഞാൻ കടിച്ചുതൂങ്ങാൻ തീരുമാനിച്ചു.

അല്ലേ വേണ്ട…അവളോട് തന്നെ ചോദിക്കാം…വൈകിട്ട് ഓൺലൈൻ വരുമായിരിക്കും…എങ്ങനേലും അവളോട് മിണ്ടി ഒരു സൗഹൃദം ഉണ്ടാക്കി എടുക്കണം..

അന്നത്തെ ദിവസം വൈകിട്ട് വരെ എങ്ങനെയോ ഞാൻ തള്ളി നീക്കി എന്ന് വേണം പറയാൻ..

ചായ കുടിച്ച്  സമയം നാലര കഴിഞ്ഞതോടെ ഞാൻ ഓൺലൈൻ – ഇൽ കേറി ഇരിപ്പായി…പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് അവൾ വന്നത്…

പെട്ടെന്ന് ചാടി കേറി മിണ്ടാൻ മടി ഉള്ളതുകൊണ്ട് കുറച്ച് നേരം വെയ്റ്റ് ഇട്ടു നിന്നു….പിന്നെ ആലോചിച്ചപ്പോൾ എൻ്റെ സമയം അല്ലേ ഞാൻ വെറുതെ കളയുന്നത് എന്ന് മനസ്സിലാക്കി..

Recent Stories

The Author

Nick Jerald

2 Comments

  1. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤

    1. വരുന്നുണ്ട്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com