ഏഴാം ? തീയാട്ട് [Sajith] 1427

ഏഴാം ? തീയാട്ട്

Author : Sajith

[ Previous Part ]

 

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രം. 

 

***

 

ഇതിൽ ചെറിയ ഒരു ഓർമ്മപ്പെടുത്തലുണ്ട്, ഈ പാർട്ട് മുതൽ സ്വാതി അപ്പുവായി മാറുന്നു അതോണ്ട് രണ്ട് രീതിയിൽ സ്വാതിക്ക് വിളിപ്പേര് വരും (സ്വാതി, അപ്പു). സച്ചിൻ ( കുഞ്ഞാവ, കുഞ്ഞൂട്ടൻ). കൺഫ്യൂഷൻ വരാതിരിക്കാൻ പറഞ്ഞതാണ് വരില്ലെന്ന് വിചാരിക്കുന്നു.

***

 

നേരിയ തണുപ്പ് കാലിലടിച്ചപ്പഴാണ് കുഞ്ഞൂട്ടൻ ഉറക്കം വിട്ടുണർന്നത്. ദൂരെ നിന്നും സരസ്വതിയാമത്തിലെ ദേവീ ഭക്തിഗാനം ഉറക്കെ കേൾക്കാം. ആരോ ദേഹത്ത് പുതപ്പ് കൊണ്ട് വന്ന് മൂടിയിരുന്നു, നല്ല തണുപ്പുണ്ടായതോണ്ട് ഇന്ദിരാമ്മ ചെയ്തെ ആവും. അർത്ഥബോധത്തിൽ അവൻ കാല് വലിച്ച് പുതപ്പിനുള്ളിലാക്കി. പുതപ്പിനകത്ത് കുഞ്ഞൂട്ടൻ്റെ ദേഹത്തോട് ചേർന്ന് നേരിയ ചൂട് അനുഭവപ്പെട്ടു, അവൻ പുതപ്പൊന്ന് ഉയർത്തി നോക്കിയപ്പൊ അപ്പു ദേ കിടക്കുന്നു. കുഞ്ഞുങ്ങളേ പോലെ ചുരുണ്ട് കൂടി മുഖം കുഞ്ഞൂട്ടൻ്റെ നെഞ്ചിലും കൈ രണ്ടും കൂട്ടി അവൻ്റെ ഒരു കൈ ചുറ്റി പിടിച്ചിരിക്കുന്നു. വലത്തേ കൈ തലയിണയ്ക്ക് മുകളിലൂടെ വെച്ച് അവളതിൽ തല വച്ചിരിക്കുന്നു. 

 

ഒരുപാട് നേരം ആയി തല അങ്ങനെ വെച്ചിട്ടെന്ന് തോന്നുന്നു  കൈയ്യിനൊക്കെ ഒരു മരവിപ്പ് അവന് അനുഭവപ്പെട്ടു. കുഞ്ഞൂട്ടൻ പതുക്കെ തലയൊന്നു പൊക്കി കൈയ്യ് വലിച്ചൂരിയെടുത്തു. കൈ എടുക്കുന്നതിന്റെ ബെഥപ്പാടിൽ അവൾക്ക് അനക്കം തട്ടി. അത് ഇഷ്ട്ടപ്പെടാത്ത മാതിരി കൈ രണ്ടും വിടർത്തി കുഞ്ഞൂട്ടനെ വരിഞ്ഞ് മുറുക്കി കെട്ടിപിടിച്ചു. നെഞ്ചിൽ വച്ചിരുന്ന തല എടുത്തു നിവർന്ന് വന്ന് കുഞ്ഞൂട്ടൻ്റെ മുഖത്തേക്കടുപ്പിച്ചു പിന്നെ കൈയ്യെടുത്ത് കഴുത്തിലൂടെ ചുറ്റി. ഇപ്പൊ അവൻ്റെ തല അപ്പൂൻ്റെ മാറിലാണ്, 

 

 ചിങ്ങ പ്രഭാതത്തിന്റെ തണുപ്പിലും കുഞ്ഞൂട്ടന് വിയർക്കുന്നുണ്ടായിരുന്നു. അപ്പു ഉടുത്തിരുന്ന മുണ്ടിൽകൂടി കൂടി തന്നെ ഒരു കാലെടുത്ത് അവൻ്റെ കാലിന് മുകളിലൂടെ വച്ചു. കുറച്ച് നേരം കഴിഞ്ഞ് കൈയ്യൊന്ന് എടുത്തു മാറ്റി, വിട്ട് കെടക്കാൻ ശ്രമം നടത്തി. പക്ഷേ പരാജയമായിരുന്നു ഫലം. വിട്ട് പോവുന്നേനനുസരിച്ച് അവള് കുഞ്ഞൂട്ടനെ കൂടെ കൂടെ ചേർത്ത് പിടിക്കാനാണ് ശ്രമിക്കുന്നത്. അറിഞ്ഞ് കൊണ്ടാണോ, അല്ല അറിയാതെയാണോ അവള് ഈ കാണിച്ച് കൂട്ടുന്നതെന്ന് മനസ്സിലാവുന്നില്ല. 

 

കുഞ്ഞൂട്ടനെ അധികം നേരം തടഞ്ഞു നിർത്താൻ അവനും കഴിയുമായിരുന്നില്ല. അവളവനോട് ഇഴുകി ചേർന്ന് കിടന്ന ചേല് തന്നെ അവനും ഇറുക്കി കെട്ടി വരിഞ്ഞു കിടന്നു. കുഞ്ഞൂട്ടൻ്റെ ശ്വാസം അവളുടെ ശങ്കുപുഷ്പ്പം പോലെയുള്ള കഴുത്തിലടിക്കുമ്പോൾ ഇക്കിളി ആയത് പോലെ ഒന്ന് പിടയും പിന്നെയും അവനോട് ചേർന്ന് കിടക്കും.

 

അപ്പഴാണ് വാതിൽക്കൽ ഒരനക്കം കേട്ടത് കുഞ്ഞൂട്ടൻ കടക്കണ്ണിട്ട് നോക്കുമ്പൊ ഇന്ദിരാമ്മ നിൽക്കുന്നു. ഇങ്ങനെ കിടക്കുന്നത് അവര് കണ്ടു. 

 

അപ്പൂനെ വിളിച്ചെഴുന്നേൽപ്പിച്ച് കൊണ്ടുപോവുമെന്ന് കരുതിയ കുഞ്ഞൂട്ടനെ അമ്പരപ്പിച്ച് കൊണ്ട് അമ്മയുടെ മുഖത്തൊരു ചിരിയാണ് തെളിഞ്ഞത്. അവൻ ഉണർന്ന് കെടക്ക്ന്നത് അമ്മ അറിഞ്ഞിട്ടില്ല. വാതലിന്റെ മറവിൽ നിന്ന് ചിരിച്ച് കൊണ്ട് തലയും ആട്ടിക്കൊണ്ട് അവരകത്തേക്ക് പോയി. 

 

“”ശ്ശേ … അവര് മോശമായെന്തേലും വിചാരിച്ച് കാണുവോ..”” എന്നുള്ള ചിന്ത കുഞ്ഞൂട്ടനിൽ ചെറിയ നീരസമുണ്ടാക്കി. പക്ഷെ നിമിഷ നേരത്തിൽ മനസ് അവിടെ കയറി ഇടപെട്ടു, 

 

“”അതൊക്കെ നിന്റെ  തോന്നലാണ് അവർക്ക് നീ ഇപ്പഴും പഴയ കുഞ്ഞാവയാണെന്ന്..”” മനസ് പറയുന്നുണ്ട്, സപ്പോർട്ട് ചെയ്യാണോ അതോ കളിയാക്കാണോന്ന് അവന് മനസിലായില്ല പക്ഷെ അത്മാവ് അപ്പഴും കുരുത്തകേടൊന്നും കാണിക്കല്ലേ എന്ന് ഓർമ്മിപ്പിച്ചോണ്ടിരുന്നു. 

 

“എന്തായാലെന്താ പെണ്ണിന് പത്ത് പൈസേടെ ബോധമില്ലല്ലോ. ആ…  എന്തേലും ആവട്ടെ..”. കുഞ്ഞൂട്ടൻ വീണ്ടും മയക്കത്തിലേക്ക് പോയി. 

 

രാത്രി അടക്കാൻ മറന്ന പടിപ്പുര കാലത്തെ അടഞ്ഞാണ് കിടന്നത്. ദേവിയെ ഭക്തിപ്രസാധിപ്പിക്കാൻ മൈക്ക് സെറ്റ് വല്ലാണ്ട് കഷ്ട്ടപ്പെടുന്നുണ്ട്. കുഞ്ഞൂട്ടൻ്റെ നാട്ടിലേക്ക് രാവിലെ സുബൈഹ് ബാങ്ക് വിളി കേട്ടാണ് എഴുന്നേൽക്കുന്നതെങ്കിൽ. “ഈ നാട്ടിലെ അലാറം ഇങ്ങനെയുള്ള ഭക്തിഗാനങ്ങളാണ്..”. കാലത്തേ തന്നെ നേരിയ മഴ ചാറ്റില്ണ്ടായിരുന്നു. അപ്പൂനേം ചേർന്നു കിടന്നു ആ ചൂടിൽ അവൻ്റെ കണ്ണടഞ്ഞു….

 

“”ടാ…””,””നീച്ചാ…””

 

അപ്പൂന്റെ വിളി കേട്ടാണ് കുഞ്ഞൂട്ടൻ പിന്നെ കണ്ണ് തുറക്കുന്നത്. ചാറ്റൽ മഴ മാറിയിരുന്നു എന്നാലും മാനം പ്രകാശം കടത്തിവിടാതെ വാശിപിടിച്ച് തന്നെ നിൽക്കായിരുന്നു. 

 

“”കുഞ്ഞാവേ നീക്ക് ഈ ചായ കുടിച്ചാ…””

 

കൈയ്യിലെ ചായ അവൻ്റെ സൈഡിൽ വച്ച് അപ്പു ഒരു വശത്ത് ഇരുന്നു. കാലത്തേ എഴുന്നേറ്റ് കുളിച്ച് സുന്ദരിയായിട്ടുണ്ട്. ഹൈലൈറ്റ് മൂക്കുത്തിയിലേക്കാണ് ആദ്യം കുഞ്ഞൂട്ടൻ്റെ നോട്ടം പോയത്. മുടിയിൽ തോർത്ത് ചുറ്റിയിരുന്നു തോർത്തിൽ കൊള്ളാത്ത മുടിയുടെ ഇഴകൾ മുഖത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും തോളിലേക്ക് കിടക്കുന്നു. അതിലൂടെ ഇറ്റു വീഴുന്ന വെള്ള തുള്ളികൾ ഉടുത്തിരിക്കുന്ന സെറ്റ് സാരിയേയും ചുവന്ന ബ്ലൗസിനേയും നനയ്ക്കുന്നുണ്ട്. 

 

“”മ്മം…മ്മം.. എന്താണ് കാലത്തെ തന്നെ ഒരു സ്കാനിംഗ്..”” 

 

കുറച്ച് നേരമായി അവളേ തന്ന നോക്കി ഇരിക്കായിരുന്നു കുഞ്ഞൂട്ടൻ. അവൻ കണ്ണൊന്നു തിരുമ്മി അവളെ ഒന്നൂടെ സസൂഷ്മം നോക്കി. അപ്പൂനെ ചേച്ചിയായി കാണാൻ തോന്നിയ നിമിഷത്തെ അറിയാണ്ട് തന്നെ ശപിച്ചു.

 

മുട്ട് മടക്കി ചേർത്ത് വെച്ച്  കൈ രണ്ടും അതിൽ ചുറ്റിപ്പിടിച്ച് മുട്ടിലേക്ക് തലയും വെച്ച് അവളവനെ തന്നെ നോക്കി ഇരിക്കായിരുന്നു. കുഞ്ഞൂട്ടൻ പതുക്കെ ഉരുണ്ട് അവൾടെ കാൽചുവട്ടിലെത്തി തല പൊന്തിച്ച്  പതുക്കെ അവളുടെ പാദങ്ങളിൽ വച്ചു. നല്ല തണുത്ത പാദങ്ങൾ അത് ആസ്വദിച്ച് അവൻ പതുക്കെ കണ്ണുകളടച്ചു. 

 

കവിള് പതിയെ ആ.. പാദത്തിൽ കുഞ്ഞൂട്ടൻ ഉരച്ചു. ഹായ് നല്ല രസം. കണ്ണ് തുറന്ന് നോക്കുമ്പൊ ‘ഇതെന്ത് വട്ട്’ എന്ന ഭാവത്തിൽ മുഖം പിടിച്ചിരിക്കുന്നു അപ്പു. പതിയെ പുഞ്ചിരിച്ച് കണ്ണ് രണ്ടും അടച്ചു കുഞ്ഞൂട്ടൻ കുസൃതി കാട്ടി. അവൻ പണ്ടും കണ്ടിരുന്ന അതേ നാണം അവൾടെ മുഖത്ത് മിന്നിമാഞ്ഞു.

 

“”ഇന്ന് ഇന്റെ അപ്പു സുന്ദരിയായിട്ട്ണ്ടല്ലോ..”” 

 

അവൻ്റെ വായീന്ന് സുന്ദരീന്ന് വീണപ്പൊ പെണ്ണിന്റെ മുഖം ഒന്നൂടെ ചുവന്നു. 

 

“”വേഗം ചായകുടിച്ച് റെഡിയായി വാ എനിക്കൊരു സ്ഥലം വരെ പോണം..””

 

കുനിഞ്ഞിരുന്ന തല പെട്ടന്ന് പൊക്കിക്കൊണ്ടവള് ചോദിച്ചു.

 

“”ഈ വയ്യാത്ത എന്നെയും വലിച്ചോണ്ടിവള് എങ്ങോട്ട് പോവാനാണ് ദൈവമേ..””,

 

കുഞ്ഞൂട്ടൻ സ്വയം ചോദിച്ചു. എന്നിട്ട് ചായ ഗ്ലാസെടുത്ത് ഒന്ന് സിപ്പ് ചെയ്തു. 

 

“”എങ്ങോട്ട്..”” 

 

ചായ കുടിച്ചോണ്ട് തന്നെ ചോദിച്ച് കുഞ്ഞൂട്ടനവൾടെ മുഖത്തേക്ക് നോക്കി.

 

“”അമ്പലത്തിൽ പോണം…””,

 

“”കുളിക്ക കൂടി ചെയ്യാതെ ഞാനെങ്ങനെയാണ് അപ്പുവോ അമ്പലത്തിൽ കേറുക…””,

 

“”നീ കേറണ്ട എനിക്ക് കൂട്ട് വന്നാമതി…””,

 

കുഞ്ഞൂട്ടന് സത്യത്തിൽ ഈ ക്ലൈമറ്റിൽ കിടക്ക വിട്ട് എഴുന്നേൽക്കാൻ മനസ് വന്നില്ല. അവനൊരു മടികാട്ടി പക്ഷെ വിലപോയില്ല. 

 

മടക്കി വച്ചിരുന്ന കാലും വലിച്ചൂരി തലക്ക് പിന്നിലെ മുറി തട്ടാതെ അവള് കുഞ്ഞൂട്ടനെ പിടിച്ചെഴുന്നേൽപ്പിച്ചു. കുടിച്ച് കഴിഞ്ഞ ചായ ക്ലാസും വാങ്ങി ഒരു ദയയും കൂടാതെ അവനെ വലിച്ച് എഴുന്നേൽപ്പിച്ചു. ഒരു മടിയോടെയാണെങ്കിലും കുഞ്ഞൂട്ടനതൊക്കെ അനുസരിച്ചു. എഴുന്നേൽപ്പിച്ച് മുകളിലെ ബാത്ത് റൂമിലേക്ക് പറഞ്ഞ് വിട്ടു. 

 

പല്ലും തേച്ച് മുഖം കഴുകി, തോർത്ത് നനച്ച് തുടക്കാൻ നിന്നില്ല, തല നനയാതെ മേല്കഴുകി. വെള്ളം നന്നായി ഒപ്പി എടുത്തു കൈയ്യ്ക്ക് വല്ല്യ ഒടിവൊന്നും ഇല്ലാഞ്ഞതോണ്ട് നേരിയ വേദനയെ ഇണ്ടായിരുള്ളു, നീര് പോയിരുന്നു. 

 

റെഡിയായി താഴെ ചെല്ലുമ്പൊ ടേബിളിൽ അവനുക്കുള്ള തേങ്ങ ഇട്ട നൂൽപ്പുട്ടും മുട്ടക്കറിയും റെഡി. കുഞ്ഞൂട്ടനത് കഴിച്ചുകൊണ്ടിരിക്കുമ്പൊ അകത്ത് നിന്ന് അപ്പുവും ഇന്ദിരാമ്മയും ഇറങ്ങി വന്നു, രണ്ടാളും ക്ഷേത്രത്തിൽ പോവാൻ തയ്യാറായാണ് വന്നത്. ഇന്ദിരാമ്മ അവൻ്റെ അടുത്ത് വന്നു നിന്നു അപ്പു കുറച്ച് അപ്പറെ മാറി നിക്കായിരുന്നു, മുഖം ഒരു കൊട്ടയ്ണ്ട് എന്ത് പറ്റിയാവോ. അവളെ ഒന്ന് ചൊടിപ്പിക്കാൻ അവനൊരു രസം തോന്നി.

 

“”എന്ത് പറ്റി ഇന്ദിരാമ്മേ അപ്പൂന്റെ മുഖത്ത് കടന്നലോ തേനീചയോ മറ്റോ കുത്തിയോ..””,””കവിളൊക്കെ

വീർത്തിരിക്ക്ണലോ..””,

 

അത് കേട്ട് ഇന്ദിരാമ്മ ചിരി തുടങ്ങി. കക്ഷിക്കത്ര പിടിച്ചില്ല, അൽപം ദേഷ്യത്തോടെ തന്നെ തിരിച്ചടിച്ചു.

 

“”ക..ക..ക..ക..ക. കടന്നലല്ലെടാ ഒരു പട്ടി കടിച്ചതാ..””  

 

രാവിലെ തന്നെ അപ്പൂൻ്റെ വായിലിരിക്കുന്നത് കേട്ടപ്പോൾ തൃപ്ത്യായി. അതും പറഞ്ഞ് അവള് അവൾടെ പാട്ടിന് പോയി.

 

“”ഇത് എന്നെ ഉദ്ദേശിച്ചാണ്..””,””എന്നെ തന്നെ ഉദ്ദേശിച്ചാണ്..””,””എന്നെ മാത്രം ഉദ്ദേശിച്ചാണ്…””, 

 

കുഞ്ഞൂട്ടനകത്തിരുന്ന് പുറത്തേക്ക് വിളിച്ച് പറഞ്ഞു. 

 

“”താങ്കളുടെ തിരിച്ചറിവിനേ ഞാൻ കൈ കൂപ്പി വണങ്ങുന്നൂ…””

 

ഉമ്മറ കൊലായിൽ നിന്ന് അവള് ഉറക്കെ വിളിച്ച് പറഞ്ഞു. കുഞ്ഞൂട്ടൻ ഒന്ന് പറഞ്ഞാൽ അപ്പു മൂന്ന് പറയും. ഇതൊക്കെ കണ്ട് തലക്ക് കൈ കൊടുത്ത് ഇന്ദിരാമ്മയും.

 

“”നിന്നെ ഈ മുറിവും വെച്ചോണ്ട് പൊറത്തെറക്കെണ്ടന്ന് ഞാൻ പറഞ്ഞു..””,””അയിനാണ് മോന്തേം വീർപ്പിച്ചോണ്ട് നടക്ക്ണെ…””,

 

“”ഓഹോ അതാണോ കാര്യം…””,

 

കുഞ്ഞൂട്ടൻ അതും പറഞ്ഞ് മുന്നിൽ വച്ചിരുന്ന പാത്രത്തിൽ നിന്ന് രണ്ട് നൂൽപ്പുട്ടും കൂടി എടുത്ത് പാത്രത്തിലേക്കിട്ടു കഴിപ്പ് തുടർന്നു. 

 

“”മോൻ മുറിവ് മാറീട്ട് പുറത്തേക്കിറങ്ങിയാ മതിട്ടോ…””,””ഞങ്ങള് പോയിട്ട് വേഗം വരാം..””,

 

എന്നും പറഞ്ഞ് ഇന്ദിരാമ്മ അപ്പൂനേം കൂട്ടി ക്ഷേത്രത്തിലേക്ക് പോയി. 

 

കുഞ്ഞൂട്ടൻ പ്രാതൽ കഴിച്ച് പാത്രമൊക്കെ കഴുകി വച്ചു. മേല്കഴുകിയത് കൊണ്ട് ഒരു ഉന്മേഷം കിട്ടിയപോലെ. ഇന്നലെ ഇട്ടിരുന്ന ഉടുപ്പൊക്കെ അപ്പു തന്നെ വാരി കെട്ടി അലക്കാൻ കൊണ്ടിട്ടിരുന്നു. അവൻ വീടൊന്ന് ചുറ്റി നടന്നു കണ്ടു. 

 

അതിനും മാത്രം ഒന്നും ഇല്ലങ്കിലും നല്ല ഒതുങ്ങിയ ഓഡിട്ട വീട്. നല്ല വൃത്തിയും അടുക്കും ചിട്ടയുമുള്ള വീട്. താഴെ രണ്ട് മുറിയും പിന്നെ  അടുക്കള, പ്രാർത്ഥനാമുറി പിന്നെ കൊലായി, മുകളിലും രണ്ട് മുറി.

 

കുഞ്ഞൂട്ടൻ മുകളിൽ കയറി മുറിയിൽ ശേഖരിച്ച് വച്ചിരുന്ന പുസ്തകങ്ങളിലൊന്ന് തിരഞ്ഞെടുത്തു. പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ ആണ് കണ്ണിൽ പെട്ടത്. അതെടുത്ത് ഒന്ന് മറിച്ച് നോക്കി കുറച്ച് പഴക്കം ചെന്ന എഡിഷൻ. 

 

ബാലകൃഷ്ണൻ്റെ സൃഷ്ടിയിലെ കർണ്ണന്റെ കഥ. കർണ്ണൻ്റെ കാര്യം ആലോചിച്ചപ്പഴാണ് കുഞ്ഞൂട്ടന് കണ്ണനെ ഓർമ്മ വന്നത്. വന്നിട്ടിത് വരെ വിളിച്ചില്ല. അവൻ ഫോണെടുത്ത് നോക്കി, റെയിഞ്ചില്ല, മിന്നി മിന്നി പോവുന്നു. ഷെൽഫിലിരുന്ന ബുക്കുമെടുത്ത് കോവണി ഇറങ്ങി. മരത്തിൽ തീർത്ത ഓരോ പടികൾ ചവിട്ടുമ്പഴും പരസ്പരം ഉരയുന്ന ഒരു ശബ്ദം കേൾക്കാം. ഉമ്മറ വാതിൽ തുറന്നു. കൊലായിലൂടെ നടന്നു അവിടെ കിടന്ന ഒരു ചപ്പലും എടുത്തിട്ട് തൊടിയിലേക്കിറങ്ങി.

 

കുറച്ച് നേരം ഫോണും പൊക്കി പിടിച്ച് അതിലെയും ഇതിലെയും നടന്നു അവസാനം പടിപ്പുരയ്ക്ക് അടുത്തെത്തിയപ്പോൾ രണ്ട് കട്ട കിട്ടി. പാപ്പിയെ വിളിച്ചു നോക്കി എടുക്കുന്നില്ല. പിന്നെ ശരത്തിനെ വിളിച്ചു അവൻ്റെ കാര്യവും അത് തന്നെ. 

 

ശേഷം കർണ്ണനെ വിളിച്ച് നോക്കി ഭാഗ്യം മൂന്നാമത്തെ ബെല്ലിൽ അവൻ കോളെടുത്തു.

 

“”ആ… എന്താടാ…””,

 

“”നീ എവടെയാ…””,

 

“”ഞാൻ എങ്ങോട്ട് പോവാനാ വീട്ടില്ണ്ട്…””,

 

“”മ്മം… ശരത്തും പാപ്പിയും കോളെട്ക്ക്ണില്ലല്ലോ..””,””ഇന്നലത്തേന്റെ കലിപ്പാണോ…””,

 

“”കലിപ്പ്ണ്ട്, ഇത് പക്ഷെ അതൊന്നും അല്ല…””,””ഇന്നലെ ശരത്തും പാപ്പീം ജോൺസനും ലിജിനും ഒരു കുപ്പിയും ഇട്ത്ത് പോയേന്നു..””,””അതിന്റെ ഹാങ്ങോവറിലായിരിക്കും..””,””നിന്നെ അവര് തിരിച്ച് വിളിച്ചോളും..””,

 

“”എടാ അതിന് വിളിച്ചാൽ കിട്ടില്ല ഇവടെ റെയ്ഞ്ച് കമ്മിയാണ്…””,

 

“”ഞഞ്ഞായി, റെയ്ഞ്ച് വരുമ്പൊ അവമ്മാര് വിളിച്ചോളും…””,

 

“”മ്മം… എന്താ അവ്ട്ത്തെ അവസ്ഥ…””,

 

“”ഇവടെ എന്താ, അങ്ങനെ പോണ്…””,””പിന്നെ നിന്റെ കേസ് തീർപ്പാക്കീട്ട്ണ്ട്…””,””ഇനി വന്ന് ഒന്ന് ഒപ്പിട്ട് തന്നാൽ മതി..””,””നീ ആകെ പഞ്ചറായി കെടക്കാന്നാ ഞാൻ പറഞ്ഞേക്കണെ..””,””റിക്കവറായാൽ ഒടനെ സ്റ്റേഷനിലെത്തണം..””,

 

“”ആ.. ഞാൻ വരാടാ..””,””രണ്ടാഴ്ച്ച കഴിഞ്ഞാ സ്റ്റിച്ച് വെട്ടും..””,

 

“”നീ ഇപ്പൊ എവടെ ഇള്ളെത്..””,

 

“”ഞാൻ ഇപ്പൊ അപ്പൂന്റെ വീട്ടിലാടാ..””,

 

“”അപ്പുവോ അതാര്..””,

 

“”എടാ സ്വാതി മിസ്സില്ലെ അവള് തന്നെ…””,

 

“”അവക്ക് നീ ഇതിന്റെ എടക്ക് ചെല്ലപ്പേരും ഇട്ടോ…””,

 

“”പോടാ.. ഞാനിട്ടെ ഒന്നും അല്ല പണ്ട് തൊട്ടേ ഇള്ളതാ…””,

 

“”അപ്പ നിനക്കവളെ നേരത്തേ അറിയാര്ന്നോ…””,

 

“”മ്മം.. അറിയാരുന്നു…””,

 

“”ആരാ നിന്റെ ഫാമിലി വല്ലോം ആണോ..””,

 

“”അല്ല..””,

 

“”പിന്നെ..””,

 

“”അത്.. അത് എന്റെ ഒരു മാമന്റെ മോളാണ്…””,

 

“”ഓഹ് മാമനെ നീ വാടകക്കെട്ത്തെ ആണോ..?””,

 

“”വാടകയ്ക്കോ! നീ എന്താ പിച്ചും പെയ്യും പറയ്ണെ…””,

 

“”ഞാനോ…””,

 

“”അല്ല പിന്നെ ഞാനോ…””,

 

“”അത് വിട് വേറെ ഒരു പ്രശ്നം ഇണ്ട്..””,

 

“”എന്താടാ…””,

 

“”നിന്റെ അപ്പു അന്ന് ഹോസ്പിറ്റലിൽ കെടന്ന് കാണിച്ച പട്ടി ഷോ അവർക്കാർക്കും പറ്റീട്ടില്ല..””,””അതിനവമ്മാര് പണി കൊട്ക്കാൻ നടക്കാണ്..””, 

 

“”പോടാ അവള് ഷോ എറക്കിയെ ഒന്നും അല്ല..””,””സ്നേഹം കൊണ്ടാ..””

