കണ്ണീരണിഞ്ഞ ഇഷ്ടദാനം 19

Kanniraninja Istadanam by കൃഷ്ണ മദ്രസുംപടി

മുല്ലപ്പൂക്കളും, ചുവര്‍ചിത്രങ്ങളും കൊണ്ട് ഭംഗിയായി അലങ്കരിച്ച മണിയറയിലെ കട്ടിലില്‍ ആദ്യരാത്രിയുടെ നിറമുള്ള സ്വപ്നങ്ങളുമായ് ഞാന്‍ കാത്തിരിക്കുകയായിരുന്നു…

ചാരിയിട്ട വാതില്‍ തുറന്ന് ഏത് നിമിഷവും എന്റെ പ്രിയപ്പെട്ടവള്‍ കടന്നുവരും..എന്നുടല്‍ പാതിയോട് ആദ്യമായ് എന്താണ് ചോദിക്കേണ്ടത്..?

പേര് ചോദിച്ചാലോ..? ഛെ..മണ്ടത്തരം പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ചോദിച്ചതല്ലേ പേരൊക്കെ…എങ്ങനെ സംസാരിച്ച് തുടങ്ങുമെന്നാലോചിച്ച് എനിക്ക് ടെന്‍ഷന്‍ കൂടി വന്നു.. എന്നാലും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമുണ്ടതിന്….

വന്നൂ കണ്ടു കീഴടങ്ങീന്ന് പറഞ്ഞ പോലെ എടുപിടീന്നുള്ള കല്ല്യാണമായിരുന്നത് കൊണ്ട് ഫോണില്‍ സൊള്ളാനോ എന്തിന് ശരിക്കൊന്ന് കണ്ട് സംസാരിക്കാന്‍ പോലും പറ്റിയില്ല..ഒരു കണക്കിന് അത് നന്നായി ഒരുപാട് സംസാരിക്കുകയും കാണുകയുമൊക്കെ ചെയ്താല്‍ ഇപ്പൊ അനുഭവിക്കുന്ന ഈ സുഖം കിട്ടുകയില്ലല്ലോ..ഇങ്ങനെയൊക്കെ ഓരോന്നാലോചിച്ചിരിക്കുമ്പോള്‍ പൊടുന്നനെ ചാരിയിട്ട വാതില്‍ക്കലൊരു കാല്‍പെരുമാറ്റം കേട്ടു. വസ്ത്രമുലയുന്ന ശബ്ദവും..

പരിഭ്രമത്തോടെ ഞാന്‍ വാതില്‍ക്കലേയ്ക്ക് നോക്കി..വാതില്‍ തുറന്നു ഒരു കയ്യില്‍ പാത്രത്തില്‍ കുറച്ച് പഴങ്ങളും മറ്റേ കയ്യില്‍ പാല്‍ഗ്ലാസുമായി ചേച്ചി..

എന്റെ നോട്ടം കണ്ട് ചേച്ചി ആക്കിയ ഒരു ചിരിയോടെ കയ്യിലിരുന്ന പാലും പഴങ്ങളും മേശപ്പുറത്തേയ്ക്ക് വച്ച് പറഞ്ഞു.

”അവളിപ്പം വരും ചെക്കാ..പിന്നേ നീയിതെടുത്ത് കുടിക്കല്ലേ രണ്ടുപേര്‍ക്കും കൂടിയുള്ളതാ അവള് വന്നിട്ടേ കുടിക്കാവൂ…”

ഞാനൊരു ഇളിഭ്യച്ചിരിയോടെ തലയാട്ടി..തലയ്ക്ക് ഒരു കൊട്ടും തന്ന് പഴയ പടി വാതില്‍ ചാരിയിട്ട് ചേച്ചി പോയി…കട്ടിലിന് കുറുകെ മലര്‍ന്ന് കിടന്ന് കണ്ണുകളടച്ച് ഞാനെന്റെ സ്വപ്നലോകത്തേയ്ക്കും…നിമിഷങ്ങള്‍ കടന്നു പോയി…

ഉറക്കം കണ്‍പോളകളെ തഴുകി തലോടിയത് പോലെ,ഞാന്‍ പെട്ടെന്ന് ചാടിയെണീറ്റു അടഞ്ഞു പോകുന്ന കണ്ണുകള്‍ വലിച്ചു തുറന്നു…

ചുമരില്‍ ചാരി എന്നെത്തന്നെ നോക്കി നില്‍ക്കുന്നു എന്റെ പ്രിയതമ…ചമ്മലോടെ ഞാന്‍ ചോദിച്ചു.

“വന്നിട്ടൊരുപാട് നേരായോ.”?

പതിഞ്ഞ ശബ്ദത്തില്‍ അവളൊന്നു മൂളി..എന്റെ കണ്ണുകളെ നേരിടാന്‍ കഴിയാത്തത് കൊണ്ടാവും തല താഴ്ത്തി നിന്നു..