കണ്ണീരണിഞ്ഞ ഇഷ്ടദാനം 19

കേട്ടത് വിശ്വസിക്കാനാവാതെ ഒരു പ്രതിമ പോലെ ശ്വസിക്കാൻ പോലും മറന്ന്‌ തരിച്ചിരുന്നു പോയ എനിക്ക് സമനില വീണ്ടെടുക്കാൻ ഏറെ നേരം വേണ്ടിവന്നു.

“പിന്നെന്തിനീ നാടകം. എന്നെയെന്തിനീ വേഷം കെട്ടിച്ചു “.? ഇഷ്ടമുള്ളവന്റെ കൂടെ പൊയ്ക്കൂടായിരുന്നോ ” .. ?

“എനിക്ക് പറയാനുള്ളതൊന്ന് കേൾക്കൂ… എന്നിട്ട് എന്നെ എന്തു വേണേലും പറഞ്ഞോളൂ ..”

നിസ്സഹായതയോടെ തല കുനിച്ച് എന്റെ കാലുപിടിച്ചു കരയുന്ന അവൾക്ക് പറയാനുള്ളത് കേൾക്കാൻ ഞാൻ തയ്യാറായി.

സാരിത്തലപ്പ് കൊണ്ടു മുഖം അമർത്തിത്തുടച്ച് അവൾ പറഞ്ഞു തുടങ്ങി ഒരു പ്രണയത്തിന്റെ കഥ.

പതിനേഴാമത്തെ വയസ്സിൽ മുറച്ചെറുക്കനോട് തോന്നിയ ഇഷ്ടം വീട്ടുകാർ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായില്ല. കാരണം അച്ഛനും അമ്മായിയും തമ്മിലുള്ള സ്വത്ത് തർക്കം .കാണുന്നിടത്ത് വച്ചെല്ലാം അച്ഛനും അമ്മായിയും തല്ലും വഴക്കും കേസുമായി ശത്രുത വർദ്ധിപ്പിച്ചപ്പോൾ ആരുമറിയാതെ ഞങ്ങളുടെ ഇഷ്ടം പിരിയാനാവാത്ത വിധം വളരുകയായിരുന്നു.

ഒരു നാൾ പിടിക്കപ്പെട്ടു. കാെല്ലണ്ടി വന്നാലും രണ്ടു പേരേയും ഒരുമിച്ച് ജീവിക്കാനനുവദിക്കില്ലെന്ന നിലപാടിലായിരുന്നു രണ്ട് വീട്ടുകാരും.

നാട്ടിൽ നിന്നാൽ അച്ഛന്റെ ആൾക്കാർ ഏട്ടനെ തല്ലിക്കൊല്ലുമെന്നുറപ്പായപ്പോൾ എന്റെ നിർബന്ധം കൊണ്ട് ഏട്ടൻ ഗൾഫിലേക്ക് പോയി..

ഏട്ടൻ തിരിച്ചു വരുന്ന അന്ന് ഞങ്ങൾ ഒളിച്ചോടുമെന്നു മനസിലാക്കിയ അച്ഛൻ എന്റെ കല്യാണം നടത്താൻ തീരുമാനിച്ചു. പിടിച്ചു നിൽക്കാനുള്ള എന്റെ ശ്രമങ്ങൾ അച്ഛന്റെ ആത്മഹത്യാ ഭീഷണിയ്ക്കു മുൻപിൽ തകർന്നു വീണു.

മാഷിനോട് എല്ലാം തുറന്നുപറയണമെന്ന് വിചാരിച്ചിരുന്നതാണ് അതിനുള്ള എന്റെ ശ്രമങ്ങളൊക്കെ അച്ഛൻ പരാജയപ്പെടുത്തി. മാഷെന്റെ കഴുത്തിൽ താലി കെട്ടുന്നത് വരെ അച്ഛൻ ഒരു വിഷക്കുപ്പി അരയിൽ സൂക്ഷിച്ചിരുന്നു.

” മാഷ് പറയൂ ഞാനെന്താ ചെയ്യേണ്ടത് മരിക്കാതിരുന്നതാണോ ഞാൻ ചെയ്ത തെറ്റ്. എനിക്ക് വേണ്ടി കടല് കടന്നു പോയ ഏട്ടനു വേണ്ടി കാത്തിരിക്കുന്നതാണോ തെറ്റ്. ഈ നിമിഷം മാഷിനെന്നെ കയ്യൊഴിയാം. ഒന്നുകിൽ അച്ഛനെന്നെ കൊല്ലുംഅല്ലെങ്കിൽ ഒരു മുഴം കയറിൽ ഞാനെല്ലാം അവസാനിപ്പിക്കുo. ചോദിക്കാൻ ഒരു യോഗ്യതയും ഇല്ലെനിക്ക്. എന്റെ പ്രാണനെ ഒന്നു കാണാൻ ഒപ്പം ജീവിക്കാൻ കൊതിയായിട്ട് ചോദിക്കുവാ എന്റേട്ടൻ തിരിച്ചു വരുന്നത് വരെ എന്നെ ജീവിക്കാൻ അനുവദിച്ചുകൂടെ….”

“എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.ആ നിമിഷം മരിച്ചുവീണെങ്കിലെന്ന് ഞാനാശിച്ചു. പ്രതീക്ഷകളും സ്വപ്നങ്ങളുമായ് താലികെട്ടി കൂടെ കൂട്ടിയവളുടെ മനസിൽ മറ്റൊരാളാണെന്ന് അവൻ വരുന്നത് വരെ അവളെ ഞാൻ സംരക്ഷിക്കണമെന്ന്. ആരെയാ കുറ്റപ്പെടുത്തേണ്ടത്. “