 

“”ഉവ്വ ഇത് കൊറച്ച് കടുപ്പമാണേ…””,””ഇപ്പഴേലും പറഞ്ഞത് നന്നായി ഇല്ലേ പണികിട്ടിയേനെ..””,

 

ഒരു മുന്നറിയിപ്പ് പോലെ അവൻ പറഞ്ഞു. ഇപ്പൊ കുഞ്ഞൂട്ടൻ വിളിച്ചില്ലായിരുന്നേൽ കാര്യം കൈ വിട്ട് പോയേനെ. അതൊക്കെ പോട്ടെ ഇന്നലെത്തെ ബ്ലഡിന്റെ കാര്യം അവനറിയണാർന്നു, കണ്ണനോട് ചോദിച്ചു.

 

“”എടാ ഒരു കാര്യം ചോയിക്കാന്ണ്ടേന്നു..””,

 

“”എന്താടാ, ചോയിക്ക് എന്താ കാര്യം…””,

 

“”എടാ അന്ന് ഹോസ്പിറ്റലിൽ കെടന്നപ്പൊ ആരാ എനിക്ക് ബ്ലഡ് തന്നത്…””,

 

“”അത് സ്വാതി മിസ്സ്…””,

 

“”പോടാ…നൊണ…””,

 

“”അല്ലെടാ, ഞാനെന്തിനാ നിന്നോട് നൊണ പറയ്ണെ…””,””മിസ്സാണ് ബ്ലഡ് തന്നത്…””,””ഞാനും അനിയും മൊട്ടേം ഉനൈസും, ഇത്രയും പേരൊഴിച്ച് ബാക്കി ഇണ്ടായിരുന്നവൻമാരൊന്നും ഫിസിക്കലി ഫിറ്റായിരുന്നില്ല..””,

 

“”ആര് പറഞ്ഞു അവമ്മാരൊക്കെ ഫിറ്റായിരുന്നു, ഇന്നെക്കാളും ഫിറ്റായിരുന്നു..””,””ഞങ്ങളൊന്നിച്ചല്ലേ ഫിറ്റാവാൻ പോയത്..””,

 

“”എന്റെ പൊന്ന് സച്ചിനേ ആ ഫിറ്റിന്റെ കാര്യല്ല പറഞ്ഞത്…””,””ആ സമയത്ത് അവര് വെള്ളം അടിച്ചതോണ്ട് അൺഫിറ്റായി…””,””പിന്നെ സ്വാതി വന്ന് കൊട്ക്കായിരുന്നു…””,

 

“”അപ്പൊ നിങ്ങളൊക്കെ എവടെയായിരുന്നു…””,

 

“”ഞങ്ങളൊക്കെ നിന്റെ അടുത്ത് തന്നെ ഇണ്ടായിരുന്നു..””,””പക്ഷെ മിസ്സ് അടുക്കാൻ പോലും സമ്മതിച്ചില്ല..””,””നിനക്ക് അവൾടെ രക്തം തന്നെ കൊടുത്താമതീന്ന് ഒറ്റക്കാലിൽ വാശി..””,

 

“”അപ്പൊ ഇന്റെ അപ്പൂന്റെ രക്താണോ എന്റെ ശരീരത്തിൽ ഓട്ണെ…””,

 

“”ഒന്ന് പോടാപ്പാ..””,””അവക്കും ബോധമില്ല നിനക്കും ഇല്ല…””,””ബ്ലഡ് ഡൊണേറ്റ് ചെയ്യാ ചെയ്തെ, ഡയറക്ട് ചെയ്തെ അല്ല…””,

 

“”ഓഹ് അങ്ങനെയാണോ…””,””മം… ശരി എന്നാ ഞാൻ പാപ്പീനെ വിളിച്ച് സെറ്റാക്കട്ടെ..””

 

“”വേഗം വേണം അല്ലങ്കീ അവൻ വല്ല അപത്തവും കാട്ടും…””,

 

അൽപ്പ നേരത്തെ സംസാരത്തിനൊടുവിൽ കോൾ അവസാനിപ്പിച്ചു. കർണ്ണൻ കട്ട് ചെയ്ത് കഴിഞ്ഞ് ഒന്നൂടെ പാപ്പിയെ വിളിച്ചു, നോ രക്ഷ ബെല്ലടിക്കുന്നുണ്ടെന്നല്ലാതെ അവൻ കോളെടുക്കുന്നില്ല. 

 

വെമ്പാല ഫിറ്റായിരിക്കും. ബോധം വരുമ്പൊ തിരിച്ച് വിളിക്കായിരിക്കും. കുഞ്ഞൂട്ടൻ ഫോൺ പോക്കറ്റിലിട്ട് ബുക്കും പിടിച്ച് തൊടി മൊത്തം ഒന്ന് ചുറ്റി നടന്ന് കണ്ടു. 

 

വലിയ പറമ്പും സ്ഥലവും അതിന്റെ ഒത്ത നടുക്കായിട്ട് ഒരു വീടും. പറമ്പിൽ പലതരം വൃക്ഷങ്ങളും വളർന്ന് പന്തലിച്ച് നിൽക്കുന്നു. ആകാശം മുട്ടുന്ന ചോലമാവും, തത്തമ്മ ചുണ്ടനും, ചക്കരമാവും, കപ്പമാവും അങ്ങിനെ മാവ് തന്നെ തൊടിയിലെ രാജാവ്. പിന്നെ പ്ലാവ്, ചക്കപ്പഴം, ഞാവൽ അങ്ങിനെയുള്ള മറ്റു ഫല വൃക്ഷങ്ങളും മരുത് തേക്ക് മുതലായവും പറമ്പിന്റെ അങ്ങിങ്ങായി സ്ഥാനം പിടിച്ചിരുന്നു.  

 

തെങ്ങുകൾക്കെല്ലാം മനോഹരമായി തടം എടുത്തിരുന്നു. അതിൽ ചമ്മലയും ചെറു കനത്തിൽ ചാരവും ഇട്ടിരുന്നു. കുറച്ചപ്പുറത്ത് അടുക്കള ഭാഗത്തോട് ചേർന്ന് ചകിരി കയർ വലിച്ചു കെട്ടി, പാവലും പടവലവും പയറും വളരാൻ വിട്ടിരിക്കുന്നു. അടുക്കളയുടെ ഓഡിന് മുകളിലൂടെ രണ്ടുരുളി കമഴ്ത്തി വച്ച പോലെ മത്തങ്ങകൾ. ചീര,വെണ്ട,ചേമ്പ് പിന്ന കറൂത്ത ഇങ്ങനെ തുടങ്ങി അത്യാവശ്യം വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ ഇവടെ തന്നെ ഉണ്ടാക്കിയിരിക്കുന്നു. 

 

ഇന്ദിരാമ്മ പണ്ടും അദ്ധ്വാനിയായിരുന്നു, കുഞ്ഞൂട്ടൻ്റെ അച്ഛച്ചൻ അവർക്കായി സമ്മാനിച്ച കൊച്ചു വീട്ടിലേക്ക് ഒഴിവു സമയങ്ങളിൽ മുത്തശ്ശിയുടെ കൈയ്യിൽ തൂങ്ങി അവനും പോവുമായിരുന്നു. അന്ന് അമ്മ വച്ചുണ്ടാക്കി കൊടുത്തിരുന്ന ചീരുപ്പേരിയുടെ രുചി ഇന്നും നാവിലുണ്ട്. മണ്ണിന്റെ സ്നേഹം വലിച്ചെടുത്ത രക്തക്കുഴലുകൾ പോലെ അവ നിൽക്കുമായിരുന്നു. 

 

മുത്തശ്ശിയുടെ മരണശേഷം കുഞ്ഞൂട്ടൻ്റെ അച്ഛനും സഹോദരങ്ങളും ചേർന്ന് ശങ്കരമാമയോടും ഇന്ദിരാമ്മയോടും ഒഴിഞ്ഞ് പൂവാൻ പറഞ്ഞെന്നാണ് അറിവ്. ഇപ്പഴും പഴയ വീടും പറമ്പും ഊഷ്മളത നഷ്ട്ടപ്പെട്ട അന്തരീക്ഷവും മണ്ണുമാണവിടം. ഉണങ്ങി വരണ്ട് പോയി. കുഞ്ഞൂട്ടൻ പിന്നീട് അവിടേക്കൊന്നും പോവാനും നിന്നിട്ടില്ല. 

 

മുത്തശ്ശിയുടെ കാലശേഷം കുഞ്ഞൂട്ടൻ്റെ അച്ഛനും അമ്മയും വരച്ചിട്ട ലോകത്ത് അവൻ ഒതുങ്ങി പോയി. ആഹ് ലക്ഷ്മണരേഖ മറികടന്ന് പൂവാൻ അനുവധിച്ചില്ല. കൂട്ടിലിട്ടൊരു കിളി. ഒരു ദിവസം സ്വാതന്ത്ര്യം നേടി പാറി പോവും, അത് വൈകില്ലെന്ന് കുഞ്ഞൂട്ടൻ്റെ മനസ് പറയുന്നു. അപകടം പറ്റിയതൊ പ്രശ്നമുണ്ടാക്കിയതൊ അവരറിഞ്ഞിട്ടില്ല. അറിഞ്ഞാലും, വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ ജനിച്ചെന്ന് കേക്കേണ്ടി വരും.

 

ചിന്തകളങ്ങനെ സഞ്ചരിക്കുന്നതിനൊപ്പം കുഞ്ഞൂട്ടനും അറിയാതെ പറമ്പ് മുഴുവൻ ചുറ്റി നടന്നു. കുറച്ച് മാറി തോട്ടു വക്കത്തായി നിർമ്മിച്ച ചെറിയ ഒരു കൂര അവൻ്റെ കണ്ണിൽ പെട്ടു. സ്വാഭാവികമായി കാലുകൾ അവിടേക്ക് ചലിച്ചു.

 

അതൊരു അടച്ചിട്ട കവാടം ആയാരുന്നു. ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല.

വാതിലിൽ പതുക്കെ തള്ളിനോക്കി. ചെറിയ ശെരുക്കത്തോടെ വാതിൽ അവൻ്റെ മുന്നിൽ തുറന്നു വന്നു. അത്യാവശ്യം വലിയ ഒരു കുളമായിരുന്നത്. 

 

ചെങ്കല്ലു കൊണ്ട് കെട്ടി പടുത്ത പടവുകളും മരത്തിന്റെ ഈർന്നെടുത്ത അലകുകളിൽ തീർത്ത മറപ്പുരയും, ഒടിട്ട മേൽക്കൂരയുള്ള ഉത്തരം പടവുകൾ മുഴുവൻ മൂടി നിന്നിരുന്നു. 

 

കുളത്തിനടിയിലെ ചെങ്കല്ലുകളിൽ പറ്റിപ്പിടിച്ച പായലുകൾ ഉള്ളതിനാൽ വെള്ളത്തിന് നല്ല പച്ച നിറം. കുഞ്ഞൂട്ടൻ പടവുകളിലൊന്നിൽ ഇരുന്നു. കൈയ്യിലുണ്ടായിരുന്ന ബുക്കും ഫോണും അടുത്തുള്ള അരമതിലിൽ വച്ചു. വെയിലടിക്കാത്തതോണ്ടും ചെങ്കല്ലായതോണ്ടും നല്ല കുളിര് അനുഭവിച്ചറിയാം. അവനതിൽ പതുക്കെ കമഴ്ന്നു കിടന്നു. തലക്ക് പുറകിൽ ഡ്രെസ്സ് ചെയ്തോണ്ട് അങ്ങനെ കിടക്കാനേ പറ്റൊള്ളു. പടവുകൾക്ക് ഇത്ര തണുപ്പാണങ്കിൽ വെള്ളത്തിന്റെ കാര്യം പറയേ വേണ്ട. കുഞ്ഞൂട്ടൻ ചൂണ്ടു വിരല് പതുക്കെ വെള്ളത്തിലേക്ക് മുക്കി. 

 

നല്ല ഐസ് വാട്ടറിന്റെ സ്റ്റാൻഡേർഡ് തണുപ്പ്, അല്ല ഇത് തന്നെയാണ് ഐസ്വാട്ടറിലും ഒരു പടിമുമ്പിൽ. വെള്ളം കവിഞ്ഞൊഴുകാതിരിക്കാൻ ചെറിയ ഒരു ഓവുചാല്. അത് കൂടുതലാവുന്ന വെള്ളത്തിനെ പുറത്തേക്ക് ഒഴിക്കി കൊണ്ട് പൊയ്ക്കോളും. 

 

ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷം സൂര്യപ്രകാശം കുളത്തിലെ വെള്ളത്തിൽ വന്ന് തട്ടിതുടങ്ങി. അതിന്റെ ഓളത്തിനനുസരിച്ച് പടവുകളിലും മേൽക്കുരയിലും വെള്ളിക്കളറിലുള്ള വരകൾ വീണു. അത് അങ്ങോട്ടും ഇങ്ങോട്ടും ആടി കളിക്കുന്നു. ഒന്നു രണ്ടെണ്ണം അവൻ്റെ കണ്ണിലടിച്ചപ്പൊ ഒരു പുളിപ്പ്, കുഞ്ഞൂട്ടൻ കണ്ണടച്ചു കിടന്നു. കവിളിൽ പടവിന്റെ നല്ല തണുപ്പു. വെള്ളത്തിലിട്ട വിരലിൽ പരലും പള്ളത്തിയും വന്ന് കൊത്തി കൊണ്ടിരുന്നു, ഇക്കിളി ആവുമ്പൊ വെരള് മെല്ലെ വലിക്കും. 

 

ആ.. കിടപ്പ് അങ്ങനേ തുടർന്നു അത് പെട്ടന്ന് മോചിപ്പിച്ചത് ഫോണിന്റെ ശബ്ദമാണ്. ഫോൺ നിർത്താതെ അടിക്കുന്നു. കുഞ്ഞൂട്ടൻ എഴുന്നേറ്റ് ഫോൺ കൈയ്യിലെടുത്തു. ഡിസ്പ്ലേയിൽ, അടിച്ച് കൊഞ്ചായി പുല്ലിൽ ചുരുണ്ട് കൂടി കെടക്കണ പാപ്പീന്റെ ഫോട്ടോ, കക്കാടം പൊയ്യില്ന്ന് ഇട്ത്തെയാണ്. അവൻ കോൾ അറ്റന്റ് ചെയ്തു.

 

“”എന്തടാ വിളിച്ചെ..”” 

 

പാപ്പിയാണ്, സംസാരത്തിൽ ചെറിയ ഗൗരവം.

 

“”ഇനിക്കെന്താ അന്നെ വിളിക്കാനും പറ്റിലെ..”” 

 

കുഞ്ഞൂട്ടനവനെ വെറുതെ ഒന്ന് ചൊറിഞ്ഞു. 

 

“”കാര്യം പറ മൈ***..”” 

 

ഇന്നലെ അടിച്ചതിന്റെ ഹാങ്ങോവറും അപ്പൂന്റെ ചീത്തയും കേട്ടിട്ട് പാപ്പിക്ക് നല്ല ദേഷ്യം വന്നിരുന്നു.

 

“”ഇയെന്താ മൈ*** റോങ്ങാവ്ണെ..”” 

 

കുഞ്ഞൂട്ടനും വിട്ട് കൊടുത്തില്ല.

 

“”ഒരു റോങ്ങും ഇല്ല..””,””ഇയ് കാര്യം പറയ്..””,

 

അവനൊന്ന് തണുത്തു. കുഞ്ഞൂട്ടൻ മയത്തിൽ കാര്യം പറഞ്ഞു.

 

“”എടാ ഇങ്ങള് വിചാരിക്ക്ണ പോലെ അല്ല സ്വാതി മിസ്സ് ഇന്റെ വളരെ വേണ്ടപ്പെട്ട ഒരാളാണ്..””,

 

എന്തോ ചേച്ചിയെന്ന് പറയാനവന് തോന്നിയില്ല. 

 

“”വേണ്ടപ്പെട്ടതോ..””,””അവള് നിന്നെ കൊണ്ടോയപ്പളേ എനിക്ക് ഡൗട്ടടിച്ചതാ..””,””പെണ്ണിന്റെ ചൂടടിച്ചപ്പളേക്കും നിന്റെ മനസ് മാറില്ലെ..””,””പക്ഷെ ഞങ്ങള് മാറൂല പണി കൊടുക്കണംന്ന് പറഞ്ഞാ പണി കൊടുക്കണം..””,””നാണം കെട്ടത് ഞങ്ങളാണെയ്..””,

 

വെള്ളം അടിച്ച് ബോധമില്ലാത്തോൻ വെളിവില്ലാണ്ട് ഓരൊന്ന് വിളിച്ചു പറഞ്ഞു. ഇന്നലേത്തെ സംഭവം പാപ്പീന്റെ ഈഗൊ കൊറച്ച് കൂട്ടീട്ട്ണ്ട്. പക്ഷെ അവനറിയാത്തൊരു കാര്യം ഇണ്ട് അവന്റെ ഈഗോയ്ക്ക് മേലെയാണ് അപ്പൂനോടുള്ള കുഞ്ഞൂട്ടൻ്റെ ഇഷ്ട്ടം.

 

“”എന്റെ പൊന്ന് മൈ*** ഞാൻ പറയ്ണ ഒന്ന് കേക്ക്..””,

 

“”നീ ഒന്നും പറയണ്ടെടാ..””,””കേട്ടടത്തോളം മതി..””,””അവള് ഹോസ്പിറ്റല് കെടന്ന് അത്രേം ഡയലോഗടിച്ചപ്പൊ ക,മ ന്നൊരക്ഷരം നിന്റെ തിരുവാ തൊറന്ന് പറഞ്ഞോ ഇല്ലല്ലോ..””,

 

“”എടാ അത് വെള്ളടിച്ചിട്ടല്ലേ…””,

 

കുഞ്ഞൂട്ടൻ വീണ്ടും തങ്ങളുടെ പ്രവർത്തിയെ കുറ്റപ്പെടുത്തി.

 

“”എടാ പുന്നാരമോനെ അന്നോട് ഞാൻ അടിക്കാൻ പറഞ്ഞോ, കഞ്ചു പറഞ്ഞോ, ജോൺസൻ പറഞ്ഞോ..””, 

 

“”ഇല്ല…””,

 

കുഞ്ഞൂട്ടൻ ദയനീയമായി പറഞ്ഞു.

 

“”ഇല്ലാ… ന്ട്ട് അവസാനം ചീത്തേം വിളീം കേട്ടതാരാ…””,

 

“”എടാ അതൊരു തെറ്റ് ധാരണേടെ പൊറത്ത്…””,

 

“”തെറ്റ് ധാരണയും ഇല്ല ഒരു കോപ്പും ഇല്ല, അവക്ക് കുത്തിക്കഴപ്പാണ്..””,

 

“”നായിന്റോനെ പറയ്ണ കേക്ക്..””,””സ്വാതി എന്റെ ചേച്ചിയാണ് അതിന്റെ ഒരു ഇതിലാണ് എന്റെ കാര്യത്തിൽ കേറി എടപെട്ടത്..””,””പിന്ന വെള്ളടിച്ച കാര്യം, ഇങ്ങള് പോയി കഴിഞ്ഞിട്ട് അവളെ വായിലിരിക്ക്ണത് മൊത്തം ഞാൻ കേട്ടു, തടിയും കേടായി…””,

 

അവൻ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തി. അവസാനം പറയുമ്പൊ കുഞ്ഞൂട്ടൻ കൈ വയറിലൊന്ന് ഉഴിഞ്ഞു. അവള് നുള്ളി പറിച്ചെടം ചെറിയ വേദന. 

കൊറച്ച് സമയത്തേക്ക് പാപ്പീന്റെ ഭാഗത്ത്ന്ന് മറുപടിയൊന്നും കിട്ടിയില്ല. 

 

“”ഹലോ ടാ പോയോ…””,

 

“”ഇല്ല…””,

 

“”ഞാൻ പറഞ്ഞെ ഒക്കെ കേട്ടോ..””,

 

“”ആ കേട്ടു..””,””സ്വാതി അപ്പൊ അന്റെ ചേച്ചിയായിരുന്നല്ലേ..””,

 

അവനെ തൽക്കാലം തണുപ്പിക്കാൻ വേണ്ടി പറഞ്ഞതാണങ്കിലും കുഞ്ഞൂട്ടൻ്റെ മനസിലൊരു വിങ്ങല്. കുഞ്ഞിന്നാളിൽ ഒരു ചേച്ചിയുടെ മുഖമായിരുന്നു അപ്പൂന് അവൻ്റെ മനസിലുണ്ടായിരുന്നത്. കോളേജിൽ വച്ച് കണ്ടപ്പൊ എങ്ങോ കണ്ടുമറന്നതായി തോന്നി. പിന്നീടതൊരു സ്നേഹമോ സൗഹൃദമോ ഒക്കെയായി. ഇപ്പോൾ നിർവചിക്കാൻ ആവാത്ത ചേല് അവൾ മനസ്സിൽ ഒട്ടി പോയിരിക്കുന്നു. 

 

“”ആ… ചേച്ചിയാണ്..””,

 

തൽക്കാലത്തേക്കല്ലേ സാരില്ലാ, ആരും അറിയാതിരിക്കുന്നതാണ് നല്ലതെന്ന് കുഞ്ഞൂട്ടന് തോന്നി.

 

“”ഓഹ് അപ്പൊ അതാണ് അവക്കിത്ര അധികാരം കാണിക്കല്..””,

 

“”ആ… ആയിരിക്കും. ഇയ് തൽക്കാലത്തേക്ക് പണി കൊട്ക്ക്ണ കാര്യം ഒഴിവാക്ക്…””,

 

അവസാന അപേക്ഷ പോലെ കുഞ്ഞൂട്ടൻ പറഞ്ഞ് നോക്കി, ഇനി അവൻ സമ്മതിച്ചില്ലങ്കിൽ സമ്മതിപ്പിക്കുമായിരുന്നു. നേരിട്ട് കണ്ട് രണ്ട് സംസാരിച്ചാൽ തീര്ണ പ്രശ്നമേ യുള്ളു.

 

കുറച്ച് നേരം അപ്പുറെ നിന്ന് മറുപടി ഒന്നും കിട്ടിയില്ല.

 

“”ഇല്ലെടാ അത് ഒഴിവാക്കി..””,””അന്റെ ചേച്ചി ഞങ്ങളേം ചേച്ചിയല്ലേ..””,

 

അവനെന്തോ കുത്തി പറഞ്ഞ പൊലെ എന്റേം കൂടി ചേച്ചീന്നവൻ എടുത്ത് പറഞ്ഞത് കുഞ്ഞൂട്ടൻ ശ്രദ്ധിച്ചു. 

 

“”എടാ ഞാൻ വിളിച്ചെ വേറൊരു കാര്യത്തിനും കൂടിയാണ്..””,

 

നീതൂന്റെ കാര്യം പാപ്പിക്ക് മാത്രേ കൺട്രോൾ ചെയ്യാൻ കഴിയൊള്ളു. അത്  നടപടിയാക്കാനായിട്ട് വിളിക്കണം എന്ന് ഇന്നലെ മുതല് കുഞ്ഞൂട്ടൻ വിചാരിക്കുന്നു.

 

“”എന്താടാ കാര്യം..””,

 

“”എടാ കൊറച്ച് വള്ളിക്കെട്ട് കേസാണ്..””,

 

അപ്പുറത്തു നിന്ന് മറുപടി ഒന്നും ഇല്ലാത്തോണ്ട് സംസാരിക്കാൻ തുടങ്ങി. 

 

“”ടാ അന്റെ നാട്ട് കാരനില്ലെ ബാരി ഓനെ ഒന്ന് പൂട്ടണല്ലോ…””,

 

“”എന്ത് പറ്റിയെടാ ഓനെന്തേലും പണി ഇണ്ടാക്കിയൊ..””,

 

“”ഓന് ഇനി എന്ത് പണി ഇണ്ടാക്കാനാ എല്ലാം തെകഞ്ഞ് നിക്കല്ലേ…””, 

 

അവന്റെ സകല വേലത്തെരവും പാപ്പിക്കും അറിയാം, അതോണ്ട് അവന്റെ ഭാഗത്ത്ന്ന് ഒരു പണിയേ പ്രതീക്ഷിക്കുന്നുള്ളെന്ന് അവനും അറിയാം, കുഞ്ഞൂട്ടനത് പറഞ്ഞു.

 

“”ഇയത് വിട് ഓനെന്താ കാട്ടിയെ…””,

 

“”എടാ ഓൻ നീതൂന്റെ പിന്നാലെ നടക്ക്ണില്ലെ അത് നിർത്തിക്കണം അയിനെന്തേലും വഴി ഇണ്ടോ..””,

 

“”അയാനെന്ത് വഴി ആ പെണ്ണ് തന്നെ ഒഴിഞ്ഞ് പോണം…””,

 

“”അല്ലാണ്ട് വേറെ വഴി ഇല്ലേ..””,

 

“”തൽക്കാലം ഇല്ല..””,””ഓളായിട്ട് ഒഴിഞ്ഞ് പോയാൽ ഇപ്പൊ തൽക്കാലം തട്ട്കേടില്ലാതെ രക്ഷപ്പെടാം..””,””അല്ലാണ്ട് ആ പെണ്ണ്, ഇന്നാ ഇട്ത്തോന്ന് പറഞ്ഞ് വരുമ്പൊ ബാരി വെറ്തെ വിടൂലാ..””,

 

“”അത് കറക്റ്റാണ്..””,

 

“”അല്ല അനക്കെന്താ ഇപ്പൊ നീതൂന്റെ കാര്യത്തിലിത്ര വേവലാതി…””,

 

“”എടാ വേറെ ഒന്നും അല്ല നീതു അവനെ വിശ്വസിച്ചിട്ടാണ് പിന്നിലെ നടക്ക്ണെത് പക്ഷെ ആ..””,””മൈ*** അങ്ങനെ ഒന്നും ഇല്ലല്ലോ..””,””ഓൻ സിൻസിയർ ആയിരുന്നങ്കിൽ നമ്മക്ക് പോട്ടേന്ന് വെക്കായിരുന്നു പക്ഷെ സ്നേഹിച്ച് ചതിക്ക്ണത് സമ്മയിച്ച് കൊടുക്കാൻ പറ്റൂല..””,””ഓക്കെന്തങ്കിലും പറ്റ്ണേന്റെ മുന്നെ ഇത് നിർത്തിക്കണം..””, 

 

“”അത് ഓക്കെ, പക്ഷെ ഇത്രേം കാലം ഇല്ലാതിരുന്ന ഒരു സഹതാപം ഇപ്പൊ പെട്ടന്നെവിടെന്ന് വന്നു..””,

 

വേറെ നിവർത്തിയില്ലാതെ തലേന്ന് മണികണ്ഠനെ പരിചയപ്പെട്ടതും നീതു പുള്ളീടെ മോളാണെന്നും പറഞ്ഞു. പരിചയം ഇണ്ട്, പുള്ളീടെ കാര്യം വളരെ കഷ്ട്ടാണന്നൊക്കെ ഒരു സെന്റി എറക്കി. പാപ്പി അതിൽ വീണു. മനസാക്ഷി ഇല്ലാത്തവനാണങ്കിലും തീരെ കണ്ണീചോര ഇല്ലാത്തവനാണ് ഞമ്മളെ പാപ്പി.

