അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

എല്ലാരും ചായ കുടിച്ചു കൊണ്ട് ഉമ്മറത്ത് ഇരുന്നു. അപ്പോൾ അഭി പറഞ്ഞു.

“അല്ല ഇന്നലെ സ്വാമി ആരുടെയോ ദേഹത്താവാം പ്രേതം എന്ന് പറഞ്ഞില്ലേ..? ആ മരിച്ച വീട്ടിൽ നമ്മളോട് കാര്യങ്ങൾ പറഞ്ഞ പെൺകുട്ടി ആവില്ലേ. എനിക്കവളെയാണ് സംശയം.”

“നിനക്കെന്താ അവളെ ഇത്ര സംശയം.” ഞാൻ ചോദിച്ചു.

“എടാ. ആ പെൺകുട്ടിയുടെ മുത്തശിയെങ്ങാനുമല്ലേ മരിച്ചത്.എന്നിട്ട് ആ പെൺകുട്ടി ദൂരെ വേറെ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നു. അത് തന്നെ സംശയം ”

“ഓ. അതാണോ അത് ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു, അവൾക്ക് ആ വീട്ടിൽ നില്ക്കാൻ പറ്റില്ല എന്ന് പറഞ്ഞു. എടാ, ആർത്തവ സമയത്ത് സ്ത്രീകൾക്ക് മരണം നടന്ന വീട്ടിൽ നില്ക്കാൻ പറ്റില്ല.അതാ കാര്യം.

“അല്ല നിങ്ങളുടെ പേര് ഞാൻ ഇതുവരെ ചോദിച്ചില്ല. ക്ഷമിക്കണം” അഭി ആ ചെറുപ്പക്കാരനോട് പേര് ചോദിച്ചു

“രാജീവ് ” അയാൾ പേര് പറഞ്ഞു

“പിന്നെ സ്വാമി പറഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം” ഞാൻ അവരോട് പറഞ്ഞു.

“ഈ പ്രദേശത്താണ് പ്രേതം ഉള്ളത് ഇവിടെ ഉള്ള ആരുടെയോ ദേഹത്താണ് അതുള്ളത്. പിന്നെ ആ സ്വാമി എന്നോട് ചോദിച്ചു.ഈ നാട്ടിൽ എനിക്ക് മുൻ പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന്. അതായത് നമുക്ക് അപകടം സംഭവിക്കുന്നതിനും മാസങ്ങൾക്കോ, വർഷങ്ങൾക്കോ മുൻപ് ഇവിടെയുള്ള അരെങ്കിലുമായിട്ട് ബന്ധമുണ്ടോ എന്ന് ചോദിച്ചു. ”

” ഈ നാട്ടിൽ നമുക്ക് ആരെയാണ് പരിചയം ഒരു എലിക്കുട്ടി പോലും ഇല്ല , അല്ല, അയാൾ എന്തിനാണ് അങ്ങനെ ചോദിച്ചത്? മുൻപരിചയം ഉണ്ടോന്ന്?” അഭി എന്നോട് ചോദിച്ചു.

“എടാ നമ്മളിലൂടെ ആ പ്രേതത്തിനു എന്തൊക്കെയോ അറിയാനുണ്ട്. ഏതോ നാട്ടിലുള്ള നീയും ഞാനും എങ്ങനെ ഇവിടെ വരെ എത്തി. മരിച്ച പെൺകുട്ടിയെ മുൻപ് ഞാൻ കണ്ടതും, നമുക്ക് അപകടം വന്നതൊക്കെ നമ്മളെ ഇവിടെ എത്തിക്കാനാണ്.ഇവിടുള്ള ആരുമായിട്ടോ നമുക്ക് രണ്ടിൽ ആർക്കോ ഒരു ബന്ധമുണ്ട്. അങ്ങനൊരാൾ ഉണ്ടെങ്കിൽ അത് ആരാണെന്നറിയണം, പിന്നെ ആരുടെ ദേഹത്താണ് പ്രേതം എന്നും ” ഞാൻ പറഞ്ഞു