അഹം 15

ഞാനിവിടെ അന്യനായതു പോലെ തോന്നി…അവരെല്ലാം വീട്ടുകാരും ഞാന്‍ പുറത്തുന്ന് വന്നൊരാളും എന്നപോലെ….
ഒന്നിലും മനസ്സ് ഉറച്ചു നില്‍ക്കുന്നില്ല…

കഴിഞ്ഞു പോയ അടുത്ത കുറച്ചു കാലം മനസ്സിലൂടെ ഓടിപ്പോയി….
പണമുണ്ടായിരുന്നു കയ്യിലൊരുപാട്…അതുകൊണ്ട് ആരേയും പേടിക്കേണ്ടായിരുന്നു…
കൊതിച്ചതെല്ലാം നേടാനും കഴിയുമായിരുന്നു…
അപ്പോഴൊക്കെ എന്തും വന്ന് ഗര്‍വ്വോടെ അമ്മയോട് പറയുമായിരുന്നു..എല്ലാം കേള്‍ക്കാനും ആശ്വസിപ്പിക്കാനും അമ്മ എന്നും കൂടെയുണ്ടായിരുന്നു…

ഇറങ്ങി പോവുമ്പോഴും കേറി വരുമ്പോഴും എന്തേലും ചോദിച്ചോ പറഞ്ഞോ ഉമ്മറത്ത് അമ്മയുണ്ടാവാറുണ്ട്.
ഇപ്പോള്‍ നാലു മാസത്തോളമായ് അമ്മ ആ പതിവു തെറ്റിച്ചിരിക്കുന്നു…
ആരാണതിന് ഉത്തരവാദി…

ഒരു കപ്പില്‍ കാപ്പി അരികില്‍ കൊണ്ടു വച്ചിട്ട് വീണ ശബ്ദമുണ്ടാക്കാതെ നടന്ന് അകത്തേക്ക് തന്നെ കേറി പോയി…

അവളുടെ ശബ്ദം ഒന്നു കേള്‍ക്കാന്‍ വെറുതേ കൊതിച്ചു…
എന്തെങ്കിലും ഒരു വാക്ക് എന്നോടൊന്നു മിണ്ടിയെങ്കില്‍….

കാപ്പിക്കും നല്ല രുചിയുണ്ടായിരുന്നു…
അത് ഊതിക്കുടിക്കുമ്പോള്‍ സ്വയം ഒരു നിന്ദ തോന്നി…
ആ പോയവള്‍ക്കു മുന്നില്‍ ഞാനൊന്നുമല്ല…
പിന്നെ…?

നാട്ടുകാരില്‍ ഒരാള്‍ പോലും എന്‍റെ മുഖത്തു നോക്കി ചിരിക്കാറില്ല…കുശലം ചോദിക്കാറില്ല… അതിനുംകാരണം ഞാന്‍ തന്നേയാ…അടുത്തു വരുന്നവരും കുശലം ചോദിക്കുന്നവരും കാശു കടം ചോദിക്കുമല്ലോ എന്നോര്‍ത്ത് ആരുടേയും മുഖത്ത് നോക്കാതെ റോഡിലൂടെ നടക്കാന്‍ പഠിച്ചു…

പിന്നെ കാറു വാങ്ങിയപ്പോള്‍ യാത്ര അതിലാക്കി…പിന്നെ ബന്ധുക്കളേയെല്ലാം വീട്ടിലേക്ക് മുന്നേ തന്നെ വരാതേയാക്കി…