 

“”ഇയ് പേടിക്കണ്ട നമ്മക്ക് ശെരിയാക്കാ..””,””ഇയെന്നാ വര്ണെ..””,

 

“”രണ്ടാഴ്ച്ചകഴിഞ്ഞാ സ്റ്റിച്ച് വെട്ടണം..””,””ഒരു മാസത്തെ ലീവ് വിളിച്ച് പറഞ്ഞിട്ട്ണ്ട്..””,””സ്വാതി മിസ്സാണ് വിളിച്ചത് അതോണ്ട് അപ്രൂവായി…””,

 

“”അപ്പൊ ഇനി ഒരു മാസത്തേക്ക് അന്നെ കിട്ടൂല ല്ലേ..””,””ഇയെന്തായാലും റെസ്റ്റെട്ക്ക്..””,””ഞാൻ വിളിക്കണ്ട്.””

 

“”എടാ ഇവടെ റെയ്ഞ്ച് കൊറച്ച് കൊറവാണ്..””,””എമർജൻസി എന്തേലും ഇണ്ടങ്കിൽ കിട്ടിയില്ലങ്കിൽ എസ് എം എസ് വിട് ഞാൻ നോക്കീട്ട് തിരിച്ച് വിളിക്കണ്ട്..””,

 

“”ഓക്കെടാ..””,””പിന്നെ നിന്റെ കേസിന്റെ കാര്യം ഒക്കെ തീർപ്പാക്കീട്ട്ണ്ട്..””,””സ്റ്റിച്ച് വെട്ടിയാൽ അപ്പത്തന്നെ സ്റ്റേഷനിലെത്തണം…””,

 

“”കണ്ണൻ പറഞ്ഞേന്നു..””,””ഞാൻ വരുമ്പൊ വിളിക്കണ്ട്..””,

 

“”ശരി എന്നാ വേറെ വിശേഷം ഒന്നും ഇല്ലങ്കി കട്ടാക്കി..””,

 

“”സരി സരി പിന്നെ അടിക്കുമ്പൊ ഒരു മയത്തിലൊക്കെ അടിക്കാ..””,””കോളേജിൽ പോവാ പറ്റാണങ്കി എനിക്ക് പ്രോക്സ് വിളിക്കാ..””,

 

“”പ്രോക്സ് കോപ്പാണ് ഓട്രാ..””,

 

അന്നത്തെ പ്രോക്സ് വിളിയുടെ കാര്യം ആലോയിച്ച് കുഞ്ഞൂട്ടന് ചിരി വന്നു.

 

“”ടാ പിന്നെയ് മനൂന് എങ്ങനെ ഇണ്ട്…””,

 

“”കൊഴപ്പൊന്നും ഇല്ലെടാ അന്നെ ചോയിച്ചേന്നു…””,

 

“”ആണ, ഇനിക്ക് കൊഴപ്പൊന്നും ഇല്ലാന്ന് പറഞ്ഞള ഞാൻ അന്വേഷിച്ചൂന്നും പറയ്…””,

 

“”വോക്കെ..””,

 

അതും പറഞ്ഞ് പാപ്പി കോൾ കട്ട് ചെയ്തു. കുഞ്ഞൂട്ടൻ ഫോൺ തിരിച്ചെടുത്തിടത്ത് തന്നെ വെച്ചു. അവിടെ ഇരുന്ന ബുക്കെടുത്തു. ഒരോ പേജുകളായി വായിച്ചു തുടങ്ങി. 

 

കൊറച്ച് സമയം വായിച്ചിരുന്ന് അവിടെ ചാരി കിടന്ന് മയങ്ങി പോയി. മുഖത്ത് നനുത്ത സ്പർശനം അറിഞ്ഞു കണ്ണു തുറക്കാൻ ശ്രമിച്ചു. പെട്ടന്ന് അവൻ്റെ കണ്ണ് പുറകിൽ നിന്ന് പൊത്തി പിടിച്ചു. വേറാരാ അപ്പു തന്നെ. പെണ്ണിന് കളിയാണ് എല്ലാം. കുഞ്ഞൂട്ടനവളുടെ കൈവിടുവിച്ച് അവൻ്റെ മുന്നിലേക്ക് കൊണ്ടു വന്നു വലിച്ച് മടിയിലിരുത്തി. നാണം കൊണ്ടവളുടെ മുഖം ചുവന്നു അവൻ്റെ നെഞ്ചിലവള് മുഖമൊളിപ്പിച്ചു.

 

“”നീ ഇവടെ വന്നിരിക്കായിരുന്നു ല്ലേ, ഞാനെവടൊക്കെ നോക്കീന്നറിയോ..?””,

 

ക്ഷേത്രത്തിലേക്ക് അവൾ നടന്നാണ് പോയത്, അതിന്റെ ക്ഷീണം കൊണ്ട് കിതപ്പടക്കാൻ അപ്പു ബുദ്ധിമുട്ടി. ചുണ്ടിന് മേലത്തെ ചെറിയ ചെമ്പൻ രോമങ്ങളില് വിയർപ്പിന്റെ കണങ്ങൾ പറ്റി പിടിച്ചിരിക്കുന്നു, മൂക്കിന്റെ തുമ്പിലും ഉണ്ട് വിയർപ്പ് തുള്ളികൾ. 

 

കുഞ്ഞൂട്ടനവൾടെ  മുഖത്തേക്കന്നെ നോക്കി ഇരുന്നു. അവളിപ്പൊ ഇരിക്കുന്നതവൻ്റെ മടിയിലാണ്. ഇഷ്ടം ഇള്ളതോണ്ടല്ലേ മടിയിലിരിക്ക്ണെ. ഒരു ചേച്ചീടെ സ്വാതന്ത്രം ആയിരുന്നെങ്കിൽ മടിയിലിരിക്കില്ലല്ലോ. അതോ വെഷമിപ്പിക്കെണ്ടെന്ന് കരുതിയാണോ ഇങ്ങനെ ഇരിക്കണെ. 

 

“”അവടെ ഇരുന്ന് ബോറഡിച്ചപ്പൊ വെറുതെ നടക്കാനെറങ്ങിയതാ അപ്പളാ ഈ കുളം കണ്ടത്..””,””ശരിക്കും അടിപൊളി..””,””ഇതൊക്കെ വിട്ടിട്ട് നിനക്കെങ്ങനെ അപ്പൂ ഇവടെന്ന് മാറി താമസിക്കാൻ പറ്റ്ണെ..””, 

 

ഗൃഹാതുരത്വം വേട്ടയാടുന്ന കുഞ്ഞൂട്ടന് ഇതൊക്കെ ഒരു അത്ഭുതമാണ്. 

 

“”ഉവ്വ ഭംഗിയും ആസ്വദിച്ചിരുന്നാല് അടുപ്പെരിയില്ല മാഷേ…””,

 

വക്ക് പൊട്ടിയ ചെങ്കല്ലിന്റെ ഒരോ പൊട്ടുകളും എടുത്ത് കുളത്തിലേക്കെറിഞ്ഞ് അവള് മറുപടി കൊടുത്തു. കല്ലുകൾ ചെന്നു വീഴുമ്പൊ തങ്ങൾക്കുള്ള ഇരയാണെന്ന് വച്ച് കുളത്തിലെ വരാലുകൾ കല്ലിന് പിന്നാലെ പായും. അത് താഴ്ന്ന് താഴ്ന്ന് പോവുമ്പൊ മീനുകൾ പിന്നെയും പൊന്തിവരും. സൂര്യപ്രകാശം തട്ടുന്ന പച്ച കളർ വെള്ളത്തിൽ അവറ്റകളുടെ ചുവന്ന കണ്ണുകൾ മിന്നി തിളങ്ങും. 

 

അവൾടെ ഓരോ പ്രവർത്തികളും നോക്കികൊണ്ട് തന്നെ കുഞ്ഞൂട്ടൻ അവൻ്റെ ഒരു സംശയം ഉന്നയിച്ചു.

 

“”ഇത്രേം പറമ്പും തെങ്ങും കവുങ്ങും ഒക്കെ ഇണ്ടായിട്ട് എന്തിനാണ് അപ്പൂ ആ.. തല്ലി പൊളി കോളേജിൽ തൊണ്ടകീറാൻ പോണെ…””,

 

“”അയ്യടാ.. കാർണോമാരുണ്ടാക്കി ഇട്ടതും കെട്ടിപിടിച്ചോണ്ടിരിക്കാൻ ഈ സ്വാതിയെ കിട്ടില്ല..””,””സ്വന്തായിട്ട് പണി എടുത്ത് തിന്ന്ണേന്റെ സുഗം നിനക്ക് പറഞ്ഞാൽ മനസിലാവില്ല..””,

 

അവള് അവനെ നൈസായിട്ട് ട്രോളി.

 

അപ്പൂന്റെ സ്വഭാവം ചിലനേരത്ത് തനി ചേച്ചിയുടെ അയി മാറുന്നുണ്ട് പക്ഷെ കുഞ്ഞൂട്ടനത് ചില നേരത്ത് ഇഷ്ടല്ല, എന്തോണ്ടെന്നറിയില്ല, പക്ഷെ അതിലൊരു സെക്യൂരിറ്റി അവൻ അനുഭവിക്കുന്നുണ്ട്.

 

“”ടാ…”” 

 

കുളത്തിലേക്കും നോക്കി ഇരുന്ന് ആലോയിച്ച് കൂട്ടുന്ന കുഞ്ഞൂട്ടനെ പെട്ടന്നവൾ കുലുക്കി വിളിച്ചു.

 

“”എന്താ…!”” 

 

ഒരമ്പരപ്പോടെ അതിന് മറുപടി കൊടുത്തു. 

 

“”നീ ഇത് എന്താലോയിച്ചിരിക്കാ എഴുന്നേറ്റ് വാ..””,””പൂവാം അമ്മ വിളിക്ക്ണ്ടാവും..””,

 

ഇരുന്ന പടവുകളിൽ നിന്നും അവളെഴുന്നേറ്റ് അരയ്ക്ക് കൈയ്യ് കുത്തി നിന്ന് കുഞ്ഞൂട്ടനോട് ആവശ്യപ്പെട്ടു അവനെന്തോ എഴുന്നേക്കാൻ മനസ് വന്നില്ല. ബുക്കും ഫോണും അവള് എടുത്തു, 

 

കുഞ്ഞൂട്ടൻ്റെ കൈ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു. ഉന്തി തള്ളി വീട്ടിലേക്ക് നടന്നു.

 

ഉമ്മറത്തെത്തുമ്പൊ അവരെ കാത്തെന്നോണം ഇന്ദിരാമ്മ കൊലായിൽ ഇരിക്ക്ണ്ടായിരുന്നു കൂടെ സെറ്റ് സാരി ചുറ്റി കുറിയൊക്കെ തൊട്ട് മറ്റൊരു സ്ത്രീയും. അപ്പൂനെയും കുഞ്ഞൂട്ടനെയും കണ്ടതും ഇന്ദിരാമ്മ അകത്ത് പോയി. 

 

കുഞ്ഞൂട്ടൻ കൊലായിൽ കയറി, അവിടെ ഇരുന്ന സ്ത്രീ അവനെ നോക്കി ഒന്ന് ചിരിക്കു. മറുപടിയായി അവനും ഒന്ന് ചിരിച്ചു.  അവരുടെ അടുത്തായി തന്നെ അരമതിലിൽ കയറി ഇരുന്നു. അപ്പു അവരെ കുഞ്ഞൂട്ടന് പരിചയപ്പെടുത്തി. 

 

“”കുഞ്ഞൂട്ടാ ഇതാണ് ഞങ്ങടെ മാലിനി ചേച്ചി..”” 

 

മുന്നിലിരിക്കുന്ന ചേച്ചിയുടെ രണ്ട് തോളിലും പടിച്ച് അപ്പു പറഞ്ഞു. അവരൊന്ന് ചിരിച്ച് അപ്പൂന്റെ മുടിയിൽ തലോടി. 

 

“”മോനെ കുറിച്ച് ഇന്ദിരേച്ചി പറഞ്ഞു..””,””വയ്യാതിരിക്കാണെന്ന് പറഞ്ഞപ്പൊ ഒന്ന് കാണാംന്ന് വിചാരിച്ച് പോന്നതാണ്..”” 

 

ഇവരൊക്കെ എന്നെ ഒരു രോഗി ആക്കാണല്ലോ ദേവി.. കുഞ്ഞൂട്ടൻ മനസിൽ വിചാരിച്ചു. 

 

“”എനിക്ക് അങ്ങനെ കൊഴപ്പൊന്നും ഇല്ലേച്ചി..””,””തലേന്റെ പൊറകിൽ ചെറിയൊരു മുറിവ് അത്രേ ഉള്ളു..””,

 

കുഞ്ഞൂട്ടനവർക്ക് മറുപടി കൊടുത്തപ്പൊ അപ്പു ഒന്ന് ചിരിച്ചു. അവൻ കണ്ണുരുട്ടിയപ്പൊ അത് നിന്നു.  മാലിനി ചേച്ചിയുടെ വീട് തൊട്ടപ്പുറത്ത് തന്നെയാണ്. ഭർത്താവും കുട്ടികളുമൊക്കെയായി സുഗ ജീവിതം. അപ്പൂനൊക്കെ ആകെ ഒരു സഹായം ചേച്ചിയും ചേച്ചിയുടെ ഭർത്താവ് ഗോപാലേടനുമാണ്. മക്കളൊക്കെ സ്കൂളിൽ പഠിക്കുന്നു. കുഞ്ഞൂട്ടൻ അവരോട് നാട്ടിലെ ഓരോ വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നപ്പഴേക്കും ഇന്ദിരാമ്മ വന്നു. 

 

പ്രർത്ഥനാ മുറിയിൽ നിന്ന് വാഴയിലയുടെ ഒരു കീറ് കൊണ്ട് പൊതിഞ്ഞ ചെറിയ ഒരു കുടുവവുമായാണ് ഇന്ദിരാമ്മ വന്നത്. 

 

“”എവടെ പോയതാ കുഞ്ഞൂട്ടാ..””,””ഞങ്ങളെവടെയൊക്കെ നോക്കിയെനറിയോ…””,

 

കുടുവം അരമതിലിൽ വച്ച് അവൻ്റെ അടുത്തു വന്നിരുന്നു കൊണ്ട് ഇന്ദിരാമ്മ പരിഭവം പറഞ്ഞു. സമയം വൈകിയെന്നു പറഞ്ഞ് മാലിനി ചേച്ചി പോവാൻ തിടുക്കം കൂട്ടി. വീണ്ടും കാണാം എന്ന് പറഞ്ഞ് കുഞ്ഞൂട്ടനും അവരെ യാത്രയാക്കി. 

 

ചെറുതായി കീറി വച്ചിരുന്ന വാഴയിലകളിലൊന്ന് ഇന്ദിരാമ്മ കൈയ്യിലെടുത്തു, മൂടി വച്ചിരുന്ന കുടുവ പാത്രം തുറന്ന് തവി ഉപയോഗിച്ച് അതിൽ നിന്നും ഒരു സാധനം എടത്തിട്ടു. കൃഷ്ണതുളസിയും തെച്ചിയും കൂട്ടിക്കുഴച്ച് ദേവിക്ക് അർച്ചന കഴുപ്പിച്ച ശർക്കരപ്പായസം. 

 

തവിയിലെ പായസം കുടഞ്ഞിട്ട ഒരു വാഴയില കീറ് കുഞ്ഞൂട്ടനവർ നീട്ടി.

 

“”ഇത് കഴിക്ക് ദേവിക്ക് വഴിപാട് കഴിപ്പിച്ചതാ നിന്റെ പേരില്..””,””കൊറേ കാലത്തിന് ശേഷല്ലെ ഈ മഹാനെ തിരിച്ച് കിട്ട്ണെ…””, 

 

ഇന്ദിരാമ്മക്ക് ഒരു പുഞ്ചിരി നൽകി പ്രസാദം അവൻ കൈയ്യിലേക്ക് വാങ്ങി. നല്ല രുചി. ഇടക്ക് കയറിവരുന്ന തുളസിയും തെച്ചിയും കൂട്ടി കഴിക്കാൻ പ്രത്യേക സ്വാത്. അപ്പുവും കഴിക്കുന്നുണ്ട്. കഴിക്കുമ്പഴും അവൾടെ കണ്ണ് കുഞ്ഞൂട്ടൻ്റെ മുഖത്താണ്. 

 

അവനായി ദേവിക്ക് മുന്നിൽ നേദിച്ച പ്രസാദം ആസ്വദിച്ചു കഴിച്ചു, ശേഷം പായസം പറ്റിയ ചുണ്ടോണ്ട് തന്നെ ഇന്ദിരാമ്മയ്ക്കൊരു ചുംബനം കൊടുത്തു. 

 

മംഗ്ഗലത്തിൻ്റെ തറവാട്ടു വകയായിട്ടുള്ള ക്ഷേത്രത്തിൽ, മലയാള മാസത്തിലെ എല്ലാ ഒന്നാം തീയതിയും കുടുംബ സമേതം എല്ലാവരും തൊഴാൻ പോവുമായിരുന്നു. കുഞ്ഞൂട്ടൻ്റെ വല്ല്യച്ഛനും അയാളുടെ ഭാര്യയും മൂന്നു മക്കളും, അച്ഛനും അമ്മയും കുഞ്ഞൂട്ടനും അനിയനും അനിയത്തിയും പിന്നെ ചെറിയച്ഛനും ചിറ്റയും അവരുടെ മൂന്നു മക്കളും. അന്നൊക്കെ അവര് പ്രത്യേകം പ്രത്യേകം ഓരോരുത്തരുടെ പേരിലും വഴിപാടുകൾ കഴിപ്പിക്കുമായിരുന്നു. അവർക്കിടയിലൊന്നും കുഞ്ഞൂട്ടൻ്റെ പേരോ നാളോ പറയ്ണെ കേട്ടിട്ടില്ല. ചിലപ്പഴൊക്കെ കുടുംബത്തോടെ ക്ഷേത്രത്തിൽ പോന്നത് അപത്തമായെന്ന് തോന്നുമവന്. ഒറ്റക്ക് വരാണങ്കിൽ ആരും തിരിച്ചറിയേം ഇല്ല. കൂട്ടത്തിലുള്ള ഏതോ ഒരു ദേവീഭക്തൻ, അത്രയേ എല്ലാരും കണക്ക് കൂട്ടു. അമ്മയ്ക്ക് മുത്തം നൽകിയ ശേഷം കുഞ്ഞൂട്ടൻ മുകളിലെ മുറിലേക്ക് പോയി.

 

“”ഈ ചെക്കന്റെ ഒരു കാര്യം കവിളത്താകെ പായസം ആക്കി…””,

 

കവിളിലായ പായസം സാരിയുടെ തുമ്പ് കൊണ്ട് തുടക്കുന്നതിനിടെ ചിരിയോടെ ഇന്ദിരാമ്മ പറഞ്ഞു. 

 

മുറിയിലെത്തി ബുക്ക് ഷെൽഫിൽ വച്ചു അടുത്തിരുന്ന മേശമേൽ ഫോൺ വച്ചു കട്ടിലിൽ കയറി കിടന്നു. നല്ല ഉയരമുള്ള കട്ടിലാണ്, ജനാലയ്ക്കൊപ്പം തന്നെ അതിന് ഉയരം ഉണ്ടായിരുന്നു. അതിലൂടെ ദൂരെ തെങ്ങിൻ തോപ്പിലേക്ക് നോക്കി അവൻ കിടന്നു. 

 

അതേ സമയം ഇന്ദിരാമ്മ കുടുവ പാത്രവും പിടിച്ച് കൊണ്ട് തോടിയിലൂടെ നടന്ന് പോവുന്നു. കുറച്ചപ്പുറത്തെ അസ്ഥിതറക്കരികിലാണ് അവര് നിന്നത്. കൈയ്യിലുണ്ടായിരുന്ന ഇലകീറിലേക്ക് കുറച്ച് പായസം കുടഞ്ഞിട്ട് അതിന്റെ മുകളിൽ വച്ച് അവിടെ തന്നെ ഇരുന്നു. ഒറ്റക്കിരുന്ന് അവര് എന്തൊക്കെയോ അൽപ നേരം സംസാരിച്ച് എഴുന്നേറ്റ് തിരിച്ച് വീട്ടിലേക്ക് നടന്നു. ആ.. ചുളിഞ്ഞ കണ്ണുകൾ രണ്ടും ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു. സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് രണ്ടും ഒപ്പി കൊണ്ട് വീട് ലാക്കാക്കി വന്നു.

 

ഇന്ദിരാമ്മ അകത്ത് കയറിയ പിന്നാലെ കുഞ്ഞൂട്ടൻ മുറി വിട്ടിറങ്ങി. തൊടിയിലൂടെ നടന്ന് അവിടെ നിർമ്മിച്ചിരുന്ന കല്ലറയ്ക്കരികിൽ പോയി നിന്നു. ഒരു ഞാവൽ പഴ മരത്തിന് ചോട്ടിലാണ് അത് ഉണ്ടാക്കിയിരുന്നത്. പണ്ട് കൊഴിഞ്ഞു വീണ ഞാവൽ പഴങ്ങളുടെ കറ ചെറുതായി അവിടെ ഇവടെ പറ്റിപിടിച്ചിട്ടുണ്ട്. തലഭാഗത്തായി ദീപം കത്തിക്കാനൊരു വിളക്കും വെച്ചിരുന്നു. കുഴിമാടം ശങ്കരമാമായുടേതാണ്. സിമന്റ് കൊണ്ടു ഉണ്ടാക്കിയെടുത്ത ഭിത്തിയിൽ മൊസൈക്ക് പതിപ്പിച്ചിരുന്നു, അതിൽ മാമയുടെ പേരും ജനന – മരണ തീയതിയും കൊത്തി വെച്ചിട്ടുണ്ട്. എന്തായാലും അങ്ങേർക്ക് ഭാഗ്യം ഉണ്ടായല്ലോ അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ തന്നെ അന്ത്യവിശ്രമം, കൊള്ളാം.  അൽപ നേരം കുഞ്ഞൂട്ടൻ അവിടെ ഇരുന്നു, പിന്നെ തിരിച്ച് മുറിയിലേക്ക് തന്നെ എത്തി. വാതിലടച്ച് കട്ടിലിൽ കയറി കിടന്നു.

 

തടിയിൽ നിർമ്മിച്ച ഉത്തരത്തിലേക്ക് നോക്കി അവൻ കിടന്നു. ദൂരെ നിന്നു വന്ന ഇളം കാറ്റ് തെങ്ങിൻ തോപ്പിലൂടെയും കവുങ്ങിൻ പട്ടയിലൂടെയും തഴുകി മുറിയിലേക്ക് കടന്നു വന്നു. അതിൽ ദൂരെ പാടത്തെ പാല മരത്തിൽ വിരിഞ്ഞ വെള്ള പൂക്കളുടെ സുഗന്ധം കൂടി കലർന്നിരുന്നു. എന്തോ അവൻ്റെ കണ്ണുകൾ താനേ നിറഞ്ഞു. 

 

വാതിലിൽ മുട്ടു കേട്ടു ഞാൻ കട്ടിലിൽ നിന്നിറങ്ങി. കൊളുത്തെടുത്തപ്പൊ വാതിലിന്റെ ഒരു പാളി തള്ളി തുറന്നു കൊണ്ട് അപ്പു അകത്തേക്ക് കയറി വന്നു. ക്ഷേത്രത്തിൽ പോയി വന്ന ഉടുപ്പുകൾ മാറിയിരുന്നു. കരഞ്ഞത് അപ്പു കാണണ്ടെന്ന് കരുതി അവിടെ കിടന്ന ഒരു തോർത്തെടുത്ത് കുഞ്ഞൂട്ടൻ മുഖം തുടച്ചു.  

 

“”നീ എന്തിനാടാ കരഞ്ഞത്…””,

 

അവൻ ആശ്ചര്യപ്പെട്ടു അപ്പൂൻ്റെ അടുത്ത് ഒരു കള്ളത്തരവും നടക്കില്ല. പെട്ടന്ന് പിടിക്കപ്പെടും.

 

“”ഞാനോ കരയേ.. ഒന്ന് പോടി…””,

 

കുഞ്ഞൂട്ടൻ വിഷയം മാറ്റാനായി നോക്കി, അത് മനസിലാക്കി അവളും വിഷയം വിട്ടു.

 

“”മ്മം… ഞാൻ കണ്ട് പിടിച്ചോളാം…””,””ന്നാ ഇത് കഴിക്ക്…””, 

 

കൈയ്യിലിരുന്ന മരുന്ന് അപ്പു, കുഞ്ഞൂട്ടന് നേരെ നീട്ടി. അവനത് വാങ്ങി മുറിയിലുണ്ടായിരുന്ന കൂജയിൽ നിന്ന് വെള്ളം മുക്കി മരുന്നു കുടിച്ചു. 

 

അവള് മുറിയിലെന്തോ തിരയുകയായിരുന്നു അത് കിട്ടിയപ്പൊ മുറി വിട്ട് പോയി. കുഞ്ഞൂട്ടൻ കട്ടിലിൽ തന്നെ കിടന്ന് മയങ്ങി. 

 

ഉച്ചയ്ക്കും അത് പോലെ തന്നെ ഭക്ഷണം കഴിക്കാനാവുമ്പൊ കുഞ്ഞൂട്ടനെ അപ്പുവോ ഇന്ദിരാമ്മയോ വന്ന് വിളിക്കും. അത് കഴിഞ്ഞ് മരുന്നു കുടിച്ച് കിടക്കും. ഇടക്കെപ്പഴേലും മാലിനി ചേച്ചിയും കുട്ടികളും കയറി വരും സുഗവിവരങ്ങളൊക്കെ തിരക്കും. വീട്ടിലുണ്ടാക്കിയ പലഹാരങ്ങളൊ മറ്റൊ അവന് വേണ്ടി കരുതിയിട്ടുണ്ടാവും അത് കഴിപ്പിക്കും. 

 

രണ്ടാഴ്ച്ച കാലത്തോളം ഇതൊരു ചക്രം പോലെ നടന്ന് കൊണ്ടിരുന്നു. വീട്ടിലിരിക്കൽ കുഞ്ഞൂട്ടന് അസഹ്യമായി തോന്നി. ഇന്ദിരാമ്മയും അപ്പുവും ക്ഷേത്രത്തിൽ പോവുമ്പൊ മാത്രമാണ് വെളിയിലിറങ്ങാൻ പറ്റുക. 

 

കിട്ടുന്ന തക്കത്തിൽ തൊടിയിലൊന്ന് കറങ്ങും. കുളത്തിലെ തണുത്ത പായലുപിടിച്ച തെളി നീരിൽ കാല് മുക്കി ഇരിക്കും. തോട്ടു വക്കത്ത് പോയിരിക്കും. പടിപ്പുരയിലിരുന്ന് വേണിയുടെ കോവിലിന്റെ ഭംഗി ആസ്വദിക്കും. അതും ഏറിയാൽ ഒന്നോ രണ്ടോ മണിക്കൂറ് മാത്രമേ നീണ്ടു നിൽക്കു അപ്പഴേക്കും ഇന്ദിരാമ്മയും അപ്പുവും ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചെത്തും. സ്നേഹത്തിന്റെ ഭാഷയിൽ വഴക്കു പറഞ്ഞ് വീട്ടിൽ കയറ്റും.

 

അപ്പുവും ഒരു മാസത്തേക്ക് അവധി എടുത്തിരുന്നു. ഇനി രണ്ടാളും ഒന്നിച്ചായിരിക്കും കോളേജിൽ പോവുക. മുറിവുള്ളതോണ്ട് അപ്പു വല്ലാണ്ട് കുഞ്ഞൂട്ടനെ ശല്ല്യം ചെയ്യാൻ പോവാറില്ല. വ്യക്തമായി പറഞ്ഞാൽ ദേഹോപദ്രവത്തിന് കുറച്ച് ആക്കം കിട്ടിയിട്ടുണ്ട്. 

