അന്നു രാത്രി വീട്ടിലെത്തിയപ്പോള്‍ പതിവില്ലാതെ ഉമ്മറത്ത് അമ്മയിരിപ്പുണ്ടായിരുന്നു…
എന്നെ കണ്ടപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു ഞാനും സഹായിച്ചു…ഊന്നു വടിയുടെ സഹായത്താല്‍ അമ്മ പതിയെ അകത്തേക്ക് നടന്നു …
അവള്‍ കാലാവധി തികച്ച് പോയി…
അത്താഴം വിളമ്പി മേശമേല്‍ അടച്ചു വെച്ചിട്ടുണ്ട് …
ഞാന്‍ കിടക്കുവാന്നും പറഞ്ഞ് മുറിയിലേക്ക് പോയി…
ഇനിയും എത്ര നാള്‍ വേണ്ടിവരും അമ്മയുടെ കാലൊന്നു ശരിയാവാന്‍ എന്നോര്‍ത്തപ്പോള്‍ തലയ്ക്കത്ത് പെരുപ്പു കയറി..
രാവിലെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു കൊണ്ടാണുണര്‍ന്നത്…
അടുക്കളയില്‍ നിന്നായിരുന്നു ആ ശബ്ദങ്ങള്‍….
ചെന്നു നോക്കുമ്പോള്‍ വീണ തേങ്ങ ചിരവുകയായിരുന്നു…
അവളെന്നെ കണ്ടെങ്കിലും കാണാത്ത ഭാവത്തില്‍ അറിയാത്ത ഭാവത്തില്‍ ആ പണി തുടര്‍ന്നു…
നല്ല വസ്ത്രങ്ങളാ ധരിച്ചിരിക്കുന്നത്..
പിന്നേയും സുന്ദരിയായതു പോലെ..കവിളിലെ ആ കാക്കപുള്ള് നല്ല പോലെ ചന്തം പകരുന്നു ആ മുഖത്തിന്..കണ്ണില്‍ നല്ലപോലെ മഷിയിട്ടപ്പോള്‍ ആ പഴയ വീണയേ അല്ലാന്ന് തോന്നി…
ആ അവഗണന തുടര്‍ന്നപ്പോള്‍,ഞാന്‍ വേഗം അവിടുന്ന് മടങ്ങി..
അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടു അങ്ങോട്ട് പോയി…
അമ്മയുടെ മടിയില്‍ അതാ ഒരു മാലാഖ പോലൊരു പെണ്‍കുട്ടി…അത് വീണയുടെ കുഞ്ഞല്ലേ എന്നോര്‍ത്തു…അവളിത്ര വേഗം വളര്‍ന്നോ …?
പെണ്ണെന്നെ കണ്ടപ്പോള്‍ അമ്മയുടെ പിറകിലൊളിച്ചു…
അമ്മ ഒരു വരണ്ട ചിരി തന്നു ..
പിന്നേയും അവളോട് കിന്നാരം പറയാന്‍ തുടങ്ങി …
നിരാശയോടെ ഉമ്മറത്ത് പോയ പത്രം വായിക്കാനിരുന്നു….