എക്സ് മസ് 5

Views : 1081

വായിച്ചുതീര്‍ന്നപ്പോഴേയ്ക്കും അവന്റെ കണ്ണുനീര്‍ വീണ് കടലാസ് കഷ്ണങ്ങളാകെ നനഞ്ഞു തുടങ്ങിയിരുന്നു..

“വല്ല്യേ വീട്ടിലെ കുട്ട്യോള്‍ക്ക് ന്തും ആകാലോ.. ആകെ ഒരു കടലാസ് വാങ്ങാനേ പൈസ ണ്ടാര്‍ന്നുള്ളൂ.. ഇനി ഞാനിതെങ്ങനെ അയയ്ക്കും..” പിറുപിറുത്ത് നനഞ്ഞു തുടങ്ങിയ നഷ്ടസ്വപ്നങ്ങളായ കടലാസ് കഷ്ണങ്ങളും കയ്യില്‍ പിടിച്ചവന്‍ നടന്നു.. വീട്ടിലേക്ക്…

“കുഞ്ഞോനേ… വല്ലതും വന്നു കഴിയ്ക്കെടാ…” പടി കടന്നെത്തിയ ജോമോനെ കണ്ടിട്ടെന്നോണം അമ്മച്ചി വിളിച്ചു പറഞ്ഞു.

മനസില്ലാ മനസോടെയെങ്കിലും അമ്മച്ചിയുടെ സന്തോഷത്തിനുവേണ്ടിമാത്രം കഴിച്ചെന്നു വരുത്തി..

“അമ്മച്യെ.. ഞാനാ പാറേമ്മെ കാണും ട്ടോ… ” അനുവാദത്തിന് കാത്തുനില്‍ക്കാതെ അവന്‍ നടന്നു.. തെക്കുഭാഗത്തെ തേന്മാവിനടുത്തുള്ള പാറയുടെ അടുത്തേക്ക്…

അവന്‍റെ കഥകളും കവിതകളും ജന്മം കൊള്ളുന്നതവിടെയാണ്… നക്ഷത്രങ്ങളോട് കിന്നാരം പറയുന്നതും ഡിസംബറിലെ മഞ്ഞുതുള്ളികളോടൊത്ത് കളിയ്ക്കുന്നതും അവിടെവെച്ചു തന്നെ…

നേരം ഇരുട്ടി തുടങ്ങിയിരുന്നു… കിന്നാരം പറയാന്‍ കാത്തിരുന്ന അവനുമുന്നില്‍ നക്ഷത്രങ്ങളോരോന്നായി കണ്‍ തുറന്നു.. ചിലതവനെ നോക്കി കണ്ണിറുക്കി കാണിക്കുന്നതായവന് തോന്നി.. ആകാശത്തില്‍ തെളിഞ്ഞ നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവന്‍ തിരഞ്ഞു… പഞ്ഞിപോലെ സുന്ദരമായ താടിയുള്ള… മാനിനെ പൂട്ടിയ വാഹനത്തില്‍ വരുന്ന സാന്താ അപ്പൂപ്പനെ… ചെറിയൊരു കുളിര്‍ക്കാറ്റവനെ തഴുകി കടന്നുപോയപ്പോള്‍ മയക്കത്തിലേക്ക് തെന്നി വീഴുന്നതായവന് തോന്നി…

കുത്തിക്കുറിയ്ക്കാനെടുത്ത പുസ്തകത്തില്‍ ഒരു വരിപോലും എഴുതാനാകാതെ അവന്‍ തിരികെ നടന്ന് മുറിയിലെത്തി.. ഉറങ്ങുവാനായി കിടന്നപ്പോഴും അവന്റെ ഇടതുകൈകളില്‍ മുറുകെ പിടിച്ചിരുന്നു… ആ എഴുത്ത്…

“ആ അപ്പന്‍റെ മോനൊറങ്ങിയോ..” മുത്തം തരാനായി ചുണ്ടുകള്‍ നെറ്റിയിലെക്കടുപ്പിച്ചപ്പോള്‍ പാതിമയക്കത്തിലും അവനറിഞ്ഞിരുന്നു കള്ളിന്‍റെ മണം… അപ്പന്‍റെ മണം… അവനുമേല്‍ പുതപ്പിട്ടുകൊണ്ടയാള്‍ തിരികെ നടന്നു… അവനെ ഉണര്‍ത്താതെ..

നാളുകള്‍ ഓരോന്നായി കടന്നുപോയി.. അപ്പൂപ്പനയയ്ക്കാന്‍ കഴിയാതെ പോയ കത്തിനെ കുറിച്ചോര്‍ത്ത് അവന്‍റെ കുഞ്ഞുമനസ്സ് കനലുപോലെരിഞ്ഞു.. പതിവുപോലെ കള്ളുംകുടിച്ചു വന്ന് അമ്മച്ചിയെ തല്ലിയും മറ്റും അമ്മച്ചിയുടെ കണ്ണുനീര്‍ നനവോടെ തന്നെ ഓരോ ദിവസവും യാത്രയായി… ഒടുവില്‍ ക്രിസ്മസ് തലേന്ന്..

കരോളുമായെത്തിയ കൂട്ടുകാര്‍ തിരികെ മടങ്ങുമ്പോള്‍.. അതിനിടയിലൂടെ അപ്പന്‍… നിലതെറ്റിയ കാലുകളോടെയല്ല… കൈനിറയെ പൊതികളുമായി…ചിരിച്ചുകൊണ്ട്…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com