 

കുഞ്ഞൂട്ടൻ്റെ വീട്ടിൽ നിന്ന് ഇത് വരെ വിവരം അന്വേഷിച്ച് വിളികളൊന്നും വന്നിട്ടില്ല. അതിലവന് ആശ്ചര്യമില്ല, ഇത്രയും കാലവും ഇങ്ങനെയൊക്കെ തന്നെയായിരുന്നല്ലോ. എല്ലാ ചിലവുകളും അപ്പുവാണ് എടുത്തത്. തിരിച്ച് കൊടുക്കാൻ കണക്കൊക്കെ കരുതി വച്ചിട്ടുണ്ട്. വീട്ടീനെന്തായാലും കിട്ടില്ല, നോക്കാം എന്തേലും വഴി കാണുമോന്ന്. 

 

★★★

 

രണ്ടാഴ്ച്ചക്ക് ശേഷം സ്റ്റിച്ച് വെട്ടാനായി ഡോക്ടർ കുറിച്ചു തന്ന തീയതി വന്നു. മുറിവ് ഉണങ്ങിയിട്ടുണ്ടാവും, വല്ല്യ വേദനയൊന്നും ഇപ്പൊ അവന് തോന്നണില്ല. അപ്പുവിന്റെയും ഇന്ദിരാമ്മയുടെയും പരിചരണം ശരിക്ക് ഫലിച്ചൂന്ന് പറയാം. ഇടക്ക് മാലിനി ചേച്ചിയും ഭർത്താവും വരും പുള്ളിക്ക് റെയിൽവേയിലാണ് ജോലി. ആഴ്ചയിലൊരു ദിവസം വീട്ടിൽ വരും അല്ലാത്ത ദിവസങ്ങളിൽ അപ്പുവും ഇന്ദിരാമ്മയുമാണ് അവർക്കും ആശ്വാസം, വിളിച്ചാൽ വിളികേൾക്കുന്ന അകലത്തിലാണ് രണ്ടു വീടുകളും. തല മൊട്ടയാക്കിയതിന്റെ ചെറിയ മടുപ്പ് കുഞ്ഞൂട്ടനുണ്ട്. മാലിനി ചേച്ചിയുടെ സ്കൂൾ പ്രായമായ രണ്ട് കുരിപ്പുകൾ അവൻ്റെ തലകണ്ടാൽ കളിയാക്കി ചിരിക്കും. രണ്ട് ഇരട്ട പെൺകുട്ടികാളാണ് അവർക്ക് രണ്ട് കുറുമ്പി സുന്ദിരി കുട്ടികൾ. തല പഴേ പോലെയാവാൻ കുറഞ്ഞത് ഒരു നാല് മാസമെങ്കിലും വേണ്ടിവരും. 

 

കാലത്തേ കുഞ്ഞൂട്ടനും അപ്പുവും ആശുപത്രിയിലേക്ക് ഇറങ്ങി. അടുത്തുള്ള ഹെൽത്ത് സെന്ററിലേക്കാണ് പോവുന്നത്. വലിയ തിരക്കും കാര്യങ്ങളുമൊന്നുമില്ലാത്ത ഒരു സെന്റർ. അപ്പുവാണ് ആദ്യം അകത്തേക്ക് കയറിയത് പിന്നാലെ വാല് പോലെ കുഞ്ഞൂട്ടനും. അകത്ത് രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. അവരാണ് ഇന്ന് ഡ്യൂട്ടിയിലുള്ളത്. ഡോക്ടർ വൈകിട്ട് ആറ് മുതൽ എട്ട് വരെ, നിശ്ചയിച്ച സമയത്ത് മാത്രം പരിശോധനയ്ക്കും മറ്റുമായി ആളുകൾ ചെന്നാൽ മതി. അല്ലാത്ത നേരത്ത് അവിടം ശൂന്യമായി കിടക്കും.

 

അവനെ അവിടെയുള്ള ഒരു തടി ബെഞ്ചിലിരുത്തി അപ്പു അകത്തേക്ക് പോയി. കുഞ്ഞൂട്ടൻ മുറ്റത്തെ കാഴ്ചകൾ കണ്ട് കാറ്റും കൊണ്ടിരുന്നു. ആശുപത്രിയുടെ മുറ്റത്ത് മഞ്ഞപൂക്കളുടെ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു അതിന് ഒരു പ്രത്യേക മണം. കാറ്റിലത് പടർന്നിരുന്നു. ആശുപത്രിക്കപ്പുറം നെൽ വയലാണ്. ചിങ്ങത്തിലെ ഇളം വെയിലും ചെറിയ തെന്നലും, എന്തോ മനസിന് വല്ലാത്ത സമാധാനം കിട്ടുന്ന കാഴ്ച്ചയാണ്.

 

അകത്ത് കയറിയ അപ്പു അൽപ്പ നേരം കഴിഞ്ഞിട്ടും വന്നില്ല. ഇരുന്നിടത്ത് ഇരിപ്പൊറയ്ക്കാതെ കുഞ്ഞൂട്ടൻ എഴുന്നേറ്റ് അവള് കയറി പോയ മുറിക്ക് സമീപമെത്തി. അകത്ത് നല്ല കളിയും ചിരിയും സംസാരവും. അപ്പൂന്റെ ശബ്ദമാണ് ഉച്ചത്തിൽ കേക്ക്ണത്. ആൾക്ക് ഇവിടെയുള്ളവരെയൊക്കെ നല്ല പരിചയ മാണ്. ഇതവളുടെ നാടല്ലേ പരിചയമില്ലാണ്ടിരിക്കോ. 

 

അവരോടോരൊന്ന് പറഞ്ഞ് ചിരിച്ച് കളിച്ച് വാതിലിനടുത്തേക്ക് തിരിഞ്ഞപ്പഴാണ് കുഞ്ഞൂട്ടൻ അവിടെ നിൽക്കുന്നത് അവള് കണ്ടത്. 

 

“”ആ… വിജിതേച്ചീ ഇതാണ് ഞാൻ പറഞ്ഞ ആള്, കുഞ്ഞാവ..””,

 

അപ്പു അവർക്ക് കുഞ്ഞൂട്ടനെ പരിചയപ്പെടുത്തി. അവിടെയുണ്ടായിരുന്ന വെള്ള സാരി ചുറ്റിയ രണ്ടു സ്ത്രീകളും അവനെ നോക്കി ചിരിച്ചു. മറുപടിയായി അവനും. കുഞ്ഞൂട്ടന് അകത്ത് കയറാൻ ക്ഷണം കിട്ടി. മുറിലെ ഒരു സ്റ്റൂളിൽ അവൻ കയറി ഇരുന്നു.

 

“”എന്താ പറ്റിയത്…””,

 

കൂട്ടത്തിലുള്ള നേഴ്സ് ഒരു ചെറിയ സ്റ്റീൽ ബോക്സിൽ നിന്ന് കത്രികയും മരുന്നുറ്റിച്ച പഞ്ഞിയും മറ്റും എടുക്കുന്നതിനിടയ്ക്ക് ചോദിച്ചു.

 

“”അത് ചെറിയ ഒരു ആക്സിഡന്റ്…””,””വണ്ടീന്ന് വീണതാ..””,

 

അപ്പു പറഞ്ഞ് കുളമാക്കുന്നതിന് മുന്നെ കുഞ്ഞൂട്ടൻ തന്നെ കയറി കൗണ്ടർ പോയിന്റ് ചെയ്തു. അത് കണ്ട് അപ്പു ഉവ്വ ഉവ്വ ന്ന് പറയ്ണ്ടായിരുന്നു. അവർക്ക് മാത്രം കേൾക്കാൻ പാകത്തിന്. 

 

പിന്നീട് അവിടെ അപ്പുവും രണ്ടു നേഴ്സ് ചേച്ചിമാരും തമ്മിലുള്ള കത്തിയായിരുന്നു. അവര്ടെ നാട്ടിലെ വിശേഷങ്ങളും രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ചർച്ചകളും മറ്റും. കുഞ്ഞൂട്ടനതിൽ വല്ല്യ ശ്രദ്ധകൊടുത്തില്ല. നേഴ്സിലൊരാൾ അവനെ സ്റ്റൂളിലിരുത്തി സ്റ്റിച്ച് വെട്ടുന്ന തിരക്കിലായിരുന്നു. അതിനിടയ്ക്കും അപ്പൂന്റെ ലോക്കൽ ചളി കോമഡിക്ക് പുള്ളിക്കാരി ചിരിക്കാൻ മറന്നില്ല.

 

സ്റ്റിച്ച് വെട്ടി, മുറിയൊക്കെ നല്ല ഭേദമായിട്ടുണ്ടായിരുന്നു. തൽക്കാലത്തേക്ക് ഒരു ബാന്റെയ്ഡ് അവിടെ വച്ച് ഒട്ടിച്ചു. വന്ന് ഒരു ഒന്നൊന്നര മണിക്കൂറിലാണ് പണി കഴിഞ്ഞത്. അപ്പൂന്റെ സംസാരോം മറ്റുമായിട്ട് വൈകി പോയി. തിരിച്ച് രണ്ടാളും നേഴ്സ് ചേച്ചിമാരോട് യാത്രയും പറഞ്ഞിറങ്ങി. 

 

ചിങ്ങവെയിൽ ഉച്ചിയിൽ അടിച്ചിറങ്ങുന്നു. പടത്തിന്റെ വരമ്പിലൂടെ അപ്പൂ മുന്നിൽ നടക്കുകയാണ് പിന്നാലെ കുഞ്ഞൂട്ടനും. കണ്ടത്തിൽ അവിടിവിടെയായി വിതച്ചിട്ട നെല്ല് മുളച്ച് ചെറിയ കതിരായിട്ട് വളർന്നിട്ടുണ്ട്. ഞാറ് നടാനുള്ള നേരമായിരുന്നു. കണ്ടം മുഴുവൻ ഉഴുതു മറിക്കുന്ന ട്രാക്ടറുകളും. ചേറിൽ നിന്ന് കുഞ്ഞി പരലുകളെ കൊത്തി തിന്നുന്ന ഒറ്റക്കാലൻ കൊക്കുകളേയും കാണാം. 

 

കർക്കടകത്തിലെ മഴവെള്ള പാച്ചിലിൽ തോട് നിറഞ്ഞ് കവിഞ്ഞൊഴുകി കണ്ടത്തിൽ കയറിയ വരാലുകളും ആരലുകളും മറ്റും ചേറിൽ പൂന്തി ഒളിക്കുന്നു. കുറച്ചപ്പറെ മാറി ഒരു കുട്ടി പട്ടാള സംഘം വരമ്പിൽ തമ്പടിച്ചിട്ടുണ്ട്. നിക്കറ് മാത്രമിട്ട കുട്ടികൾ ആകെ ചേറിൽ പെരണ്ടിരിക്കുന്നു. ട്രാക്ട്ടർ ഒരു വട്ടം ഉഴുത് പോവുമ്പോൾ കുഴഞ്ഞു കെടക്ക്ണ ചേറിലേക്ക് അവര് എടുത്തു ചാടുന്നു. ചേറിൽ തപ്പിപ്പിടിച്ച് കിട്ടുന്ന മീനിനെ ഒരു ചാക്കിലാക്കി കെട്ടി ഒരു മൂലക്ക് മാറ്റി വെച്ചിട്ടുണ്ട്. കുഞ്ഞൂട്ടനെന്തോ അത് കണ്ട് നിക്കാൻ നല്ല രസം തോന്നി. ഒരുപാട് വർഷം പുറകിലേക്ക് അവൻ്റെ ചിന്തകൾ പോയി. കൂട്ടിന് അപ്പുവും.

 

“”വര്ണില്ലേ മൊട്ടത്തലയാ..””, 

 

കുട്ടികളുടെ കളിയും കണ്ട് നിന്ന അവനെ അപ്പു തട്ടിവിളിച്ചു. കൈയ്യ് കെട്ടി നിന്ന് ഒരു നിമിഷം അവളും കുട്ടികളുടെ കളി കണ്ടു. പിന്നെ അവിടന്ന് നടന്നു. ചിലർ കുഞ്ഞൂട്ടൻ മൊട്ട തലയിലേക്കും തലക്ക് പുറകിലെ ഒട്ടിച്ച ബാന്റേഡിലേക്കും ശ്രദ്ധിക്കുന്നുണ്ട്. എല്ലാവർക്കും ഒരു ചിരി സമ്മാനിച്ച് അപ്പൂന് പിന്നാലെ അവൻ നടന്നു.

 

“”അപ്പൂനോർമ്മയിണ്ടോ ഹാജിയാർമാര്ടെ പാടം പൂട്ടിയപ്പൊ എനിക്ക് മീനെ പിടിച്ച് തന്നത്..”” 

 

നേർത്ത കാറ്റിൽ അപ്പൂന്റെ മുടി ആടിക്കളിക്കുന്നു. മുഖത്ത് വീഴുന്ന മുടി ഒതുക്കി വച്ച് കൊണ്ട് മറുപടി അവളൊരു ചിരിയിലൊതുക്കി. കുഞ്ഞൂട്ടൻ വീണ്ടും പഴയ ഒർമ്മകൾ എണ്ണി പെറുക്കി പറഞ്ഞ് കൊണ്ടിരുന്നു. 

 

“”അപ്പൂനോർമ്മ ഇണ്ടോ തറവാട്ടിലെല്ലാരും എന്നെ ഒറ്റക്കാക്കി കാവിൽ പൂരത്തിന് പൊണത്..””,””അന്ന് എനിക്ക് കൂട്ടിരിക്കണ പാവാടക്കാരി പെണ്ണിനെ എനിക്കിപ്പളും മറക്കാൻ പറ്റില്ലട്ടൊ…””,””അച്ഛമ്മേന്റെ മടിയിൽ കെടക്കുമ്പൊ ഇന്നെയും കെട്ടിപിടിച്ച് കെടന്നിരുന്ന ആ പെണ്ണിനെ ഞാനിന്നും ഓർക്ക്ണുണ്ട്ട്ടോ..””, 

 

അതും പറഞ്ഞ് കുഞ്ഞൂട്ടൻ അവൾടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. അപ്പൂൻ്റെ കവിളൊക്കെ ചുവന്നിരിക്കുന്നു. 

 

പാടവരമ്പിൽ നിന്നും ഒരു തെങ്ങിൻ തോപ്പിൽ കൂടിയാണ് അവർ പൊയ്ക്കൊണ്ടിരിക്കുന്നത്. 

 

“”അപ്പൂ..””” 

 

നടത്തത്തിനിടക്ക് കുഞ്ഞൂട്ടൻ അവളുടെ ശ്രദ്ധക്ക് പിടിക്കാൻ വിളിച്ചു.

 

“”മ്മം..”” 

 

കൂമൻ മൂളണ പോലെ അവള് വിളികേട്ടു. അത് കുഞ്ഞൂട്ടന് ഇഷ്ടപ്പെട്ടില്ല. അവൻ നേരെ ചെന്ന് അവൾടെ ചെവിക്ക് കയറി പിടിച്ചു.

 

“”ഒരാള് സീരിയസ് ആയിട്ട് എന്തേലും പറയാൻ വരുമ്പൊ ഇങ്ങനെ മൂളിക്കൊണ്ടിരിക്കണെ എനിക്ക് ഭയങ്കര ദേഷ്യം ഇള്ളകാര്യാ..””,””ഇനി ഇങ്ങനെ മൂളോ..””  

 

ചെവിക്ക് പിടിച്ചോണ്ട് തന്നെ അവൻ ചോദിച്ചു. 

 

“”ഇല്ല ചെക്കാ വിട്..”” 

 

അവൻ്റെ കൈയ്യിൽ പിടിച്ചോണ്ട് പറഞ്ഞപ്പൊ കൈയ്യെടുത്തു. ഒരാശ്വാസം പോലെ അവള് ചെവിതിരുമ്മി. 

 

“”അങ്ങനെ വഴിക്ക് വാ..”” 

 

അപ്പു കുറുമ്പോടെ കുഞ്ഞൂട്ടനെ തുറിച്ച് നോക്കി.

 

“”എന്താടീ ഉണ്ടക്കണ്ണീ, നോക്കി പേടിപ്പിക്കാണോ..””,””ആ ഉണ്ട കണ്ണ് രണ്ടും ഞാൻ കുത്തി പൊട്ടിക്കും..””

 

ചൂണ്ടുവിരലും നടുവിരലും അപ്പൂൻ്റെ കണ്ണിലേക്കടുപ്പിക്കുന്നത് പോലെ അവൻ കാണിച്ചു. ഒരു കടുകിട അവള് കണ്ണ് അനക്കിയില്ല. 

 

പേടിപ്പിക്കാൻ നോക്കിയതാണ് പക്ഷെ ഒത്തില്ല. കുഞ്ഞുട്ടനവളെ വിട്ട് മുന്നില് നടന്നു. അത്ര നേരം അവനെ തന്നെ നോക്കി കൊണ്ടു നിന്ന അപ്പു പിന്നാലെ പോയാ.

 

“”കുഞ്ഞാവേ നിക്കടാ ഞാനും വരുണു..””,

 

കുഞ്ഞൂട്ടനവളെ മൈന്റ് ചെയ്യാതെ സ്പീടിൽ നടന്നു. പുറകിൽ നിന്ന് അപ്പു നീട്ടി വിളിക്ക്ണ്ടായി, പക്ഷെ അവൻ അത് കാര്യമാക്കാതെ കൊറച്ച് ജാഡയൊക്കെ ഇട്ട് ചിങ്ങത്തിലെ ചെറുമഴക്ക് കിളുത്ത പുല്ലിലൂടെ നടന്നു. കുഞ്ഞൂട്ടൻ കുറച്ച് അങ്ങ് എത്തിയപ്പൊ തിരിഞ്ഞു നോക്കി. പുറകിലിരുന്ന് വല്ല്യ ബഹളമൊന്നും കേക്കണില്ല. തിരിഞ്ഞൊക്കുമ്പൊ അപ്പൂനെ അവടെയൊന്നും കാണണില്ല. 

 

“”ഇവളിതെവടെ പോയി..”” 

 

കുഞ്ഞൂട്ടൻ സ്വയം ചോദിച്ചു. 

 

അവൻ വന്ന വഴി പിന്നിലേക്ക് അൽപം നടന്നു. നോക്കുമ്പ ദേ പൊട്ടു പോലെ ഒരു പച്ച ചുരിദാറുകാരി നടന്ന് പോണു. അപ്പഴാണ് അവന് അയ്യട എന്നായി പോയത്. ജാഡ ഇട്ട് നടന്നപ്പൊ പോണ വഴി റൈറ്റാ, റോങ്ങാ  അത് നൊക്കിയില്ലായിരുന്നു.

 

അപ്പു പോയ വഴിയെ കുഞ്ഞൂട്ടൻ ഓടി. ഈ അവൾ ഇനി വേറെ വല്ല ഡീവിയേഷനും പിടിച്ചാൽ നടന്ന് ഉപ്പാട് വരുമായിരുന്നു. അവൾ നേരത്തെ വിളിച്ചത് വഴി പറയാനായിരുന്നു… ഒരു സോറി പ്രതീക്ഷിച്ചാണ് കുഞ്ഞൂട്ടൻ ജാഡ ഇട്ടത്. വേണ്ടായിരുന്നു എന്നായി ഇപ്പോൾ.

 

കണ്ടത്തിൽ കൂടി ഓടി ചാടി ഒരു വിതം അവൾടെ കൂടെ എത്തി. അവനാകെ കിതച്ചു വിയർത്ത് പരിവമായി.

 

 “”കഷ്ടം ഇണ്ടപ്പു..””,””അഹ…ഹ്…ഹ്…. ആ…ആകെ വെയർത്ത്…””,””ഹ… കുളിച്ചു….””,””നിനക്ക് ആറിയിണതല്ലേ.. തലേല്…….””,”””തലേല് വെള്ളം നനക്കാൻ പറ്റൂലാന്ന്..””,””ന്ട്ടെന്നെ ഓടിച്ചല്ലേ..””,

 

എളിക്ക് കൈയ്യും കൊടുത്ത് ശ്വാസം വായീക്കുടെയും മൂക്കിൽ കൂടെയും മാറിമാറി എടുത്ത് കുഞ്ഞൂട്ടനവളോട് ചോദിച്ചു.

 

“”നന്നായി പോയി..””,””ഇന്ന് ഇന്റെ കുഞ്ഞൂട്ടനെയ് കൊറച്ച് വെയർപ്പ് മണം അടിച്ച് ഒറങ്ങിയാ മതി..””,””ഈഗോ കാണിക്കുമ്പൊ ഓർക്കണായിരുന്നു..””,

 

“”നീ എന്തോക്കെയാ അപ്പൂ പറയണെ ഈഗോയോ..””,””എനിക്ക് നിന്നോടോ…””,””ഒന്ന് പോടി…””,

 

കുഞ്ഞൂട്ടനവൾടെ വാദത്തിനെ പുശ്ചിച്ചു തള്ളി. 

 

കാമുകിയോ സുഹൃത്തോ ആരുമായിക്കൊള്ളട്ടെ സെലക്ട് ചെയ്യുമ്പൊ നമ്മളേക്കാൾ മൂപ്പ് ഉണ്ടോന്ന് നോക്കി വേണം തെരഞ്ഞെടുക്കാൻ, വയസിനും തലക്കും രണ്ടും കൂടി പരിഗണിക്കണം. ഇനി ഇപ്പൊ വയസിന് മൂത്തതാണങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ അവൾടെ ഉള്ളിലെ ചേച്ചി എന്ന അധികാരം ഒറപ്പായിട്ടും പുറത്ത് വരും ഷുവറാ. അതാണിവിടെ നടന്ന് കൊണ്ടിരിക്കുന്നത്. എപ്പഴേലും എടി പോടീന്ന് വിളിക്ക്ണെ പ്രശ്നമില്ല, പക്ഷെ കലിപ്പൊ കുശുമ്പോ കേറിനിക്ക്ണ സമയത്ത് അങ്ങനെ എന്തേലും വിളിച്ചാൽ…

 

“”ആയ്യോ…….””,”‘എന്നെ കൊല്ല്ണേ…””,”പിടി വിടടീ….”””,

 

പിച്ചി പിച്ചി അവൻ്റെ വയറ്റത്തെ തൊലി പോയി. ഒരു ‘പോടി’ ഇഫക്ടിൽ കുഞ്ഞൂട്ടൻ്റെ വയറ്റത്തെ തൊലി പൊളിഞ്ഞു. ദേഷ്യപ്പെടുകയോ തള്ളി മാറ്റുകയോ ചെയ്താൽ അപ്പു കൂടുതൽ വയലന്റാവും. കുഞ്ഞൂട്ടന് മാത്രമറിയാവുന്നൊരു സൈക്കൊ അവൾടെ ഉള്ളിലുണ്ട്, അവന് മാത്രം അറിയുന്ന സൈക്കൊ. 

 

അപ്പൂന്റെ കലി തീര്ണ വരെ കുഞ്ഞൂട്ടൻ കരഞ്ഞു. അവസാനം ചെവിതല കേക്കാതെ അവള് പിടി വിട്ടു.

 

“”ഇത് എന്തിനാന്ന് മനസിലായോ..””,

 

കൈയ്യ് ചൂണ്ടി ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി ചോദിച്ചു. കുഞ്ഞൂട്ടൻ്റെ ഭാഗത്ത് നിന്ന് അൽപ്പനേരത്തേക്ക് പ്രതികരണമൊന്നും ഇണ്ടായില്ല. അവൾ ഒന്നും കൂടി ചോദ്യം കടുപ്പിച്ചു. 

 

“”മനസിലായോന്ന്..””

 

ആയി എന്ന അർത്ഥത്തിൽ അവൻ തലയനക്കി. ‘എടീന്ന്’ വിളിച്ചതിനാണ്. കുഞ്ഞൂട്ടൻ വളരെ ദയനീയ ഭാവം ഒക്കെ മൊഖത്ത് കൊണ്ടു വന്നു. അല്ലങ്കിൽ പെണ്ണ് പിന്നേം പിടിക്കും. 

 

“”ഗുഡ് ബോയ്..”” 

 

അവൻ തലയാട്ടിയപ്പൊ കവിളിലൊരും തട്ടും കൊടുത്ത് അവള് മുന്നേ നടന്നു. ഒരു ചിരിയോടെ വയറും തടവി പിന്നാലെ കുഞ്ഞൂട്ടനും. 

 

അവന് അപ്പൂനോട് ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ അപ്പൂന്റെ ഭാഗത്ത് നിന്ന് ഒരു താൽപര്യമില്ലാത്ത മട്ടിലായിരുന്നു പ്രതികരണം. പെണ്ണിന് ഓരോ സമയത്ത് ഓരോ സ്വഭാവമാണ്. 

 

കുറച്ച് നേരം പാടവരമ്പിലൂടെ നടന്ന് വീടിന്റെ പടിക്കലെത്തി. നേരം ഏകദേശം ഉച്ചയായിരുന്നു. അവരെ കാത്തെന്നോണം ഇന്ദിരാമ്മ കൊലായിൽ ഇരിക്കുന്നുണ്ടായിരുന്നു. ഉമ്മറത്ത് കയറി ചെന്ന പാടെ കുഞ്ഞൂട്ടൻ്റെ തലയൊക്കെ പടിച്ച് ഒന്ന് പരിശോദിച്ചു. അവൻ തല ഒക്കെ ചെരിച്ച് കാണിച്ച് കൊടുത്തു. ഇപ്പൊ കൊഴപ്പം ഒന്നു മില്ലെന്ന് പറഞ്ഞു, അത്യാവശ്യം ആട്ടാനും അനക്കാനും ഒക്കെ പറ്റ്ണ്ണ്ട്. 

 

കുഞ്ഞൂട്ടൻ മുറിയിൽ കയറി ഇട്ടിരുന്ന വസ്ത്രം ഊരി ബാത്ത്റൂമിലെ ബക്കറ്റിലിട്ട് കുറച്ച് സോപ്പു പൊടികലക്കി അതിൽ മുക്കി വച്ച്. അലക്കാനാവുമ്പൊ അപ്പു എടുത്ത് കൊണ്ടുപോവും. മേലൊക്കെ വെറുതെ ഒന്ന് നനഞ്ഞ തുണി കൊണ്ട് തുടച്ചു. മുഖം നന്നായി കഴുകി. ഷെൽഫിൽ അടുക്കി വച്ചിരുന്ന മുണ്ടുകൾക്കിടയിൽ നിന്ന് ഒരു കറുത്ത മുണ്ടും വൈറ്റ് കുർത്തയും എടുത്തിട്ട് താഴേക്ക് ചെന്നു. 

 

ഇന്ദിരാമ്മ അടുക്കളയിൽ നിന്ന് ഭക്ഷണം എടുക്കുന്ന തിരക്കിലായിരുന്നു. അപ്പൂനെ അവിടെ എങ്ങും കാണാനില്ല. അടുക്കളയിൽ നിന്നും ഭക്ഷണം കൊണ്ട് ഡൈനിംഗ് ടേബിളിൽ വയ്ക്കാൻ കുഞ്ഞൂട്ടനും ഇന്ദിരാമ്മയുടെ കൂടെ കൂടി. 

 

ആശുപത്രിയിൽ പോയപ്പോളിട്ടിരുന്ന ഡ്രസ്സ് മാറി ഒരു പാവാടയും ടീഷർട്ടുമിട്ട് അപ്പു ഹാളിലേക്ക് കടന്നു വന്നു. അവളും കഴിക്കാനായി ഇരുന്നു. ഇന്ദിരാമ്മ കുഞ്ഞൂട്ടനും അപ്പൂനും ചോറ് വിളമ്പി. 

 

★★★

 

രണ്ടു ദിവസം കൂടി മുറി ഉണങ്ങാനായി കാത്തു. മുറി കൂടിയ തൊലായൊക്കെ ഇളകിപോയി പുത്തൻ ചർമ്മം വന്നു. അതിലൂടെ കൈ ഓടിക്കുമ്പൊ ഒരു മരവിപ്പ് ഇപ്പഴും അനുഭവപ്പെടും. 

