അഹം 15

ഒരു പുതിയ സിനിമ ഇറങ്ങിയിട്ടുണ്ട്…അതൊന്നു കാണണണം…പിന്നെ ഉച്ചയ്ക്കു വന്ന് ഉണ്ണണം.. കിടന്നുറങ്ങണം…

വൈകിട്ട് ടൗണില്‍ പോയി ഇന്നത്തെ റും വാടകകള്‍ വാങ്ങണം..ടൗണില്‍ പത്തു മുറി കടകളുണ്ട് സ്വന്തമായിട്ട്…
ഓരോന്നിനും ദിവസംആയിരം രൂപ വെച്ച് പതിനായിരം രൂപ ദിവസ വരുമാനമുണ്ട്…അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു…
എല്ലാം അച്ഛനായിട്ട് പണി കഴിപ്പിച്ചതാ..പാവം പക്ഷേ ഒന്നും അനുഭവിക്കാന്‍ യോഗമുണ്ടായില്ല..

കടയുടെ മേലേന്ന് തലകറങ്ങി താഴെ റോഡില്‍ വീണു …രണ്ടു ദിവസം കിടന്നു…പിന്നെ പോയി…നല്ലോണം അധ്വാനിക്കുമായിരുന്നു അച്ഛന്‍…പക്ഷേ എല്ലാം അനുഭവിക്കുവാനുള്ള യോഗം ഈ മകനാണെന്നു മാത്രം …

നല്ല വസ്ത്രങ്ങള്‍ നോക്കി പരമാവധി വില പേശി വാങ്ങിയും.. നല്ല ഭക്ഷണം കഴിച്ചും ജീവിതം ആസ്വദിക്കുന്നു…

ആ സുജാതയുടെ മകള്‍ വീണയ്ക്ക് ഒരെല്ലു കൂടുതലാ….അഹങ്കാരിപ്പെണ്ണ്…
ഞങ്ങള്‍ ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്…എനിക്കു മൂന്നുവയസ്സിനിളയതാ അവള്‍..

അവളായിരുന്നു ആ സ്കൂളിലെ മിടുക്കിയായ കുട്ടി…എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് വാങ്ങിയാ പെണ്ണ് ജയിച്ചുപോന്നത്….അതൊക്കെ കാണുമ്പോള്‍ എനിക്കതിനോട് ഇച്ചിരി അസൂയ തോന്നിയിരുന്നു..
അവളെന്നെ വലുതായ് ശ്രദ്ധിക്കാതെയാ എന്നും പോയിരുന്നത്…കൂലിപണിക്കാരന്‍റെ മകള്‍ക്ക് ഇത്ര അഹങ്കാരം പാടില്ലെന്നോര്‍ത്ത് ഞാനതിനെ കിട്ടുന്നിടത്തുന്നെല്ലാം കൊച്ചാക്കാനും ശ്രമിക്കുമായിരുന്നു…

പെണ്ണ് പക്ഷേ എന്‍റെ മുന്നില്‍ വരാതെ ഏതോ വഴിയിലൂടെ ഒഴിഞ്ഞു മാറി പോയി തുടങ്ങിയതോടെ ഞാനതിനെ വിട്ടു…അല്ലെങ്കിലും കാല്‍ കാശിനു കൊള്ളാത്ത അതിനെയൊക്കെ ആര്‍ക്കു വേണം…

കോളജ് പഠനം കഴിഞ്ഞതും വീണ ആരുടേയോ കൂടെ ചാടി പോയെന്നൊരു വാര്‍ത്ത കേട്ടു…
അമ്മ പറഞ്ഞതാ…ഏതോ പയ്യനെ പ്രണയിച്ച് അതിന്‍റെ കുടെ പോയി രജിസ്ട്രര്‍ വിവാഹം കഴിഞ്ഞെന്ന്…

അതിനു മുന്നേ അവളുടെ അച്ഛനും മരിച്ചിരുന്നു …
അയാള്‍ മരിക്കുന്നതിന്‍റെ തലേന്ന് രാത്രി അസുഖം കൂടുതലാണെന്നും പറഞ്ഞ് ആശുപത്രിയിലേക്ക് പോകാന്‍‍ വണ്ടിയുമായ് വരുമോന്നും ചോദിച്ചു ആ വീണ വന്നിരുന്നു ഈ മുറ്റത്ത് ..