 

മുറിഞ്ഞ ഭാഗത്തൊഴികെ ഭാക്കി എല്ലായിടത്തും ചെറുതായി മുടി കിളുത്തു വന്നു. കുഞ്ഞൂട്ടനെ ഇപ്പൊ കണ്ടാൽ നമ്മടെ ഗുണ്ട വാസു അണ്ണന്റെ ലുക്കാണ്. ഇടക്കവൻ കണ്ണാടിക്ക് മുൻപിൽ ചെന്ന് ഓരോ എക്സ്പ്രഷനിട്ട് നിക്കും. 

 

വയ്യാഴിക ഒന്ന് ബേധമായതോണ്ട് അപ്പൂനാണ് ലാഭായത്. അവളിപ്പൊ കുഞ്ഞൂട്ടൻ്റെ മെക്കട്ട് കേറാൻ ഒരു അവസരം നോക്കി നടക്കാണ്. ഇടക്കെപ്പഴോ അവനും അത് വല്ലാണ്ട് ആസ്വതിക്കാൻ തുടങ്ങി. അവൾടെ ഓരോ കടിയും അവൻ്റെ നെഞ്ചിനകത്താണ് കൊള്ളുന്നത്. കുറുമ്പ് കൂടുമ്പൊ നുള്ളേം മാന്തേം ഒക്കെ ചെയ്യും അതാണിപ്പൊ ആൾടെ മെയിൻ ഹോബി. കുഞ്ഞൂട്ടൻ അത് സന്തോഷത്തോടെ അനുവധിച്ച് കൊടുക്കാൻ തുടങ്ങി. കുറുമ്പുകാട്ടി സ്നേഹിക്കാൻ ആണങ്കിലും ഒരാളുണ്ടല്ലോ,.. അത് വല്ല്യ കാര്യല്ലേ..

 

കുഞ്ഞൂട്ടൻ കംപ്ലീറ്റ് ഓക്കെയായപ്പൊ തൊട്ട് പെണ്ണിന് അവനെ നാട് മുഴുവൻ കാണിക്കണം എന്നായി. മഴയും മറ്റുമായതോണ്ട് ഇന്ദിരാമ്മയുടെ സ്നേഹശാസനം അതിനെ ഒക്കെ തടുത്തു. രണ്ട് ദിവസം കൂടി കഴിഞ്ഞ് ജാമ്യം എടുക്കലിന്റെ കാര്യങ്ങൾക്കായി സ്റ്റേഷനിൽ ചെല്ലാൻ വിളി വന്നു. വയ്യാത്ത അവസ്ഥയായതോണ്ടാണ് അവര് നിർബന്ധിക്കാഞ്ഞത്. പിന്നെ ലോക്കൽ സെക്രട്ടറിയെ കൊണ്ട് നിർബന്ധിച്ച് കേസ് മയപ്പെടുത്തി. രണ്ട് ഭാഗത്തും തട്ടുകേട് ഇണ്ടായതോണ്ട് വല്ല്യ വർത്താനങ്ങളൊന്നും ഇല്ലാതെ തീർക്കാം എന്ന് അനിക്കും കണ്ണനും എസ് ഐ വാക്ക് കൊടുത്തു. അതിന്റെ ദൈര്യത്തിലാണ് കുഞ്ഞൂട്ടൻ സ്റ്റേഷനിലേക്ക് പോവാൻ തീരുമാനിച്ചത്. 

 

ജാമ്യത്തിന്റെ കാര്യം പറഞ്ഞപ്പൊ തൊട്ട് അപ്പു കിടന്ന് കയറ് പൊട്ടിക്കാണ് കുഞ്ഞൂട്ടൻ്റെ കൂടെ പോവാനായിട്ട്, പക്ഷെ അവനട് അത്ര സുഗമുള്ള ഏർപ്പാടായി തോന്നീല. എത്രയൊക്കെ ഒത്തു തീർപ്പാക്കിയാലും ക്യാബിനിൽ കയറ്റി എസ് ഐ നല്ല രണ്ട് വർത്താനം പറയ്ണത് ഒര് ചടങ്ങ്ണ്ടല്ലോ. കൂടെ ആരേലുൽ ഇണ്ടങ്കിൽ അവർക്കും കിട്ടും കണക്കിന്. വെറുതെ എന്തിനാ അപ്പൂനെ സ്റ്റേഷനകത്ത് കേറ്റി കരയിക്ക്ണെ. അത് മാത്രല്ല അവടെ കൊണ്ടോയി കരയിച്ചെന്നും പറഞ്ഞ് പെണ്ണ് തന്നെ ചെലപ്പൊ ഒരാഴ്ച്ച ഒറങ്ങാൻ സമ്മതിക്കില്ല. എന്നൊക്കെ കുഞ്ഞൂട്ടൻ ഓർത്തു. 

 

കുഞ്ഞൂട്ടൻ രാവിലെ കുളിച്ചൊരുങ്ങി ഒരു വെള്ള മുണ്ടും ചുവന്ന ഷർട്ടും എടുത്തിട്ടു. അപ്പൂന്റെ സെലക്ഷനാണ്. ഒട്ടുമിക്ക ഉടുപ്പുകളും അവൾടെ അച്ഛന്റെ അതായത് ശങ്കരമാമയുടേതായിരുന്നു. പുറത്തൊന്നും ഇറങ്ങാത്തതോണ്ട് അവന് ഇടാനായി അപ്പു കൊടുത്തതാണ്. വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് കുഞ്ഞൂട്ടൻ നേരെ കവലയിലേക്ക് വച്ച് പിടിച്ചു. പോരുമ്പൊ അവനെയും നോക്കി അപ്പു ഉമ്മറകോലായിലെ തൂണും ചാരി നിന്നു. തനിക്ക് വഴിക്കണ്ണുമായി കാത്തിരിക്കാൻ ഒരു പെണ്ണിനെ കിട്ടിയ സന്തോഷത്തിൽ അടുത്തുള്ള കവല ലക്ഷ്യമാക്കി കുഞ്ഞൂട്ടൻ നീങ്ങി. 

 

പാടത്തിന്റെ വരമ്പ് പിടിച്ച് നടന്നാൽ ചുറ്റി വളയാതെ തന്നെ കവലയിലെത്താം. കുഞ്ഞൂട്ടൻ ഉത്തമം ആയ മാർഗ്ഗം തന്നെ സ്വീകരിച്ചു. ചിങ്ങവെയിൽ നേരിയ ഒരു ചൂടോടെ അവിടെ ആകമാനം പടർന്നു. ഒരു തളിരില പോലെ കട്ടി കുറഞ്ഞതായിരുന്നു സൂര്യന്റെ ചൂട്. ഉഴുതു മറിച്ചിട്ടിരിക്കുന്ന കണ്ടങ്ങളിൽ കൊക്കുകൾ ഇറങ്ങി മണ്ണിരയേയും ചെറുപരലുകളെയും കൊത്തി തിന്നുന്നു. വെയിൽ കൊള്ളാതിരിക്കാൻ പാളതൊപ്പി വച്ച് കൈക്കോട്ടുകൊണ്ട് കണ്ടത്തിൽ വരമ്പും മറ്റും കൊത്തി കിളച്ച് വരമ്പ് ഉറപ്പിക്കുന്നവർ. മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷനേടാൻ പാടത്തിന്റെ ഓരത്ത് നിർമ്മിച്ചിരിക്കുന്ന ഓലമേഞ്ഞ കുടിലിനുള്ളിൽ, വയലിൽ പണിയെടുക്കുന്നവർക്കായി ഭക്ഷണം കൊണ്ട് കാത്തിരിക്കുന്നവരും ഒരു കാഴ്ച്ചയായി. 

 

നേരിയ വെയിലും കണ്ടത്തിലെ ദേശാടന കിളികളുടെ കരച്ചിലും ആസ്വദിച്ചു കൊണ്ട് കവല ലക്ഷ്യമാക്കി അവൻ നടന്നു. പോണ വഴി തന്നെയാണ് വേണിയുടെ കോവില്. കുഞ്ഞൂട്ടൻ വന്ന അന്ന് കണ്ട ദേവസുന്ദരിയുടെ കുടില് ആണത്. അതിന്റെ ചുറ്റുപാട് കാണുമ്പൊൾ ആകെപ്പാടെ ഒരു സന്തോഷം. കണ്ണിൽ നിന്ന് മാറുന്നത് വരെ അവനത് നോക്കി കണ്ടു. തിരക്കൊക്കെ ഒഴിഞ്ഞിട്ട് അപ്പൂന്റെ കൂടെ ഇവിടെ വരണം ഒന്ന് തൊഴണം, അവൻ മനസിൽ കരുതി; ആരോ ഉള്ളിലിരുന്ന് പറയുകയായിരുന്നു വരണമെന്ന്. 

 

അപ്പൂന് കുഞ്ഞൂട്ടനെ നാട് മുഴുവൻ കാണിക്കണം എന്നുണ്ട്. അവൾടെ ഗ്രാമം അത്രക്ക് സുന്ദരിയായിരുന്നു. പണ്ടും അപ്പൂന് ഇങ്ങനെത്തെ സ്വഭാവം തന്നെയായിരുന്നു. അവനെ എന്തെങ്കിലും പുതിയ കാര്യങ്ങൾ പരിചയപ്പെടുത്താൻ ആവേശമായിരുന്നു. ഇന്ദിരാമ്മ പാകിയ ചീരതൈകൾ മുളച്ചു വരുന്നത്. ഒരു ജീവൻ ഭൂമിലേക്കിറങ്ങുന്നത് ആവശത്തോടെ കാണിച്ചതായിരുന്നു. എതിലെ പോയാലും അവളുടെ ഇടത് കൈയ്യിൽ കുഞ്ഞൂട്ടൻ്റെ വലത് കൈ ഭദ്രമാക്കി വക്കും. വലതും ഇടതും തല തിരിച്ചിട്ടിരിക്കുന്ന ചെരുപ്പുകൾ അപ്പൂ തന്നെ അവൻ്റെ കാൽചോട്ടിൽ കുനിഞ്ഞ് ഇരുന്ന് ശരിയാക്കി ഇട്ടു കൊടുക്കും. നടക്കുമ്പൊ എവിടെയും വീഴാതിരിക്കാൻ ചേർത്ത് പിടിക്കും. ഇന്നിപ്പൊ അപ്പൂനെ ചേർത്ത് പിടിക്കണ്ടത് കുഞ്ഞൂട്ടൻ്റെ കടമയായിട്ടുണ്ട്, അവളെ മാത്രല്ല ഇന്ദിരാമ്മയേം. ഇനി അവർക്ക് താൻ മാത്രമേ ഉള്ളു. സ്വന്തമെന്ന് പറയുന്നവര് ആട്ടി പായിക്കുമ്പൊ ഇങ്ങനെ രണ്ട് ജീവനെ കണ്ടില്ലായിരുന്നു. ഇപ്പൊ തനിക്കും സ്വന്തം, അപ്പുവും ഇന്ദിരാമ്മയുമാണ്. കൊറേ രക്തത്തിലും തറവാടിന്റെ മഹിമയിലും ഒന്നും അല്ലല്ലോ കാര്യം, ഏറ്റവും മോശമായ അവസ്ഥയിലും താങ്ങി നിർത്തുന്നതല്ലേ, സ്നേഹമല്ലേ എല്ലാം. 

 

അവൻ്റെ ചിന്തകൾ അവസാനിച്ചത് കവലയ്ക്കടുത്തെത്തിയപ്പോഴാണ്. മൂന്നു വഴികൾ വന്നു ചേരുന്ന ഒരു ചെറിയ കവല. റോഡിന്റെ അരികത്തായി ഓലമേഞ്ഞ ഒരു കൊച്ചു ചായക്കടയുണ്ട്. കുറച്ചപ്പുറെ മാറി ഒരു കലിങ്കുണ്ട്. കാലത്തേ തന്നെ പരദൂഷണം വിളമ്പുന്ന കുറച്ച് അമ്മാവൻമാരവിടെ ഇരിക്കുന്നുണ്ട്. കുഞ്ഞൂട്ടനെയും അവൻ്റെ മൊട്ട തലയിലേക്കും ചൂണ്ടി അവര് പരസ്പരം എന്തെക്കെയോ കുശുകുശുക്കുന്നു ഇടക്ക് ചിരിക്കുന്നു. അവനവിടേക്ക് വല്ല്യ ശ്രദ്ധകൊടുത്തില്ല. 

 

കുഞ്ഞൂട്ടൻ നിൽക്കുന്നേന്റെ എതിർ വശത്തായിട്ട് പഴയ ഒരു ഓടിട്ട കെട്ടിടം, അതിൽ ഒന്ന് തയ്യൽകടയാണ്. സുകുമാരൻ ടൈലേർസ്. മൂക്കിന് മേലെ ഒരു കണ്ണടയും വലിച്ചു കയറ്റി പിരികവും പൊക്കി ഒരാൾ അവിടെ ഇരുന്ന് തന്റെ പഴയ ഇന്ത്യൻ നിർമ്മിത ഉഷയിൽ ചവിട്ടി കൊണ്ടിരിക്കുന്നു. അടുത്ത മുറി ഒരു ക്ലബ് വിത്ത് വായനശാലയാണെന്ന് തോന്നുന്നു. അവിടെ ഒരു വേലയും കൂലിയുമില്ലാതെ കുറേയെണ്ണം ക്യാരംസും കളിച്ചിരിപ്പുണ്ട്. അവരും കുഞ്ഞൂട്ടനെ കണ്ടപ്പോൾ എത്തിപാളി നോക്കി.

 

ഗ്രാമത്തിന്റെ ഭംഗിയൊക്കെ മനോഹരമാണ് പക്ഷെ അവിടുത്തെ ആൾക്കാരെ കാണാത്ത മട്ടിലുള്ള സ്വഭാവം കൊറച്ച് കടുപ്പാണ്. കവലയുടെ ഒത്ത നടുക്ക് ഒരു അരയാൽമരം പടർന്ന് പന്തലിച്ചു നിൽക്കുന്നു. അതിന്റെ തൊട്ടടുത്തു തന്നെ മനോഹരിയായൊരു വേപ്പിൻ വൃക്ഷവും. അരയാലും ആര്യവേപ്പും പരസ്പരം പതീ പത്നിയായി ഇഴുകി ചേർന്ന് വളരുന്നു. ഇത് സാധാരണ ശിവ പാർവ്വതീ ക്ഷേത്രങ്ങളിലെ കാഴ്ച്ചയാണ്, ഒരു കവലയിൽ ആദ്യായിട്ടായിരുന്നു കുഞ്ഞൂട്ടൻ കാണുന്നത്. കൊള്ളാം, കാറ്റത്ത് അവര് തമ്മിൽ പ്രണയ സല്ലാപങ്ങൾ നടത്തണ പോലെ തോന്ന്ണു. അതിന്റെ തണലു പറ്റി ചിലരവിടെ തന്നെ ഇരിക്കുന്നു. കുഞ്ഞൂട്ടൻ അവർക്കടുത്തേക്ക് ചെന്ന് ബസ്സിനെ പറ്റി അന്വേഷിച്ചു. കുറച്ച് ഉൾനാടായതിനാൽ ബസ്സ് സർവ്വീസൊക്കെ ശോകമായിരിക്കും. ഒരു പത്തുമിനുട്ടിൽ ഉണ്ടെന്നാണ് അയാള് മറുപടി കൊടുത്തു, അവിടെ ആൽമരത്തിന്റെ ചോട്ടിൽ കൂടി നിന്നവരെല്ലാം ബസിനായി കാത്തു നിൽക്കുകയാണ്. കുഞ്ഞൂട്ടനും അവരോടൊപ്പം കൂടി.   

 

ആൽമരത്തിന്റെ ചോട്ടിലെ തണലും കാറ്റിൽ അവിടം ആകെ പടരുന്ന വേപ്പിന്റെ ഗന്ധവും ആസ്വദിച്ച് കൊണ്ട് അൽപ്പനേരം നിന്നപ്പൊ പോവണ്ട ബസ് വന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു കെ എസ് ആർ ടി സി ബസ്സ്. കൂടുതൽ ബസൊന്നും സർവീസ് നടത്താത്തതോണ്ട് ദിവസം രണ്ടോ മൂന്നോ തവണ ഈ ആന വണ്ടി വന്നു പോവും അതായിരുന്നു ഇവിടുത്തെ ഏക സഞ്ചാരമാർഗ്ഗം. നാട്ടിൽ അത്യാവശ്യം കാശുള്ളവരുടെ വീട്ടിൽ കാറും പഴയ മോഡൽ യമഹായും ചേതകിന്റെ സ്കൂട്ടറും പിന്നെ ഡീസൽ ബുള്ളറ്റുകളും വളരേ വിരളമായി കാണാം. വാഹന സൗകര്യം കുറഞ്ഞ സാഹചര്യം മുതലെടുത്ത് ചിലരൊക്കെ പ്രൈവറ്റ് ടാക്‌സി ഓട്ടത്തിനും വീട്ടിലെ വണ്ടികൾ ഉപയോഗിക്കുന്നുണ്ട്. 

 

 തിരക്ക് കുറവായതോണ്ട് ബസിന്റെ ഒരു വിന്റോ സീറ്റിൽ കയറി കുഞ്ഞൂട്ടനിരുന്നു. അതിനകത്തും നാന ജനങ്ങളുടെയും ശ്രദ്ധ അവൻ്റെ തലയിലേക്കാണ്. ഇടക്ക് തമ്മിലുള്ള കുശുകുശുപ്പുകളും കേൾക്കാം അയൽക്കൂട്ടം പെണ്ണുങ്ങളേ പോലെ ചിരിക്കുന്നതും തലപൊക്കി നോക്കുന്നതും കാണാം. കുഞ്ഞൂട്ടൻ ഈ നാട്ടിൽ പുതുതല്ലേ അതിന്റെ ഒരു ആകാംക്ഷയായിരിക്കാം. കുഞ്ഞൂട്ടൻ എല്ലാവരെയും നോക്കി ഒരു ചിരി കൊടുത്തു. അതിന് കൂട്ടത്തിൽ ചിലര് പ്രതികരിച്ചു, തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു. ചിലര് കണ്ണ് മിഴിച്ച് നോക്കുന്നു. ‘ഞാനെന്താ വല്ല അന്യഗ്രഹ ജീവിയുമാണോ’ എന്ന് ചോദിക്കണം എന്നുണ്ട് അവന് എന്നാലും ചോദിച്ചില്ല.

 

അനിയും സന്ദീപും ജാമ്യം നിൽക്കാൻ റെഡിയായി. ബാക്കി ഇള്ളോരെ കൊണ്ട് പറ്റാത്തോണ്ടല്ല തൽക്കാലം മാന്യന്മാരെന്ന് തോന്നിപ്പിക്കുന്ന രണ്ടുപേരാണ് വേണ്ടിയിരുന്നത്.  

 

സമയം ഏകദേശം പതിനൊന്ന് മണിയോടെ കുഞ്ഞൂട്ടൻ സെർക്കിളിന്റെ സ്റ്റേഷന് മുന്നിലെത്തി. രണ്ട് ബസ് മാറി കയറേണ്ടതോണ്ട് സ്ഥലത്തെത്തിയപ്പൊ കൊറച്ച് വൈകി പോയി. വീട്ടിൽ നിന്ന് രാവിലെ എട്ട് മണിക്ക് എറങ്ങിയതാണ് അത്യാവശ്യം യാത്ര ചെയ്യാനുണ്ട്. സി ഐ ഓഫിസിന് മുന്നിൽ തന്നെ എല്ലാവനും തമ്പടിച്ചിട്ടുണ്ട്, പാപ്പിയും അനിയും, കണ്ണനും, സന്ദീപും, ഉനൈസും, ലിജിനും, ജോൺസനും ശരത്തും അങ്ങനെ എല്ലാ അടിക്കാരും ഹാജറാണ്. ക്ലാസിൽ അറ്റന്റൻസ് വിളിക്കുമ്പ പോലും ബാക്ക് ബെഞ്ചിന് ഇത്ര ശക്തി കാണില്ല. പ്രോക്സ് വിളിച്ച് ജോർജ് സർന്റെ വായിലിരിക്കുന്നത് കേക്കണത് മിച്ചം. വല്ല അടിയോ ഇടിയോ ഒക്കെ ഉണ്ടങ്കിൽ പാർട്ടിസിപേഷന്റെ കാര്യത്തിൽ നൂറിൽ നൂറാണ്  എല്ലാവനും. 

 

കുഞ്ഞൂട്ടൻ അവരുടെ അടുത്തേക്ക് നടന്നു. അവനെ കണ്ട് ഓരോരുത്തരായി വന്ന് മുറിവൊക്കെ നോക്കാൻ തൊടങ്ങി. കൊഴപ്പൊന്നും ഇല്ലന്ന് കണ്ടപ്പൊ അവരവിടെന്ന് നീങ്ങി. 

 

സി ഐ സ്ഥലത്തുണ്ടായില്ല, ലീവിലാണ് അതോണ്ട് എസ് ഐയെ കണ്ടാൽ മതിയെന്ന നിർദേശത്തിൽ തൊട്ടപ്പുറത്തെ ടൗൺ സ്റ്റേഷനിലേക്ക് നീങ്ങി. ഇവ രണ്ടും കുറച്ച് അകലം പാലിച്ചാണ് കിടക്കുന്നത്. നടത്തത്തിനിടയ്ക്ക് അപ്പൂന്റെയും ഇന്ദിരാമ്മയുടെയും കാര്യമൊക്കെ പറഞ്ഞ് ആ.. കോംപ്ലിക്കേഷൻ കുഞ്ഞൂട്ടൻ ആദ്യം തീർത്ത് കൊടുത്തു. ഇനി ചേച്ചിയാണോന്ന് ചോദിച്ച് വരാൻ പാടില്ലെന്ന് കരുതിയാണങ്ങനെ ചെയ്തത്, ഇന്ദിരാമ്മ അവൻ്റെ അമ്മായി അപ്പു മുറപ്പെണ്ണ്. കുഞ്ഞൂട്ടൻ പറഞ്ഞതിൽ പാപ്പിക്കും അനിക്കും ആയിരുന്നു കൂടുതൽ സംശയങ്ങൾ. അവളുമായി ഇപ്പൊമബ്ലഡ് റിലേഷനൊന്നുമല്ല ഇനി തങ്ങൾ രണ്ടാളും കൂടി ഒരു ബ്ലഡ് റിലേഷൻ ഉണ്ടാക്കി എടുക്കുമെന്നും കൂട്ടിചേർത്തതോടെ അവമ്മാരൊന്നടങ്ങി. 

 

പാപ്പിക്ക് കുഞ്ഞൂട്ടനോട് കാര്യമായി എന്തോ പറയാന്ണ്ടായിരുന്നു കൊറച്ച് പേഴ്സണൽ ആയതോണ്ട് പിന്നീടാവാമെന്നും പറഞ്ഞ് ആ വിഷയം മാറ്റി. സ്റ്റേഷന്റെ അടുത്തെത്തുമ്പോൾ മനു അവിടെ തന്നെ ഇണ്ടായിരുന്നു. അവന്റെ തലയിൽ സ്റ്റിച്ചൊന്നും ഇല്ലാത്തോണ്ട് മരുന്ന് വച്ചപ്പളേ ഉണങ്ങിയത്രെ, കുഞ്ഞൂട്ടന് മാത്രേ ഈ മൊട്ടത്തലയും വച്ച് നടക്കണ്ട ഗതികേട് ഉണ്ടായൊള്ളു. മനുവിന്റെ അടുത്ത് എത്തിയതും അവൻ കുഞ്ഞൂട്ടനെ കെട്ടിപിടിച്ചു ദേഷ്യമോ വൈരാഗ്യമോ ഒന്നും ഇല്ലെന്ന് ആദ്യമേ തന്നെ പറഞ്ഞു, പിന്നെ താനെന്തിന് ദേഷ്യം വെച്ചിരിക്കണം തിരിച്ച് കുഞ്ഞൂട്ടനും ഒരു ഹഗ് കൊടുത്തു. 

 

എല്ലാരെയും എസ് ഐയുടെ ക്യാബിനിലേക്ക് കയറ്റിയില്ല പരാതിക്കാരെയും ജാമ്യക്കാരെയും മാത്രം വിളിപ്പിച്ചു, കുഞ്ഞൂട്ടനും മനുവും പരാതിക്കാരായി കയറി കൂടെ അനിയും സന്ദീപും ചെന്നു. 

 

“”സർ കയറിക്കോട്ടേ..””,

 

മനു എസ് ഐ യുടെ ഡോറിൽ തട്ടി കൊണ്ട് ആദ്യം അനുവാദം ചോദിച്ചു. കറങ്ങുന്ന കസേരയിലിരുന്ന് കൊണ്ട് ഫോണിൽ സംസാരിക്കുകയാണ് എസ് ഐ. മനു വിളിച്ചപ്പോൾ ഒന്ന് തലപൊക്കി നോക്കി, ഇടത് കൈയ്യിലെ ചൂണ്ടുവിരലും നടുവിരലും കൂട്ടി പിടിച്ച് അകത്ത് വരാൻ അനുവാദം തന്നു. എല്ലാരും അകത്ത് കയറി നിരന്നു നിന്നു. മുന്നിൽ കസേരകൾ ഉണ്ടായിട്ടും അതിൽ ഇരുന്നില്ല, പോലീസുകാരല്ലേ വെറുതെ ഈഗൊ അടിച്ചാലോ. അയാളുടെ യൂണിഫോമിൽ ഉണ്ടായിരുന്ന നെയിം ബാഡ്ജിലല്ലാതെ മറ്റൊരു രേഖയും ആ റൂമിലില്ല. ആന്റണി വർഗ്ഗീസ് ആതായിരുന്നു എസ് ഐയുടെ പേര്. അൽപ്പ നേരത്തെ ഫോൺസംഭാഷണത്തിന് ശേഷം അത് അവസാനിപ്പിച്ച് ഫോൺ ഡസ്കിൽ വച്ച് അവർക്കു നേരെ തിരിഞ്ഞു. വളരെ സന്തോഷത്തോടെയാണ് അയാള് സംസാരിക്കുന്നത്. വളരെ എനർജെറ്റിക്കായ ഒരു വ്യക്തി, അടിയുടെ കാര്യത്തിലും ഇതേ എനർജി കാണിക്കുമായിരിക്കും വെറുതെ ഒരു ചിന്ത കുഞ്ഞൂട്ടൻ്റെ മനസിലൂടെ കടന്നു പോയി. അവൻ ആദ്യമായിട്ടാണ് സ്റ്റേഷനകത്ത് എന്താവോ എന്തോ. 

 

അവർ നാലാളെയും മാറി മാറി നോക്കി എന്നിട്ട് കൈ മലർത്തി കാണിച്ചു എന്താ കാര്യമെന്ന് ചോദിച്ചു. 

 

 “”എന്നാടാ കാര്യം..”” 

 

തപ്പിപിടുത്തം കണ്ടപ്പൊ എസ് ഐ ചോദ്യം ആവർത്തിച്ചു. 

 

അവർക്ക് എങ്ങനെ തുടങ്ങണമെന്ന് ഒരു എത്തും പിടിയും കിടിയില്ല, ദൈവം കടാക്ഷിച്ച പോലെ പെട്ടന്ന് തന്നെ ഒരു കോൺസ്റ്റബിൾ വാതിൽ തുറന്ന് കയറി വന്നു. 

 

“”സർ ഇത് ഞാൻ പറഞ്ഞില്ലെ മറ്റേ കോളേജിലെ അടിപിടി കേസ്..”” 

 

കോൺസ്റ്റബിൾ ശ്യാംകുമാർ എസ് ഐ യെ ഓർമ്മിപ്പിച്ചു. 

 

“”ഓഹ് പാലക്കേത്തറ കോളേജ്..”” 

 

പെട്ടന്ന് ഓർത്തെടുത്ത പോലെ എസ് ഐ പറഞ്ഞു. ഇതൊക്കെ കേട്ട് ചിരിച്ച് നിക്കാനെ നാലാൾക്കും പറ്റിയൊള്ളു. 

 

“”നീ ഒക്കെ എന്നാ പോക്രിതരവാടാ കാണിച്ച് കൂട്ടിയെ..””,””അടിയൊണ്ടാക്കാനും കഞ്ചാവടിക്കാനുവൊക്കെയാണൊ നിങ്ങളെ അച്ഛനും അമ്മയും കാശൊണ്ടാക്കി പഠിക്കാൻ വിട്ടിരിക്കണെ..”” 

 

എസ് ഐ കത്തി കയറാൻ തുടങ്ങി. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പോലെ അണ്ണാക്കിലെ പിരി വെട്ടി തലയും കുമ്പിട്ട് എല്ലാവരും നിന്നു, വേറെ വഴി ഇല്ലല്ലോ അമ്മാരി ചെയ്ത്തല്ലേ ഓണാഘോഷം എന്നും പറഞ്ഞ് കോളേജിൽ ചെയ്ത് കൂട്ടിയത്. ഇടക്ക് നിർത്തും തുറിച്ച് നോക്കും അങ്ങനെ ഒരു പത്ത് പതിനഞ്ച് മിനിറ്റ് നിർത്താതെ അവർ തെറികേട്ടു.  

 

“”നിങ്ങളെയല്ല..””,””നിങ്ങളെയൊക്കെ ഗാർഡിയന്മാരെ വിളിച്ച് വരുത്തി അവരോടാണ് പച്ചമലയാളത്തിൽ രണ്ട് വർത്തമാനം പറയണ്ടത്..””,

 

ഡൈലോഗിനിടയ്ക്കൊന്നു നിറുത്തും വീണ്ടും തുടരും.

 

“”തൽക്കാലത്തേക്ക് ഞാൻ വിടാണ്..””,”””എന്നും വിചാരിച്ച് ഇനി എന്തങ്കിലും ഒരു പ്രശ്നത്തിന് നിങ്ങളൊക്കെ എന്റെ കൈയ്യിൽ വന്ന് പെട്ടാൽ..””,””ഇടിച്ച് നട്ടെല്ല് ഞാൻ പച്ചവെള്ളം ആക്കും..””,””അതായിരിക്കുമെടാ വീട്ട്കാർക്ക് നോക്കാൻ ഒന്നൂടെ സുഗം..””,””ഒന്നുല്ലങ്കിലും കൊറച്ച് മനസമാധാനം എങ്കിലും കിട്ടൊല്ലൊ..””,””ഇനി മേലാ ഒരു കേസിൽ എന്റെ മുന്നിലെങ്ങാൻ വന്ന് പെട്ടാൽ നീയൊക്കെ തീർന്നെടാ..””, 

 

കൂട്ടത്തിൽ നിക്കണ സന്ദീപിനെ നൊക്കി എസ് ഐ പറഞ്ഞു. അവൻ പാവം ജാമ്യം എടുക്കാൻ വന്ന്ട്ട് എസ് ഐയുടെ വായിലിരിക്കണ എഴുത്തച്ഛനും മുന്നെ ഉണ്ടായ മലയാള ഭാഷയിലെ തെറികൾ കേക്കണ്ടി വന്നു. 

 

“”എറങ്ങി പോയിനെടാ എല്ലാം..”” 

 

തലകുമ്പിട്ട് നിക്കണ അവരെ നോക്കി അയാൾ അലറി, അത് കേട്ട് കോൺസ്റ്റബിൾ വന്ന് എല്ലവരേയും വിളിച്ച് പുറത്തിറക്കി. ഒന്നിന് പുറകെ ഒന്നായി അവർ ക്യാബിനിൽ നിന്നിറങ്ങി. കുറ്റങ്ങളെല്ലാം സമ്മതിച്ച പോലെയായിരുന്നു അവരുടെ മൗനം. ഒരുത്തനും വായതൊറന്ന് ഒന്നും മിണ്ടിയില്ല, അല്ലങ്കിലും അതെങ്ങനെ പറ്റും എസ് ഐ ഏമാനൊന്ന് വായടച്ചാലല്ലേ ഇവർക്ക് മിണ്ടാൻ പറ്റു.

 

“”അല്ല സാറെ അപ്പൊ ജാമ്യം എടുക്കണ്ടേ..”” 

 

പുറത്തിറങ്ങിയ അനി കോൺസ്റ്റബിൾ ശ്യാംകുമാറിനോടായി ചോദിച്ചു.

 

“”ജാമ്യോ..””,””ഇവടെ കേസെടുത്തിട്ടില്ല പിന്നെ അല്ലേ ജാമ്യം..””,””നിങ്ങളെ കുട്ടികളിക്ക് കേസെടുക്കാനല്ല ഇവിടുത്തെ സർവീസ് ബുക്ക്..””,””ഇറങ്ങി പോയിനെടാ എല്ലാം..””,””കാലത്തേ തന്നെ മനുഷ്യന്റെ സമയം മെനക്കെടുത്താൻ ഓരോ എണ്ണം എറങ്ങി കോളും..””.

 

കോൺസ്റ്റബിൾ ശ്യാംകുമാർ എല്ലാവരേം അവടെന്ന് ആട്ടി പായിച്ചു. 

 

എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടില്ലാത്തത് കൊണ്ട് ഒന്ന് ഉപദേശിക്കാൻ വിളിപ്പിച്ചതാണ്. രണ്ട് തെറി കേട്ടാലെന്താ കേസും കൂട്ടവും ഒന്നും ഇല്ലാണ്ട് ഊരി പോന്നല്ലോ അത്രേം ആശ്വാസം. സന്ദീപിന്റെ മുഖത്ത് ഇപ്പഴും ഒരു തെളിച്ചം ഇല്ല. ജീവിതത്തിൽ ഇനി അവൻ വഴിതെറ്റിപോലും ഒരു പോലീസ്റ്റേഷനകത്ത് കയറില്ല, അത്രയ്ക്ക് കേട്ടു. ജീവിതം വെറുത്ത് പോയി കാണും. അനിക്ക് പിന്നെ ഇതൊന്നും പുത്തരിയല്ല, ഒരു ചെവീകൂടി കേക്ക്ണു മറ്റേ ചെവീക്കൂടി വിടുന്നു. 

 

സ്റ്റേഷനിൽ നിന്ന് ഇറങ്ങി മനു യാത്ര പറഞ്ഞ് പോയി, ലീവ് കഴിഞ്ഞ് കോളേജിൽ നിന്ന് കാണാമെന്ന് കുഞ്ഞൂട്ടനോടവൻ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാനും പറഞ്ഞിട്ടുണ്ട്.

 

പൊന്നിപുഴയിലെ വെള്ളം തിരിച്ച് കനാലുവഴി കൃഷാസ്ഥലങ്ങളിലേക്കെത്തിക്കുന്ന പമ്പ് ഹൗസാണ് രാജേശ്വരി അധോലോകത്തിൻ്റെ രഹസ്യ സംങ്കേതം. സ്റ്റേഷനിൽ നിന്നും ഇറങ്ങി നേരെ അങ്ങോട്ടേക്കാണ് വച്ചു പിടിച്ചത്. പമ്പ് ഹൗസിനടുത്തുള്ള തട്ടുകടയിൽ കയറി പത്ത് ചായയും പറഞ്ഞ് ഒരു പാക്കന്റ് കിംഗ്സും വാങ്ങി എല്ലാവരും നേരെ കനാലിൽ വന്നിരുന്നു. പുഴയിലെ തണുത്ത വെള്ളത്തിൽ കാല് മുക്കി വച്ച് കൊണ്ട് ഓരോ കിംഗും കത്തിച്ച് ചായയും സിപ്പ് ചെയ്തിരുന്നു. അപ്പു ഇത് തൊടരുതെന്ന കർശന നിയന്ത്രണം ഇള്ളതോണ്ട് കുഞ്ഞൂട്ടൻ വലിക്കാൻ നിന്നില്ല. വലിച്ചോണ്ടിരിക്കണ കിംഗ് തീർത്ത് പാപ്പി അവനെ മാത്രം വിളിച്ച് മാറ്റി നിർത്തി, നേരത്തെ പറയാൻ ഉണ്ടായിരുന്ന കാര്യം അവൻ പറഞ്ഞു.

 

“”ടാ നിന്നോട് ഒരു കാര്യം ചോയിക്കാണ്ണ്ട്..””

 

വളരെ ഗൗരവത്തോടെയാണ് അവന്റെ ചോദ്യം 

 

“”എന്താടാ ചോയിക്ക്..””” 

 

“”എടാ ഇയും ബാരിയും ആയിട്ട് മുൻപ് എന്തേലും പ്രശ്നം ഇണ്ടായിട്ട്ണ്ടോ..””” 

 

“”ഇല്ലെടാ എന്ത് പ്രശ്നം..””,””അന്റെ ഒപ്പം കണ്ട്ട്ടിണ്ട്ന്നല്ലാതെ ഇനിക്കോനെ പരിചയം കൂടി ഇല്ല..”” 

 

വളരെ നിഷ്കളങ്കമായി കുഞ്ഞൂട്ടൻ പറഞ്ഞു.

 

പക്ഷെ പാപ്പീടെ മുഖത്ത് നിന്ന് അവൻ വേറെ എന്തൊക്കെയോ ആലോയിച്ച് കൂട്ടാണെന്നവന് മനസിലായി. 

 

“”എന്താടാ എന്തേലും പ്രശ്നം ഇണ്ടോ””,

 

അവന്റെ മുഖം കണ്ട് കുഞ്ഞൂട്ടൻ എന്താണെന്നറിയാൻ ചോദിച്ചു.

 

“”മ്മം..””,””അന്ന് അന്നെ അടിച്ചത് ആരാന്നറിയോ””, 

 

“”എവടെന്ന്..””,””കൂട്ടത്തല്ലിന്റെ എടക്ക് ഒരുത്തന്റെയും മൊഖം ഞാൻ കണ്ടിട്ടില്ല..””,””പൊറകീന്നലെ അടികിട്ടിയത്..””,””കിട്ടിയപ്പ തന്നെ എന്റെ ബോധോം പോയി..”” 

 

അവൻ അന്നത്തെ അവസ്ഥ പറഞ്ഞു.

 

“”അന്നെ തല്ലിയത് ബാരിയാണ്..””, 

 

ചായ ഒരു സിപ് ചെയ്തിട്ട് പറഞ്ഞു.

 

“”ഓനോ..!””,

 

ബാരിയാണെന്നുള്ള അശ്ചര്യം കുഞ്ഞൂട്ടനുണ്ടായിരുന്നു. 

 

“”കൂട്ടത്തല്ലലേ അതിന്റെ എടക്ക് അടിച്ചതാവും..””, 

 

കൂട്ടത്തല്ലിനെടയ്ക്ക് ആളെ നോക്കി അടിക്കാറുണ്ടെങ്കിലും ബാരിയുമായിട്ട് ഒരു പരിചയവും ഇല്ലാത്ത കുഞ്ഞൂട്ടനെ തല്ലണ്ട കാര്യം  ഒന്നുമില്ലല്ലോ. അതോണ്ട് കൂട്ടത്തല്ലിനിടക്ക് ആള് മാറിയാതാവാം എന്നാണ് കുഞ്ഞൂട്ടൻ കണ്ടെത്തിയത്.

 

“”അല്ലടാ ഓൻ കൂട്ടത്തിന്റെ എടക്കന്ന് അന്നെ തെരഞ്ഞ് പിടിച്ചാണ് അടിച്ചത്..””,””ഇയൊന്ന് ആലോചിച്ച് നോക്ക് എന്തേലും പ്രശ്നം ഇണ്ടായിട്ട്ണ്ടോന്ന്..””, 

 

പമ്പ് ഹൗസിന്റെ പുഴയിലേക്കിറങ്ങുന്ന പടിയിലിരുന്ന് കുഞ്ഞൂട്ടൻ ആലോചിച്ച് നോക്കി, പെട്ടന്ന് ഒരു കാര്യം ഓർമ്മ വന്നു. അപ്പു അന്നൊരു ദിവസം ബസ്റ്റോപ്പിലിരിക്കുമ്പൊ പറഞ്ഞത്. അവരന്ന് ഇരുന്നതിന്റെ ഓപ്പോസിറ്റ് ബാരി നിക്ക്ണ്ടായിരുന്നു. 

 

“”ശല്ല്യം..””, 

 

എന്നൊരു വാക്ക് അപ്പൂൻ്റെ വായിൽ നിന്ന് വീണതായി കുഞ്ഞൂട്ടൻ കേട്ടിരുന്നു. പക്ഷെ അത് യൂഷ്വൽ ഒരു വായിനോട്ടമായി അവൻ തള്ളി കളഞ്ഞിരുന്നു. ഇനി താൻ അപ്പൂന്റെ കൂടെ നടക്ക്ണോണ്ട് ആയിരിക്കുമോ തല്ലിയത്. 

 

“”ടാ അന്നൊരു ദിവസം ഞാനും അപ്പൂം ബസ്റ്റോപ്പിലിരിക്കുമ്പൊ അവനവടെ ഇണ്ടായിരുന്നു..””,””അത് അപ്പൂന് എന്തോ ഡിസ്കംഫർട്ട് പോലെ തോന്നി..”””,””അവര് തമ്മിലെന്തോ പ്രശ്നം ഇള്ളത് പോലെ തോന്ന്ണ്ട്..””, 

 

അന്നത്തെ ഓർമ്മ വെച്ച് തൻ്റെ ഒരു ഊഹം കുഞ്ഞൂട്ടൻ അവതരിപ്പിച്ചു. 

 

“”ന്നാ… അതന്നെയാണ് കാര്യം..””,””ഇയ് ഓളൊപ്പം നടക്ക്ണത് ബാരിക്ക് പിടിച്ചിട്ടില്ല..””, 

 

കുടിച്ചു കഴിഞ്ഞ പേപ്പർകപ്പ് ചുരുട്ടി കൂട്ടി ഒരു മൂലയിലേക്കെറിഞ്ഞ് പാപ്പി പറഞ്ഞു.

 

“”എടാ പക്ഷെ ഞാൻ അപ്പൂന്റൊപ്പം നട്ക്ക്ണേന് ഓനെന്താണ്..””,””അവളെന്റെ പെണ്ണാണ് ഞാനല്ലാതെ വേറെ ആരാ ഓളൊപ്പം നടക്കണ്ടിയത്..””, 

 

വികാര തള്ളിച്ച മൂലം കുഞ്ഞൂട്ടൻ മനസിൽ സൂക്ഷിച്ചത് പുറത്ത് ചാടി. അത് കേട്ട് പാപ്പിക്ക് ഒരു ചിരി മാത്രേ ഇണ്ടായിരുന്നുള്ളു. 

 

“”എടാ കള്ളകാവടീ…””,””ഇനിക്കറിയേന്നു ഇത് അവസാനം ഇവടെയെ എത്തൂന്ന്..””,

 

കുഞ്ഞൂട്ടൻ ഒന്നും പറഞ്ഞില്ല. ചിരിച്ചു കാണിച്ചു കനാലിലേക്ക് കാലും വച്ചിരുന്നു.

 

“”കിണിക്കല്ലേ കിണിക്കല്ലേ..””,””ബാരി ഓളെ മാർക്ക് ചെയ്ത്ട്ട്ണ്ടാവും..””,

 

ബാരിയുടെ സ്വഭാവം അറിയണ പാപ്പി കൂട്ടിചേർത്തു. കുഞ്ഞൂട്ടന് പക്ഷെ അവന്റെ കളികളുടെ മുഴുവൻ വിവരങ്ങളും വല്ലാണ്ട് അറിയാത്തോണ്ട് മറുപടി പറഞ്ഞില്ല, അവൻ പാപ്പിയെ ഒന്ന് നോക്ക മാത്രം ചെയ്തു. അത് മനസിലാക്കി പാപ്പി വിശദമാക്കി.

 

“”എടാ ബാരീനെ ഹയർ സെക്കൻഡറി മുതൽ ഇനിക്ക് അറിയാം..””,””ഏതേലും ഒരു പെണ്ണിനെ നോട്ടം ഇടും ന്ന്ട്ട് അതിന്റെ പിന്നാലെ നടന്ന് കഷ്ട്ടപ്പെട്ട് വളക്കും..””,””അയിന് ഓന്റെ കൊറച്ച് ഫ്രണ്ട്സും കൂട്ടുനിക്കും..””,””പരിശുദ്ധ പ്രേമമാണെന്ന് വിജാരിച്ച് പെണ്ണ് കട്ടക്ക് ഓനേം പ്രേമിക്കും””,””അവസാനം അവന്റെ ആവശ്യം കഴിയുമ്പൊ ചണ്ടി മാതിരി വലിച്ചെറിയും””,””അതിനെ ഒക്കെ ഓന്റെ കൂട്ടാരമ്മാര് പൊക്കും””,””നമ്മളെ കോളേജിൽ ചെലതിനെ ഒക്കെ അങ്ങനെ കൊണ്ടൊയതാണ് അടുത്തത് നീതൂനെയാണ് ഉന്നം വച്ചത്..””,””പക്ഷെ അത് വർക്കൗട്ടായില്ല..””,””അതായിരിക്കും സ്വാതിനെ സെറ്റാക്കാൻ നടക്ക്ണെ..””,””അല്ലങ്കിൽ വേറെ ഏതേലും വഴിക്ക് ഓളും ആയിട്ട് വല്ല കണക്ഷനും ഇണ്ടാവും..””,””ഇയ് അപ്പൂനോട് തന്നെ ചോയിച്ചോക്ക്..””, 

 

ആലോചനയിലിരിക്കുന്ന കുഞ്ഞൂട്ടൻ്റെ തോളത്ത് തട്ടി പാപ്പി പറഞ്ഞു. 

 

“”എടാ അപ്പൊ ഈ പെൺകുട്ടികളെ വെച്ചിട്ട് ഒരു പരാതി കൊടുത്താൽ പ്രശ്നം തീരില്ലേ..””, 

 

കുഞ്ഞൂട്ടൻ ഒരഭിപ്രായം പറഞ്ഞു. 

 

“”ഇല്ലെടാ അത് പറ്റില്ല..””,””അവമ്മാര്ടെ ആവശ്യം കഴിഞ്ഞാൽ ഓരോന്നിന്റെയും ക്ലിപ്പിംഗ്സ് ഇട്ത്ത് വയ്ക്കും..””,””അത് വച്ച് ഇത് വരെ പൈസ ഒന്നും ചോയിച്ചിട്ടില്ല..””,””എന്തേലും പ്രശ്നം ഇണ്ടായാൽ ലീക്കാക്കാൻ വേണ്ടി ആയിരിക്കും..””, 

 

അവനൊന്ന് പറഞ്ഞ് നിർത്തി. പക്ഷെ ഇതിൽ അപ്പു ഉൾപെടില്ല. ബാരീന്റെ പോലെ ഒരു ചെറ്റയുടെ വലയിൽ പോയി വീഴാൻ മാത്രം അപ്പു തരം താന്നിട്ടില്ല. അപ്പൊ അതല്ല ഇനി വേറെ വല്ല കാരണങ്ങളും ഇണ്ടാവോ, കുഞ്ഞൂട്ടൻ അവൻ്റെ സംശയം ചോദിച്ചു.

 

“”എടാ വേറെ ഏതേലും വഴിയിൽ പെൺകുട്ടികളെ അവൻ നോട്ടം ഇടോ..””,

 

പാപ്പി ഒന്ന് നോക്കി.

 

“”മ്മം…””,””കേസിനും കൂട്ടത്തിനും ഒന്നും പോവാത്ത ഏതേലും പാവങ്ങളെയും നോട്ടം ഇടും..””,””ഫിനാൻഷ്യലെ വളരെ മോശമായ ഏതെങ്കിലും പാവങ്ങളെ..””,””അവടെ ബാരി യൂസ് ചെയ്യുക അവന്റെ പരിചയങ്ങളാണ്..””,””ഓന്റേം ഓന്റെ ഫ്രണ്ട്സിനേം പേടിച്ച് ആരും ഒന്നും പറയില്ല..””,

 

അവൻ പറഞ്ഞ് നിർത്തി. 

 

അപ്പു ചെന്ന് പെട്ടിരിക്കുന്നത് ഒരു വല്ല്യ പ്രശ്നത്തിലാണെന്ന് കുഞ്ഞൂട്ടന് ബോധ്യപ്പെട്ടു. പക്ഷെ ഈ പറഞ്ഞ ഒന്നിലും അപ്പു ഉൾപ്പെട്ടിട്ടില്ല, ഇനി വേറെ ഏതേലും കാരണം കൊണ്ടാവോ. അതോ അവര് എന്നോടെന്തേലും ഒളിച്ച് വയ്ക്ക്ണ്ണ്ടോ. എല്ലാം കൂടി ആലോയിച്ച് കുഞ്ഞൂട്ടൻ്റെ തല പെര്ക്കാൻ തുടങ്ങി. അതിന്റെ ഒരു ടെൻഷൻ അവൻ്റെ മുഖത്ത് നിന്ന് പാപ്പി കണ്ടുപിടിച്ചു. 

 

“”നീ പേടിക്കെണ്ട്രാ..””,””അന്റെ പെണ്ണിനെ ഓനൊന്നും ചെയ്യില..””,””ബാരീനെ പൂട്ടാന്ള്ള വഴിയൊക്കെ ഇനിക്കറിയാ..””,””അന്നെ അടിച്ചത് ഓനാണെന്ന് അറിഞ്ഞപ്പൊ തൊട്ട് ഞാൻ വിചാരിക്കാണ് ഒരു പണി കൊടുക്കണംന്ന്..””,””നമ്മക്ക് മാത്രല്ല..””,””ഓനെ പണിയാൻ പൊറത്ത് ആള് വെയ്റ്റിങ്ങാണ്..””,””പക്ഷെ അവന്റെ ഫ്രണ്ട്സിന്റെ ബലം ഇള്ളതോണ്ട് സ്കെച്ച് ചെയ്താലും പണി നടക്കില്ല..””, 

 

പാപ്പി അവന്റെ കണ്ടുപിടുത്തങ്ങളോരോന്നും പറഞ്ഞു. 

 

“”അപ്പൊപ്പിന്നെ നമ്മക്കെന്ത് ചെയ്യാൻ പറ്റും..””,””എന്തായാലും എനിക്കോനെ തല്ലണം..””,””ഇന്നെ ആശുപത്രിയിൽ കേറ്റിയോനല്ലേ..””, 

 

കുഞ്ഞൂട്ടൻ വാശിയോടെ പറഞ്ഞുനിറുത്തി. 

 

“”അത് മാത്രേ ഒള്ളോ..””,””വേറെ കണക്കൊന്നും തീർക്കാനില്ലേ..””, 

 

ഒരു ചിരിയോടെ ആണ് പാപ്പി സംസാരിക്ക്ണത്.

 

“”ഇണ്ട് എന്റെ പെണ്ണിനെ നോക്കിയേന്..””,””അങ്ങനെ ഒരു ചിന്ത ഓന്റെ മനസിൽ വന്നതിന്..””,””തല്ല് അല്ല കൊല്ലണം..””, 

 

കുഞ്ഞൂട്ടനത് പറയുമ്പൊ എല്ലാ ഈർഷയും അതിലുണ്ടായിരുന്നു. പക്ഷെ പാപ്പീന്റെ മുഖം ശാന്തമായിരുന്നു. പാപ്പി അവൻ്റെ തോളത്തൊന്നും കൂടി തട്ടി എഴുന്നേറ്റു. 

 

“”അയിന്റെ ആവശ്യം ഇണ്ടാവില്ലെടാ..””,””ഓനെ പൂട്ടാൻ ഇന്റെട്ത്ത് വേറെ വഴി ഇണ്ട്..””,

 

എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ച പോലെ അവൻ പറഞ്ഞു.

 

“”എന്താടാ അത്..? “”,

 

ആകാംക്ഷ മറച്ചു വെക്കാതെ കുഞ്ഞൂട്ടൻ ചോദിച്ചു. 

 

“”മെത്ത്..””,””അവനതിന്റെ ഡീലിങ്ങ്സ് ഇണ്ട്..””,””നമ്മക്കവനെ പൂട്ടാം..””, 

 

അവന്റെ ഒരു പ്ലാനിംഗ് പറഞ്ഞു.

 

“”അതോണ്ടെന്താടാകാര്യം..””,””കൂടിയാൽ ഒരു അഞ്ച് വർഷം അകത്ത് കെടത്താം..””,””പക്ഷെ അതോണ്ട് കാര്യം ഇണ്ടൊ..””,””പൊറത്തെറങ്ങുമ്പൊ ഇപ്പത്തേനേ കാട്ടിലും വെഷം ആവും അവൻ..””,

 

പാപ്പീന്റെ പ്ലാനിൽ കുഞ്ഞൂട്ടന് തൃപ്തി ഇണ്ടായിരുന്നില്ല. അങ്ങനെ പോലീസ് കാർക്ക് വിട്ട് കൊടുത്ത്ട്ട് കാര്യമൊന്നുമില്ല. രണ്ടായിരത്തിന്റെ ഒരു നോട്ട് കെട്ടിലോ, നാലാം കിട രാഷ്ട്രീയ കാരന്റെ എല്ലില്ലാത്ത നാക്കിന്റെ ബലത്തിലോ അവൻ ഇറങ്ങി പോന്നേക്കാം. അത് തനിക്കും പാപ്പിക്കും അപ്പൂനും ഒക്കെ ഒരു തലവേദനയും ആവുമെന്ന് കുഞ്ഞൂട്ടൻ കണക്ക് കൂട്ടി 

 

“”നീ എന്താ പറഞ്ഞ് വര്ണെ..””, 

 

അവന് വേറെ വല്ല പ്ലാനും ഇണ്ടോന്നറിയാൻ പാപ്പി ചോദിച്ചു. 

 

“”നടക്കര്ത് നീച്ച് നടക്കാൻ പാടില്ല..””,””നട്ടെല്ല് ചവിട്ടി കലക്കണം..””,

 

കുഞ്ഞൂട്ടൻ്റെ സംസാരത്തിൽ അവൻ എല്ലാം തീരുമാനിച്ചിരുന്നു.  അത് കേട്ട് പാപ്പി ആർത്ത് ചിരിക്കാൻ തുടങ്ങി കൂടെ അവനും കൂടി. 

 

“”ഓനെ നമ്മക്ക് എല വിരിച്ച് കെടത്താടാ”” 

 

ചിരിക്കൊടുവിൽ പാപ്പി പറഞ്ഞു. 

 

ശരത്തിന്റെ വിളിയിലാണ് കുഞ്ഞൂട്ടനും പാപ്പിയും ചർച്ച അവസാനിപ്പിച്ചത്. ചായ കുടിച്ച് അവർ എല്ലാവരും ഓരോ വഴിക്കായിട്ട് പിരിഞ്ഞു. അനി കുഞ്ഞൂട്ടനെ ചുങ്കത്തറ വരെ ബൈക്കിലാക്കി തരാം എന്ന് പറഞ്ഞത് പ്രകാരം അവർ രണ്ടും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. 

 

പോരുന്ന വഴിക്ക് കുഞ്ഞൂട്ടൻ ബാരിയായിട്ടുള്ള പ്രശ്നങ്ങളേ കുറിച്ച് അനിക്ക് ബോദ്ധ്യമാക്കി കൊടുത്തു. അപ്പുവും ആയിട്ട് എന്തങ്കിലും പ്രശ്നം ഉണ്ടോയെന്ന് ഉറപ്പിക്കാതെ ഒന്നും പറയാൻ പറ്റില്ലെന്നും കൂടി അവനെ ഓർമ്മിപ്പിച്ചു. അപ്പൂന്റെ അവിടെ ‘ബീ എസ് എൻ എൽ’, ‘ടു ജി’ ഒഴികെ ബാക്കി ഉള്ളതൊക്കെ പെണങ്ങി കെടക്കാണെന്നും പറഞ്ഞു. വിളിക്കുമ്പൊ കിട്ടീലങ്കി തെറിവിളിക്കരുതെല്ലോ അതോണ്ടൊരു മുൻ കരുതൽ എടുത്തതാണവൻ.  

 

ഏകദേശം അരമുക്കാൽ മണിക്കൂറിൽ അവർ ബസ്റ്റോപ്പിലെത്തി. അപ്പൂന്റെ നാട്ടിലേക്ക് അധികം ബസ് സർവീസുകളൊന്നും ഇല്ലാത്തോണ്ട് കൊറച്ച് നേരം കാക്കേണ്ടി വന്നു. ഇറങ്ങുന്നതിന് മുൻപ് അപ്പൂനോട് അങ്ങോട്ടേക്കുള്ള ബസ്സിന്റെ സമയമൊക്കെ കുഞ്ഞൂട്ടൻ ചോദിച്ച് മനസിലാക്കിയിരുന്നു, അതിന് അനുസരിച്ച് പോന്നാൽ മതിയല്ലോ. 

 

അത്രനേരം കുഞ്ഞൂട്ടൻ അനിയുടെ കൂടെ പാരലൽ കോളേജിലെ പരല്കളേം നോക്കി ബസ് സ്റ്റാന്റിൽ തന്നെ തമ്പടിച്ചു, കൂടെ ഒരോ സ്ട്രോങ്ങ് ചായയും കാച്ചി. അപ്പൂന് കുറച്ച് പലഹാരങ്ങളും വാങ്ങി കൈയ്യിൽ പിടിച്ചു. അനി ഇടക്ക് അതിലേക്ക് നോട്ടം എറിഞ്ഞെങ്കിലും കവറിന്റെ മേലെ തൊടാൻ പോലും അവനെ അനുവധിച്ചില്ല. അതിനവന്റെ വായിൽ നിന്ന കൊറച്ച് പ്രാക്ക് കുഞ്ഞൂട്ടന് കേക്കേണ്ടി വന്നു. 

 

അനിയെ കുറച്ച് നേരം പോസ്റ്റാക്കി നിർത്തി ബസ്സ് വന്നിട്ടാണ് അവനെ വിട്ടത്. കാലത്തെ ഇങ്ങോട്ട് പോന്ന അത്ര സുഗമുള്ള ഏർപ്പാടായിരുന്നില്ല തിരിച്ചുള്ള യാത്ര. ദൂരസ്ഥലങ്ങളിൽ കൂലി പണിക്ക് പോവുന്നവരും സ്കൂൾ കോളേജ് കുട്ടികളും ഒക്കെയായി വൈകും നേരത്തെ ബസ്സ് യാത്ര വളരേ തിരക്കേറിയതായിരുന്നു. ഇരിക്കാൻ ഏതായാലും സീറ്റ് കിട്ടിയില്ല, ബാക്കിൽ നിന്ന് മുന്നിലത്തെ ആദ്യത്തെ കമ്പിയിൽ ചാരി കുഞ്ഞൂട്ടൻ നിന്നു. ആരും അവനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, തിരക്കായതോണ്ടായിരിക്കും. 

 

പലരും  വാട്ടർ ലെവൽ നോക്കുന്ന അളവു കോലും നീണ്ട മുഴക്കോലും, ചട്ടിയും മൺവെട്ടി തൂമ്പയും മറ്റും കൊണ്ടാണ് കയറിയത്. പടവുകാരും മറ്റുമാണ്. വെയിൽ കൊണ്ട് കറുത്തു കരിവാളിച്ചിരിക്കുന്ന മുഖമാണങ്കിലും പേശിയൊക്കെ വലിഞ്ഞ് മുറുകി കൈയ്യൊക്കെ ഞരമ്പ് പൊന്തി വളരെ ബലിഷ്ട്ടമായിരുന്ന പുരുഷന്മാർ. തഴമ്പു പിടിച്ച കൈ കൊണ്ടൊന്ന് കിട്ടിയാൽ പിന്നെ ഒരാച്ചത്തേക്ക് യൂറിൻ പാസേജ് പോലും നടക്കില്ല. കാറ്റ് കൊണ്ട് തണുത്താൽ രണ്ടിറ്റ് പോയാലായി. അവരെ നോക്കുന്നതിനോടൊപ്പം കുഞ്ഞൂട്ടൻ്റെ ചിന്തകളും മാറി കോണ്ടിരുന്നു. 

 

ബസ് നീങ്ങി, അരമണിക്കൂറിൽ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിൽ എത്തുമ്പഴും ആളുകൾ ഇറങ്ങി കൊണ്ടിരുന്നു. തിരക്കായതിനാൽ സ്റ്റോപ്പിൽ ഇറങ്ങി കഴിഞ്ഞ ശേഷം, കണ്ടക്ടർ ടിക്കറ്റ് കീറി കാശ് വാങ്ങി ആളുകളെ പറഞ്ഞ് വിട്ടശേഷം മാത്രം വണ്ടി എടുക്കും. തിരക്ക് പതുക്കെ കുറഞ്ഞ് തുടങ്ങി. അങ്ങനെ നാട്ടിലെത്തുമ്പോഴേക്കും സമയം ഏകദേശം ത്രിസന്ധ്യ കഴിഞ്ഞിരുന്നു, സമയം ഏകദേശം അഞ്ച് മണിയോടടുത്തായി. കവലയിലെ അരയാലിനെ വലം വച്ച് പൊടി പാറിച്ച് ബസ്സ് നിറുത്തി. ഇനി ഒരു ട്രിപ്പ് കൂടി ഉണ്ട്, ശേഷം കവലയിൽ തന്നെ ഒതുക്കും വീണ്ടും കാലത്ത് ഇവടെ നിന്ന് ആദ്യ ട്രിപ്പ് തുടങ്ങും.  

 

തിരക്കൊന്ന് കുറയുന്നതു വരെ കുഞ്ഞൂട്ടൻ വണ്ടിക്കകത്ത് തന്നെ കാത്തിരുന്നു. പിന്നെ പതുക്കെ ഇറങ്ങി. അവസാനമായി അവനാണ് ഇറങ്ങിയത്. കൂട്ടം തെറ്റിയ ഉറുമ്പുകളേ പോലെ കവലയിൽ നിന്നും പലവഴിക്കും ആളുകൾ ശൂന്യമായി കൊണ്ടിരുന്നു. കലിങ്കിൻ മേലെ അമ്മാവന്മാർ വൈകും നേരത്തും കൂട്ടമായി ഇരുന്ന് സൊറ പറയ്ണ്ണ്ടായിരുന്നു. രാവിലെ ഇണ്ടായിരുന്നതിനേക്കാൾ സംഘബലം ഇണ്ട് വൈന്നേരം. കുഞ്ഞൂട്ടനെ കണ്ടപ്പൊ ഒന്ന് നോക്കി, കാലത്തേ കണ്ട ആകാംശ അവരുടെ മുഖങ്ങളിൽ ഉണ്ടായിരുന്നില്ല. ഒരു തവണ കൊണ്ടു തന്നെ അവൻ അവർക്കെല്ലാം സുപരിചിതനായിരിക്കാം. വായന ശാലയിൽ ക്യാരംസ് കളിച്ചിരിക്കുന്ന ചേട്ടന്മാര് മാത്രം അവനെ നോക്കി ഇരിക്കുന്നുണ്ട്. 

 

ഒരു നാട്ടിൽ വരുമ്പോൾ അവിടുത്തെ മുഖഛായ ചെറിയ ചെറിയ ചായ കടകളാണല്ലോ, ഇനി ഒരിക്കൽ കൂടി ഈ നാട്ടിൽ വന്നിറങ്ങുമ്പോൾ ആർക്കും അപരിചിതത്വം തോന്നാൻ പാടില്ല. ആര് കണ്ടാലും പറയണം ‘ഇവൻ ഇന്ദിരാമ്മയുടെ ബന്ധുവാണെന്ന്’, അതിന് ഒരു വഴിയേ ഉള്ളു. അതും ചിന്തിച്ച് കൊണ്ട് കുഞ്ഞൂട്ടൻ അടുത്തു കണ്ട ചായ കടയിലേക്ക് കയറി. ഒരു സ്ട്രോങ്ങ് ചായ പറഞ്ഞു, അവിടെ കിടന്ന ദേശാഭിമാനി പത്രവും കൈയ്യിലെടുത്ത് തടി ബഞ്ചിലേക്കിരുന്നു.  

 

“”മോനേ ചായ..”” 

 

ചായ ഗ്ലാസ് ഡസ്കിലേക്ക് വച്ചു. അൽപം പ്രായമായൊരു ആളാണ് ചൂഴ്ന്നുള്ള നോട്ടത്തോട് കൂടി ചായ കൊണ്ടു തന്നത്. പുള്ളിക്കാരന്റെ നോട്ടത്തിൽ നിന്ന് തന്നെ മനസിലാക്കാം കുഞ്ഞൂട്ടൻ ആരാണെന്ന് അറിയണമായിരിക്കും. അവൻ ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ച് ചായ എടുത്ത് സിപ്പ്ചെയ്തു. മറുപടിയായി പുള്ളിയും ഒന്ന് ചിരിച്ചു. പത്രം മടക്കി ഇരുന്ന ബഞ്ചിന്റെ ഒരു മൂലയിൽ വച്ച ശേഷം ചായ കുടി തുടർന്നു.

 

“”മോൻ എവിട്ത്തെയാ ഇവടെ മുൻപ് കണ്ട്ട്ടില്ലല്ലോ..””,

 

പരിചയം ഇല്ലാത്ത ഒരാളോട് നാട്ട്കാരൻ ചോദിക്കാൻ സാധ്യതയില്ലാത്ത ഒരു ചോദ്യം കടക്കാരൻ അവനോട് ചോദിച്ചു.

 

“”ഞാൻ ഇവടെ ഇന്ദിരാമ്മേടെ കുടുംബം ആണ്..”” 

 

അയാൾക്ക് പരിചയം ഇള്ളത് പോലെ പറഞ്ഞ് കൊടുത്തു.

 

“”ഇന്ദിരാന്ന് പറയുമ്പൊ, എവടെയായിട്ടാ വീട്..””,

 

അമ്മാവൻ വിടുന്ന ലക്ഷണമില്ല വീണ്ടും ചോദ്യങ്ങളുയർന്നു.

 

“”വീട്..””,””അവിടെ പാടത്ത് ഒരു കോവിലില്ലേ..””,””അതിന്റെ മുൻപിലായിട്ട് പടിപ്പുരയൊക്കെ ഇള്ള വീട്..””, 

 

പറഞ്ഞാൽ പെട്ടന്ന് മനസിലാക്കാൻ ഒരു ലാന്റ് മാർക്ക് കൂടി സംഭാഷണത്തിൽ ചേർത്തു. പാടത്തെ വേണിയുടെ കോവിൽ.

 

“”അവിടേന്ന് പറയുമ്പൊ ചെമ്പ്രത്തൊടിയ ഇന്ദിരയാണോ..””, 

 

വീട്ടു പേര് ചേർത്ത് പുള്ളി പറഞ്ഞു. അതെ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി. 

 

“”ഓഹ് അങ്ങനെ പറ..””,””ഇന്ദിരേന്റെ ആരാണ് മോൻ..””, 

 

അമ്മാവന് കുഞ്ഞൂട്ടൻ ആരാണെന്ന അറിയാഞ്ഞിട്ട് ഇരിക്ക പൊറുതിയില്ല.

 

“”ഇന്ദിരാമ്മ എന്റെ അമ്മായിയാണ്..””, 

 

വേറെ സംശയങ്ങൾക്കൊന്നും ഇടകൊടുക്കാതെ അവൻ പറഞ്ഞു. 

 

“”ഓഹ്..””,””ഇത്ര കാലം ആരും അവരെ അന്വേഷിച്ച് വര്ണ കണ്ടിട്ടില്ല..””,””അതോണ്ട് ചോയിച്ചതാ..””,

 

അമ്മാവൻ അവനെ ഒന്ന് ചൊറിഞ്ഞമാരി തോന്ന്ണു. കുഞ്ഞൂട്ടൻ്റെ ഈഗോ ഒന്ന് എഴുന്നേറ്റോ.

 

“”ഇനി ഞാന്ണ്ടാവും ചേട്ടാ..””,””നമ്മക്ക് ഇടക്ക് കാണാം..””,””ഇത് പോലെ ഓരോ ചായേം കാച്ചാം””, 

 

ചായ ഗ്ലാസ് പൊക്കി കാണിച്ച് ഒരു ചിരിയോടെ പറഞ്ഞു.

 

“”മോൻ ഇടക്ക് ഇറങ്ങ്ട്ടോ..””, 

 

ഒരു ചിരിയോടെ പുള്ളി അവനെ യാത്രയാക്കി. 

 

“”അപ്പൊ ശരി..””, 

 

അതും പറഞ്ഞ് സംഭാഷണം തുടരാൻ എനിക്ക് താൽപര്യമില്ലാത്തോണ്ട് കുഞ്ഞൂട്ടൻ കടയിൽ നിന്നിറങ്ങി നടന്നു. 

 

പെട്ടന്ന് ഒരു കൈയ്യവന്റെ തോളിൽ വന്ന് വീണു, നേരത്തെ വായന ശാലയിൽ ക്യാരംസ് കളിച്ചിരുന്ന ചേട്ടമ്മാരിൽ ഒരാളായിരുന്നു അത്. നെറ്റിയിൽ ചന്ദന കുറിയൊക്കെ തൊട്ട് കാവി മുണ്ടും കറുത്ത ഷർട്ടുമിട്ട കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന ഒരുത്തൻ. കുഞ്ഞൂട്ടൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു.

 

“”എന്താ ഏട്ടാ..””, 

 

വളരെ വിനയത്തോടെ കുഞ്ഞൂട്ടൻ ചോദിച്ചു.

 

“”ഞാൻ കേട്ടു..””, 

 

ഒരു അളിഞ്ഞ ചിരിയോടെ അയാളവനോട് ചോദിച്ചു.

 

“”എന്താ ഏട്ടാ കേട്ടത്..””, 

 

അയാള് പറഞ്ഞത് കുഞ്ഞൂട്ടന് മനസിലായില്ല. 

 

“”പീടിയേന്ന് പറഞ്ഞത് ഞാൻ കേട്ടു..””,””ഇന്ദിരേച്ചീടെ കുടുംബക്കാരനാണ്ല്ലേ..””, 

 

എന്തൊ കണ്ട് പിടിച്ചത് മാരി അയാള് അവനോട് പറഞ്ഞു.

 

“”അതെ ഏട്ടാ..””, 

 

അയാൾടെ കണ്ടുപിടുത്തം കുഞ്ഞൂട്ടൻ അംഗീകരിച്ച് കൊടുത്തു. 

 

“”നിന്റെ പേരെന്താണ്..””, 

 

അയാളൊരു സൗഹൃദ സംഭാഷണത്തിന് തുടക്കം കുറിക്കും പോലെ ചോദിച്ചു.

 

“”കുഞ്ഞാവ എന്ന് വിളിക്കണെ ആണ് ഇക്ക് ഇഷ്ട്ടം ചേട്ടൻ അങ്ങനെ വിളിച്ചോളൂ..””,

 

അവനൊരു ചിരിയോടെ പറഞ്ഞു. 

 

“”അയിക്കോട്ടെ..””,””ഞാൻ രതീഷ്..””,””വീടിവിടെ അട്ത്തന്നെയാണ്..””,

 

പുള്ളി സ്വന്തമായി തന്നെ പരിചയപ്പെടുത്തി.

 

“”ഓഹ്..””,””എന്നാ ശെരിയേട്ടാ, ഞാൻ പോയാലോ..””,””കൊറച്ച് തെരക്ക്ണ്ടെയ്..””,

 

നേരം പൊയ്ക്കൊണ്ടിരിക്കാണ് കുഞ്ഞൂട്ടനെയും നോക്കി കൊണ്ട് ഒരു പെണ്ണവിടെ ഉണ്ട്.

 

“”നിക്കെടാ ചോയിക്കട്ടെ..””, 

 

തോളിലെ പിടിയൊന്ന് മുറുക്കി കൊണ്ട് പുള്ളി അവനെ അനങ്ങാൻ സമ്മതിച്ചില്ല. 

 

കുഞ്ഞൂട്ടന് ചെറുതായിട്ട് ശുണ്ഠി കയറി തുടങ്ങി. തോളിലിരിക്കണ അയാൾടെ കൈ അവൻ എടുത്തു. കുറച്ച് ബലപ്പെട്ടെങ്കിലും എടുത്ത് മാറ്റി. പുള്ളിയുടെ മുഖത്തുള്ള ചിരി ചെറുതായി മാറി തുടങ്ങി അവനത് കണ്ട് വല്ല്യ ഭാവ വെത്യാസം ഒന്നു ഇണ്ടായില്ല.

 

“”നീ ഇന്ദിരേച്ചീടെ ആരാണ്..””, 

 

ഇയാൾക്ക് കാര്യമായി തൻ്റെടുത്ത് നിന്ന് എന്തോ അറിയാന്ണ്ടെന്ന് അവന് മനസിലായി. ഈ സമയത്ത് ‘അതറിഞ്ഞിട്ട് നീനക്ക് ആര്ടെ കാലിന്റെ ******* ചെരക്കാനാണ്’ ന്നാണ് സാധാരണ അവൻ്റെ പ്രതികരണം ഇണ്ടാവേണ്ടത്. പക്ഷെ നമ്മളെ നാടല്ല, തല്ലാനും തല്ല് കൊള്ളാനും തൽക്കാലം കുഞ്ഞൂട്ടനിപ്പോൾ പാങ്ങും ഇല്ല. അതോണ്ട് കാര്യം വളരെ സ്മൂത്തായി ഡീൽ ചെയ്യണം.

 

“”ഞാൻ… “”,””ഇന്ദിരാമ്മ ഇന്റെ അമ്മായി ആണ്..””, 

 

ശങ്കരമാമയെ മാമാന്ന് വിളിക്ക്ണ്ടല്ലോ അപ്പൊ ഇന്ദിരാമ്മ അമ്മായി ആയിട്ട് വരില്ലേ, അത് വച്ചിട്ടാണ് അവൻ അങ്ങനെ പറഞ്ഞത്.

 

 “”അപ്പൊ സ്വാതി നിന്റെ ചേച്ചിയാണല്ലെ..””, 

 

 ഇയാൾക്കിതെന്തിനാണ് ഇതൊക്കെ അറിഞ്ഞിട്ടാവോ. കുഞ്ഞൂട്ടന് പെട്ടന്നൊരു ബൾബ് കത്തി. ഇനി ഈ തെണ്ടീന്റെ മോൻ അപ്പൂന്റെ പിന്നാലെ നടക്ക്ണ്ണ്ടോ, അങ്ങനെ ആണങ്കി അതങ്ങട്ട് നിർത്തണല്ലോ. വളരാൻ അനുവധിച്ച് കൂട. എന്റെ പൊന്ന് ദൈവമേ ഒരു പെണ്ണിനെ പ്രേമിക്കാൻ ഇത്രക്ക് കോംപറ്റീഷനൊക്കെ ഇണ്ടോ. അവടെ കോളേജിൽ ബാരീന്ന് എറയണ മാരണം ഇവടെ ഇതാ ഇപ്പൊ വേറൊരവതാരം. എത്രേം പെട്ടന്ന് പെണ്ണിനോട് കാര്യം പറഞ്ഞില്ലങ്കിൽ കൈ വിട്ട് പോവും. കുഞ്ഞൂട്ടൻ മനസിലുറപ്പിച്ചു. 

 

പക്ഷെ ഇവന്റെ ഉദ്ദേശം അതാണോന്ന് അറിയില്ലല്ലോ. കുഞ്ഞൂട്ടനൊരൊ ചൂണ്ട ഇട്ട് നോക്കാൻ തീരുമാനിച്ചു. 

 

“”ചേച്ചീന്ന് പറയാൻ പറ്റില്ലേട്ടാ..””,””അ..”, 

 

അപ്പൂന്ന് പറയാൻ വന്നതാ, പിന്നെ അത് നിർത്തി ‘അപ്പു’ അത് കുഞ്ഞൂട്ടൻ മാത്രേ അവളെ വിളിക്കാൻ പാടുള്ളു. വേറെ ഒന്നും അല്ല, ചെറിയ ഒരു സ്വാർത്ഥത അവനുണ്ട്.

 

“”സ്വാതി എന്റെ മുറപ്പെണ്ണാണ്..””,””ചേച്ചിയായിട്ട് കണക്ക് കൂട്ടാൻ പറ്റില്ല..””,””ഞങ്ങളെ മാംഗല്യം ചെറുപ്പത്തിലേ തീരുമാനിച്ചതാ..””,””ഇപ്പൊ ഇവടെ ആരും കൂട്ടില്ലാത്തോണ്ട് ഞാൻ ഇങ്ങട്ട് പോന്നതാണ്..””, 

 

നിർത്തിയിടത്ത് നിന്ന് ഭാക്കി പറഞ്ഞ് അവസാനിപ്പിച്ചു. അവൻ പറഞ്ഞത് കേട്ട് രതീഷിന്റെ മുഖം ഇരുണ്ട് കയറി, അപ്പൊ അതന്നെ ഉദ്ദേശം. 

 

“”അതെങ്ങനെ ശരിയാവും..””,””അവള് നിന്നേക്കാട്ടിലും മൂത്തതല്ലേ..””, 

 

അവസാന പിടിവള്ളി പോലെ അയാൾ ചോദിച്ചു.

 

“”ഏയ് അത് പ്രശ്നം ഇല്ലേട്ടാ..””,””നാല് വയസ് വരെ ഞങ്ങളെ കുടുംബത്തില് മൂപ്പ് പ്രശ്നം ഇല്ല..””, 

 

അയാൾടെ കുഴി മാടത്തിലേക്ക് അവസാനത്തെ മണ്ണ് വാരി ഇട്ട് കൊണ്ട് കുഞ്ഞൂട്ടൻ പറഞ്ഞു. 

 

കൊറച്ചപ്പുറത്ത് മാറി ക്ലബിൽ ഇരുന്നു കൊണ്ട് വേറെ കുറച്ച് ചേട്ടന്മാർ അവർ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നുണ്ട്. രതീഷിന്റെ ഫ്രണ്ട്സായിരിക്കും. 

 

“ഏട്ടാ ഞാനെന്നാൽ പൊയ്ക്കോട്ടേ..””,

 

അനുവാതം ചോദിച്ചിട്ട് വേണ്ട പൂവാൻ എന്നാലും ഒരു മര്യാതയില്ലേ. 

 

രതീഷ് ഒന്നും പറയാതെ തലതാഴ്ത്തി നിൽക്കുകയാണ്. കുഞ്ഞൂട്ടൻ പോട്ടേന്ന് ചോദിച്ചപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു. അവനവിടെ നിന്ന് തിരിഞ്ഞ് നടന്നു. അയാൾടെ അവസ്ഥ ആലോയിച്ചിട്ട് ചിരിയാണ് വന്നത്. 

 

കുഞ്ഞൂട്ടൻ കവലയിൽ നിന്നും പോരുമ്പോൾ നേരം ഏകദേശം അഞ്ചര കഴിഞ്ഞിരുന്നു. ദൂരെ കാഞ്ഞിരപുഴയുടെ അക്കരെ കുന്നിൻ മുകളിൽ അരുണ ശോഭ ആകെ പരന്നു കിടക്കുന്നു. സൂര്യൻ കുന്നുകളുടെ ഇടയിലേക്ക് താഴ്ന്ന് പോയിട്ട് ഏതാനും നിമിഷങ്ങളായിരിക്ക്ണു. പാടത്തിന്റെ വരമ്പിലൂടെ അടി പതറാതെ നടന്ന് കൊണ്ട് ആകാശത്തേക്ക് അവൻ നോക്കി. കുങ്കുമ നിറത്തിൽ മേഖങ്ങളും ആകാശവും അതിനിടയിൽ അമ്പിളിയും സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്നോ നാലോ അടികൾ വെക്കുന്നതിനനുസരിച്ച് ആകാശത്തിൽ അന്ധകാരം വന്ന് തുടങ്ങി. നടന്ന് നടന്ന് കുഞ്ഞൂട്ടൻ വേണിയുടെ കോവിലിന് പിന്നിലെത്തി. സന്ധ്യനേരത്തെ തെന്നൽ പാലമരത്തിൽ തട്ടുമ്പോൾ അതിലെ വെള്ളപൂക്കൾ ഒരു ചാറ്റൽ മഴപോലെ കോവിലിന് മുകളിലൂടെ പെയ്യുന്നു. സുന്ദരികളായ കുറച്ചു കൗമാരക്കാരികൾ ശ്രീകോവിലിന് ചുറ്റും ദീപങ്ങൾ ഒരുക്കുന്നുണ്ട്. മുണ്ടും നേര്യതും ധരിച്ച കുറച്ച് യുവതികൾ അവിടെ തൊഴുവാനായി കാത്തു നിൽക്കുന്നു, കൂടെ അവരുടെ ഭർത്താക്കൻമാരുമുണ്ട്. അവൻ അവിടേക്ക് ഞാൻ വല്ല്യ ശ്രദ്ധകൊടുത്തില്ല. വെറുതെയെന്തിനാ ഭർത്താക്കൻമാരുടെ കൈയ്യിൽ നിന്ന് വാങ്ങി കൂട്ട്ണത്. 

 

കോവിൽ കടന്ന് പോവുമ്പോൾ നട തുറന്ന്ട്ട്ണ്ടായിരുന്നില്ല. കുഞ്ഞൂട്ടൻ മുന്നോട്ട് നീങ്ങി. പടിപ്പുരയുടെ ചുവട്ടിലെത്തി. മൂന്നാലു പടികൾ കയറിയാലേ മുറ്റത്തെത്തു. പടിപ്പുരയുടെ വാതിൽ സന്ധ്യകഴിഞ്ഞാൽ തുറക്കാറില്ല. ഇതിപ്പൊ കുഞ്ഞൂട്ടൻ വരാനുള്ളത് കൊണ്ട് രണ്ട് പാളികളും മലർക്കെ തുറന്നിട്ടിരിക്കുകയാണ്. 

 

അവൻ അകത്ത് കയറി വാതിൽ ഭദ്രമായി അടച്ച് നേരെ നടന്ന് ഉമ്മറ കോലായിലേക്ക് കയറി. അവടെ വിളക്ക് കത്തിച്ച് വച്ച് അപ്പു നല്ല പ്രാർത്ഥനയിലാണ്. കണ്ണടച്ച് കാര്യമായി കീർത്തനങ്ങളും മറ്റും പാടി തകർക്കുന്നു. കുഞ്ഞൂട്ടൻ വന്നതൊന്നും അറിഞ്ഞിട്ടില്ല. അവൻ ആകെ മുഷിഞ്ഞിരിക്കായതോണ്ട് അപ്പൂനെ തൊടാൻ നിന്നില്ല. വന്നപാടെ അകത്ത് കയറി, ഇന്ദിരാമ്മ അടുക്കളയിലാണെന്ന് തോന്ന്ണു, ആ ഭാഗത്ത് നിന്ന് തട്ടും മുട്ടുമെല്ലാം കേക്ക്ണ്ണ്ട്. ഇവിടിപ്പൊ ഒരു കള്ളൻ വന്നാൽ പോലും അറിയില്ലല്ലോ. 

 

കൈയ്യിലിരുന്ന പലഹാര പൊതി മേശമേൽ വച്ച് നേരെ മുകളിലെ മുറിയിൽ കയറി. ആകെ മുഷിഞ്ഞിരിക്കായതോണ്ട് ഒരു തോർത്തും എടുത്ത് ബാത്ത്റൂമിലേക്ക് കയറി. കുളിയും കഴിഞ്ഞു. മേത്ത് വെള്ളം വീണപ്പോൾ നല്ല ആശ്വാസം അവന് തോന്നി. മുറി പൂർണ്ണമായും ഉണങ്ങിയിരുന്നത് കൊണ്ട് പഴുക്കുമെന്ന പേടി വേണ്ടല്ലോ. കുളിയെല്ലാം കഴിഞ്ഞ് കുഞ്ഞൂട്ടൻ താഴേക്ക് ചെന്നു. തടി കൊണ്ട് നിർമ്മിച്ച സ്റ്റെപ്പായതോണ്ട് ഓരോ പാതപതനത്തിലും ശബ്ദം കേൾക്കാം. അത് കേട്ട് കൊണ്ട് ഇന്ദിരാമ്മ അകത്ത് നിന്നും ഇറങ്ങിവന്നു. 

 

“”നീ എപ്പ വന്നു കുഞ്ഞൂട്ടാ..””, 

 

സാരിതുമ്പിൽ കൈ തുടച്ച് കൊണ്ട്ഇന്ദിരാമ്മ ചോദിച്ചു. അപ്പ തന്നെ ഉമ്മറ കോലായിൽ പാടികൊണ്ടിരുന്ന കീർത്തനം നിന്നു. 

 

“”ആ… ദേവീ ഭക്തിയൊക്കെ കുഞ്ഞൂട്ടൻ വര്ണ വരെ ഉള്ളൂല്ലേ..””, 

 

അപ്പൂനെ കളിയാക്കി കൊണ്ട് ഇന്ദിരാമ്മ പറഞ്ഞു. 

 

നിമിഷ നേരത്തിൽ വാതിൽക്കൽ ദേ അപ്പു പ്രത്യക്ഷപ്പെട്ടു കൈയ്യിൽ അണച്ച വിളക്കും, അത് പ്രാർത്ഥനാ മുറിയിൽ കൊണ്ടു വെക്കാനായി അവള് പോയി. 

 

“”എന്റെ കുഞ്ഞൂട്ടാ..””,””തകരുപ്പേരി വേക്കാൻ എലയൊക്കെ ഒന്ന് നുള്ളി എടുത്ത് കഴുകി അരിയാനായിട്ട് പറഞ്ഞപ്പൊ തൊടങ്ങിയ ഭക്തിയാ..””,””മടിച്ചി..”, അപ്പൂന്റെ പെട്ടന്നുള്ള ദേവീ ഭക്തിയുടെ കാരണം ഇന്ദിരാമ്മ വെക്തമാക്കി. അത് കേട്ട് കഴിഞ്ഞപ്പൊ കുഞ്ഞൂട്ടന് ചിരിക്കാതിരിക്കാനായില്ല. അവൻ പൊട്ടി ചിരിച്ചു കൂടെ ഇന്ദിരാമ്മയും. 

 

ശാന്ത സ്വരൂപയായി വിളക്ക് വെകാൻ മുറിയിൽ പോയ അപ്പൂ തിരികെ വന്നത് സംഹാരരൂപിണിയായിട്ടാണ്. വെറുതെ പെണ്ണിന്റെ ഓരോ കുറുമ്പ്. 

 

“”അമ്മേ…..””,

 

കണ്ണുരുട്ടി കടുപ്പത്തിൽ ഒന്നലറിയപ്പളേക്കും ഇന്ദിരാമ്മ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ അടുക്കളേക്ക് വലിഞ്ഞു. 

 

“”കുഞ്ഞൂട്ടാ മോന് ഞാൻ ഒരു ഏലക്ക ഇട്ട കട്ടനിടാട്ടോ..”” 

 

എന്നും പറഞ്ഞ് അപ്പൂനെയോ കുഞ്ഞൂട്ടനെയോ നോക്കാതെ പോയി. തടി കാത്തതാണെന്ന് അവന് മനസിലായി. 

 

ഇനി ട്രോയിയിൽ അക്കീല്ലീസിന് മുന്നിൽ ഉള്ളത്, അവളുടെ ഒരേ ഒരു വേട്ട മൃഗമായ കുഞ്ഞൂട്ടനാണ്. പെണ്ണ് ആദ്യം വയറ്റത്തേ പിടിക്കൊള്ളൂന്ന് അവനറിയാം. ഗുരുക്കളെ കണക്ക് കൂട്ടല് പിഴച്ചില്ല. ഒറ്റ ചാട്ടത്തിന് അവളവന്റെ മുന്നിലെത്തി. വയറ് ലക്ഷ്യമാക്കി അപ്പു കൈ കൊണ്ടു വന്നു. ഒന്ന് രണ്ടനുഭവം ഉള്ളതോണ്ട് കുഞ്ഞൂട്ടനത് നേരത്തേ.. തിരിച്ചറിഞ്ഞു. ഒരടി പൊറകിലേക്ക് വച്ചു. എന്റെ നേരെ നീണ്ടു വന്ന അവൾടെ കൈയ്യിൽ കയറി അവൻ പിടിച്ചു. പെണ്ണിന് ഒന്ന് കുതറിമാറാൻ സമയം കൊടുക്കും മുൻപ് തന്നെ വലിച്ച് നെഞ്ചിലേക്കിട്ടു. ഞൊടിയിടയിൽ ഒറ്റ തിരിക്ക് അവനവളുടെ പുറകിലായി. മറ്റേ കൈ കൊണ്ട് പെണ്ണ് അഭ്യാസം കാണിക്കാൻ നോക്കിയെങ്കിലും കുഞ്ഞൂട്ടനത് കൈപ്പിടിയിലൊതുക്കി. രണ്ടു കൈയ്യും മാറിന് തലങ്ങും വിലങ്ങും വച്ച് അവനവളെ ലോക്ക് ചെയ്തു. കായിക ബലത്തിൽ പുരുഷനെ തോപ്പിക്കാൻ സ്ത്രീക്ക് കഴിയുമോ, കഴിയുന്നവരുണ്ടായിരിക്കും എന്നാൽ അപ്പൂനെ കൊണ്ട് കഴിയില്ല. അവൾക്കൊന്ന് അനങ്ങാൻ പോലും പറ്റണില്ല. പെണ്ണ് നന്നായിട്ട് കുതറാൻ ശ്രമിക്ക്ന്ന്ണ്ട് പക്ഷെ നോ രക്ഷ. ഇടക്ക് വിടാൻ അലറ്ണ്ണ്ട്, ശബ്ദം താഴ്ത്തി ഒന്നു രണ്ട് തെറികളും വിളിച്ചു. 

 

കുഞ്ഞൂട്ടൻ്റെയും അപ്പൂന്റേം സ്വഭാവം അറിയ്ണോണ്ട് ഇന്ദിരാമ്മ ആ പ്രദേശത്തേക്കേ വന്നില്ല. അൽപ്പ നേരത്തെ കുതറൽ ഒന്ന് അടങ്ങിയപ്പൊ കുഞ്ഞൂട്ടൻ അവളെ ഒന്നൂടെ വരിഞ്ഞ് മുറുക്കി. അവൻ്റെ നെഞ്ചിന്റെ ചൂട് തട്ടിയത് കൊണ്ടായിരിക്കും പെണ്ണൊന്ന് അടങ്ങി. 

 

“”എന്തിനാ അപ്പൂസെ ബലം പിടിക്കണെ..””,””എന്താ നിന്റെ പ്രശ്നം..””, 

 

അവൻ അവൾടെ കാതിൽ പതുക്കെ ചോദിച്ചു.

 

“”കുന്തം..””,””വിടടാ തെണ്ടീ..”, 

 

അങ്ങനെ പെട്ടന്നൊന്നും അപ്പു തോൽവി സമ്മതിക്കില്ല. 

 

“”ങാഹാ ന്നാ പിടിച്ചോ..””, അതും പറഞ്ഞ് അപ്പൂൻ്റെ വലത്തേ കവിളിൽ അമർത്തി ഒരു മുത്തം വെച്ച് കൊടുത്തു. അൽപ്പ നേരം അവൾക്ക് അനങ്ങാൻ പറ്റിയില്ല. പക്ഷെ അതിന്റെ പ്രതിഫലനം വളരേ വലുതായിരുന്നു.

 

“”ഫാ… വൃത്തികെട്ടതേ..””, എന്നും പറഞ്ഞ് ഇടത്തേ കൈയ്യിന്റെ മുട്ടു വച്ച് അവൻ്റെ വയറ്റിത്ത് ഒറ്റ കുത്തായിരുന്നു. പിന്നെ ഒന്നും നോക്കീലാ. അവൾടെ ചുവന്നു തുടുത്ത കവിളിൽ അമർത്തി ഒരു ഉമ്മ കൂടി കൊടുത്തു, കൂടെ ഒരു കടിയും. ആ ഒറ്റ നിമിഷം അപ്പു ഐസ് പോലെ ഉറഞ്ഞ് പോയി. ഒരേ നിർത്തം. കുഞ്ഞൂട്ടൻ കൈയ്യെടുത്തു, പുള്ളിക്കാരി അതൊന്നും അറിഞ്ഞില്ല. ഉമ്മ കിട്ടിയ കവിളിൽ വലതു കൈയ്യും വച്ച് ഒരേ നിറുത്തം. അവൻ അവിടെന്ന് പതുക്കെ അടുക്കളയിലേക്ക് വലിഞ്ഞു. 

 

അടുക്കളയിൽ ഉണ്ടായിരുന്ന തടിയുടെ മഞ്ചക്ക് മുകളിൽ കയറി കുഞ്ഞൂട്ടൻ ഇരുന്നു. ഇന്ദിരാമ്മ അവന് ചായ ഒരു ഗ്ലാസിലൊഴിച്ച് നീട്ടി. 

 

അപ്പൊ ദേ വര്ണു നമ്മുടെ കഥാനായിക. കൈയ്യിൽ കുഞ്ഞൂട്ടൻ കൊണ്ടുവന്ന പലഹാര പൊതിയുണ്ട്. അതിൽ നിന്ന് ഓരോന്ന് എടുത്തു കഴിക്ക്ണു, ഇന്ദിരാമ്മയ്ക്കും കൊടുക്കാൻ മറന്നില്ല. അപ്പൂന് കുഞ്ഞൂട്ടൻ്റെ മുഖത്ത് നോക്കാൻ എന്തോ നാണമുള്ളത് പോലെ. ഇത്രയും കാലത്തിനിടയ്ക്ക് അപ്പൂൻ്റെ മുഖത്ത് കണ്ട ഏറ്റവും മനോഹരമായ ഭാവം. അവളും ഇന്ദിരാമ്മയുടെ കൈയ്യിലിരുന്ന് ഒരു ചായ ഗ്ലാസ് വാങ്ങി കുടിച്ചു. പലഹാരം കഴിക്ക്ണേന്റെ ഇടക്ക് കുഞ്ഞൂട്ടനെ ഒന്ന് ഇടം കണ്ണിട്ട് നോക്കും. അവനവളെ തന്നെ നോക്കി ഇരിക്ക്ണ കാണുമ്പൊ ചെട്ടന്ന് മുഖം വെട്ടിക്കും ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിരിയും. 

 

രാത്രി അത്താഴം കഴിക്കാൻ അവരെല്ലാവരും ഒന്നിച്ചാണിരുന്നത്. അപ്പഴേക്കും അപ്പു കുറച്ച് നോർമ്മലായിരുന്നു, ഇന്നാലും ഒരു മടി ഇണ്ട്. തകര ഉപ്പേരിയും ചുട്ടരച്ച മുളക് ചമ്മന്തിയും ഉണക്കമാങ്ങാ അച്ചാറും റൈസ് സൂപ്പ് അഥവാ കഞ്ഞിയും എണ്ണയിലിട്ടെടുത്ത പപ്പടവും ഇതായിരുന്നു ആകെ മൊത്തം അത്താഴം. 

 

കഴിച്ചു കഴിഞ്ഞ് കുഞ്ഞൂട്ടൻ ഉമ്മറത്തേക്കിരുന്നു. ചെറിയൊരു കാറ്റിനായി മുറ്റത്തേക്കിറങ്ങി. പിന്നെ നേരെ നടന്ന് പടിപ്പുരയ്ക്കലെത്തി. അത് തുറന്ന് അതിന്റെ കട്ടളയിൽ ഓരത്തായി ഇരുന്നു. കട്ടളയിൽ ചാരി കൊണ്ട് വേണിയുടെ കോവിലിലേക്ക് കണ്ണ് പായിച്ചു. ചുറ്റു വിളക്കുകളെല്ലാം അണഞ്ഞിരുന്നു. പരദേവതയ്ക്ക് ചുറ്റുവിളക്ക് കത്തിക്കുമോ എന്ന ചിന്ത അവൻ്റെ മനസിൽ തെളിഞ്ഞു, അതും ഒരു ആത്മാവിന്. ആ… ചെയ്യുവായിരിക്കും അത്ര കോംപ്ലിക്കേറ്റടായ കാര്യം ആലോചിച്ച് എന്തിനാ തല ചുറ്റിക്കണെ. അവൻ ആ പാടത്തേക്ക് നോക്കി ഇരുന്നു. 

 

ആകാശത്ത് ഒരു നക്ഷത്രത്തേ പോലും കാണാനില്ല. എല്ലാം മേഘം മുടി ഇരുന്നു. അമ്പിളി മാത്രം കാറ്റിനോടൊപ്പം സഞ്ചരിക്കുന്ന മേഘങ്ങൾക്കിടയിലൂടെ വെളിയിൽ വന്നു. അങ്ങിങ്ങായി ശബ്ദമില്ലാത്ത മിന്നൽ പിണരുകൾ ആകാശം എന്ന സാങ്കൽപ്പിക ലോകത്ത് വന്ന് പോയികൊണ്ടിരുന്നു. 

 

കുഞ്ഞൂട്ടൻ്റെ തോളിലേറ്റൊരു കരസ്പർശം അണ് ചിന്തകളിൽ നിന്നും തിരികെ കൊണ്ടു വന്നത്. അവൻ ചെറുതായൊന്ന് ഞെട്ടിയെങ്കിലും മുഖം കണ്ടപ്പൊ അതൊക്കെ പോയി അപ്പുവായിരുന്നത്. 

 

“”ഇവിടിരി പെണ്ണേ..””, 

 

കുഞ്ഞൂട്ടനവൾക്ക് വേണ്ടി കുറച്ച് നീങ്ങി ഇരുന്ന് കൊടുത്തു. 

 

“”മഴവര്ണ്ണ്ട് കുഞ്ഞൂട്ടാ ഇവടെ ഇരിക്കണ്ട വാ അകത്ത് പൂവാം..””, 

 

അവൻ്റെ ക്ഷണം നിരസിച്ചു പിന്നെ ഒരു ശാസനയോടെ അവിടെന്ന് എഴുന്നേൽപ്പിച്ചു. 

 

അവള് പറഞ്ഞത് ശരിയായിരുന്നു. ചെറിയ ഒരോ തുള്ളികൾ അങ്ങിങ്ങായി വീണ് തുടങ്ങി. പടിപ്പുരയും അടച്ച് അവർ വീട്ടിലേക്ക് നടന്നു.

 

“”മുകളിൽ മുറി വിരിച്ചിട്ട്ണ്ട് വേഗം പോയി കിടന്നോ..””,””പിന്നെ വാതിൽ ചാരിയാ മതി കുറ്റി ഇടണ്ട..””, 

 

ഉമ്മറത്ത് എത്തുന്നതിന് മുൻപ് അവള് പറഞ്ഞു.

 

“”അയ്യോ അതെന്താ..””,””കുറ്റി ഇടാതെ ഒന്നും കെടക്കാൻ പറ്റൂല..””,””ഇനിക്ക് പേടിയാ..””, 

 

കുഞ്ഞൂട്ടൻ വളരേ ദയനീയമായി പറയുമ്പോൾ അപ്പൂന്റെ മുഖം അതിലും ദയനീയമായിരുന്നു.

 

“”കമ്മ്യൂണിസ്റ്റാണെത്ര കഷ്ട്ടം..””,””ഒന്നുല്ലങ്കിലും പത്തിരുപത് വയസായില്ലേ..””, 

 

അവളവനെ കളിയാക്കി പറഞ്ഞു.

 

“”കമ്മ്യൂണിസ്റ്റാണ്..””,””പത്തിരുപത് വയസും ഇണ്ട്..””,””എന്ന് വിചാരിച്ച് എനിക്ക് പേടിച്ചൂടെ..””, 

 

പ്രമുഖ സിനിമയിലെ ഒരു ഡൈലോഗ് കുഞ്ഞൂട്ടൻ അവൻ്റെ രീതിക്കാക്കി പറഞ്ഞു. 

 

“”അയ്യ…””,””കുറ്റിടാതെ കെടന്നൂന്ന് കരുതി ഒന്നും സംഭവിക്കില്ല..””,””തൽക്കാലം ചേച്ചി പറയ്ണ പോലെ  അങ്ങട്ട് കേട്ടാമതി..””, 

 

“”ചേച്ചിയൊ..””,””വാട്ട്യൂ മീൻ..””, 

 

ഒരു പിരികം പൊക്കി അവൻ ചോദിച്ചു. 

 

“”നിന്നേക്കാളും മൂന്നാല് വയസിന് മൂപ്പ്ണ്ട് ചെക്കാ എനിക്ക്..””,””നീ അത് മറക്ക്ണ്ടോന്നൊരു സംശയം പോലെ അതാണ് ഞാൻ എടക്കെടയ്ക്ക് ഇങ്ങനെ പറയണെ..””,””മനസിലായോ..””, 

 

അവൾടെ ആ ഉണ്ടക്കണ്ണും ഉരുട്ടി പറഞ്ഞു. 

 

“”അയിനെന്താ അപ്പൂ എയ്ജ് ഈസ് ജസ്റ്റേ നമ്പർ, എന്നാണ് വലിയ മഹാൻമാര് പറഞ്ഞിരിക്കണെ..””, 

 

“”ഏത് മഹാനാടാ പറഞ്ഞെ..””, 

 

എത് മഹാനാ അങ്ങനെ പറഞ്ഞതെന്ന് അവനും അറിയില്ല.. സംഭവം കൈയ്യീനിട്ടതാ

 

“”ആ.. എനിക്കറിയാൻ പാടില്ല..””,””സത്യത്തിൽ ഞാൻ മറന്ന് പോയതാ..””,””അങ്ങനെ ഒരാൾ പറഞ്ഞിട്ട്ണ്ട്..””, 

 

കുഞ്ഞൂട്ടൻ മുടന്ത് ന്യായങ്ങൾ  നിരത്തി ഒരു രക്ഷ തേടി. 

 

“”ഉവ്വ ഉവ്വ..””,””അവനും അവന്റെ ഓരോ മഹാന്മാരും..””,””തൽക്കാലം നീ ഞാൻ പറയ്ണ പോലെ അങ്ങോട്ട് കേട്ടാൽ മതി..””, 

 

അതും പറഞ്ഞ് ഉമ്മറ കൊലായിൽ കയറി അപ്പു അകത്തേക്ക് പോയി. 

 

കൊലായിലെത്തിയപ്പോഴേക്കും മുറ്റത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. ദൂരെ പാടത്തെതവളകളുടെ കരച്ചിൽ ഒന്ന് ശമിച്ചു പിന്നെ മഴത്തുള്ളികളുടെ കരച്ചിലായിരുന്നു അവിടം ആകെ. ഓടിലും തകരത്തിലും വീഴുന്ന ശബ്ദവും ഓലയിൽ തട്ടി ചിന്നി ചിതറുന്ന ശബ്ദവും അങ്ങിനെ നിറഞ്ഞു നിന്നു. 

 

കുഞ്ഞൂട്ടൻ അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു. ഇന്ദിരാമ്മ വന്നപ്പൊ ഒരു ഗുഡ്നൈറ്റും വിഷ് ചെയ്തു, അപ്പൂനെ അവിടെയൊന്നും കണ്ടില്ല. അവൻ നേരെ മുറിയിലേക്ക് വന്ന് കിടന്നു. 

 

അപ്പു പറഞ്ഞതോണ്ട് വാതിൽ കുറ്റിയിട്ടില്ല ചാരിവെച്ചു. 

 

സമയം ഒരു പതിനൊന്നരയായപ്പൊ വാതിലിന്റെ പാളി തൊറന്ന് കറുത്ത ഒരു രൂപം മുറിയിലേക്ക് കയറി വരുന്നു. കുഞ്ഞൂട്ടൻ പുതപ്പെടുത്തു തലവഴി മൂടി. അൽപ സമയത്തിൽ അവൻ്റെ ടേബിൾ ലാമ്പ് തെളിഞ്ഞു. പുതപ്പു മാറ്റുമ്പൊ എളിക്ക് കൈയ്യും കൊടുത്ത് ഒരു കളിയാക്കൽ ചിരിയോടെ അവനെ നോക്കി നിക്കുന്ന അപ്പു. 

 

കൈയ്യിലെ ഫോണിൽ കുറച്ച് നേരം കുത്തി അത് അവിടെ ടേബിളിൽ വച്ചു. ടേബിൾ ലാമ്പ് ഓഫാക്കി ഒരു കാറ്റ് പോലെ ഓടി വന്ന് അപ്പു അവനോടൊപ്പം പൊതപ്പിന്റെ ഉള്ളിൽ നുഴഞ്ഞ് കയറി. 

 

“”എന്താ അപ്പൂ നീ കാണിക്കണെ..””,

 

ചെർന്ന് കെടക്ക്ണ അവളോട് കുഞ്ഞൂട്ടൻ ചോദിച്ചു. 

 

“”നീ പോണവരെ ഞാൻ നിന്റൂടെയെ കിടക്കുള്ളു..””, 

 

വാശിയൊ കുറുമ്പോ എന്തോ മനസ്സിൽ വച്ച് അവള് പറഞ്ഞു. 

 

“”നിനക്ക് പ്രാന്താണ് പെണ്ണെ..””,””ഇന്ദിരാമ്മ എങ്ങാനും കണ്ടാൽ ആകെ നാണകേടാവും..””,”””അന്നത്തേ പോലെ..””, 

 

വന്ന അന്ന് അപ്പു ബോധം കെട്ടൊറങ്ങിയ ഓർമ്മയിൽ കുഞ്ഞൂട്ടൻ പറഞ്ഞു. 

 

“”പോടാ അങ്ങനെ ഒന്നും ഇണ്ടാവില്ല..””,””രാവിലത്തേക് ഞാൻ അലാറം വച്ചിട്ട്ണ്ട്..””,””അമ്മ നീക്ക്ണേന്റെ മുന്നെ ഞാൻ റൂമിലെത്തും..””, 

 

എല്ലാം സെറ്റ് ചെയ്ത പോലെ അവള് പറഞ്ഞു. 

 

“”ഉവ്വ ഉവ്വ..””, 

 

അതും പറഞ്ഞ് കുഞ്ഞൂട്ടൻ അവളെ വിരിഞ്ഞ് മുറുക്കി. അപ്പു തിരിച്ചും അവനെ കെട്ടിപിടിച്ചു. 

 

കൊറച്ച് നേരം കിടന്നപ്പൊ അവൻ്റെ കൈ അവളുടെ ദേഹത്ത് കൂടി ഇഴയാൻ തുടങ്ങി. 

 

“”കുഞ്ഞൂട്ടാ അടി…””, 

 

അത് മനസിലാക്കി അപ്പു ഒന്ന് ശാസിച്ചു.

 

“”എന്താ അപ്പൂസെ..””,””ഒരു വട്ടം നിന്നെ ഇങ്ങനെ കെട്ടി പിടിച് കിടക്കുമ്പൊ എന്തോ ഉള്ളിലൊരു ഫീല്..””, 

 

ഇപ്പൊ അവൻ സംസാരിക്ക്ണത് ചേച്ചിയോടല്ല അവൻ സ്നേഹിക്കണ അവൻ്റെ തന്നെ പെണ്ണിനോടാണ്.

 

“”വേണ്ടാ… ആ ഫീല് വേണ്ടാ..””,””ഇന്റെ കുഞ്ഞൂട്ടൻ അടങ്ങി കെടന്നാ… ഇനിക്ക് ഒക്ക് വര്ണ്ണ്ട്..””, 

 

രണ്ടരവയസായ കുഞ്ഞിനെ പോലെ അവള് കൊഞ്ചി. കുഞ്ഞൂട്ടനപ്പോൾ ചിരിയാണ് വന്നത്. പക്ഷെ അത് പുറത്ത് വരാൻ അനുവദിച്ചില്ല. എങ്ങാനും ചിരിച്ച് പോയാൽ ഷർട്ടിടാത്ത നെഞ്ചിൽ പെണ്ണിന്റെ കിന്നരിപല്ല് അടയാളം ഇടും. അതറിയ്ണ കൊണ്ട് അവൻ മിണ്ടാണ്ട് അവളെ കെട്ടി വരിഞ്ഞ് നിദ്രയിലേക്ക് പോവാൻ തീരുമാനിച്ചു. പെണ്ണിന് ഇഷ്ട്ടം ഒക്കെ ഇണ്ട്, പക്ഷെ പറയാനെന്തോ മടി പോലെ. തനിക്കും പറയൊക്കെ ചെയ്യാം. പക്ഷെ എന്തോ ഒന്ന് എന്നെയും പിന്നിലേക്ക് വലിക്ക്ണുണ്ടെന്ന് കുഞ്ഞൂട്ടന് തോന്നി.

 

ചുരുണ്ട് കൂഞ്ഞി കൂടി കിടക്കണ അപ്പൂന്റെ നിശ്വാസം അവൻ്റെ കഴുത്തിലും നെഞ്ചിലും തട്ടി. അവളുടെ മുതുകിലൂടെ വിരലുകൾ ചലിപ്പിച്ച് കുഞ്ഞൂട്ടനും നിദ്രയിലാണ്ടു. പുറത്ത് ചിങ്ങമാസ വർഷം തകർത്തു തിമിർത്ത് കൊണ്ടിരുന്നു…. 

 

 തുടരും…..

 

 എട്ടാം   തീയാട്ടിലൂടെ.

 

 

 

 

 

 

 

 

18 Comments

  1. മണവാളൻ

    //ഞാൻ പരതി നടക്കുമ്പോളാണ് പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ കണ്ണിൽ പെടുന്നത്.//

    പൊന്ന് സജിത്തേ ഓർമിപ്പിക്കല്ലേ ??

  2. ꧁ത്രയംബകേശ്വർ꧂

    ❤️❤️?

    1. ♥️♥️

  3. Waiting for next part

    1. അബ്ദു man അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി എഴുതാണ്. കുറേകൂടി കഥാ സാഹചര്യങ്ങൾ ഉൾപ്പെടുത്തണം. നിരാശപ്പെടുത്തില്ല. അടുത്തന്നെ സബ്മിറ്റ് ചെയ്യാം. യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കാൻ പോവ്ണോണ്ട് അതിന്റെ ഒരു ചെറിയ ടെൻഷനും ഉണ്ട്. അതാണ് വൈകുന്നത്. നൊക്കട്ടെ പെട്ടന്ന് തരാൻ പറ്റുമോ എന്ന് ♥️

  4. വിശ്വനാഥ്

    നന്നായിട്ടുണ്ട്,?????

    1. വീണ്ടും tnx bro

  5. പാവം പൂജാരി

    സൂപ്പർ
    ♥️♥️?

  6. Nalloru story..so realistic ❤️❣️❣️❣️❣️❣️

  7. സൂപ്പർ

    1. ♥️♥️

  8. നമ്മക്ക് നോക്കാം… എൻ്റെയും ആഗ്രഹം ഒന്നിക്കണം എന്ന് തന്നെയാണ്.

  9. Bro, avaerae onnippikkanam.athrae enik parayanullu.pinnae bari,avanu 8*8*8ntae pani thannae kodukkanam

    1. Nice story bro avare onnikkumo

Comments are closed.